|^| Home -> Suppliments -> ULife -> ഇന്‍റര്‍നാഷണല്‍ സിവില്‍ സര്‍വീസ്

ഇന്‍റര്‍നാഷണല്‍ സിവില്‍ സര്‍വീസ്

Sathyadeepam

യുവര്‍ കരിയര്‍

എം. ഷൈറജ്

ഇന്ത്യന്‍ സിവില്‍ സര്‍വീസിനെക്കുറിച്ച് എല്ലാവര്‍ക്കും അറിവുള്ളതാണ്. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് എന്നിവ തുടങ്ങി കേന്ദ്ര സര്‍ക്കാരിന്‍റെ നിരവധി ക്ലാസ്സ് വണ്‍ ജോലികളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പാണു സിവില്‍ സര്‍വീസ് പരീക്ഷ. ഇന്ത്യന്‍ ബ്യൂറോക്രസിയുടെ ഉന്നതതലങ്ങളിലേക്കുള്ള വാതായനമായ സിവില്‍ സര്‍വീസ് പരീക്ഷയെക്കുറിച്ച് ഈ പംക്തിയില്‍ വിശദമായിത്തന്നെ മുമ്പു പ്രതിപാദിച്ചിട്ടുണ്ട്. ഇത്തവണത്തെ നമ്മുടെ പ്രതിപാദനവിഷയം ഇന്ത്യന്‍ സിവില്‍ സര്‍വീസല്ല; ഇന്‍റര്‍നാഷണല്‍ സിവില്‍ സര്‍വീസാണ്.

ഇന്‍റര്‍നാഷണല്‍ സിവില്‍ സര്‍വീസ്
ഐക്യരാഷ്ട്രസഭയുടെ ഭരണ-കര്‍ത്തവ്യനിര്‍വഹണവിഭാഗത്തെയാണ് ഇന്‍റര്‍നാഷണല്‍ സിവില്‍ സര്‍വീസ് എന്നതുകൊണ്ടു വിവക്ഷിക്കുന്നത്. ഐക്യരാഷ്ട്രസഭയിലും അനുബന്ധ സ്ഥാപനങ്ങളിലും തൊഴില്‍ ലഭിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചു നമ്മുടെ നാട്ടിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അറിവില്ലെന്നുതന്നെ പറയാം.

ഐക്യരാഷ്ട്രസഭ
രാജ്യാന്തരസഹകരണം ലക്ഷ്യമാക്കി രണ്ടാം ലോകമഹായുദ്ധത്തിനുശേഷം രൂപീകൃതമായ പ്രസ്ഥാനമാണു യു.എന്‍. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഐക്യരാഷ്ട്രസഭ. ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹികസമത്വം എന്നിവയാണു രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്. 1945-ല്‍ 61 അംഗങ്ങളുമായി തുടക്കം കുറിച്ച ഈ പ്രസ്ഥാനത്തില്‍ ഇന്ന് 193 അംഗരാജ്യങ്ങളുണ്ട്.

യു.എന്‍. ഘടനയും സെക്രട്ടറിയേറ്റും
ഐക്യരാഷ്ട്രസഭയെ ആറു ഘടകങ്ങളായി തിരിച്ചിട്ടുണ്ട്. പൊതുസഭ, സുരക്ഷാസമിതി, സാമ്പത്തിക സാമൂഹിക സമിതി, ട്രസ്റ്റീഷിപ്പ് കൗണ്‍സില്‍, സെക്രട്ടറിയേറ്റ്, രാജ്യാന്തര നീതിന്യായ കോടതി എന്നിവയാണീ ഘടകങ്ങള്‍. യുഎന്നില്‍ തൊഴിലാഗ്രഹിക്കുന്ന യുവാക്കളുടെ ശ്രദ്ധ ഇക്കൂട്ടത്തില്‍ പതിയേണ്ടതു സെക്രട്ടറിയേറ്റിലാണ്.

രക്ഷാസമിതിയുടെ ശിപാര്‍ശയനുസരിച്ചു പൊതുസഭ നിയമിക്കുന്ന സെക്രട്ടറി ജനറലും ലോകത്താകെ പരന്നുകിടക്കുന്ന ആയിരക്കണക്കിന് ഉദ്യോഗസ്ഥരും അടങ്ങുന്നതാണു സെക്രട്ടറിയേറ്റ്. അന്താരാഷ്ട്രസമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുക, അംഗരാജ്യങ്ങള്‍ തമ്മിലുള്ള വിവാദങ്ങള്‍ പരിഹരിക്കുക എന്നിവയാണു സെക്രട്ടറിയേറ്റിന്‍റെ പ്രധാന ചുമതലകള്‍. ഐക്യരാഷ്ട്രസഭയുടെ മുഖ്യഭരണാധികാരിയാണു സെക്രട്ടറി ജനറല്‍. അദ്ദേഹത്തെ സഹായിക്കാന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍മാര്‍, ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍മാര്‍ എന്നിവരുണ്ട്. ഈ പദവികള്‍ ഡി-1, ഡി-2 തലങ്ങളിലുള്ളതാണ്. യു.എന്നില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും പുറത്തുള്ള പ്രൊഫഷണലുകള്‍ക്കും പ്രമുഖ രാജ്യങ്ങളുടെ പിന്തുണയില്‍ എത്തിപ്പെടാവുന്ന തസ്തികകളാണിവ.

ഇതിനു താഴെ പി-1 മുതല്‍ പി-5 വരെയുള്ള തലങ്ങളില്‍ വിവിധ മേഖലകളിലെ പ്രൊഫഷണലുകള്‍ സെക്രട്ടറിയേറ്റിന്‍റെ ഭാഗമായിട്ടുണ്ട്. വിവിധ പാഠ്യമേഖലകളില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയവര്‍ക്കു പി-1, പി-2 തലത്തില്‍ ഐക്യരാഷ്ട്രസഭയില്‍ തൊഴിലിനായി ശ്രമിക്കാം. യെംഗ് പ്രൊഫഷണല്‍ പ്രോഗ്രാം എന്ന പ്രവേശന പരീക്ഷയാണ് ഇതിനായി എഴുതേണ്ടണ്ടത്. ഇന്‍റര്‍നാഷണല്‍ സിവില്‍ സര്‍വീസ് പരീക്ഷയെന്നതുകൊണ്ടു വിവക്ഷിക്കുന്നത് യെംഗ് പ്രൊഫഷണല്‍ പ്രോഗ്രാമാണെന്നര്‍ത്ഥം.

യെംഗ് പ്രൊഫഷണല്‍ പ്രോഗ്രാം
ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷപോലെ എല്ലാ വര്‍ഷവും നടത്തുന്ന റിക്രൂട്ട്മെന്‍റ് പ്രോഗ്രാമാണു വൈ.പി.പി. എന്നാല്‍ എല്ലാ വര്‍ഷവും എല്ലാ രാജ്യങ്ങളിലേക്കും ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ കഴിയണമെന്നില്ല. ഓരോ വര്‍ഷവും വൈപിപിയില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പട്ടിക വിജ്ഞാപനത്തോടൊപ്പമുണ്ടാകും. അതില്‍ ഇന്ത്യ ഉള്‍പ്പെടുന്ന വര്‍ഷങ്ങളില്‍ നമ്മുടെ കുട്ടികള്‍ക്ക് ഇന്‍റര്‍നാഷണല്‍ സിവില്‍ സര്‍വീസിനായി ശ്രമിക്കാം.

ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ നിന്നു മറ്റൊരു വ്യത്യാസംകൂടി വൈപിപിക്കുണ്ട്. ഓരോ വര്‍ഷവും നിശ്ചിത വിഭാഗങ്ങളിലെ പ്രൊഫഷണലുകള്‍ക്കു മാത്രമായിരിക്കും റിക്രൂട്ട്മെന്‍റ്. ഉദാഹരണത്തിന് 2012-ലെ യു.എന്‍. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആര്‍ക്കിടെക്ചര്‍, ഇക്കണോമിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, പൊളിറ്റിക്കല്‍ സയന്‍സ്, റേഡിയോ പ്രൊഡക്ഷന്‍, സോഷ്യല്‍ അഫയേഴ്സ് എന്നീ വിഭാഗങ്ങളില്‍ ബിരുദം നേടിയവര്‍ക്കു മാത്രമായിരുന്നു യോഗ്യത.

വൈപിപിയില്‍ ഇന്ത്യ ഭാഗഭാക്കാകുന്ന വര്‍ഷങ്ങളില്‍ നിങ്ങള്‍ ബിരുദതലത്തിലോ ബിരുദാനന്തരതലത്തിലോ പഠിച്ച വിഷയം ഉള്‍പ്പെടുന്നുവെങ്കില്‍ അപേക്ഷിക്കാമെന്നര്‍ത്ഥം.

യോഗ്യതകള്‍
നിശ്ചിത വിഷയത്തില്‍ ബിരുദമോ ബിരുദാനന്തരബിരുദമോ ആണു വിദ്യാഭ്യാസ യോഗ്യത. പ്രാ യം 32 വയസ്സില്‍ കൂടരുത്. ഇംഗ്ലീഷ് ഫ്രഞ്ച് എന്നീ ഭാഷകളിലൊന്നില്‍ നല്ല പ്രാവീണ്യമുണ്ടായിരിക്കണം.

മെഡിസിന്‍, ഇക്കണോമി, കോമേഴ്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, സോഷ്യല്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇന്‍റര്‍ നാഷണല്‍ റിലേഷന്‍സ്, നിയമം, എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ്, അഡ്മിനിസ്ട്രേഷന്‍, ഡമോഗ്രഫി, മനുഷ്യാവകാശ സുരക്ഷ തുടങ്ങി നിരവധി വിഷയങ്ങളിലെ പ്രൊഫഷണലുകളെ കാലാകാലങ്ങളായി ഐക്യരാഷ്ട്രസഭ റിക്രൂട്ട് ചെയ്യുന്നുണ്ട്. ഈ പട്ടിക പൂര്‍ണമല്ലെന്നോര്‍ക്കുമല്ലോ?

പരീക്ഷാരീതി
എഴുത്തുപരീക്ഷയും ഇന്‍റര്‍വ്യൂവും വൈപിപിയില്‍ ഉള്‍പ്പെടുന്നു. എഴുത്തുപരീക്ഷയില്‍ ഒരു ജനറല്‍ പേപ്പറും ഒരു സ്പെഷ്യലൈസ് പേപ്പറുമുണ്ടാകും. ജനറല്‍ പേപ്പറില്‍ അന്തര്‍ദേശീയ വിഷയങ്ങളിലെ പ്രാവീണ്യവും ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകളിലൊന്നില്‍ ഡ്രാഫ്റ്റിംഗിനുള്ള കഴിവും പരീക്ഷിക്കപ്പെടും. ഇന്ത്യ പങ്കെടുക്കുന്ന വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ത്തന്നെ പരീക്ഷാകേന്ദ്രമുണ്ടാകും.

വ്യക്തിഗുണങ്ങള്‍
പ്രൊഫഷണലിസം, ആശയവിനിമയം, പ്രാവീണ്യം, സത്യനിഷ്ഠ, ഒരു ടീമിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുവാനുള്ള കഴിവ്, സര്‍ഗാത്മകത, നിരന്തര പഠനത്തിനായുള്ള മനസ്സ്, സാങ്കേതിക പരിജ്ഞാനം, നേതൃപാടവം എന്നിവയൊക്കെയാണ് ആവശ്യമായ വ്യക്തിഗുണങ്ങള്‍.

വേതനം
വളരെ ഉയര്‍ന്ന വേതനമാണ് ഐക്യരാഷ്ട്രസഭയിലേത്. യുഎന്‍ ഫെഡറല്‍ സിവില്‍ സര്‍വീസിനോടു കിടപിടിക്കുന്നതാണിത്.

സാദ്ധ്യതകള്‍
ഐക്യരാഷ്ട്രസഭയുടെ സാമ്പത്തികസ്ഥിതി ഇപ്പോള്‍ ഏറെ മെച്ചപ്പെട്ട അവസ്ഥയിലല്ല. റിക്രൂട്ട്മെന്‍ നെയും ഇതു ബാധിച്ചേക്കാം. എന്നാല്‍ ഈ സ്ഥിതി എപ്പോള്‍ വേണമെങ്കിലും മാറാം. 2014-ലെ വൈപിപിയുടെ നോട്ടിഫിക്കേഷന്‍ ഇറങ്ങാനിരിക്കുന്നതേയുള്ളൂ.

മറ്റു തൊഴിലവസരങ്ങള്‍
ഐക്യരാഷ്ട്രസഭില്‍ തൊഴില്‍ ലഭിക്കാനുള്ള ഏകമാര്‍ഗമല്ല വൈപിപി. യുഎന്നിലൂടെ അനുബന്ധ സംഘടനകളിലെയും കരിയറുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെബ്സൈറ്റിലുണ്ട്.

വെബ്സൈറ്റുകള്‍:
www.esa.un.org
guide to employment
www.careers.un.org

Leave a Comment

*
*