ഇടുങ്ങിയ പാതയിലെ വിശുദ്ധിയുടെ സുഗന്ധം

ഇടുങ്ങിയ പാതയിലെ വിശുദ്ധിയുടെ സുഗന്ധം

ഫാ. സുബിന്‍ ജോസ്

അമേരിക്കന്‍ പ്രസിഡന്‍റ് ആയിരുന്ന എബ്രാഹം ലിങ്കണ്‍ പാര്‍ലമെന്‍റില്‍ പ്രസംഗിക്കാനായി എഴുന്നേറ്റപ്പോള്‍ അദ്ദേഹത്തിന് നേരെ എതിര്‍ പക്ഷത്തുണ്ടായിരുന്ന ഒരു അംഗം തന്‍റെ കാലില്‍ കിടന്നിരുന്ന ചെരിപ്പുയര്‍ത്തികാട്ടിയിട്ട് ഇപ്രകാരം പറഞ്ഞു, 'ഈ ചെരിപ്പ് താങ്കളുടെ പിതാവ് ഉണ്ടാക്കിയതാണ്…'

ലിങ്കണ്‍ അപമാനിതനായി തലകുനിക്കുമെന്ന് എല്ലാവരും കരുതിയതെങ്കിലും അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു, 'ശരിയായിരിക്കാം. എന്‍റെ അപ്പന്‍ ഒരു ചെരിപ്പുകുത്തിയായിരുന്നു. എനിക്കും ചെരിപ്പുകുത്താനറിയാം. താങ്കളുടെ ചെരിപ്പ് നന്നാക്കേണ്ടതുണ്ടെങ്കില്‍ എന്നോട് പറഞ്ഞാല്‍ മതി, ഞാന്‍ നന്നാക്കിത്തരാം'. എബ്രഹാം ലിങ്കന്‍റെ ജീവിതം ഇടുങ്ങിയ വാതിലിലൂടെയുള്ള പ്രവേശനമായിരുന്നുവെങ്കിലും പ്രതീക്ഷയുടെ പാതയായിരുന്നു അത്. അപമാനിതനായെങ്കിലും അത് അനുഗ്രഹമായി മാറി.

ഇടുങ്ങിയ വാതിലിലൂടെയുള്ള പ്രവേശനം ക്ലേശകരവും അപമാനകരവും പരിത്യക്തവുമായിരിക്കും. എളുപ്പത്തില്‍ കടന്നുപോകാവുന്ന വഴിയായിരിക്കില്ല അത്. അത് വഴുവഴുക്കുന്നതും മുള്ളുകള്‍ നിറഞ്ഞതുമായിരിക്കും. അപമാനങ്ങള്‍ കേള്‍ക്കേണ്ടി വരും. അതെല്ലാം മുന്നില്‍ കണ്ടുകൊണ്ട് യേശു പറഞ്ഞത്, 'ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാന്‍ പരിശ്രമിക്കുവിന്‍. ഞാന്‍ നിങ്ങളോടു പറയുന്നു, അനേകം പേര്‍ പ്രവേശിക്കാന്‍ ശ്രമിക്കും. എന്നാല്‍ അവര്‍ക്കു സാധിക്കുകയില്ല' (ലൂക്ക 13, 23). യഹൂദരെ മുന്നില്‍ കണ്ടുകൊണ്ടാണ് യേശു വസ്തുത അവതരിപ്പിക്കുന്നതെങ്കിലും ഈ കാലഘട്ടത്തിലും ഈ വചനത്തിന് പ്രസക്തിയുണ്ട്. യഹൂദര്‍ യേശുവിന്‍റെ വചനത്തെ തള്ളിക്കളയുമെങ്കിലും വിജാതീയര്‍ യേശുവിന്‍റെ വചനത്തിന് പ്രസക്തി നല്‍കി. ഇന്നും സഭയിലെ അംഗങ്ങള്‍ ദൈവവചനത്തോടും ക്രിസ്തുവിനോടും വിശ്വസ്തരാകാതിരിക്കുമ്പോള്‍ അക്രൈസ്തവരായിരിക്കും രക്ഷയുടെ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക.

ഇടുങ്ങിയ വാതിലുകള്‍ എക്കാലത്തേക്കും തുറന്നുകിടക്കണമെന്നില്ല. യേശുവിന്‍റെ വചനം കേട്ടിട്ട് സമകാലികരായ യഹൂദര്‍ തന്‍റെ പ്രബോധനങ്ങള്‍ തള്ളിക്കളയുന്നു. അതുമൂലം വിജാതീയര്‍ ദൈവരാജ്യം കരസ്ഥമാക്കും എന്ന് യഹൂദരോട് യേശു പറയുകയാണ്. ഇന്നും എന്നും എല്ലാവരും ആദ്യം തേടുന്നത് ആ വിശാലമായ കുറുക്കുവഴികള്‍ തന്നെയാണ്. ഹൃദയത്തില്‍ തീവ്രമായ ആഗ്രഹവും രക്ഷപ്രാപിക്കുവാന്‍ കഴിയും എന്ന് ബോധ്യവുമുള്ളവര്‍ക്ക് മാത്രമേ കുറുക്കുവഴികള്‍ ഉപേക്ഷിക്കാനും യഥാര്‍ത്ഥ പാത തിരഞ്ഞെടുക്കുവാനും കഴിയുകയുള്ളൂ. നമുക്കും ജീവിതത്തില്‍ രക്ഷ പ്രാപിക്കണം, വിജയിക്കണം എന്നുമുള്ള തീവ്രമായ ആഗ്രഹമുണ്ടോ. ഉണ്ടെങ്കില്‍ നമ്മള്‍ ക്രിസ്തുവിന്‍റെ വചനത്തെ ആശ്രയിക്കും. സഹനവും ക്ലേശവും ബുദ്ധിമുട്ടുകളും അപമാനങ്ങളും ഉണ്ടാകും; പക്ഷേ, വിജയിക്കാനും ദൈവരാജ്യം കരസ്ഥമാക്കുവാനും സാധിക്കും. നീതി പ്രവര്‍ത്തിക്കുന്നവര്‍ക്കും സത്യത്തിന്‍റെ പാതയിലൂടെ ചരിക്കുന്നവര്‍ക്കും മാത്രമേ ഈ നിത്യാനന്ദം സ്വന്തമാക്കുവാന്‍ കഴിയൂ. ജോബിന്‍റെ ജീവിതം ഇതിന് നമുക്ക് വലിയ മാതൃകയാണ്. സഹനങ്ങളുടെ പേമാരി ജീവിതത്തില്‍ ഉണ്ടായാലും സര്‍വ്വശക്തന്‍ തന്നെ കൈവിടുകയില്ല എന്ന ബോധ്യം ജോബിനുണ്ടായിരുന്നു. അതുകൊണ്ടാണ് സഹനങ്ങള്‍ക്ക് നടുവിലും ജോബ് ഇപ്രകാരം പറഞ്ഞത്, 'അവിടുത്തെപ്പറ്റി എത്ര നേരിയ ഒരു സ്വരം മാത്രമാണ് നാം കേട്ടിട്ടുള്ളത്! അവിടുത്തെ ശക്തിയുടെ ഇടിമുഴക്കം ആര്‍ക്കു ഗ്രഹിക്കാന്‍ കഴിയും'. (ജോബ് 26, 14) സഹനങ്ങളുടെ നടുവില്‍ നില്‍ക്കുമ്പോഴും ഇപ്രകാരം പ്രാര്‍ത്ഥിക്കാന്‍ കഴിയണമെങ്കില്‍ ദൈവത്തിലുള്ള ആശ്രയബോധം ഉണ്ടാകണം. ഇടുങ്ങിയ വാതിലിന്‍റെ മഹത്വം ഗ്രഹിക്കാനാകണം.

ഇടുങ്ങിയ വാതില്‍ നീതിയുടെ വാതിലാണ്. നിത്യമഹത്വത്തിലേക്കുള്ള വാതിലാണത്. അലക്സാണ്ട്രിയായിലെ വി. സിറില്‍ പറയുന്നു, "വിധി ദിവസംവരെ ഭൂമിയിലെ എല്ലാ യാതനകളും സഹിക്കുന്നതാണ് ശുദ്ധീകരണ സ്ഥലത്തില്‍ ഒരു ദിവസം കഴിയുന്നതിനേക്കാള്‍ ഭേദം". നീതിയുടെയും സത്യത്തിന്‍റെയും പാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഇത് ക്ലേശകരമാണ്. പക്ഷേ, സത്യം വിജയിക്കും എന്നതില്‍ സംശയിക്കേണ്ടി വരികയില്ല. സോക്രട്ടീസിന്‍റെ അരികില്‍ ചെന്ന് പറഞ്ഞ സത്യങ്ങളെല്ലാം നുണയാണെന്ന് പറയുവാന്‍ നിര്‍ബന്ധിക്കുന്ന പീഡകരോട് സോക്രട്ടീസ് പറയുന്നു, "നിങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഞാന്‍ സത്യങ്ങള്‍ മറച്ചുവച്ചാലും അത് സത്യമാകാതിരിക്കുമോ?" ഇന്ന് സത്യസന്ധര്‍ പീഡിപ്പിക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. സത്യം മറച്ചുവയ്ക്കുകയെന്നത് വിശാലമായ വാതിലാണ്. എളുപ്പമാണ്. പക്ഷേ, ഒരിക്കല്‍ അത് പുറത്ത് വരാതിരിക്കുകയില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org