ശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍സ്പയര്‍ സ്കോളര്‍ഷിപ്പ്

ഡോ. ഡെയ്സന്‍ പാണേങ്ങാടന്‍
സെന്‍റ് തോമസ് കോളജ്, തൃശ്ശൂര്‍

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം (Ministy of Science and Technology & Department of Science and Technology-DST) 2017 വര്‍ഷത്തേക്കുള്ള ഉന്നത വിദ്യാഭ്യാസത്തിനുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. താഴെ പറഞ്ഞിരിക്കുന്ന വെബ്സൈറ്റിലൂടെ, ആവശ്യപ്പെട്ടിരിക്കുന്ന ഡോക്യുമെന്‍റുകള്‍ സഹിതം ഓണ്‍ലൈന്‍ ആയി മാത്രമേ അപേക്ഷിക്കാവൂ.

www.online-inspire.gov.in

2017 ഒക്ടോബര്‍ 15 രാവിലെ 10 മണി മുതല്‍ ഡിസംബര്‍ 31, ഉച്ചതിരിഞ്ഞ് 5 മണി വരെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം.

ആര്‍ക്കൊക്കെ അപേക്ഷിക്കാം
2017ല്‍ പ്ലസ്ടു പരീക്ഷ പാസായ 17-22 വയസ്സു പ്രായമുള്ളവരും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, ആസ്ട്രോ ഫിസിക്സ്, ആസ്ട്രോണമി, ഇലക്ട്രോണിക്സ്, ബോട്ടണി, സുവോളജി, ബയോ കെമിസ്ട്രി, അന്ത്രപ്പോളജി, മൈക്രോ ബയോളജി, ജിയോഫിസിക്സ്, ജിയോ കെമിസ്ട്രി, അറ്റ്മോസ്ഫെറിക് സയന്‍സ്, ഓഷ്യാനിക് സയന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദത്തിനോ ബിരുദാനന്തര ബിരുദത്തിനോ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ നിശ്ചിത മാര്‍ക്കോടെ പ്രവേശനം ലഭിച്ചിരിക്കുന്ന ആര്‍ക്കും അപേക്ഷിക്കാം. അപേക്ഷിക്കുന്ന ആള്‍ രാജ്യത്തെ വിവിധ ബോര്‍ഡുകളും വിവിധ സംസ്ഥാന ബോര്‍ഡുകളും നടത്തുന്ന പ്ലസ് ടു പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ പരീക്ഷ പാസായ 1% വിദ്യാര്‍ത്ഥികളിലൊരാളായിരിക്കണം. ഓരോ ബോര്‍ഡിലും പ്ലസ് ടു പരീക്ഷ പാസ്സായ വിദ്യാര്‍ത്ഥികളില്‍ നിന്നും മേല്‍ സൂചിപ്പിച്ച മാനദണ്ഡപ്രകാരം അപേക്ഷിക്കാനുള്ള കട്ട് ഓഫ് മാര്‍ക്കും (2016 വര്‍ഷത്തെ അടിസ്ഥാനമാക്കി) പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍പ്രകാരം കേരള സംസ്ഥാന ബോര്‍ഡില്‍ 96.5% മാര്‍ക്കും സി.ബി.എസ്.ഇ. പരീക്ഷയില്‍ 95% മാര്‍ക്കും ഐ.സി.എസ്.ഇ. പരീക്ഷയില്‍ 96% മാര്‍ക്കും ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഇതു കൂടാതെ JEE (Main & Advanced) കോമണ്‍മെറിറ്റ് ലിസ്റ്റില്‍ (CML) ആദ്യ 10,000 റാങ്കുകാര്‍ക്കും (AIPMT ലോ NEET മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷകളിലെ കോമണ്‍മെറിറ്റ് ലിസ്റ്റിലെ ആദ്യ 10000 റാങ്കുകാര്‍ക്കും KVPY(All Kishore Vaigyanik Protsahan Yojana),NYSE(National Talent Search Examination), JBNSTS(Jagadis Bose National Talent Search ജേതാക്കള്‍ക്കും അന്തര്‍ദേശീയ ഒളിമ്പ്യാഡ് മെഡല്‍ ജേതാക്കള്‍ക്കും ഇന്‍സ്പയര്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. ഇതോടൊപ്പം രാജ്യത്തെ വിവിധ ഐ.ഐ.ടി.കളില്‍ അഞ്ചുവര്‍ഷത്തെ ഇന്‍റഗ്രേറ്റഡ് എം.എസ്.സി., നാലുവര്‍ഷത്തെ ബി.എസ്സി പ്രാഗ്രാമുകള്‍ക്ക് മികച്ച JEE റാങ്കോടെ പ്രവേശനം ലഭിച്ചവര്‍ക്കും നൈസറുകളില്‍ (NISER -National Institute of Science Education and Research),DAE-CBS യിലും (Department of Atomic Energy-Centre for Basic Science) ദേശീയ തലത്തിലുള്ള മല്‍സര പരീക്ഷയിലൂടെ ബിരുദ കോഴ്സുകള്‍ക്കും ഇന്‍റഗ്രേറ്റഡ് ബിരുദ കോഴ്സുകള്‍ക്കും പ്രവേശനം നല്‍കുന്ന രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളിലും പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.

സ്കോളര്‍ഷിപ്പിന്‍റെ മൂല്യം
ഇന്‍സ്പയര്‍ സ്കോളര്‍ഷിപ്പായി തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ പരമാവധി വര്‍ഷക്കാലത്തേയ്ക്ക് (ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനുമായി) വര്‍ഷാവര്‍ഷം 80,000/- രൂപ വീതം ലഭിക്കും. ഇതില്‍ 20,000/- രൂപ വേനലവധിയിലുള്ള ഗവേഷണ പ്രൊജക്ടിനു വേണ്ടി മാത്രം നീക്കിവെച്ചിട്ടുള്ളതാണ്. ചുരുക്കത്തില്‍ ബിരുദ-ബിരുദാനന്തര പഠനത്തിന് ഇന്‍സ്പയര്‍ സ്കോളര്‍ഷിപ്പായി കേന്ദ്ര സര്‍ക്കാര്‍ നാലു ലക്ഷം രൂപ നല്‍കുന്നുണ്ടെന്ന് വ്യക്തം.

ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍:
1. ഓണ്‍ലൈന്‍ ആയി മാത്രമേ അപേക്ഷ നല്‍കേണ്ടതുള്ളൂ. എന്നാല്‍ പ്രിന്‍റൗട്ട് അപേക്ഷകര്‍ സൂക്ഷിക്കേണ്ടതാണ്.
2. ആവശ്യമായ ഡോക്യുമെന്‍റുകളുടെ സോഫ്റ്റ് കോപ്പി നിശ്ചിത സൈസില്‍ JPEG, PDF ഫയലുകളിലായി അപ് ലോഡ് ചെയ്യണം
3. ഒരാളുടെ ഒന്നിലധികം അപേക്ഷകള്‍ ഉണ്ടായിരിക്കാന്‍ പാടില്ല.
4. ഭാഗികമായതോ വേണ്ടത്ര രേഖകളില്ലാത്തതോ ആയ അപേക്ഷകള്‍ നിരസിക്കുന്നതാണ്.
ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ htp://www.inspire-dst.gov.in/guidelineforSHE_Online.pdf എന്ന ലിങ്കില്‍ ലഭ്യമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org