ഉയര്‍ന്ന ചിന്ത

ഉയര്‍ന്ന ചിന്ത

ആഫ്രിക്ക കാണുവാന്‍ പോയ രണ്ട് ചെരിപ്പുവില്‍പ്പനക്കാരുടെ കഥ കേട്ടിട്ടുണ്ട്. ആഫ്രിക്കയില്‍ വിമാനമിറങ്ങി ഒരു ടാക്സിയില്‍ അവര്‍ അടുത്തുള്ള തെരുവിലെത്തി. അവിടെയിറങ്ങി നടക്കാമെന്ന് ഇരുവരും തീരുമാനിച്ചു. ചെരിപ്പുവില്പനക്കാരായതിനാല്‍ ഇരുവരുടെയും കണ്ണ് മറ്റുള്ളവരുടെ പാദങ്ങളിലേക്കായിരുന്നു. അപ്പോഴാണാക്കാര്യം ശ്രദ്ധിച്ചത്. ഭൂരിഭാഗം ആള്‍ക്കാരും നഗ്നപാദരാണ്. ഇതുകണ്ടതും ഒന്നാമന്‍ പറഞ്ഞു. ശ്ശൊ! കഷ്ടം! ഇവിടംവരെ വന്നത് വലിയ നഷ്ടമായിപ്പോയി. കണ്ടില്ലേ ഒരു ജോടി ചെരിപ്പുവാങ്ങാന്‍ പോലും കാശില്ലാത്തവരാണ് ഇവിടുത്തുകാര്‍. പിന്നെയെങ്ങനെ നമ്മുടെ ചെരിപ്പുകള്‍ ഇവിടെ വിറ്റഴിക്കും?

എന്നാല്‍ രണ്ടാമത്തെ വ്യക്തിയുടെ ചിന്ത മറ്റൊരു വഴിക്കായിരുന്നു. അയാള്‍ പറഞ്ഞു: കണ്ടോ വളരെക്കുറച്ചു പേര്‍ക്കു മാത്രമേ ഇവിടെ ചെരിപ്പുള്ളൂ. അതിനാല്‍തന്നെ ഇവിടെ ഒരു ചെരിപ്പുകട തുടങ്ങിയാല്‍ അനന്തമായ സാദ്ധ്യതകളായിരിക്കും അതില്‍.

വലിയ ഫലങ്ങളിലേയ്ക്കുള്ള ആദ്യപടിയാണ് ഉന്നതമായി ചിന്തിക്കുവാന്‍ പഠിക്കുക എന്നത്.

ഉയര്‍ന്ന രീതിയില്‍ ചിന്തിക്കുവാന്‍ പഠിക്കണമെങ്കില്‍ സര്‍ഗ്ഗാത്മക വൈഭവവും സങ്കല്പവും ആവശ്യമാണ്. ഒരു ചെറിയ ആശയമാണെങ്കില്‍ക്കൂടി നിങ്ങളുടെ ദൗത്യത്തിന് അത് എത്രമാത്രം യോജിച്ചതാണെന്ന് ചിന്തിച്ചു കൊണ്ട് അതിനെ ഏതെല്ലാം വിധത്തില്‍ മികവുറ്റതാക്കാന്‍ കഴിയുമെന്ന് ആലോചിക്കുക.

പുതിയ വഴികളിലൂടെ കാര്യങ്ങള്‍ എങ്ങനെ നിര്‍വ്വഹിക്കാം എന്നാണ് വലിയ ചിന്തകര്‍ നോക്കുന്നത്. യാന്ത്രികമായിട്ടോ പെട്ടെന്നോ ഒരു ആശയവും തള്ളിക്കളയാതിരിക്കുവാന്‍ പഠിക്കുക. ഏറ്റവും കൂടുതല്‍ പ്രായോഗികബുദ്ധിയോടെ ചിന്തിക്കുന്ന നേതാക്കള്‍ ഒരേ അവസരത്തില്‍തന്നെ ഒരു കാര്യത്തിന്‍റെ പല സാധ്യതകളെക്കുറിച്ച് ചിന്തിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org