|^| Home -> Suppliments -> Familiya -> ഇടിച്ചക്കയുടെ ​ഗുണങ്ങള്‍

ഇടിച്ചക്കയുടെ ​ഗുണങ്ങള്‍

Sathyadeepam

വീടും തൊടിയും

ജോഷി മുഞ്ഞനാട്ട്

ഔഷധസമൃദ്ധമാണു നമ്മുടെ പ്രിയപ്പെട്ട ഇടിച്ചക്കയും പച്ചച്ചക്കയും പലരും പിഞ്ചു പറിച്ചു കറിവയ്ക്കാറുണ്ട്. ചക്കച്ചുള ഉണ്ടാകുംമുമ്പു ചകിണി മാത്രം മുറ്റെയുള്ള ഇളംചക്കയാണ് ഇടിച്ചക്ക. പ്രമേഹരോഗികള്‍ക്കും കൊളസ്ട്രോള്‍ കൂടിയവര്‍ക്കും ഇതു ഗുണകരമാണ്. ഇവയില്‍ നാരിനു പുറമേ സാമാന്യമായി അന്നജവും മാംസങ്ങളും (പ്രോട്ടീന്‍) ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇതു കഴിക്കുന്നവരുടെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന ആന്‍റിഓക്സിഡന്‍റുകളുണ്ടെന്നു വിദഗ്ദ്ധര്‍ പറയുന്നു. കൂഴയിനത്തിലുള്ള ഇടിച്ചക്കകള്‍ക്കാണ് ഔഷധമൂല്യം ഏറെയുള്ളത്. ഇടിച്ചക്ക ഇഷ്ടമില്ലാത്തവര്‍ വേവിച്ച ചക്ക കഴിച്ചാലും കുറേ ഔഷധഗുണം ലഭിക്കും.

പച്ചച്ചക്കയില്‍ ഭക്ഷ്യനാരും ഔഷധഗുണങ്ങളുമുണ്ട്. ചക്കപ്പുഴുക്ക് കഴിച്ചാല്‍ കുടല്‍ ശുദ്ധിയാകുകയും പ്രമേഹം ശമിപ്പിക്കുകയും ചെയ്യപ്പെടുമെന്നു പറയപ്പെടുന്നു.

ഇടിച്ചക്ക ഒരു ജൈവഫലമാണ്. വിഷമേല്ക്കാത്ത ഫലമെന്ന നിലയില്‍ നല്ല ഡിമാന്‍റും ഇവയ്ക്കുണ്ട്. ഇടിച്ചക്ക കൂടുതലായി കയറ്റി അയയ്ക്കപ്പെടുന്നുണ്ട്. ഇപ്പോള്‍ നല്ല വിലയും ഇവയ്ക്കുണ്ട്. മാര്‍ക്കറ്റിലും ഡിമാന്‍റ് ഇവയ്ക്ക് ഉയര്‍ന്നിട്ടുണ്ട്.

ഇടിച്ചക്ക തോരന്‍, ഇടിച്ചക്ക തൈരു കറി, ഇടിച്ചക്ക അച്ചാര്‍, ഇടിച്ചക്ക ചമ്മന്തി, ഇടിച്ചക്ക കട് ലറ്റ് തുടങ്ങി ഒട്ടനവധി വിഭവങ്ങള്‍ ഇടിച്ചക്കയില്‍നിന്നും തയ്യാറാക്കി വരുന്നു.

ഇടിച്ചക്കയിലും പച്ചച്ചക്കയിലും രക്തത്തിലെ ഗ്ലൂക്കോസ് നിലയെ നിയന്ത്രണത്തിലാക്കുന്ന ഭക്ഷ്യനാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ചക്കയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ആന്‍റി ഓക്സിഡന്‍റ് ഫ്ളേവനോയ്ഡുകളും രക്തത്തിലെ ഗ്ലൂക്കോസ് നില ഉയരാതെ കാക്കും.

സസ്യാഹാരികളുടെ മാംസം എന്നാണ് ഇടിച്ചക്ക അറിയപ്പെടുന്നത്. ഏതുതരം രുചിയിലും വൈവിദ്ധ്യമാര്‍ന്ന വിഭവങ്ങള്‍ ഇതുകൊണ്ടു തയ്യാറാക്കാം. ചക്കയിലുള്ള അന്നജം താരതമ്യേന മറ്റ് അന്നജങ്ങളെ അപേക്ഷിച്ച് അസിഡിറ്റി ഉണ്ടാക്കുന്നത് കുറവാണ്. പഴയ കാലങ്ങളില്‍ ധാരാളമായി വീടുകളില്‍ ഇടിച്ചക്ക വിഭവങ്ങള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ കുറച്ചു കാലത്തേയ്ക്കു മലയാളികള്‍ ഇവയെ മറക്കുകയും എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. കാന്‍സര്‍പോലെയുള്ള മാരകരോഗങ്ങളെ വരെ തടഞ്ഞുനിര്‍ത്തുവാന്‍ നമ്മുടെ ചക്കയ്ക്കു കഴിയും എന്ന കണ്ടെത്തലാണ് ഇവയ്ക്കു ഡിമാന്‍റ് വര്‍ദ്ധിക്കുവാന്‍ കാരണം. ഇടിച്ചക്കയുടെ തിരിച്ചുവരവു നമുക്ക് അഭിമാനിക്കാം.

ഇടിച്ചക്കയില്‍ ഊര്‍ജ്ജം, അന്നജം, ഭക്ഷ്യനാരുകള്‍, മാംസ്യം, ബീററ, കരോട്ടിന്‍, വിറ്റാമിന്‍ ബി, കാത്സ്യം, ഇരുമ്പ് തുടങ്ങിയവ വിവിധ അളവില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികളെ സഹായിക്കുന്ന പല ഗുണങ്ങള്‍ ഇടിച്ചക്കയ്ക്കും പച്ചച്ചക്കയ്ക്കും ഉള്ളതായി പറയപ്പെടുന്നു. ഇന്നു മാര്‍ക്കറ്റിലും ചക്കയ്ക്കും ഇടിച്ചക്കയ്ക്കും നല്ല ഡിമാന്‍റുണ്ട്. എന്തായാലും ചക്കയുടെയും ചക്കവിഭവങ്ങളുടെയും വരുംകാല ഭാവിയില്‍ നമുക്ക് അഭിമാനിക്കാം.

Leave a Comment

*
*