വീണ്ടും 25 വര്‍ഷത്തിനു ശേഷവും അവര്‍…

വീണ്ടും 25 വര്‍ഷത്തിനു ശേഷവും അവര്‍…

"I want to sing… I want to dance and praise the Lord…
when the gates are open wide. I want to sit by Jesus side…
I want to sing… I want to dance and praise the Lord."

ജോമോള്‍ എല്ലാവരോടുമൊപ്പം ആക്ഷന്‍സോംഗ് പാടിയപ്പോള്‍ ഒരുപക്ഷെ 25 വര്‍ഷത്തിനു മുമ്പ് ചെയ്തതിനേക്കാളും സന്തോഷത്തിലും ശക്തിയിലും ഉണര്‍വിലുമായിരുന്നു ഞങ്ങള്‍ എല്ലാവരും.

ഞങ്ങള്‍ ആരെന്നല്ലെ? 25 വര്‍ഷം മുമ്പ് ജീവിതത്തിലെ ഒരു വര്‍ഷം മുഴുവന്‍ ദൈവരാജ്യത്തിനായി, പടപൊരുതാനായി, മാറ്റിവെച്ചവര്‍. 3rd batch Jesus Youth fulltimers. ഞങ്ങള്‍ വീണ്ടും ഒത്തുചേര്‍ന്നു, ആ വര്‍ഷം കിട്ടിയ വെളിച്ചം തുടര്‍ന്നുള്ള ജീവിതത്തില്‍ വഴികാട്ടിയായ കഥപറയാന്‍. കൈനകിരിയില്‍ കേരളത്തിന്‍റെ നവോത്ഥാന നായകന്‍ ചാവറയച്ചന്‍റെ ജീവചൈതന്യം തുടിക്കുന്ന ആ ഗ്രാമത്തിന്‍റെ പ്രകൃതി സൗന്ദര്യം തുളുമ്പുന്ന വശ്യമനോഹാരിതയില്‍ വെള്ളത്തിലും കരയിലുമായി ആയിരുന്നു കഴിഞ്ഞ ജനുവരി 26-നും 27-നും നടന്ന ആ ഒത്തുചേരല്‍. ഞങ്ങളുടെ സംഘത്തില്‍നിന്നു വൈദികനായ ഫാദര്‍ അജി മൂലേപ്പറമ്പില്‍ ആയിരുന്നു ഈ ഒത്തുചേരലിനു വേണ്ടി ആദ്യാവസാനം ചുക്കാന്‍ പിടിച്ചത്.

27 ബാച്ചുകള്‍ ആയിട്ടുള്ള ജീസസ് യൂത്തിന്‍റെ ഫുള്‍ടൈമേഴ്സിന്‍റെ കൂടെ എന്നും സഹയാത്രികനായിരുന്ന ബേബിച്ചായന്‍ ആയിരുന്നു ചെറിയ input തന്നുകൊണ്ട് കൂടിച്ചേരലിനും തുടക്കം കുറിച്ചത്. Gates are open wide… I want to sit by Jesus side… എന്ന പാട്ടിന്‍റെ തുടര്‍ച്ചയായി ദൈവം തുറന്നിട്ടിരിക്കുന്ന സ്വര്‍ഗ്ഗീയ വാതിലിനെക്കുറിച്ചു… എപ്പോഴും എവിടെയും യേശുവിനോടൊപ്പം ആയിരിക്കാനും പ്രചോദിപ്പിച്ച അദ്ദേഹം പുതിയ ഒരു Theory of Detachment അവതരിപ്പിച്ചു.

എന്നത്തേയും പോലെ കുറെ പുസ്തകങ്ങളും പത്രക്കുറിപ്പുകളുടെ കോപ്പികളുമായി പള്ളിയച്ചനും (ഫാ. അബ്രാഹം പള്ളിവാതുക്കല്‍) ഫാ. ജോര്‍ജ് SVD യും എത്തി. ഈ ബാച്ചില്‍ നിന്നും FCC സന്യാസസമൂഹത്തില്‍ ചേര്‍ന്ന സി. മറീനയുടെ "നിന്‍റെ വര്‍ണ്ണങ്ങള്‍ എന്‍റെ മിഴികളില്‍" എന്ന പുസ്തകത്തിന്‍റെ പ്രകാശനവും നടന്നു. തുടര്‍ന്നുള്ള പള്ളിയച്ചന്‍റെ പങ്കുവെയ്ക്കലില്‍ സ്നേഹത്തിന്‍റെ കൂടിച്ചേരലിന്‍റേയും സുവിശേഷത്തിന്‍റെയും ആനന്ദത്തെയും കുറിച്ച് പ്രതിപാദിച്ചു.

കായല്‍വഞ്ചിയിലൂടെ ചാവറയച്ചന്‍റെ ജന്മസ്ഥലമായ കൈനകരിയിലേക്ക് ബലിയര്‍പ്പിക്കുവാന്‍, ആ പ്രേഷിത തീഷ്ണതയുടെ ഭാഗമാകാന്‍ ഞങ്ങള്‍ യാത്ര തിരിച്ചു. 25 വര്‍ഷം മുമ്പ് ദൈവരാജ്യത്തിനുവേണ്ടി മുമ്പും പിമ്പും ഒന്നും നോക്കാതെ ഇറങ്ങിതിരിച്ച ഒരു സമൂഹത്തിന്‍റെ പങ്കുവയ്ക്കല്‍. ജീസസ് യൂത്തില്‍ Couples Family Ministry യുടെ തുടക്കക്കാരന്‍ ആകാന്‍ കഴിഞ്ഞ ജോണ്‍സണ്‍, തനിക്ക് ആ വര്‍ഷത്തില്‍ ലഭിച്ച ചൈതന്യം ജീസസ് യൂത്തിന്‍റെ നേതൃനിരയില്‍ ഇന്നും ഏലിയായുടെ തീക്ഷ്ണതയില്‍ നിലനില്ക്കാന്‍ സാധിക്കുന്നതെന്നു പങ്കുവച്ചു.

നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു break ആകാന്‍ വീട്ടുകാര്‍ സൗദിയിലേക്ക് അയച്ചപ്പോള്‍ അവിടെ പ്രേഷിത തീക്ഷ്ണതയാല്‍ മിഷന്‍ പ്രവര്‍ത്തനത്തില്‍ സജീവമായി ജീസസ് യൂത്തിന്‍റെ സൗദിയിലെ ആദ്യത്തെ Coordintor ആയിത്തീര്‍ന്ന മനോജിന്‍റെ അനുഭവസാക്ഷ്യം. സ്വന്തം നാടിന്‍റെ സുരക്ഷിതത്വത്തില്‍ നിന്നു മാറുന്നത് സ്വപ്നം പോലും കാണാതിരുന്ന അജിയച്ചന്‍ തന്‍റെ സഭയുടെ ആവശ്യപ്രകാരം ജര്‍മ്മനിയിലേക്ക് പ്രേഷിത പ്രവര്‍ത്തനനിരതനായി പോയതും കിലോമീറ്ററുകള്‍ നടന്ന് അസ്സീസിയുടെ പാതയില്‍ നടത്തിയ പ്രേഷിതത്വവും ഞങ്ങള്‍ക്ക് പുതിയ അനുഭവങ്ങളായിരുന്നു. സോണിയ എങ്ങനെ വീട്ടില്‍ പ്രകാശമാകാന്‍ കഴിഞ്ഞു എന്നതായിരുന്നു പങ്കുവെച്ചത്. ദൈവത്തിന്‍റെ അനന്തമായ സ്നേഹം പങ്കുവയ്ക്കാന്‍ ദൈവം ഒരുക്കിയ ഓരോ അവസരങ്ങളേയും കുറിച്ച് സി. മറീന പറഞ്ഞപ്പോള്‍ താന്‍ കടന്നുപോയ വേദനകളിലും രോഗങ്ങളിലും മറ്റുള്ളവരുമായി ദൈവസ്നേഹം പങ്കുവയ്ക്കുന്ന ഒരു വിശുദ്ധയുടെ സാന്നിദ്ധ്യമായിരുന്നു ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്.

പള്ളിവാതുക്കല്‍ അച്ചനും, അജിയച്ചനും, ജോര്‍ജ്ജ് അച്ചനും ചേര്‍ന്നര്‍പ്പിച്ച ബലിയര്‍പ്പണത്തിനു ശേഷം ചാവറയച്ചന്‍റെ ജീവിതശേഷിപ്പുകള്‍ തൊട്ട് അനുഭവിച്ചുകൊണ്ടുള്ള സമയം ഇനിയും നമുക്കേറെ ചെയ്യാനുണ്ട് എന്ന ബോദ്ധ്യം ഞങ്ങളില്‍ നിറച്ചു.

ഞങ്ങളുടെ മക്കള്‍ ആയിരുന്നു ഈ കൂടിച്ചേരലിന്‍റെ ഹൃദ്യത ഏറ്റവും അനുഭവിച്ചത്. "ഞങ്ങള്‍ ആദ്യമായാണ് കാണുന്നത് പക്ഷെ, എപ്പോഴൊക്കെയോ കണ്ടുപിരിഞ്ഞുപോയ കൂട്ടുകാരെപോലെയായിരുന്നു. പെട്ടെന്ന് എല്ലാവരും കൂട്ടുകാരായി, കളികളായി, action songs ആയി, വചനഗീതമായി… ശരിക്കും പിരിയാന്‍ തോന്നുന്നുണ്ടായിരുന്നില്ല." തിരിച്ചുള്ള യാത്രയില്‍ മക്കളുടെ സാക്ഷ്യം ഇതായിരുന്നു.

തിരിച്ചറിവുകളുടെ മണിക്കൂറുകള്‍ കടന്നുപോയി. 25 വര്‍ഷം മുമ്പ് ദൈവരാജ്യത്തിനുവേണ്ടി സര്‍വ്വം മറന്ന് എടുത്തുചാടിയപ്പോള്‍ ദൈവം ഒരുക്കിയ നന്മ വഴികളുടെ നേര്‍സാക്ഷ്യമായിരുന്നു ഈ കൂട്ടായ്മ ഞങ്ങള്‍ക്കായി ബാക്കിവെച്ചത്.

ഇനിയുമേറെ മുന്നേറേണ്ടിയിരിക്കുന്നു. ഈശോയോടൊപ്പമുള്ള ഈ യാത്രയില്‍ നിങ്ങളും ഉണ്ടാവില്ലേ? Gates are open wide… I want to sit by Jesus side… I want to sing… I want to dance and praise the Lord.

-ഷാജു ചെറിയാന്‍
shajuibc@gmail.com
Mob: 9846043153

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org