യഹൂദനായ യേശു’ക്രിസ്ത്യാനികളുടെ’ ദൈവമോ?

യഹൂദനായ യേശു’ക്രിസ്ത്യാനികളുടെ’ ദൈവമോ?

സജീവ് പാറേക്കാട്ടില്‍

സജീവ് പാറേക്കാട്ടിൽ
സജീവ് പാറേക്കാട്ടിൽ

യേശു യഹൂദനായിരുന്നല്ലോ; അപ്പോള്‍ യഹൂദരല്ലേ യേശുവില്‍ വിശ്വസിക്കേണ്ടത്? ക്രിസ്ത്യാനികളായ നമ്മള്‍ എന്തിന്
യേശുവില്‍ വിശ്വസിക്കണം?

രസകരമായ ചോദ്യമാണല്ലോ. ഈ ചോദ്യത്തിന്റെ ആദ്യഭാഗം ശരിയും രണ്ടാം ഭാഗം തെറ്റുമാണ്. യേശു യഹൂദനായിരുന്നു എന്നത് ശരിയാണ്. യഹൂദര്‍ യേശുവില്‍ വിശ്വസിക്കേണ്ടവരാണ് എന്നതും ശരിയാണ്. എന്നാല്‍ ക്രിസ്ത്യാനികളായ നാം എന്തിന് യേശുവില്‍ വിശ്വസിക്കണം എന്ന ചോദ്യം ശരിയല്ല. നാം എങ്ങനെയാണ് ക്രിസ്ത്യാനികളായത്? ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ അഥവാ ക്രിസ്തുധര്‍മ്മം പാലിക്കുന്നവരാണല്ലോ ക്രിസ്ത്യാനികള്‍. ക്രിസ്തുധര്‍മ്മം എന്ന വാക്കിന് 'ക്രിസ്തുവില്‍ ഭക്തിയോടു കൂടിയ വിശ്വാസം' എന്ന മനോഹരമായ അര്‍ത്ഥമാണ് നിഘണ്ടുവില്‍ പോലും കാണുന്നത്. വിശ്വാസത്തിന്റെ അടിത്തറയില്ലാ ത്ത വെറും വൈകാരികമായ ഭക്തിയോ, ഭക്തിയുടെ മാധുര്യവും മനോഹാരിതയുമില്ലാത്ത വിശ്വാസമോ അല്ല ക്രിസ്തുധര്‍മ്മം; പിന്നെയോ വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ഭക്തിയുടെയും സമ്പൂര്‍ണ്ണ ലയമാണ്. ചോദ്യത്തിന്റെ ആദ്യഭാഗത്തേക്കുവരാം. യേശു യൂദയാ ഗോത്രത്തിലും ദാവീദിന്റെ വംശത്തിലും പിറന്ന യഹൂദനായിരുന്നു എന്നത് സത്യമാണ്. 'അബ്രാഹത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രന്‍ യേശുക്രിസ്തുവിന്റെ വംശാവലി ഗ്രന്ഥം' എന്ന വാക്യത്തോടെയാണ് വിശുദ്ധ മത്തായി സുവിശേഷം ആരംഭിക്കുന്നതു തന്നെ. നൂറ്റാണ്ടുകളായി യഹൂദജനം പ്രതീക്ഷിച്ചിരുന്ന രക്ഷകനായി അദ്ദേഹം യേശുവിനെ അവതരിപ്പിച്ചിരിക്കുന്നു. ക്രിസ്തുമതം യഹൂദ മതത്തിന്റെ തുടര്‍ച്ചയും പരിപൂര്‍ത്തിയുമാണെന്ന് സ്ഥാപിക്കാനും അദ്ദേഹം ശ്രമിക്കുന്നു. 'യൂദാവംശത്തില്‍ നിന്നുള്ള സിംഹവും ദാവീദിന്റെ വേരും ആയവന്‍' (5:5) എന്ന് യേശുവിന് വെളിപാട് ഗ്രന്ഥം നല്കുന്ന വിശേഷണം ശ്രദ്ധേയമാണ്. അബ്രാഹത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രന്‍ എന്നൊക്കെ പറയുമ്പോഴും അബ്രാഹത്തിനും ദാവീദിനുമൊക്കെ മുമ്പേയുള്ള നിത്യസത്യമാണ് യേശു എന്ന വസ്തുത നാം ഓര്‍മ്മിക്കേണ്ടതുണ്ട്. അതുകൊണ്ടാണല്ലോ ദാവീദിന്റെ വേരായവന്‍ എന്ന് യേശു വിശേഷിപ്പിക്കപ്പെട്ടത്. 'അബ്രാഹം ഉണ്ടാകുന്നതിനു മുമ്പ് ഞാന്‍ ഉണ്ട്' (യോഹ. 8:58) എന്ന് പറഞ്ഞതിനാണല്ലോ യഹൂദര്‍ അവനെ എറിയാന്‍ കല്ലുകളെടുത്തത്. ആദിയിലേ വചനമായി ഉണ്ടായിരുന്ന, ദൈവവും വചനവുമായ ക്രിസ്തു, സമയത്തിന്റെ തികവില്‍ മനുഷ്യനായി അവതരിച്ചപ്പോള്‍ യഹൂദ സംസ്‌കൃതിയിലും സരണിയിലും അവതരിച്ചു എന്നത് സത്യമാണ്. എന്നാല്‍ യഹൂദര്‍ അവനെ തിരിച്ചറിയുകയോ അംഗീകരിക്കുകയോ വിശ്വസിക്കുകയോ ചെയ്തില്ല. സത്യത്തില്‍ യഹൂദരുടെ കാര്യം വലിയ കഷ്ടമാണ്. ക്രിസ്തു വരുമെന്ന് അവര്‍ക്കറിയാമായിരുന്നു. ക്രിസ്തുവിനെ നൂറ്റാണ്ടുകളായി അവര്‍ കൊതിയോടെ കാത്തിരിക്കുകയുമായിരുന്നു. "മിശിഹാ – ക്രിസ്തു – വരുമെന്ന് എനിക്ക് അറിയാം. അവന്‍ വരുമ്പോള്‍ എല്ലാക്കാര്യങ്ങളും ഞങ്ങളെ അറിയിക്കും" (യോഹ. 4:25) എന്ന് പ്രഖ്യാപിക്കുന്നത് ഒരു യഹൂദ പണ്ഡിതനോ നിയമ ജ്ഞനോ അല്ല; പാപകരമായ ജീവിതം നയിച്ചിരുന്ന ഒരു സമരിയാക്കാരി സ്ത്രീയാണ്. അത്രമേല്‍ ബോധ്യത്തോടെ അവള്‍ അത് പറഞ്ഞതിനാലാണ് "നിന്നോടു സംസാരിക്കുന്ന ഞാന്‍ തന്നെയാണ് അവന്‍" എന്ന കൗതുകകരമായ മറുപടി യേശു അവള്‍ക്കു നല്കിയത്. ലാസര്‍ സംസ്‌ക്കരിക്കപ്പെട്ട് നാലു ദിവസം കഴിഞ്ഞ് ബഥാനിയായില്‍ വന്ന യേശുവിനോട്, "ഉവ്വ്, കര്‍ത്താവേ! നീ ലോകത്തിലേക്കു വരാനിരുന്ന ദൈവപുത്രനായ ക്രിസ്തു ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു" (യോഹ. 11:27) എന്ന് ഉജ്ജ്വലമായി ഏറ്റു പറയുന്നത് മര്‍ത്തായാണ്. ഇങ്ങനെ ഒറ്റപ്പെട്ട ചില വെളിപാടുകളുണ്ടെങ്കിലും പൊതുവില്‍ യഹൂദര്‍ യേശുവിനെ മനസ്സിലാക്കിയില്ല. അവര്‍ക്ക് ക്രിസ്തുവിനെക്കുറിച്ച് ഒട്ടേറെ കാര്യങ്ങള്‍ അറിയാമായിരുന്നു. 'ക്രിസ്തു വരുമ്പോള്‍ എവിടെ നിന്നാണ് വരുന്നതെന്ന് ആരും അറിയുകയില്ലല്ലോ' (യോഹ. 7:27) എന്നും 'ക്രിസ്തു ദാവീദിന്റെ സന്താനപരമ്പരയില്‍ നിന്നാണെന്നും ദാവീദിന്റെ ഗ്രാമമായ ബെത്‌ലെഹെമില്‍ നിന്ന് വരുമെന്നും' (യോഹ. 7:42) ഒക്കെ അവര്‍ക്കറിയാമായിരുന്നു. 'ക്രിസ്തു എന്നേക്കും നിലനില്ക്കുന്നു' (യോഹ. 12:34) എന്ന് അവര്‍ കേട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ അതൊന്നും അവര്‍ക്ക് പ്രയോജനപ്പെട്ടില്ല. കാരണം, യേശുവാണ് തങ്ങള്‍ പ്രതീക്ഷിക്കുന്ന ക്രിസ്തു എന്ന് അവര്‍ അംഗീകരിച്ചില്ല. അതുകൊണ്ടാണ്, "ഞാന്‍ ഞാന്‍ തന്നെ എന്നു വിശ്വസിക്കുന്നില്ലെ ങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും" (യോഹ. 8:24) എന്ന് യേശു യഹൂദര്‍ക്ക് മുന്നറിയിപ്പ് നല്കിയത്. യഹൂദരുടെ ഈ ഇടര്‍ച്ചയും അവിശ്വാസവും മൂലമാണ് തങ്ങളുടെ സുവിശേഷ പ്രഘോഷണത്തിലുടനീളം യേശു തന്നെയാണ് ക്രിസ്തു എന്ന പ്രബോധനത്തിന് അപ്പസ്‌തോലന്മാര്‍ വലിയ പ്രാധാന്യം നല്കിയത്. പന്തക്കുസ്താ ദിനത്തില്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ശേഷം നടത്തിയ ആദ്യപ്രസംഗത്തില്‍ തന്നെ പത്രോസ് അപ്പസ്‌തോലന്‍ പറയുന്നത് നോക്കൂ: "നിങ്ങള്‍ കുരിശില്‍ തറച്ച യേശുവിനെ ദൈവം, കര്‍ത്താവും ക്രിസ്തുവുമാക്കി ഉയര്‍ത്തി എന്ന് ഇസ്രായേല്‍ ജനം മുഴുവനും വ്യക്തമായി അറിയട്ടെ" (അപ്പ. പ്രവ. 2:36). സുന്ദരകവാടത്തില്‍വച്ച് ജന്മനാ മുടന്തനായ മനുഷ്യന് പത്രോസ് സൗഖ്യം നല്കിയതുകണ്ട് അത്ഭുതസ്തബ്ധരായി സോളമന്റെ മണ്ഡപത്തില്‍ ഓടിക്കൂടിയ യഹൂദരോടുള്ള പ്രസംഗത്തിലും പത്രോസ് ഇക്കാര്യം ആവര്‍ത്തിക്കുന്നുണ്ട്. "നിങ്ങള്‍ക്കു കര്‍ത്താവിന്റെ സന്നിധിയില്‍ നിന്നു സമാശ്വാസത്തിന്റെ കാലം വന്നെത്തുകയും, നിങ്ങള്‍ക്കുവേണ്ടി ക്രിസ്തുവായി നിശ്ചയി ക്കപ്പെട്ടിരിക്കുന്ന യേശുവിനെ അവിടുന്ന് അയയ്ക്കുകയും ചെയ്യും" (അപ്പ. പ്രവ. 3:20). മാനസാന്തരപ്പെട്ടതിനു ശേഷം സാവൂളും 'കൂടുതല്‍ ശക്തി ആര്‍ജ്ജിച്ച് യേശുതന്നെയാണ് ക്രിസ്തു എന്നു തെളിയിച്ചുകൊണ്ട് ദമാസ്‌ക്കസില്‍ താമസിച്ചിരുന്ന യഹൂദന്മാരെ ഉത്തരം മുട്ടിച്ചിരുന്നു' (അപ്പ. പ്രവ. 9:22) എന്ന് നാം വായിക്കുന്നുണ്ടല്ലോ. തെസലോനിക്കായിലെ സിനഗോഗില്‍വച്ച് യഹൂദരുമായി നടത്തിയ സംവാദത്തിലും "ഞാന്‍ നിങ്ങളുടെ മുമ്പില്‍ പ്രഘോഷിക്കുന്ന ഈ യേശു തന്നെയാണ് ക്രിസ്തു" എന്ന് പൗലോസ് അപ്പസ്‌തോലന്‍ പ്രഖ്യാപിക്കുന്നുണ്ട് (17:3). 'യഹൂദര്‍ക്ക് ഇടര്‍ച്ചയും വിജാതീയര്‍ക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെയാണ്' (1 കോറി. 1:23) താന്‍ പ്രസംഗിക്കുന്നതെന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നുണ്ടല്ലോ. ഇതെല്ലാം സൂചിപ്പിക്കുന്നത്, ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ജനതയായിട്ടും ദൈവപുത്രനായ യേശുവില്‍ വിശ്വസിക്കാനോ യേശുവിലൂടെ കൈവരുന്ന രക്ഷയെ പുല്‍കുവാനോ യഹൂദര്‍ക്ക് കഴിഞ്ഞില്ല എന്നു തന്നെയാണ്. യേശു ക്രിസ്ത്യാനികളുടെ മാത്രം ദൈവവും രക്ഷകനും എന്ന കാഴ്ചപ്പാട് ശരിയല്ല. 'എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ വെളിച്ചം' (1:9) എന്ന് യേശുവിനെ യോഹന്നാന്‍ സുവിശേഷകന്‍ വിശേഷിപ്പിക്കുന്നത് എത്രയോ സത്യമാണ്. 'നീ വധിക്കപ്പെടുകയും നിന്റെ രക്തം കൊണ്ട് എല്ലാ ഗോത്രത്തിലും ഭാഷയിലും ജനതകളിലും രാജ്യങ്ങളിലും നിന്നുള്ളവരെ ദൈവത്തിനുവേണ്ടി വിലയ്ക്കു വാങ്ങുകയും ചെയ്തു. നീ അവരെ നമ്മുടെ ദൈവത്തിന് ഒരു രാജ്യവും പുരോഹിതന്മാരും ആക്കി." (5:9-10) എന്ന വെളിപാട് ഗ്രന്ഥത്തിലെ വാക്യം പ്രസക്തമാണ്. സത്യത്തില്‍ യേശു സ്ഥാപിച്ചത് മറ്റു മതങ്ങളെേപ്പാലെയുള്ള ഒരു മതമല്ല; പിന്നെയോ ദൈവരാജ്യമാണ്. ദൈവരാജ്യത്തിന് മതവും ജാതിയുമില്ല. യേശുവില്‍ വിശ്വസിക്കുന്നവരൊക്കെ അവനിലൂടെ സന്നിഹിതമാകുന്ന ദൈവരാജ്യത്തി ലെ അംഗങ്ങളാണ്. അതില്‍ 'ക്രിസ്ത്യാനി കള്‍' മാത്രമല്ല ഉള്ളത്. ക്രിസ്ത്യാനികള്‍ ഒക്കെ അതില്‍ ഉണ്ടാകണമെന്നും നിര്‍ബന്ധമില്ല. അതുകൊണ്ടാണ്, 'യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെ ന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും യേശുക്രിസ്തുവില്‍ ഒന്നാണ്' (ഗലാ. 3:28) എന്നും, 'ക്രിസ്തു എല്ലാമാണ്, എല്ലാവരിലുമാണ്' (കൊളൊ. 3:11) എന്നുമൊക്കെ പൗലോസ് അപ്പസ്‌തോലന്‍ പഠിപ്പിക്കുന്നത്. 'എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവാനും' (മത്താ. 28:19) 'എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവാനും' (മര്‍ക്കോ. 16:15) കല്പിച്ചവന്‍ ഒരു പ്രത്യേക മതവിഭാഗത്തിന്റെ മാത്രം രക്ഷകനും ദൈവവുമാണെന്ന് കരുതുന്നത് യുക്തിസഹമല്ല. യേശു സ്ഥാപിച്ചത് നിയമ-അനുഷ്ഠാന-പാരമ്പര്യനിബദ്ധമായ ഒരു മതമല്ല; തന്റെ ശരീരവും തുടര്‍ച്ചയുമായ സഭയാണ്. 'എല്ലാ പേരും ഒരേ നിലയില്‍ അഥവാ ഒന്നിച്ചിരുന്ന് ശോഭിക്കുന്ന സ്ഥലം' എന്നാണ് 'സഭ' എന്ന പദത്തിന് നിഘണ്ടുപോലും നല്കുന്ന അര്‍ത്ഥം. ക്രിസ്തുവിലും ക്രിസ്തുവിന്റെ രാജ്യത്തിലുമല്ലാതെ മറ്റെവിടെയാണ് അത്തരമൊരു നിലയും സ്ഥലവും സാധ്യമാകുന്നത്? യേശു ക്രിസ്ത്യാനികളുടെ മാത്രമല്ല, മനുഷ്യവംശം മുഴുവന്റെയും രക്ഷകനും ദൈവവുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org