Latest News
|^| Home -> Suppliments -> ULife -> ഇരമ്പൽ

ഇരമ്പൽ

Sathyadeepam

ചെറുകഥ

ജോസ് കൊച്ചുപുരയ്ക്കല്‍

അന്നൊരു തിങ്കളാഴ്ചയായിരുന്നു. ഞായറാഴ്ചയുടെ ഭാരിച്ച തിരക്കൊഴിഞ്ഞ ദിവസം. ബിഷ പ്പ് കൊര്‍ണേലീയോസ് ഫ്രാങ്കോ തന്‍റെ വിശാലമായ മുറിയില്‍ കൈകള്‍ കൂട്ടിതിരുമ്മി വേഗത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തിക്കൊണ്ടേയിരുന്നു. കാപ്പുവില്‍ ബിഷപ്പായി വന്നിട്ട് അധികനാള്‍ ആയില്ല. ചോദിച്ചുവാങ്ങിയതാണീ മാറ്റം. വയസ്സ് 75 നോട് അടുക്കുന്നു. തന്‍റെ അരമനയുടെ മട്ടുപ്പാവിലെ വിശാലമായ മുറിയില്‍ നിന്നാല്‍ തിരമാലകള്‍ ആര്‍ത്തലച്ചു വരുന്നതും, അവ തീരത്തെ കല്ലുകളില്‍ തട്ടിയുടഞ്ഞ് കുപ്പിച്ചില്ലുകള്‍ പോലെ ചിതറി പടരുന്നതും ഒരു നേര്‍ക്കാഴ്ചയാണ്. കഴുകന്മാര്‍ തല ഇടയ്ക്കിടയ്ക്ക് വെട്ടിച്ച് പച്ചമീനുകളെ കൊത്തിയെടുക്കുവാന്‍ താണുപറന്നുകൊണ്ടിരുന്നു. നേരം ഏതാണ്ട് വൈകുന്നേരം അഞ്ചു മണിയോടടുക്കുന്നു. ബിഷപ്പിന്‍റെ മനസ്സ് പക്ഷേ, ഭാരപ്പെടുകയായി രുന്നു.

എന്തിനാണാവോ ആന്‍റണി അച്ചന്‍ തന്നെ കാണണമെന്നു പറഞ്ഞ് ഇത്ര ധൃതിപിടിച്ച് ഇങ്ങോട്ടു പോരുന്നത്? ഈ കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ ഇതു മൂന്നാമത്തെ സ്ഥലം മാറ്റം നേടിയാണ് ഇപ്പോഴത്തെ പള്ളിയില്‍ മുഖ്യവികാരി ആയിരിക്കുന്നത്. തന്‍റെ സ്വാധീനം ഉപയോഗിച്ച് ഇനിയും സ്ഥലം മാറ്റം ആവശ്യപ്പെടാനാണോ ആന്‍റണി അച്ചന്‍റെ ഒരുക്കം, ബിഷപ്പ് മനസ്സില്‍ സന്ദേഹിച്ചു. എന്തിനാണദ്ദേഹം മംഗലാപുരം വരെ തന്നെക്കാണാനായി ധൃതിപിടിച്ചുള്ള ഈ യാത്ര ചെയ്യുന്നത്? ഏതാണ്ട് സമപ്രായക്കാരാണ് രണ്ടാളുമെങ്കിലും തന്‍റെ നെഞ്ചോടു ചേര്‍ത്ത് നിര്‍ത്താന്‍ ഇത്രയും പറ്റിയ ഒരു വൈദികനെ ബിഷപ്പ് തന്‍റെ സേവനപാതയില്‍ ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ ആന്‍റണി അച്ചന്‍റെ എല്ലാ വിഷമതകളിലും അവ അര്‍ഹിക്കുന്ന ആര്‍ദ്രതയില്‍ താന്‍ ഇതുവരെ എല്ലാം ചെയ്തു കൊടുത്തിട്ടേയുള്ളു, ഇടക്കാലം കൊണ്ടുള്ള മാനസിക ചികിത്സയും, സ്ഥലം മാറ്റങ്ങളും ഉള്‍പ്പെടെ.

ഒരു വയസ്സന്‍ ഓട്ടോറിക്ഷ ആടിയുലഞ്ഞ് ഭട്ട്-ടക്-ടക് എന്ന ശബ്ദം ഉണ്ടാക്കി ബിഷപ്പ് ഹൗസിനു താഴെ വന്നു നിന്നു. ഒരു കാല്‍ താഴത്ത് കുത്തി ളോഹയുടെ പോക്കറ്റില്‍ കൈയിട്ട് ആരോ വണ്ടിക്കൂലി തീര്‍ക്കുന്നത് അങ്ങകലെ ഗേറ്റിനടുത്ത് കാണാം. ആന്‍റണി അച്ചന്‍ വന്നെത്തിയിരിക്കുന്നു. നേരെ പോയത് പള്ളിക്കകത്തേക്കാണ്.

“അകത്തു വരട്ടെ? ഞാന്‍, ഫാദര്‍ ആന്‍റണി.” ഭവ്യതയോടെ എങ്കിലും കിതയ്ക്കുന്ന ശബ്ദം കേട്ടാണ് ബിഷപ്പ് വാതില്‍ തുറന്നത്.

“എനിക്ക് ഒന്നു കുമ്പസാരിക്കണം” ആന്‍റണി അച്ചന്‍ ധൃതിയില്‍ പറഞ്ഞൊപ്പിച്ചു. നന്നായി വിയര്‍ക്കുന്നുമുണ്ടായിരുന്നു. ളോഹയില്‍ അവിടവിടെയായി യാത്രയില്‍ പറ്റിപിടിച്ച അഴുക്കുകളും ഉണ്ട്. ളോഹയുടെ കഴുത്ത് വിയര്‍പ്പില്‍ നന്നേ കറുത്തിരിക്കുന്നു. പണ്ടു കണ്ടതിനേക്കാളും നന്നായി ക്ഷീണിച്ചിട്ടുമുണ്ട്. എങ്കിലും പതിവ് രീതി അനുസരിച്ച് കറുത്ത കവറിട്ട തന്‍റെ ബൈബിള്‍ അച്ചന്‍റെ കൈയില്‍ ഒതുക്കി, ഇറുക്കി പിടിച്ചിട്ടുണ്ട്.

ബിഷപ്പിന് കുറച്ച് നേരത്തേക്ക് ഒന്നും മനസ്സിലായില്ല, ഒരാള്‍ കേരളത്തില്‍ നിന്നും വണ്ടി കയറി ഈ മംഗലാപുരത്ത് തന്‍റെ അടുത്തു വന്നു കുമ്പസാരിക്കണമെന്നോ?

ആന്‍റണി അച്ചന്‍റെ ചികിത്സ എല്ലാം മാറിയിട്ട് കുറച്ച് മാസങ്ങള്‍ ആയിരുന്നല്ലോ. ഇപ്പോള്‍ നന്നായി വിറയ്ക്കുന്നുമുണ്ട്. അവശനുമാണ്. നേരം വൈകിയാല്‍ പിന്നെ കാര്യങ്ങള്‍ ശരിയാകില്ലല്ലോ? ബിഷപ്പ് മനസ്സില്‍ കരുതി. നേരത്തേ ചികിത്സിച്ചിരുന്ന ഡോ. മാത്യു ഇടിക്കുളയുടെ വീട്ടിലേക്ക് ബിഷപ്പ് ഫോണ്‍ ചെയ്തു.

“ഞാന്‍ ഇത്തവണയും നേരില്‍ കാണാന്‍ വന്നത് ട്രാന്‍സ്ഫറിന്‍റെ കാര്യം പറയാന്‍ വേണ്ടിത്തന്നെയാണ്.” അച്ചന്‍ ബിഷപ്പിനോട് എണീറ്റുനിന്ന് കാര്യം അവതരിപ്പിക്കാന്‍ പറഞ്ഞു തുടങ്ങി.

“അച്ചന്‍ ഇപ്പോള്‍ വിശ്രമിക്കൂ. നമുക്ക് എല്ലാം അത്താഴമേശയില്‍ പങ്കുവയ്ക്കാം.” ബിഷപ്പ് ആശ്വസിപ്പിച്ചു.

ഏതാനും നിമിഷങ്ങള്‍ക്കകം ഡോ. മാത്യു ഇടിക്കുള തന്‍റെ സ്വന്തം കാറില്‍ അരമനയില്‍ എത്തി. “ഏതായാലും ഒന്ന് വിശദമായി പരിശോധിക്കുകയായിരിക്കും നല്ലത്. ഇപ്പോള്‍ നേരിയ വിറയലും പനിയും ഉണ്ട്. എന്‍റെ ക്ലിനിക്കിലേക്ക് കൊണ്ടുപോകുക തന്നെ.” ഡോക്ടര്‍ ബിഷപ്പിനോടായി പറഞ്ഞു.

തന്‍റെ വീടിനോടു ചേര്‍ന്നുള്ള ക്ലിനിക്കില്‍ ഡോക്ടര്‍ അച്ചനെ വിശദമായി പരിശോധിച്ചു. നേരം ഏതാണ്ട് രാത്രി 10 മണിയോടടുക്കുന്നു.

“സാരമില്ല അങ്ങ് വിഷമിക്കാനൊന്നുമില്ല. നമ്മള്‍ നേരത്തെ ചികിത്സിച്ചുകൊണ്ടിരുന്ന അസുഖത്തിന്‍റെ ചെറിയൊരു തിരിച്ചു വരവ് – ബൈപോളാര്‍ ഡിസോര്‍ഡര്‍ – അങ്ങ് ഓര്‍ക്കുന്നുണ്ടാകുമോ ആവോ.” ഡോക്ടര്‍ പതിഞ്ഞ സ്വരത്തില്‍ ബിഷപ്പിനോടു വന്നു പറഞ്ഞു.

“എന്നു വച്ചാല്‍ മനസ്സ് കലു ഷിതമാകുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന അവസ്ഥാന്തരം, ശരിയല്ലേ? ഒരു വല്ലാത്ത മനചാഞ്ചല്യം. അല്ലേ?” ബിഷപ്പ് ഡോക്ടറിനോടായി ചോദിച്ചു.

“അതു തന്നെ.” ഡോക്ടര്‍ മറുപടി നല്‍കി.

“അച്ചന്‍ വല്ലാതെ ഉലഞ്ഞിരിക്കുന്നു. ബിഷപ്പ് ഒന്ന് ഉപദേശി ച്ചാല്‍ പഴയതുപോലെ മാറ്റാവുന്നതേയുള്ളു.” ഡോക്ടര്‍ തന്‍റെ അഭിപ്രായം പറഞ്ഞു നിര്‍ത്തി.

“ഏതായാലും ഇത്രയും വയ്യാത്ത നിലയ്ക്ക് ആന്‍റണി അച്ചന്‍ ഒരാഴ്ച ഇവിടെ ചെലവഴിച്ചിട്ട് പോയാല്‍ മതി നാട്ടിലേക്ക്. സഹ വികാരിയച്ചന്‍ കാര്യങ്ങള്‍ ഒക്കെ നോക്കട്ടെ. സമയം ഒത്തിരി വൈകിയിരിക്കുന്നു. അച്ചന്‍ ഉറങ്ങിക്കൊള്ളു.” ബിഷപ്പ് തന്‍റെ തീരുമാനം ആന്‍റണിയച്ചനെ അറിയിച്ചു.

രണ്ടു പേരും പിറ്റേ ദിവസം വൈകിട്ട് തങ്ങളുടെ സായാഹ്ന സവാരി ഒന്നിച്ചാക്കി. കടല്‍ഭിത്തിയുടെ താഴെയുള്ള നടപ്പാതയിലൂടെ അരമനയുടെ വിശാലമായ പൂന്തോട്ടത്തിലേക്ക് രണ്ടു പേരും നടന്നുനീങ്ങി.

“ഇന്നലെ ഞാന്‍ ഭയന്നു പോയി ആന്‍റണി അച്ചന്‍ പെട്ടെന്ന് കുമ്പസാരിക്കണം എന്ന് പറഞ്ഞപ്പോള്‍” ബിഷപ്പ് സംസാരം തുടങ്ങി വച്ചു.

“ഇനി എല്ലാ കുമ്പസാരവും നമുക്ക് നടന്നു കൊണ്ടാകാം. അല്ലേ?” ആന്‍റണി അച്ചന്‍റെ തോളില്‍ തട്ടി ബിഷപ്പ് സംസാരത്തിന് ആക്കം കൂട്ടി.

വീശിയടിക്കുന്ന കാറ്റില്‍ രണ്ടു പേരുടേയും ളോഹ ഇടയ്ക്കിടെ വീര്‍ത്തും ചുരുങ്ങിയും കൊണ്ടിരുന്നു. നീണ്ട നാല്‍പതു വര്‍ഷത്തെ സ്നേഹബന്ധത്തിന്‍റെ കെട്ടഴിക്കല്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.

“അച്ചന്‍ ഓര്‍ക്കുന്നോ? കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയിലെ ആദ്യത്തെ സ്ഥലം മാറ്റം ആരംഭിച്ചതെങ്ങനെയാണ്?” ബിഷപ്പ് ചോദ്യം തൊടുത്തു.

“ഉവ്വ്. അന്ന് ആ അവറാച്ചന്‍ കാപ്പുംതല പള്ളിയില്‍ ഉണ്ടാക്കിയ പ്രശ്നം ആയിരുന്നു തുടക്കം. മദ്യകോണ്‍ട്രാക്ടറുടെ സംഭാവന പള്ളിക്കു വേണ്ടെന്ന് പറഞ്ഞതാണ് വിഷയം. അത് അവസാനം അരമനയില്‍ സമാധാന ചര്‍ ച്ച വരെ എത്തി, എന്‍റെ സ്ഥലം മാറ്റത്തിലും. പിന്നത്തെ പ്രശ്നം കോച്ചേരി പള്ളിയിലെ ശിലാഫലകത്തിന്‍റെ പേരും പറഞ്ഞായിരുന്നു. ഡൊണേഷന്‍റെ തുക അനുസരിച്ച് ഫലകത്തില്‍ പേരു വയ്ക്കാന്‍ ഞാന്‍ വിസമ്മതിച്ചു. ഒന്നും ഓര്‍മ്മിക്കാതിരിക്കുന്നതാണ് ഭംഗി.”

“അച്ചന്‍, നടക്കാന്‍ പോകുമ്പോഴും എന്തിനാണ് ഈ വേദപുസ്തകം ഇറുക്കി പിടിച്ചിരിക്കുന്നത്?” ഒരു കൗതുകത്തിന് ബിഷപ്പ് ആന്‍റണി അച്ചനോട് ചോദിച്ചു.

“അതോ? അറിയുമോ? ഇതു മാത്രമാണ് എന്‍റെ രക്ഷ. ഇതിലുള്ള വാക്കുകളും നമ്മുടെ പ്രവൃത്തികളും തമ്മില്‍ കൂട്ടിമുട്ടിക്കുന്നതാണ് എന്‍റെ എക്കാലത്തേയും പെടാപ്പാട്. ഈ യുദ്ധത്തില്‍ പലവട്ടം ഞാന്‍ അമ്പേ പരാജയപ്പെടുന്നു. എങ്കിലും ഈ പുസ്തകമാണെന്‍റെ ആത്മധൈര്യത്തിന്‍റെ കടിഞ്ഞാണും, ജീവന്‍റെ സത്യവേദവും.” ആന്‍റണി അച്ചന്‍ തീക്ഷ്ണതയോടെ പറഞ്ഞു.

“നേര്യമംഗലം കതിരിടാന്‍ നിര്‍മ്മല മാതാപള്ളിയില്‍ പാറ പൊട്ടിക്കുന്നവരുമായി ഇടഞ്ഞാണ് ഇപ്പോള്‍ എന്‍റെ വരവ്.”

ആന്‍റണി അച്ചന്‍ തുടര്‍ന്നു. “ഞങ്ങളുടെ ആനമല ഇപ്പോള്‍ കുളമായി കഴിഞ്ഞു. മൂന്നു മാസങ്ങള്‍ക്കു മുന്‍പ് മൂന്നു നാലു കുട്ടികള്‍ അതില്‍ വീണു മരിച്ചു. ധാരാളം പച്ചമരുന്നുകളുള്ള ആ മലമ്പ്രദേശം ആ ചെകുത്താന്മാര്‍ ചേര്‍ന്ന് ഇല്ലാതാക്കി. പരിസ്ഥിതിക്കുവേണ്ടി, പക്ഷേ ഇനിയും ഞാന്‍ സന്ധിയില്ലാസമരം തുടരും. ഇത്തവണ പക്ഷേ അവര്‍ എന്നെ കുരിശില്‍ കയറ്റുകതന്നെ ചെയ്തു. പിന്മാറാന്‍ തയ്യാറാകാത്ത എന്‍റെ മേല്‍ ഇപ്പോള്‍ പീഡനക്കഥ കെട്ടിച്ചമച്ചിരിക്കുന്നു. ഇത് ഇന്നലത്തെ വാര്‍ത്ത. അതിനാലാണ് രാത്രിക്കുതന്നെ ഇങ്ങോട്ടു വണ്ടി കയറിയതും ബിഷപ്പിനെ കാണാമെന്നു വെച്ചതും. പള്ളിമേടയില്‍ ഞാന്‍ ആരെയോ പീഡിപ്പിച്ചത്രേ. പെണ്‍കുട്ടി സാക്ഷി കൊടുക്കാന്‍ തയ്യാറെന്ന് പോലും. മടുത്തു. ഇനിയൊരു അങ്കപ്പുറപ്പാടിന് ശക്തി ചോരുന്നതു പോലെ. പത്രങ്ങളും ചാനലുകളും തമ്പടിച്ചിട്ടുണ്ട്, ഇന്നലെ അ വിടെ. ആരെയാണ് ഞാന്‍ വിശ്വസിപ്പിക്കുക? ആരാണ് സത്യത്തിന്‍റെ കൂടെ നില്‍ക്കുക? മതി, ഇനി എങ്ങോട്ടെങ്കിലും ഒരു സ്ഥലം മാറ്റം, സ്വസ്ഥമായ ഒരിടം പിന്നെ ഈ പുസ്തകവും ശാന്തിക്ക്.” ആന്‍റണി അച്ചന്‍ പറഞ്ഞ് നിര്‍ത്തിയതും കൈയിലിരുന്ന ബൈബിള്‍ ചുണ്ടോട് ചേര്‍ത്തു ഉമ്മ വെച്ചു. അച്ചന്‍റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.

“നോക്കു, അച്ചന്‍ ഈ കടല്‍ കാണുന്നുണ്ടോ?” ബിഷപ്പ് ആന്‍റണി അച്ചന്‍റെ തോളില്‍ കൈയിട്ടു. “ഇതില്‍ എത്രയെത്ര തിരമാലകള്‍ അടിക്കുന്നു? കടല്‍ മാറുന്നുണ്ടോ? എന്നിട്ടെന്തുപറ്റി ആ തിരമാലകള്‍ക്ക്? ഈ കാണുന്ന കല്ലുകളില്‍ തട്ടി അവ പൊട്ടി അമരുന്നില്ലേ? തിരയെ പേടിച്ച് കടല്‍ ഓടുന്നില്ലല്ലോ? ചെയ്യാത്ത കുറ്റത്തിന് നിര്‍ദ്ദയം വധിക്കപ്പെട്ടവന്‍റെ ഓര്‍മ്മപ്പെരുന്നാളിലേക്കാണ് നമ്മുടെ യാത്ര. ധൈര്യമായി അവസാനംവരെ കര്‍മ്മയോഗിയായിരിക്കുക.” ബിഷപ്പ് പറഞ്ഞു.

ആന്‍റണി അച്ചന്‍റെ ബൈബിള്‍ വാങ്ങി ബിഷപ്പ് അതിന്‍റെ പിന്‍ പുറത്ത് ഇങ്ങനെ കോറിയിട്ടു.
ആലയില്‍ ഉലയുക, ഉരുക്കാകുക.
തീയില്‍ കുരുക്കുക, തീയാകുക.
വായുവിനോടടുക്കുക, ശ്വാസമാകുക.
തിരിയോടടുക്കുക, വെളിച്ചമാകുക.
വെള്ളത്തോടടുക്കുക, കടലാകുക.
കുരിശിനോടടുക്കുക, കുരിശില്‍ മരിക്കുക.

ഓട്ടോറിക്ഷയില്‍ ഇരുന്ന് ആന്‍റണി അച്ചന്‍ ബിഷപ്പിന് റ്റാറ്റ പറയുമ്പോള്‍ കടല്‍ ഇരമ്പുന്നതിന്‍റെ ശബ്ദം കേള്‍ക്കാമായിരുന്നു. കടല്‍ മാത്രം മാറ്റമില്ലാതിങ്ങനെ….

Leave a Comment

*
*