Latest News
|^| Home -> Suppliments -> Familiya -> ഹൃദയത്തോട് ഹൃദയപൂര്‍വ്വം

ഹൃദയത്തോട് ഹൃദയപൂര്‍വ്വം

Sathyadeepam

ഡോ. ജോര്‍ജ് തയ്യില്‍

ലോകത്ത് പ്രതിവര്‍ഷം 50 കോടി ആളുകള്‍ മരിക്കുന്നു. അതില്‍ 1.75 കോടി മരണവും ഹൃദ്രോഗം മൂലമാണ്. 2018 ആയപ്പോള്‍ ഹൃദ്രോഗബാധ മറ്റു മഹാമാരികളെയെല്ലാം കവച്ചുവയ്ക്കും വിധമുള്ള ഒരു മാരകരോഗമായി മാറിക്കഴിഞ്ഞു. കേരളത്തില്‍ നഗരവും നാട്ടിന്‍പുറവുമെന്ന വ്യത്യാസമില്ലാതെ ഹൃദ്രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. വികലമായ ഭക്ഷണശൈലിയിലും പ്രത്യേകിച്ച് മാംസഭോജനത്തിലും ഇന്ത്യന്‍ ശരാശരിയുടെ മുന്‍പന്തിയില്‍ സ്ഥാനംപിടിച്ചിരിക്കുന്ന മലയാളികളെ കാത്തിരിക്കുന്നതും ജീവിതശൈലീരോഗങ്ങളുടെ നീണ്ടപട്ടിക. 2018 എത്തിനില്‍ക്കുമ്പോള്‍, ഏവരിലും മരണഭീതിയുളവാക്കുന്ന ഹാര്‍ട്ടറ്റാക്കിന്‍റെ പുതിയ ചികിത്സാ നിര്‍ദ്ദേശങ്ങളെപ്പറ്റി അറിയേണ്ടതുണ്ട്.

സംഹാരതാണ്ഡവമാടുന്ന ഹാര്‍ട്ടറ്റാക്കിനെ തുടര്‍ന്നുള്ള മരണസാധ്യത ഒഴിവാക്കാനുള്ള ഗവേഷണനിരീക്ഷണങ്ങള്‍ ശീഘ്രഗതിയില്‍ നടക്കുകയാണ്. ഹാര്‍ട്ടറ്റാക്കിനോടനുബന്ധിച്ചുള്ള 60 ശതമാനം മരണവും ആദ്യത്തെ ഒരു മണിക്കൂറിലാണ് സംഭവിക്കുന്നത്. ആദ്യത്തെ ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ അതിജീവിച്ചു കഴിഞ്ഞാല്‍ പിന്നീട് മരണമടയാനുള്ള സാധ്യത പത്തു ശതമാനത്തില്‍ താഴെയാകുന്നു.

പെട്ടെന്നൊരപ്രതീക്ഷിത മുഹൂര്‍ത്തത്തില്‍ നെഞ്ചില്‍ വിലങ്ങനെ ഉണ്ടാകുന്ന ദുസ്സഹമായ വേദന തന്നെ വില്ലന്‍. ഒപ്പം തളര്‍ച്ചയും വിയര്‍പ്പും ശ്വാസതടസ്സവും തലകറക്കവുമുണ്ടാകാം. ചിലപ്പോള്‍ വേദന മരണഭീതിയുളവാക്കാം. അസ്വസ്ഥതകള്‍ വര്‍ദ്ധിച്ചുവരുന്നതല്ലാതെ കുറയാത്ത അവസ്ഥയില്‍ അപകടം തിരിച്ചറിയുക തന്നെ വേണം. ആശുപത്രിയിലെത്തി ഇ.സി.ജി. എടുക്കുമ്പോഴാണ് നെഞ്ചുവേദനയുടെ കാരണം വെളിവാകുന്നത് – ഹാര്‍ട്ടറ്റാക്ക്. ഹൃദയാഘാതമെന്ന് ഡോക്ടര്‍ വിധിയെഴുതിയാല്‍ പിന്നെ ഒരു നിമിഷം പോലും പാഴാക്കരുത്. വൈകുന്ന ഓരോ നിമിഷവും ഹൃദയകോശങ്ങള്‍ ചത്തൊടുങ്ങിക്കൊണ്ടിരിക്കുകയാണ്. ചികിത്സാപദ്ധതിയെ പ്രധാനമായി മൂന്നു തലങ്ങളിലായി വിഭജിക്കാം. നെഞ്ചുവേദന അനുഭവപ്പെടുമ്പോള്‍ മുതല്‍ ആദ്യത്തെ മണിക്കൂറുകളില്‍ നല്‍കപ്പെടുന്ന അടിയന്തിര ചികിത്സയാണ് പരമപ്രധാനം. അറ്റാക്കിനെ തുടര്‍ന്ന് മൃത്യുവിനിരയാകാനുള്ള സാധ്യത ആദ്യത്തെ ഏതാനും മണിക്കൂറുകളില്‍ പതിന്മടങ്ങായതുകൊണ്ട് ഈയവസരത്തില്‍ നല്‍കപ്പെടുന്ന വിദഗ്ധമായ എല്ലാ ചികിത്സാനടപടികളും രോഗിയെ മൃത്യുവില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തുവാന്‍ ഉപയുക്തമാക്കും.

അടുത്തത് ആദ്യത്തെ മണിക്കൂറുകള്‍ തരണം ചെയ്തതിനുശേഷമുള്ള ചികിത്സയാണ്. അറ്റാക്കിന് നിദാനമായ ഘടകങ്ങള്‍ ഏതാണ്ട് നിയന്ത്രിക്കപ്പെട്ടു കഴിഞ്ഞെങ്കിലും പുതിയതായി ഉണ്ടാകാവുന്ന ഹൃദയപേശികളിലെ രക്തദാരിദ്ര്യം (ഇസ്ക്കോമിയ), നെഞ്ചുവേദന, ഹൃദയസങ്കോചനക്ഷയത്തെത്തുടര്‍ന്നുള്ള രോഗലക്ഷണങ്ങള്‍, താളം തെറ്റുന്ന ഹൃദയമിടിപ്പുകള്‍, ഹൃദയപരാജയം തുടങ്ങിയവയെല്ലാം സമഗ്രമായി രോഗനിര്‍ണ്ണയം ചെയ്ത് സമര്‍ത്ഥമായ ചികിത്സ ചെയ്യണം. ഇവിടെ കൃത്യമായ രോഗനിര്‍ണ്ണയത്തിലോ ചികിത്സ നല്‍കുന്നതിലോ പിഴവ് സംഭവിച്ചാല്‍ രോഗിയുടെ മരണമാവാം അനന്തരഫലം.

അവസാനമായി, ഡിസ്ച്ചാര്‍ജ് ചെയ്യുന്നതിനുമുമ്പുള്ള രോഗിയുടെ ആരോഗ്യനില സൂക്ഷ്മമായി വിലയിരുത്തി, ആശുപത്രി വിട്ടുപോയാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ കണക്കിലെടുത്ത് വ്യക്തമായ നിര്‍ദ്ദേശങ്ങളും കഴിക്കേണ്ട മരുന്നുകളെപ്പറ്റിയുള്ള വിവരണങ്ങളും നല്‍കണം. അറ്റാക്കിന്‍റെ വലിപ്പക്കുറവനുസരിച്ച് പിന്നീടുണ്ടായേക്കാവുന്ന മാരകമായ പ്രത്യാഘാതങ്ങളെപ്പറ്റി വ്യക്തവും സുതാര്യവുമായ സൂചനകള്‍ നല്‍കുന്നതോടൊപ്പം അവയെ അതിജീവിക്കുവാനുള്ള പ്രതിവിധികളെപ്പറ്റിയും നിര്‍ദ്ദേശങ്ങള്‍ നല്‍കണം. ഒപ്പം ഇതുവരെ അനുവര്‍ത്തിച്ചുപോന്ന ജീവിതക്രമത്തിലും ഭക്ഷണശൈലിയിലും വരുത്തേണ്ട കാതലായ പരിവര്‍ത്തനങ്ങളെപ്പറ്റിയും രോഗിയെ വിശദമായി ധരിപ്പിക്കണം.

(ലേഖകന്‍ എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദ്ധനാണ്.)

Leave a Comment

*
*