ഓശാനനാളിലെ രോഗസൗഖ്യം

ഓശാനനാളിലെ രോഗസൗഖ്യം

ഷാജി മാലിപ്പാറ

ഒലിവുമലയുടെ താഴ്വരയിലുള്ള ഒരു ഗ്രാമം. അവിടെയാണ് ദീമോസിന്‍റെ വീട്. ഗോതമ്പുവയലുകളുള്ള ആ ഗ്രാമത്തില്‍ കര്‍ഷകരും ആട്ടിടയരുമാണ് താമസം. അധ്വാനിച്ചു ജീവിക്കുന്ന ശാന്തശീലരായ മനുഷ്യര്‍. ദീമോസിന്‍റെ അപ്പനും അവരില്‍ ഒരാളായിരുന്നു. എന്നാല്‍ ഒരു വര്‍ഷമായി അപ്പന്‍ കിടപ്പിലാണ്. ഒത്തിരി ചികിത്സ ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഇനി കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാനാവില്ലെന്നാണ് എല്ലാവരും പറയുന്നത്.

അപ്പനുമൊത്ത് നടത്തിയ യാത്രകളൊക്കെ ദീമോസിന്‍റെ ഓര്‍മ്മയിലുണ്ട്. ഇനി അതൊന്നും ഒരിക്കലും ഉണ്ടാവില്ല എന്നോര്‍ക്കുമ്പോള്‍ വേദന തോന്നും. കുറച്ചുദിവസം മുമ്പാണ് അവന്‍റെ പന്ത്രണ്ടാം പിറന്നാള്‍ വന്നത്. എല്ലാവര്‍ഷവും അപ്പന്‍ ഓരോ സമ്മാനം നല്കാറുണ്ട്. ഇത്തവണ ഒന്നും ഉണ്ടാവില്ലെന്ന് അവനറിയാം. പക്ഷെ അന്നു രാവിലെ അപ്പന്‍ അമ്മയോടു പറഞ്ഞ് പെട്ടിയില്‍നിന്നൊരു സമ്മാനമെടുപ്പിച്ച് ദീമോസിനു കൊടുത്തു. മുന്തിരിക്കുലകളുടെ ചിത്രങ്ങളോടുകൂടിയ ഒരു പട്ടുതുണി. യാത്ര പോകുമ്പോള്‍ പുറംകുപ്പായമായി ഉപയോഗിക്കുന്നത്. അവന്‍ ഇരുകൈകളും നീട്ടി അതുവാങ്ങുമ്പോള്‍ അമ്മ പറഞ്ഞു: "കഴിഞ്ഞ വര്‍ഷം അപ്പന്‍ ജറുസലേമില്‍ തിരുനാളിനു പോയപ്പോള്‍ വാങ്ങിയതാണ്."

അപ്പന്‍ മോഹിച്ചുവാങ്ങിയ പുറംകുപ്പായമാണിത്. പക്ഷെ അതു ധരിച്ച് പുറത്തെങ്ങും പോകാന്‍ അപ്പന് അവസരം ഉണ്ടായില്ല. തനിക്കുതരാന്‍ അപ്പന്‍റെ കൈയിലുള്ള ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാണിതെന്ന് അവനറിയാം.

ഇന്നിപ്പോള്‍ പതിവില്ലാത്ത ആള്‍ക്കൂട്ടമാണ് ഗ്രാമപാതയിലേക്ക് ഒഴുകിയെത്തുന്നത്. അമ്മയുടെ അനുവാദത്തോടെ അവനും വീട്ടില്‍നിന്നിറങ്ങി. ഏതോ ഉള്‍പ്രേരണയാല്‍ അവന്‍ ആ പുറംകുപ്പായവും കൈയിലെടുത്തു.

നാലുപാടുമുള്ള ഇടവഴികളിലൂടെ ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. യേശു എന്ന ഗുരു ആ വഴി വരുന്നതു കാണാനാണത്രേ എല്ലാവരും ഓടിയെത്തുന്നത്. പ്രധാനപാതയുടെ ഓരംചേര്‍ന്ന് ദീമോസ് ഒതുങ്ങിനിന്നു, എല്ലാം കാണാനും കേള്‍ക്കാനും വേണ്ടി.

യേശുവും കൂടെ ചിലരും നടന്നുവരുന്നു. അവര്‍ വലിയൊരു യാത്രയിലാണെന്ന് കണ്ടാല്‍ തോന്നും. അപ്പോഴാണ് രണ്ടുപേര്‍ ഒരു കഴുതക്കുട്ടിയെയും കൊണ്ട് അവിടെയെത്തിയത്. കഴുതപ്പുറത്ത് കയറാന്‍ യേശുവിനെ അവര്‍ ക്ഷണിക്കുകയാണ്. പെട്ടെന്ന് ദീമോസിന്‍റെ ഉള്ളില്‍ ഒരു മിന്നല്‍പ്പിണര്‍. അവന്‍ മുന്നോട്ടുനീങ്ങി. തന്‍റെ കൈയിലെ പുറംകുപ്പായം കഴുതക്കുട്ടിയുടെ മേല്‍ വിരിക്കാന്‍ തുടങ്ങി. പൊക്കമുള്ള ഒരാള്‍ അതുവാങ്ങി നന്നായി വിരിച്ചു. യേശു അതില്‍ കയറി ഇരുന്നു. കഴുതക്കുട്ടി മുന്നോട്ടു നടന്നു. ജനക്കൂട്ടം പിന്നാലെ ഒഴുകി. ആര്‍പ്പുവിളികളോടെ പാതയുടെ ഇരുവശവും നിറഞ്ഞുകവിഞ്ഞൊഴുകുന്ന ജനം.

സ്വപ്നലോകത്തെന്നതുപോലെയാണ് ദീമോസ് ജനക്കൂട്ടത്തിനൊപ്പം നീങ്ങിയത്. ഒടുവില്‍ ഘോഷയാത്ര അവസാനിക്കുമ്പോള്‍ അവന്‍ യേശുവിനരികില്‍ ഉണ്ടായിരുന്നു. യേശു താഴെയിറങ്ങിയപ്പോള്‍ അവന്‍ തന്‍റെ പുറംകുപ്പായം വലിച്ചെടുത്തു. അതു മാറത്തടുക്കിപ്പിടിച്ച് ഒറ്റയോട്ടമായിരുന്നു. ഓടിയും നടന്നും അവന്‍ വീട്ടിലെത്തുമ്പോള്‍ അമ്മ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

ഒറ്റശ്വാസത്തില്‍ കാര്യങ്ങളൊക്കെ അമ്മയെ അറിയിച്ചു. അമ്മ അവനെ അപ്പന്‍റെ അരികിലേക്ക് കൊണ്ടുപോയി. ആ പുറംകുപ്പായം വാങ്ങി അപ്പനെ പുതപ്പിച്ചു.

"അമ്മേ അപ്പന്‍റെ രോഗം മാറുമോ?" ദീമോസ് പ്രതീക്ഷയോടെ ചോദിച്ചു.

"ഉവ്വ്. യേശു അപ്പനെ സുഖപ്പെടുത്തും." അമ്മ പറഞ്ഞപ്പോള്‍ അവന്‍ അപ്പനു നേര്‍ക്കു പുഞ്ചിരിച്ചു. അപ്പോള്‍ അപ്പന്‍റെ വരണ്ട ചുണ്ടിലും പുഞ്ചിരിയുടെ പൂനിലാവ് തെളിഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org