ഇഷ്ടപ്പെട്ടു പഠിക്കാം!

ഇഷ്ടപ്പെട്ടു പഠിക്കാം!

ഷാജി മാലിപ്പാറ

(പുതിയ സ്കൂള്‍വര്‍ഷാരംഭത്തില്‍ കുട്ടികള്‍ അറിഞ്ഞ് അനുവര്‍ത്തിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം ഓര്‍മ്മിപ്പിക്കുകയാണ്….)

"നീതുവിന് ഈ സ്കൂള്‍ ഇഷ്ടപ്പെട്ടോ?"

"രാഹുല്‍, പുതിയ ക്ലാസ്സ് ഇഷ്ടമായോ?"

"അബീ, കൂട്ടുകാരെക്കുറിച്ച് എന്തു പറയുന്നു?"

"അനിതയുടെ ക്ലാസ്സ്ടീച്ചര്‍ എങ്ങനെയുണ്ട്?"

"ഗീതുമോള്‍ക്ക് ടീച്ചേഴ്സിനെ ഇഷ്ടമായോ?"

"സജിത്തിന് ഈ സ്കൂള്‍ കാമ്പസ് എങ്ങനെ തോന്നുന്നു?"

ഓരോ വര്‍ഷവും ജൂണ്‍ മാസത്തില്‍, മുന്നില്‍ വരുന്ന ഓരോ കുട്ടിയോടും വിനുമാഷ് ചോദിക്കുന്ന ചോദ്യങ്ങളില്‍ ചിലതാണ് മുകളിലുള്ളത്. പഠനമോ, പരീക്ഷയോ ഭാവിയോ സ്വപ്നമോ ഒന്നും മാഷ് പരാമര്‍ശവിഷയമാക്കില്ല. ഇപ്പോള്‍ ഉള്ളതൊക്കെ നല്ലതാണോ? കിട്ടിയതൊക്കെ ഇഷ്ടമായോ? ഇതേ ചോദ്യമുള്ളൂ. ഇങ്ങനെ ചോദിക്കാനുള്ള കാരണവും മാഷ് പറയും: "കുട്ടികള്‍ കഷ്ടപ്പെട്ടു പഠിക്കേണ്ടവരല്ല!"

കേള്‍ക്കുന്നവര്‍ ഒരുനിമിഷം അമ്പരന്നുനില്‍ക്കും. ഈ മാഷെന്താ ഇങ്ങനെ?

"കുട്ടികള്‍ കഷ്ടപ്പെട്ടല്ല പഠിക്കേണ്ടത്, ഇഷ്ടപ്പെട്ടാണ്. പഠനം ഇഷ്ടപ്പെട്ടു ചെയ്യേണ്ട കാര്യമാണ്. അത് ഇഷ്ടപ്പെടണമെങ്കില്‍ അതിന്‍റെ ചുറ്റുവട്ടങ്ങളൊക്കെ ഇഷ്ടപ്പെടണം. എന്നുവച്ചാല്‍ സ്കൂള്‍ ഇഷ്ടമാകണം, സ്കൂളിലുള്ളവരെയും ഇഷ്ടമാകണം."

കാര്യങ്ങള്‍ ലളിതമായി വിശദീകരിക്കാന്‍ വിനുമാഷ് സമര്‍ത്ഥനാണ്. കുട്ടികള്‍ എന്തൊക്കെ ഇഷ്ടപ്പെടണമെന്ന് എണ്ണിയെണ്ണി പറയും. സ്കൂള്‍ ഒറ്റനോട്ടത്തില്‍ ഇഷ്ടപ്പെട്ടാല്‍ നല്ലത്. സ്കൂളിന്‍റെ ഗേറ്റു മുതല്‍ മുറ്റം, പൂന്തോട്ടം, വരാന്ത, ക്ലാസ്സ്മുറികള്‍, കമ്പ്യൂട്ടര്‍ലാബ്, ടോയ്ലറ്റ്, കളിസ്ഥലം തുടങ്ങി അടുക്കളവരെയുള്ള കാര്യങ്ങള്‍.

'ഇതാണ് ഞാന്‍ ആഗ്രഹിച്ച സ്കൂള്‍' എന്നു തോന്നിയാല്‍ വളരെ നല്ലത്. ചിലര്‍ക്ക് ഒറ്റനോട്ടത്തില്‍ 'അത്ര പോരാ' എന്നു തോന്നിയതൊക്കെ, കുറച്ചുകഴിഞ്ഞപ്പോള്‍

'ഇതുകൊള്ളാമല്ലോ' എന്നു തോന്നിയേക്കാം. പരിചയംകൊണ്ട് ഇഷ്ടപ്പെടാന്‍ കഴിഞ്ഞാല്‍ അത് പഠനത്തെ സഹായിക്കും.

സ്കൂളിലുള്ളവരും ഇഷ്ടം തോന്നിക്കുന്നവരാകണം. അഥവാ അവരോട് കുട്ടികള്‍ക്ക് ഇഷ്ടം തോന്നണം. ഹെഡ്മാസ്റ്റര്‍ മുതല്‍ പ്യൂണ്‍ വരെയുള്ളവര്‍. നിത്യവും ഇടപെടുന്ന അധ്യാപകര്‍. വിശേഷിച്ച്, ക്ലാസ്സ് ടീച്ചര്‍ – ഇവരെ ഇഷ്ടപ്പെടാതെ എങ്ങനെ പഠനം നന്നാവും? അധ്യാപകരുടെ ശീലവിശേഷങ്ങള്‍ക്കപ്പുറം അവരുടെ അധ്യാപനത്തെയും വ്യക്തിത്വത്തെയും മനസ്സിലാക്കി ഇഷ്ടപ്പെടാന്‍ കുറച്ചധികം സമയം വേണ്ടിവന്നേക്കാം. ചില അധ്യാപകരാവട്ടെ കുട്ടികളുടെ ഹൃദയങ്ങളിലേക്ക് ചാടിക്കയറി സ്ഥാനം പിടിക്കുന്നവരാണ്. അവരില്‍ തുടങ്ങുന്ന ഇഷ്ടം എല്ലാ അധ്യാപകരിലേക്കും വളര്‍ന്നാല്‍ കാര്യം എളുപ്പമായി.

ഇനിയുള്ളത് കൂട്ടുകാരാണ്. പഴയ കൂട്ടുകാരെ വിട്ടുപിരിഞ്ഞതിന്‍റെ സങ്കടം സന്തോഷമായി മാറുന്നത് പുത്തന്‍കൂട്ടുകാര്‍ സ്വന്തമാകുമ്പോഴാണ്. പുതിയ സ്കൂളിലും പുതിയ കൂട്ടുകാര്‍ കാത്തിരിക്കുന്നു എന്നതാണല്ലോ വലിയൊരു സന്തോഷം. നല്ല കൂട്ടുകാര്‍ പഠനനാളുകളെ രസകരവും ഫലപ്രദവുമാക്കി മാറ്റും.

ഇത്രയും കൊണ്ടു തീര്‍ന്നോ? ഇല്ലെന്ന് വിനുമാഷ് പറയും: "ഇനിയുമുണ്ട് ഇഷ്ടപ്പെടാന്‍ പലതും. സ്കൂള്‍ ബസിനു വരുന്ന കുട്ടിക്ക് ബസ് ഇഷ്ടമാകണം, ഡ്രൈവറെയും ഡോറില്‍ നില്‍ക്കുന്ന ആന്‍റിയെയും ഇഷ്ടമാകണം. ഓട്ടോയങ്കിളും മിനിവാനിലെ ഡ്രൈവറങ്കിളും ഇഷ്ടപ്പെടാത്തവരായാല്‍ പഠനത്തെ ദോഷകരമായി ബാധിക്കും.

ചുരുക്കിപ്പറഞ്ഞാല്‍ സ്കൂളുമായി ബന്ധപ്പെട്ട എല്ലാവരെയും എല്ലാറ്റിനെയും ഇഷ്ടപ്പെടണം. പാഠ്യവിഷയങ്ങളെയും പാഠപുസ്തകങ്ങളെയും ഇഷ്ടപ്പെടാന്‍ കഴിയണം."

ഇഷ്ടമാകാന്‍ എന്താണു മാര്‍ഗം? അതിനും വിനുമാഷിന് ഉത്തരമുണ്ട്: "ഇഷ്ടമാകണേ എന്ന് ആഗ്രഹിക്കണം. ഇഷ്ടം തോന്നേണ്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം.

അധ്യാപകര്‍ക്കുവേണ്ടി കുട്ടികള്‍ പ്രാര്‍ത്ഥിക്കണം. അതുകൊണ്ടുള്ള ഗുണം കുട്ടികള്‍ക്കുകൂടിയാണ്. സ്കൂളിനുവേണ്ടി പ്രാര്‍ത്ഥിക്കണം. നല്ല സ്കൂളിന്‍റെ സദ്ഫലങ്ങള്‍ കുട്ടികള്‍ക്ക് ലഭിക്കും."

പുത്തന്‍ സ്കൂള്‍വര്‍ഷത്തില്‍ വിനുമാഷിന്‍റെ വാക്കുകള്‍ ഇഷ്ടമായോ? എങ്കില്‍ ഇഷ്ടത്തോടെ പഠനം തുടങ്ങാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org