|^| Home -> Suppliments -> Familiya -> ഇനിയും മരിക്കാത്ത നന്മകൾ

ഇനിയും മരിക്കാത്ത നന്മകൾ

Sathyadeepam

ജോസ് കേളംപറമ്പില്‍

ഈ ലോകത്തില്‍ പടച്ചോന്‍ ഒരുപാടു പേര്‍ക്ക് പൊന്നും പണവും കൊടുക്കും. ഒരുപാടു പേര്‍ക്ക് വമ്പുള്ള ഉദ്യോഗം കൊടുക്കും. പക്ഷെ ലക്ഷത്തിലൊരാള്‍ക്കേ പടച്ചോന്‍ അവന്‍റെ മനസ് കൊടുക്കൂ. എന്തിനാണെന്നോ. അവന്‍റെ തീരുമാനങ്ങള്‍ ഇവിടെ നടപ്പാക്കാന്‍ – ദുരിതങ്ങളുടെ തോരാകണ്ണീര്‍ പെയ്തിറങ്ങുമ്പോഴും അറിയാതെ കണ്ണ് നിറയിച്ച് മനസിനെ കെട്ടിപുണര്‍ന്ന ചില കാഴ്ചകള്‍ ഓര്‍മ്മപ്പെടുത്തിയ ചില വാക്കുകളാണിത്. ദൈവത്തിന്‍റെ മനസുമായി പാഞ്ഞുനടന്ന കുറെ മനുഷ്യര്‍ പറയാതെ പറഞ്ഞുതരുന്നുണ്ട്, ഇനിയും മരിക്കാത്ത കുറെ നന്മമരങ്ങള്‍ നമ്മുടെ ചുറ്റുമുണ്ടെന്ന്. നിനക്കു ഞാനും എനിക്കു നീയും താങ്ങാവണം എന്നു തിരിച്ചറിഞ്ഞ നിമിഷം തുടങ്ങിയ നെട്ടോട്ടത്തില്‍ കണ്ട കാഴ്ചകള്‍ ഇനിയും നശിക്കാത്ത കുറെ പുണ്യങ്ങളുടെ തിരുശേഷിപ്പുകളായിരുന്നു. പണ്ടെങ്ങോ ഒളിച്ചുകയറി മനുഷ്യമനസ്സില്‍ വാസം തുടങ്ങിയ ആ ഈശ്വരന്‍ മനസുവിട്ടിറങ്ങി കൈകാലുകള്‍ വച്ച് ഓടുകയായിരുന്നുവോ? എന്തായാലും ചില മനുഷ്യര്‍ക്ക് ദൈവത്തിന്‍റെ മുഖമായിരുന്നു. ചില കരങ്ങള്‍ ദൈവത്തിന്‍റെ കരങ്ങളും.

അത് കല്ലല്ല ഒരു മനുഷ്യനാണ്
ആകാശം ചരിഞ്ഞപോല്‍ പെയ്തിറങ്ങിയ കൊടുംപേമാരി. ക്ഷണിക്കാതെ പിടിവിട്ട് കയറിവന്ന പെരും വെള്ളപാച്ചിലില്‍ വേങ്ങരയിലെ എല്ലാ മനുഷ്യരും വല്ലാതെ ഞെട്ടിത്തരിച്ചുപോയി. നിലവിട്ട് പൊന്തുന്ന പെരും വെള്ളത്തില്‍ നിലവിളികള്‍ ഉയര്‍ന്നു തുടങ്ങി. നിമിഷങ്ങള്‍ക്കകം ജലനിരപ്പ് ഉയര്‍ന്നു. എല്ലാം ഇട്ടെറിഞ്ഞ് മനുഷ്യര്‍ പരക്കം പായാന്‍ തുടങ്ങി. രക്ഷയുടെ തീരം ചേര്‍ക്കാന്‍ തേടിയെത്തിയ റബ്ബര്‍ ബോട്ടില്‍ കാലെടുത്തു വയ്ക്കാനാവാത്ത വിധം വെള്ളം ഉയര്‍ന്നുപൊങ്ങി. ജീവനുവേണ്ടിയുള്ള ആ പരക്കം പാച്ചിലില്‍ ബോട്ടില്‍ കയറാന്‍ പാടുപെടുന്ന അമ്മപെങ്ങന്മാരെ കണ്ട ആ മനുഷ്യന്‍ മറ്റൊന്നും ചിന്തിച്ചില്ല. വേങ്ങര മൃതലമാട്ടെ വെള്ളക്കെട്ടില്‍ ആളുകള്‍ക്കും ബോട്ടിനുമിടയില്‍ മൂക്ക് വെള്ളത്തില്‍ മുട്ടുംവിധം ജൈസന്‍ മുട്ടുകുത്തിനിന്നു. ആ മനുഷ്യശരീരത്തെ ചവിട്ടുപടിയാക്കി ചെരുപ്പിട്ട ആദ്യത്തെ പാദങ്ങള്‍ രക്ഷാബോട്ടിലേക്കു കയറി. സ്വയം ചവിട്ടുപടിയായി മാറിയ ഈ രക്ഷാപ്രവര്‍ത്തനം കണ്ടുനിന്ന മനുഷ്യര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു, ചെരിപ്പൂര്… അത് കല്ലല്ല. ഒരു മനുഷ്യനാണ്.

പാഠം ഒന്ന് അമ്മ
ഇന്നലെ രാത്രി ഞാന്‍ വീട്ടിലെത്തിയപ്പോള്‍ അമ്മ പറഞ്ഞു: ദുരിതാശ്വാസനിധി ശേഖരിക്കാന്‍ വന്നിരുന്നു. പക്ഷെ എന്‍റെ കൈയില്‍ പൈസയൊന്നും കൊടുക്കാനുണ്ടായിരുന്നില്ല. അമ്മയ്ക്ക് അറുപത്തിയഞ്ചു വയസിന് മുകളില്‍ പ്രായമുണ്ട്. ഊന്നുവടിയുടെ ബലത്തിലാണ് നടപ്പ്. ചില കാരണങ്ങളാല്‍ രണ്ട് മാസത്തോളമായി പണിക്ക് പോകാതിരുന്നതിനാല്‍ ഞാനും വീട്ടിലൊന്നും കൊടുത്തിരുന്നില്ല. അമ്മയ്ക്കാകെ സങ്കടമായി: ഒന്നും കൊടുത്തില്ലല്ലോ? ഞാന്‍ പറഞ്ഞു: പൈസ തന്നെ കൊടുക്കണമെന്നില്ല, ചൂലോ, വൈപ്പറോ, സോപ്പ്പൊടിയെ നമ്മളാല്‍ കഴിയുന്ന എന്തായാലും മതിയെന്ന്. ഇന്ന് വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച അടുത്ത വീട്ടിലെ കാലിന് സുഖമില്ലാത്ത സുധീഷിനെയും കൂട്ടി ഈര്‍ക്കില്‍ ചൂലുണ്ടാക്കുകയാ. രണ്ട് മൂന്നെണ്ണം റെഡിയാക്കിയിട്ടുണ്ട്. നിര്‍മ്മാണം തുടരുന്നു. (ഒരു മകന്‍റെ പ്രളയക്കുറിപ്പ്)

ഞങ്ങള്‍ക്ക് ആ കാശ് വേണ്ട
ഇന്നലെ എന്‍റെ കൂടെപ്പിറപ്പുകളോടും മത്സ്യതൊഴിലാളികളായ കൂട്ടുകാരോടുമൊപ്പം ഇവിടെ നിന്ന് ബോട്ടെടുത്ത് ഒരുപാട് പേരെ രക്ഷിക്കാന്‍ വേണ്ടി പോയിരുന്നു. അതില്‍ പങ്കെടുത്തതില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു. ഇന്ന് രാവിലെ ഞാന്‍ കേട്ടു: ഞങ്ങളാണ് സാറിന്‍റെ സൈന്യമെന്ന്. മത്സ്യതൊഴിലാളികളാണ് സാറിന്‍റെ സൈന്യമെന്ന്. അതില്‍ ഞാന്‍ ഒരുപാട് അഭിമാനിച്ചു. ഇന്ന് വൈകിട്ട് ഞാന്‍ അറിഞ്ഞു ഓരോ മത്സ്യതൊഴിലാളികള്‍ക്കും മൂവായിരം രൂപ വച്ച് കൊടുക്കുന്നുവെന്ന്. സാര്‍, അതില്‍ വളരെ സങ്കടത്തോടെ പറയുന്നു: ഞങ്ങളുടെ കൂടെപ്പിറപ്പുകളെ രക്ഷിച്ചതിന് ഞങ്ങള്‍ക്കാ കാശ് വേണ്ട. പിന്നെ, സാര്‍ ഒരു കാര്യം പറഞ്ഞായിരുന്നു. കേടായ ബോട്ടുകളെല്ലാം റിപ്പയര്‍ ചെയ്തു തരാമെന്ന്. അതുചെയ്തു തരുന്നത് നല്ല കാര്യമാണ്. കാരണം ഞങ്ങള്‍ക്ക് ജീവിക്കാന്‍ വേറെ ഉപജീവനമാര്‍ഗ്ഗങ്ങളൊന്നുമില്ല. അതല്ലാതെ ഞങ്ങളുടെ കൂടെപ്പിറപ്പുകളെ രക്ഷിച്ചതിനുള്ള കാശ് ഞങ്ങള്‍ക്കു വേണ്ട.

സ്വപ്നങ്ങളും പങ്കുവയ്ക്കാം
ആ കുഞ്ഞുമനസിന്‍റെ സ്വപ്നമായിരുന്നു ഒരു സൈക്കിള്‍. രണ്ടാം ക്ലാസ്സുകാരിയായ അനുപ്രിയ നാലു വര്‍ഷമായി അഞ്ചു കുടുക്കകളിലായി ആ സ്വപ്നത്തെ താലോലിക്കുകയായിരുന്നു.

ചെന്നൈ വില്ലുപുരത്ത് താമസിക്കുന്ന ആ കുഞ്ഞ് അന്നു കേള്‍ക്കുന്നത് കേരള ത്തെ വിഴുങ്ങുന്ന മഹാപ്രളയത്തെക്കുറിച്ചായിരുന്നു. ചെന്നൈ പ്രളയത്തിന്‍റെ ദുരന്തമുഖങ്ങള്‍ കണ്ടറിഞ്ഞ ആ മനസില്‍ സഹോദരസ്നേഹത്തിന്‍റെ ഉറവ പൊട്ടിയൊഴുകി. ഒത്തിരി സ്വപ്നങ്ങള്‍ ഒലിച്ചുപോയ കേരള ജനതയ്ക്കു മുന്നില്‍ അവളുടെ സ്വപ്നങ്ങള്‍ അവള്‍ പകുത്തു നല്‍കി. കേരളത്തെ തളര്‍ത്തിയ പ്രളയത്തില്‍ ഒരു ചെറിയ കൈത്താങ്ങാകാന്‍ ആ അഞ്ചു കുടുക്കകളും അവള്‍ ഉടച്ചു. തന്‍റെ പത്താം ജന്മദിനത്തില്‍ സൈക്കിള്‍ വാങ്ങാന്‍ നാലുവര്‍ഷമായി സ്വരുക്കൂട്ടിയ 8,846 രൂപ അവള്‍ കേരളത്തിനായി കൈമാറി. കൂടെയുള്ളവരെ സ്നേഹിക്കുന്നവരെ മേലെയുള്ളവനു സ്നേഹിക്കാതിരിക്കാനാവില്ലല്ലോ! ആ സ്വപ്നം ആയിരം മടങ്ങായി തൊട്ടടുത്ത ദിനംതന്നെ അന്വര്‍ത്ഥമായി.

സ്നേഹം കൊണ്ട് ഹൃദയം നിറച്ച ഒത്തിരി ജന്മങ്ങള്‍ ഈ പ്രളയകാലത്ത് ഇങ്ങനെ തെളിഞ്ഞുയര്‍ന്നു. ഹൃദയശസ്ത്രക്രിയയ്ക്ക് സ്വരുക്കൂട്ടിവച്ചിരുന്ന പണത്തില്‍ നിന്ന് ഒരു പങ്ക് ദുരിതാശ്വാസത്തിന് പകര്‍ന്നു നല്‍കിയ തമിഴ്നാട്ടിലെ കരൂര്‍ ജില്ലയിലെ അക്ഷയ എന്ന പതിനൊന്നുകാരി.

സ്നേഹം പകുത്തുനല്‍കിയ ആ ഹൃദയത്തിന്‍റെ മുഴുവന്‍ കാവലായി മാറിയ ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട്. വീടു നഷ്ടപ്പെട്ടവര്‍ക്ക് ഒന്നര ഏക്കര്‍ ഭൂമി പകുത്ത് നല്‍കിയ ജോസ് ചിറ്റടിയച്ചന്‍…. അങ്ങനെ അങ്ങനെ ഒത്തിരി സുമനസുകള്‍. ഇനിയും നശിക്കാതെ അവശേഷിക്കുന്ന ഒത്തിരി നന്മകള്‍ ഈ ദൈവത്തിന്‍റെ സ്വന്തം നാടിനെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്. ഉറപ്പാണത്.

രണ്ട് ചോദ്യങ്ങള്‍
കേരളം ആകാശത്തോടു ചോദിച്ചു: എന്നാലും ഇത്രമേല്‍ ദുരിതത്തിലാഴ്ത്താനുള്ള വെള്ളം നീ മേഘങ്ങളില്‍ സൂക്ഷിച്ചിരുന്നോ?

ആകാശം തിരികെ ചോദിച്ചു: ഇത്ര വലിയ പ്രളയത്തെയും ദുരിതങ്ങളെയും തോല്‍പ്പിക്കാനുള്ള സ്നേഹം നിങ്ങള്‍ ഹൃദയത്തില്‍ ഒളിപ്പിച്ചിരുന്നല്ലോ?

Leave a Comment

*
*