ഇടവകാം​ഗത്വവും ചില പ്രായോ​ഗിക പ്രശ്നങ്ങളും

ഇടവകാം​ഗത്വവും ചില പ്രായോ​ഗിക പ്രശ്നങ്ങളും

ഡോ. ജോസ് ചിറമേല്‍
(പ്രസിഡന്‍റ്, സീറോ-മലബാര്‍ മേജര്‍ ആര്‍ക്കി
എപ്പിസ്കോപ്പല്‍ ട്രിബ്യൂണല്‍)

ചോദ്യം
ഞാന്‍ രണ്ടു കുട്ടികളുടെ അമ്മയാണ്. ഭര്‍ത്താവ് മരിച്ചിട്ട് വര്‍ഷങ്ങളായി. ഭര്‍ത്താവിന്‍റെ മരണശേഷം നാലഞ്ചുവര്‍ഷമായി എന്‍റെ കുടുംബം പുതിയൊരു സ്ഥലത്താണ് താമസിക്കുന്നത്. പുതിയ സ്ഥലത്തെ ഇടവകപള്ളിയിലെ രജിസ്റ്ററില്‍ (ആത്മസ്ഥിതി പുസ്തകം) ഞങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഫാമിലി യൂണിറ്റ് മീറ്റിങ്ങുകളിലും പതിവായി പങ്കെടുക്കാറില്ല. ഇടവകയില്‍ പാരിഷ് ഹാളിന്‍റെ പണി നടക്കുകയാണ്. പള്ളി നിശ്ചയിച്ച പിരിവ് കൊടുക്കുവാനും ഫാമിലിയൂണിറ്റിന്‍റെ വരിസംഖ്യ കൊടുക്കുവാനും നിവര്‍ത്തിയില്ല. സാമ്പത്തികമായി എന്‍റെ കുടുംബം വളരെ ബുദ്ധിമുട്ടിലാണ്. ഈ അടുത്ത ദിവസങ്ങളില്‍ മക്കളെ ആദ്യകുര്‍ബാന സ്വീകരണത്തിന് പറഞ്ഞുവിട്ടപ്പോള്‍ വികാരിയച്ചന്‍ പറഞ്ഞത് പള്ളിപ്പിരിവ് നല്കാത്തതിനാല്‍ മക്കളെ ആദ്യകുര്‍ബാന സ്വീകരണത്തില്‍ പങ്കെടുപ്പിക്കുകയില്ലെന്നാണ്. ആദ്യം ഇടവക രജിസ്റ്ററില്‍ പേരുചേര്‍ക്കുകയും ഇടവക പിരിവ് നല്കുകയും ചെയ്യണമെന്നു പറഞ്ഞു. മേല്‍പറഞ്ഞ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ എനിക്കും എന്‍റെ കുട്ടികള്‍ക്കും കൂദാശകള്‍ നിഷേധിക്കാമോ?

ഉത്തരം
ഒരു ഇടവകയില്‍ വിവിധ പൊതു ആവശ്യങ്ങള്‍ക്കായി പല തരത്തിലുള്ള പണപ്പിരിവുകള്‍ നടത്താറുണ്ട്. പാരിഷ് കൗണ്‍സിലിന്‍റെ തീരുമാനം, ഇടവക പൊതു യോഗാഭിപ്രായം, വികാരിയുടെ നിര്‍ദ്ദേശം തുടങ്ങിയ കാര്യങ്ങളാണ് ഈ പിരിവുകള്‍ക്ക് ഉപോല്‍ബലകമായിട്ടുള്ളത്. ഇവയെല്ലാം സ്വമേധയാ (voluntary) നല്കപ്പെടുന്ന പിരിവുകളാണ്. ഒന്നിനും നിര്‍ബന്ധിത സ്വഭാവമില്ല. അങ്ങനെ പരിഗണിക്കുവാനും പാടില്ല.

ചോദ്യകര്‍ത്താവ് സൂചിപ്പിക്കുന്ന പിരിവ് നിര്‍ബന്ധിതമാണെന്നു തന്നെ കരുതേണ്ടിയിരിക്കുന്നു. പാരിഷ്ഹാളിനുവേണ്ടി എല്ലാ ഇടവകാംഗങ്ങള്‍ക്കും ബാധകമാകുന്ന വിധത്തില്‍ നിര്‍ബന്ധിത പിരിവ് നടത്താന്‍ വികാരിക്ക് അവകാശമി ല്ല. ഈ പിരിവ് നല്കാത്തതിന്‍റെ പേരില്‍ വിശ്വാസിക്ക് കൂദാശകള്‍ നിഷേധിക്കുവാനും പാടില്ല. ഇടവക രജിസ്റ്ററില്‍ പേര് ചേര്‍ക്കാത്തതിന്‍റെ പേരിലും കൂദാശാ നിഷേധം പാടില്ലാത്തതാകുന്നു. ചോദ്യങ്ങള്‍ക്കുള്ള വ്യക്തമായ ഉത്തരം ഇതാണെങ്കിലും ഇവയോടു ബന്ധപ്പെട്ട സഭാനിയമങ്ങളും പ്രായോഗിക പ്രശ്നങ്ങളും പഠനവിധേയമാക്കേണ്ടത് ആവശ്യമാണ്.

ഇടവകാതിര്‍ത്തിക്കുള്ളില്‍ സ്ഥിരമോ താല്ക്കാലികമോ ആയ വാസം
ഒരു സ്വയാധികാരസഭയുടെ (Sui iuris Church) കീഴിലുള്ള ഒരു ഇടവകയുടെ അതിര്‍ത്തിക്കുള്ളില്‍ താമസിക്കുന്ന ഒരാള്‍ക്ക് ആ ഇടവകയില്‍ നിന്ന് ലഭിക്കേണ്ട ആത്മീയ അവകാശങ്ങള്‍ക്ക് അര്‍ഹത നേടുന്നത് ഇടവകയിലെ രജിസ്റ്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നതിന്‍റെ അടിസ്ഥാനത്തിലല്ല. മറിച്ച്, ആ ഇടവകാതിര്‍ത്തിക്കുള്ളില്‍ സ്ഥിരവാസമോ (domicile) താത്കാലിക വാസമോ (quasi domicile) ലഭിക്കുന്നത് വഴിയാണ്.

സ്ഥിരവാസം ലഭിക്കുന്ന വിധം
രണ്ടു വിധത്തില്‍ ഒരാള്‍ക്ക് സ്ഥിരവാസം ലഭിക്കുന്നതാണ്: 1. സ്ഥിരമായി താമസിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി ഒരു ഇടവകയിലോ രൂപതയിലോ താമസിക്കുവാന്‍ ആരംഭിക്കുന്നതുവഴി. 2. ഒരു നിശ്ചിത സ്ഥലത്ത് 5 വര്‍ഷം താമസം പൂര്‍ത്തിയാക്കുന്നതുവഴി.

താത്ക്കാലിക വാസം ലഭിക്കുന്ന വിധം
താത്ക്കാലിക വാസവും രണ്ടു വിധത്തില്‍ ലഭിക്കും: 1. മൂന്നു മാസമെങ്കിലും താമസിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി ഒരു നിശ്ചിത സ്ഥലത്ത് താമസം ആരംഭിക്കുന്നതു വഴി. 2. ഒരു നിശ്ചിതസ്ഥലത്ത് മൂന്നുമാസം താമസം പൂര്‍ത്തിയാക്കുന്നതുവഴി (CCEO.c.916; CIC.c. 102). അതായത്, വ്യക്തിയുടെ താമസസ്ഥലത്തെ അടിസ്ഥാനപ്പെടുത്തിയാണ് ആ വ്യക്തിയുടെ ഇടവക വികാരിയെയും നിശ്ചയിക്കുന്നത് എന്ന് ചുരുക്കം. സ്ഥിരവാസ സ്ഥാനത്തെയോ, താത്ക്കാലിക വാസസ്ഥാനത്തെയോ ഇടവക വികാരിയും രൂപതാ അധ്യക്ഷനുമായിരിക്കും ഒരാളുടെ സ്വന്തം ഇടവക വികാരിയും രൂപതാദ്ധ്യക്ഷനും.

പ്രായപരിധി
പ്രായപൂര്‍ത്തിയാകാത്ത (minors) മക്കളുടെ വാസസ്ഥാനം അവരുടെ മാതാപിതാക്കന്മാരുടെയോ നിയമാനുസൃതമുള്ള സംരക്ഷകരുടെയോ വാസസ്ഥാനമായിരിക്കും. സഭാനിയമം പ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ വ്യക്തികളെ മൂന്നായിട്ടാണല്ലോ തിരിച്ചിരിക്കു ന്നത്. പതിനെട്ടു വയസ്സിനു മുകളിലുള്ളവര്‍ പ്രായപൂര്‍ത്തിയായവരും പതിനെട്ടു വയസ്സു തികയാത്തവര്‍ പ്രായപൂര്‍ത്തിയാകാത്തവരും, ഏഴു വയസ്സു പൂര്‍ത്തിയാകാത്തവര്‍ ശിശുക്കളുമായി കണക്കാക്കപ്പെടുന്നു (CCEO.c.909; CIC.c.97). ഈ വിഭജനം അവകാശങ്ങളുടെ വിനിയോഗത്തില്‍ പ്രധാനപ്പെട്ടതാണ്. കാരണം, ഏഴു വയസ്സു പൂര്‍ത്തിയാകാത്തവരെ വ്യക്തിപരമായ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പ്രാപ്തരായി കണക്കാക്കുന്നില്ല. എന്നാല്‍ ദൈവികനിയമങ്ങള്‍ എല്ലാവരേയും ബാധിക്കുന്നതാണ്. സഭയുടേത് മാത്രമായ നിയമങ്ങള്‍ (merely ecclesiastical laws) ഏഴു വയസ്സു പൂര്‍ത്തിയായവര്‍ക്കു മാത്രമേ ബാധകമാവുകയുള്ളൂ.

എന്നാല്‍ ചില പ്രത്യേക അവകാശങ്ങളുടെ വിനിയോഗത്തിന് സഭ വ്യത്യസ്ത പ്രായപരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്. ഉദാഹരണമായി, സന്യാസാന്തസ്സിലെ നൊവിഷ്യേറ്റില്‍ പ്രവേശിക്കുന്നതിന്, പൗരോഹിത്യം സ്വീകരിക്കുന്നതിന്, വിവാഹം കഴിക്കുന്നതിന് തുടങ്ങിയവയ്ക്ക് പ്രത്യേക പ്രായപരിധികള്‍ സഭാനിയമം നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്.

ആത്മസ്ഥിതി പുസ്തകത്തിലെ രജിസ്ട്രേഷന്‍
ഒരാള്‍ ഇടവകാതിര്‍ത്തിക്കുള്ളില്‍ സ്ഥിരവാസമോ താത്ക്കാലികവാസമോ ഉള്ളതിന്‍റെ അടിസ്ഥാനത്തില്‍ ഇടവകാംഗത്വം ലഭിക്കുന്നതിനുവേണ്ടി ആത്മസ്ഥിതി പുസ്തകത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സഭാനിയമം നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍ സ്ഥിര വാസമോ താത്ക്കാലിക വാസമോ ഉള്ളതിന്‍റെ അടിസ്ഥാനത്തില്‍ അയാള്‍ക്ക് ഇടവകയിലെ പ്രധാനപ്പെട്ട സമിതികളില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയില്ല.

സീറോ-മലബാര്‍ സഭയുടെ പള്ളിയോഗ നടപടിക്രമങ്ങളില്‍ (സീറോ-മലബാര്‍ സഭയുടെ പ്രത്യേക നിയമം) നിഷ്ക്കര്‍ഷിക്കുന്നതനുസരിച്ച് ഇടവകയുടെ ആത്മസ്ഥിതി പുസ്തകത്തില്‍ കുടുംബമായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുടുംബനാഥനോ കുടുംബനാഥയ്ക്കോ ഇവര്‍ രണ്ടു പേരുടേയും അഭാവത്തില്‍ കുടുംബത്തിന്‍റെ ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്ന 21 വയസ്സ് പൂര്‍ത്തിയായ ആള്‍ക്കോ മാത്രമേ ഇടവകയുടെ പൊതുയോഗങ്ങളില്‍ പങ്കെടുക്കാനോ ഇടവക പ്രതിനിധിയുടെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനോ സാധിക്കുകയുള്ളൂ.

ഇതര സഭാരേഖകളുടെ ആവശ്യം
ഇടവകയില്‍ അംഗത്വം ലഭിക്കുന്നതിന് നിയമപരമായി സ്ഥിരവാസമോ താത്ക്കാലികവാസമോ മതിയെങ്കിലും ആത്മീയാവശ്യങ്ങള്‍ നിറവേറ്റിക്കിട്ടുന്നതിന് പലപ്പോഴും ഇതരസഭാ രേഖകള്‍ ആവശ്യമായി വരും.

അതുകൊണ്ടാണ് ഒരു ഇടവകാതിര്‍ത്തിയില്‍ സ്ഥിരതാമസമാക്കുമ്പോള്‍ ഏത് ഇടവകയില്‍ നിന്നാണ് അവിടെ വന്നത് എന്ന് അന്വേഷിക്കുകയും അവിടുത്തെ വികാരിയുടെ പക്കല്‍ നിന്നും ഇടവക മാറ്റക്കുറി വാങ്ങിക്കൊണ്ടുവരണമെന്ന് പുതിയ ഇടവക വികാരി നിഷ്ക്കര്‍ഷിക്കുകയും ചെയ്യുന്നത്. ഈ കുറിയില്‍ പുതുതായി വരുന്ന വ്യക്തികളുടെ ജനനം, മാമ്മോദീസ, ആദ്യകുര്‍ബാന, സ്ഥൈര്യലേപനം, വിവാഹം എന്നിവയുടെയെല്ലാം തീയതികളും മറ്റ് ആവശ്യമായ വിവരങ്ങളും ഉണ്ടാകും. ഇത്തരമൊരു രേഖ കൊണ്ടുവന്ന് പുതുതായി താമസിക്കുന്ന പ്രദേശത്തെ ഇടവകയിലെ ആത്മസ്ഥിതി പുസ്തകത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പുതുതായി വന്നു താമസിക്കുന്ന കുടുംബത്തിലെ ദമ്പതിമാര്‍ മാമ്മോദിസ സ്വീകരിച്ചവരാണോ, ഇവരുടെ വിവാഹം നിയമാനുസരണം പള്ളിയില്‍ നടന്നതാണോ, കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ മാമ്മോദിസ സ്വീകരിച്ചിട്ടുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കൃത്യമായി അറിയാന്‍ സാധിക്കുകയില്ല. ഇടവകാംഗത്വത്തിന്‍റെ പേരില്‍ കൂദാശകള്‍ ആവശ്യപ്പെടുമ്പോള്‍ അവ നടത്തിക്കൊടുക്കുവാന്‍ മേല്പറഞ്ഞ അറിവുകളും അത്യന്താപേക്ഷിതമാണ്.

ഇടവകാതിര്‍ത്തിയിലുള്ള വാസത്തിന്‍റെ പേരില്‍ നിയമപരമായി ഇടവകയില്‍ അംഗങ്ങളാകുമെങ്കിലും പ്രായോഗികമായി എല്ലാ കാര്യങ്ങള്‍ക്കും ഇടവകമാറ്റക്കുറി കൊണ്ടുവന്ന് പുതിയ സ്ഥലത്തെ ഇടവക ആത്മസ്ഥിതി പുസ്തകത്തില്‍ ചേര്‍ക്കുക ആവശ്യമാണ്. ഇടവകാംഗങ്ങളുടെ ആത്മസ്ഥിതി വിവരങ്ങള്‍ അടങ്ങുന്ന പുസ്തകം കൃത്യമായി സൂക്ഷിക്കേണ്ടത് വികാരിമാരുടെ കടമയാണ്. ഇടവകാംഗങ്ങള്‍ ഇതിനോട് പൂര്‍ണ്ണമായി സഹകരിക്കുകയും വേണം.

പാരിഷ് ഹാള്‍ നിര്‍മ്മാണവും മറ്റും
ചോദ്യകര്‍ത്താവ് ഉന്നയിച്ചിരി ക്കുന്ന മറ്റൊരു പ്രശ്നം ഇടവകയില്‍ പാരിഷ്ഹാള്‍ നിര്‍മ്മിക്കുന്നതിന് നടത്തുന്ന നിര്‍ബന്ധിത പണപ്പിരിവിനെപ്പറ്റിയാണ്.
സഭയുടെ ആവശ്യങ്ങളില്‍ കഴിവനുസരിച്ച് സഹായിക്കുക എന്നത് ഓരോ കത്തോലിക്കന്‍റെയും കടമയാണെന്ന് സഭാനിയമം ഓര്‍മ്മിപ്പിക്കുന്നുണ്ട്. ദൈവാരാധനാ അപ്പസ്തോലിക പ്രവൃത്തികള്‍, ഉപവി പ്രവര്‍ത്തനങ്ങള്‍, ശുശ്രൂഷകരുടെ മാന്യമായ സംരക്ഷണം എന്നീ കാര്യങ്ങള്‍ക്കായി വിശ്വാസികളില്‍ നിന്ന് ന്യായമായ രീതിയില്‍ സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കാവുന്നതാണ്. തന്മൂ ലം തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ സാമ്പത്തികമായും മറ്റു തരത്തിലും സഹകരണം നല്കാന്‍ എല്ലാ വിശ്വാസികള്‍ക്കും കടമയുണ്ടെന്ന കാര്യത്തില്‍ സംശയമില്ല (CCEO.c. 25; CIC.c.222).

മേല്പറഞ്ഞ വിധത്തില്‍ സാമ്പത്തികമായി സഭയെ സഹായിക്കേണ്ടതിന്‍റെ ഉത്തരവാദിത്വത്തെപ്പറ്റി മെത്രാന്‍ ജനങ്ങളെ ഇടയ് ക്കെല്ലാം ഓര്‍മ്മിപ്പിക്കണമെന്നും സഭാനിയമം നിഷ്ക്കര്‍ഷിക്കുന്നുണ്ട് (CIC.c.1261/2). എന്നാല്‍ സാമ്പത്തികമായ സഹകരണം ഓരോരുത്തരുടേയും കഴിവിനതീതമായി നിശ്ചയിക്കാനും ആവശ്യപ്പെടാനും ആര്‍ക്കും അവകാശമില്ല. പള്ളിയിലേയ്ക്കുള്ള വിഹിതം നല്കാത്തതിന്‍റെ പേരില്‍ കൂദാശകള്‍ മുടക്കാനും സഭ ആരേയും അനുവദിക്കുന്നില്ല.
കൂദാശകള്‍ അവകാശമാണ്; ആനുകൂല്യമല്ല

ലത്തീന്‍ നിയമസംഹിതയിലെ 213-ാം കാനോനയനുസരിച്ചും പൗരസ്ത്യനിയമസംഹിതയിലെ 16-ാം കാനോനയനുസരിച്ചും എല്ലാ ക്രൈസ്തവവിശ്വാസികള്‍ക്കും സഭയുടെ ആധ്യാത്മിക സമ്പത്തില്‍ നിന്ന് പ്രത്യേകിച്ച് ദൈവവചന ത്തില്‍ നിന്നും കൂദാശകളില്‍ നിന്നും സഭയിലെ ഇടയന്മാരിലൂടെ സഹായം ലഭിക്കുവാന്‍ അവകാശമുണ്ട് (CIC.c.213; CCEO.c.16). ഇത് വൈദികശുശ്രൂഷികളെ സംബന്ധിച്ചിടത്തോളം ഒരു കടമകൂടിയാണ്. തന്മൂലം കൂദാശകള്‍ കത്തോലിക്കാവിശ്വാസികളുടെ അവകാശമാണ്; ആനുകൂല്യമല്ല. ശരിയായ ഒരുക്കത്തോടെ കൂദാശകള്‍ ആവശ്യപ്പെടുന്ന കത്തോലിക്കാവിശ്വാസിക്ക് അവ ലഭ്യമാക്കുക തന്നെ വേണം; നിരസിക്കുവാന്‍ പാടുള്ളതല്ല.

കൂടാതെ ലത്തീന്‍ നിയമസംഹിത വ്യക്തമാക്കുന്നതുപോലെ ഒരാളുടെ സാമ്പത്തിക ബുദ്ധിമുട്ട് ഒരിക്കലും അയാളുടെ കൂദാശാ സ്വീകരണത്തിന് തടസ്സമാകാന്‍ പാടില്ലാത്തതാകുന്നു.

മേല്‍ പ്രസ്താവിച്ച വസ്തുതകളില്‍ നിന്നും താങ്കള്‍ക്ക് ഇടവകാതിര്‍ത്തിയില്‍ സ്ഥിരവാസം ഉള്ളതിനാല്‍ താങ്കളുടെ കുട്ടികള്‍ക്ക് ഇടവക വികാരിയില്‍നിന്ന് കൂദാശകള്‍ ആവശ്യപ്പെടാന്‍ അവകാശമുണ്ട്. ഇടവകപിരിവ് കൊടുക്കാതെ ഇടവക രജിസ്റ്ററില്‍ പേരു ചേര്‍ക്കില്ലെന്നും കൂദാശകള്‍ നല്കില്ലെന്നുമുള്ള വാദങ്ങള്‍ സഭാനിയമത്തിനോ ക്രൈസ്തവാരൂപിക്കോ ചേര്‍ന്നതല്ലെന്ന് വ്യക്തമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org