ആരാകണം? എവിടെ എത്തണം? നമുക്ക് തീരുമാനിക്കാം!

ആരാകണം? എവിടെ എത്തണം? നമുക്ക് തീരുമാനിക്കാം!

ഐസക് തോമസ് (സിനു)

ജീവിതസാഹചര്യങ്ങളെ മറികടന്ന് 'കംഫര്‍ട്ട് സോണില്‍' എത്തി, തന്‍റെ ജീവിതദൗത്യം തിരിച്ചറിഞ്ഞ് 'എഫര്‍ട്ട് സോണി'ലേക്ക് മാറി, പഠിച്ചും പണിയെടുത്തും പ്രചോദിപ്പിച്ചും വിജയപാതയിലേക്ക് കടന്നുകയറിയ ഐസക് തോമസ് തന്‍റെ ജീവിതകഥ പറയുന്നു….

മലബാറില്‍ കണ്ണൂര്‍ ജില്ലയിലുള്ള ഒരു കുടിയേറ്റ ഗ്രാമമായ 'മാമ്പോയില്‍' ആണു ഞാന്‍ ജനിച്ചു വളര്‍ന്നത്. കേരളത്തിന്‍റെ അതിര്‍ത്തി പ്രദേശമായ കര്‍ണാടക ഫോറസ്റ്റിനോടു ചേര്‍ന്നുള്ള വളരെ സാധാരണ ഗ്രാമത്തിലെ വളരെ പാവപ്പെട്ട കുടുബത്തിലാണ് എനിക്കു ജന്മം കിട്ടിയത്. പക്ഷേ, മലയോര മേഖല, മലമുകളിലുള്ള വീട്, മണ്‍കട്ടകള്‍കൊണ്ടുള്ള വീട്, മണ്ണെണ്ണ വിളക്കിന്‍റെ വെട്ടം ഇങ്ങനെയുള്ള ഒരു ജീവിതസാഹചര്യത്തില്‍ ജനിച്ചുവളര്‍ന്ന എനിക്ക് ഈ പരിതാപകരമായിരുന്ന സാഹചര്യങ്ങളായിരുന്നില്ല സങ്കടം. കുട്ടിക്കാലത്തെ എന്‍റെ സങ്കടമെന്നത്, പാവപ്പെട്ട വീട്ടിലെ അപ്പന്‍, അതുപോലെ എന്‍റെ വല്യപ്പന്‍ അവരൊക്കെ 'കുടിയേറ്റ' കുടുംബം ആയിരുന്നുവെന്നതാണ്. 'കുടിയേറ്റം' എന്ന വാക്ക് അക്ഷരംപ്രതി അന്വര്‍ത്ഥമായതുപോലെ, 'കുടി' 'ഏറ്റ' ഒരു സാഹചര്യമായിരുന്നു എന്‍റെ വീട്ടിലേത്. അതായത് അപ്പന്‍റെ കുടി, അപ്പന്‍റെ അപ്പന്‍റെ കുടി ഇങ്ങനെയുള്ള ഈ മദ്യപാനസാഹചര്യം എന്‍റെ കുഞ്ഞുമനസ്സിനെ വല്ലാതെ വീര്‍പ്പുമുട്ടിക്കുന്ന അനുഭവമായിരുന്നു. നാലു മക്കളില്‍ മൂത്തവനായിരുന്ന എനിക്ക് ഈ ജീവിതസാഹചര്യങ്ങള്‍ ഒരുപാടു പ്രയാസങ്ങളാണ് കുട്ടിക്കാലം മുഴുവന്‍ എനിക്കു സമ്മാനിച്ചത്. പ്രയാസങ്ങളെന്നു പറഞ്ഞാല്‍, പഠിക്കാന്‍ യാതൊരു പ്രചോദനവുമില്ലായിരുന്നു. ഇനി മുമ്പോട്ട് എങ്ങനെ നീങ്ങും എന്നോര്‍ത്ത് ഓരോ ദിവസവും വളരെ വിഷമത്തോടെ തള്ളിനീക്കിയിരുന്ന ദിനങ്ങള്‍… എങ്കിലും എല്ലാം സഹിക്കുന്ന, എല്ലാം ക്ഷമിക്കുന്ന, എല്ലാറ്റിനെയും സ്നേഹിക്കുന്ന പാവപ്പെട്ട എന്‍റെ അമ്മ ഭക്തിമാര്‍ഗത്തിലൂടെ, ഒരുപാടു ദൈവികവിചാരത്തിലൂടെ, നാലു മക്കളില്‍ മൂത്തവനായ എന്നോട് എപ്പോഴും പഠിക്കണമെന്നും അതുപോലെതന്നെ പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞുതന്നത് ആ കുട്ടിക്കാലം മുന്നോട്ടു നീക്കാന്‍ എനിക്കു കുറെയൊക്കെ പ്രചോദനമായിരുന്നു. എന്നിരുന്നാലും എങ്ങനെ ഏത് രീതിയില്‍ വളരണമെന്ന് ഒരു കൃത്യമായ മാര്‍ഗനിര്‍ദ്ദേശം ലഭിക്കാതിരുന്ന ഞാന്‍ ഒരുപാടു വികൃതിയും കുസൃതിക്കാരനുമായി. ക്ലാസ്സില്‍ പലപ്പോഴും "out-standing", എന്നുവച്ചാല്‍ ക്ലാസ്സിനു വെളിയില്‍ നില്ക്കേണ്ടി വന്നിരുന്ന ഒരു കുട്ടിയായിരുന്നു ഞാന്‍. അങ്ങനെ കുരുത്തംകെട്ടവനായി, എല്ലാവരും നിന്ദിക്കുന്നവനായി, അതുപോലെ സഹപാഠികളിലും മറ്റുള്ളവരില്‍ നിന്നുമൊക്കെയുള്ള പരിഹാസവും പുച്ഛവും അപമാനവുമൊക്കെ സഹിച്ചു ഞാനെന്‍റെ കുട്ടിക്കാലത്തെ തള്ളിനീക്കുമ്പോഴാണ് എനിക്ക് എന്‍റെ ജീവിതത്തില്‍ വലിയൊരു പ്രചോദനം ഉണ്ടാകുന്നത്. കുട്ടിക്കാലം മുതലേ, പള്ളിയോടും അതുപോലെതന്നെ ഇടവകയോടും ചേര്‍ന്നുനിന്നുള്ള ഒരു ജീവിതമായിരുന്നു എന്‍റേത് എന്നതിനാല്‍ ഇടവകയിലെ വികാരിയച്ചന്മാരുടെ സ്നേഹസ്വാധീനം എന്‍റെ ജീവിതത്തിലുണ്ടായിരുന്നു. പത്താം ക്ലാസ്സിനുശേഷം ഇനിയെന്ത് എന്നു യാതൊരു നിശ്ചയവുമില്ലാതിരുന്ന എന്‍റെ ജീവിതത്തിലെ വലിയൊരു "turning point"-ല്‍ ഈ പ്രചോദനംകൊണ്ടു സെമിനാരിയില്‍ ചേരുവാന്‍ ഞാന്‍ തീരുമാനമെടുത്തു. അങ്ങനെ പതിയെ ഞാന്‍ എന്‍റെ ജീവിതത്തിലെ വലിയൊരു "take off" ചെയ്യുകയായിരുന്നു എന്നു വേണം പറയുവാന്‍. ആ ഒരു തീരുമാനം എന്നെ സംബന്ധിച്ചിടത്തോളം മഹത്തായൊരു തീരുമാനമായിരുന്നു എന്നെനിക്കു തോന്നുന്നു. അല്ലായിരുന്നുവെങ്കില്‍; നമുക്കറിയാം കുടിയേറ്റ മേഖലയിലെ കുടിയേറ്റ ഗ്രാമങ്ങളിലെ ഒരു ജീവിതരീതി എങ്ങനെ എന്നുള്ളത്. എന്‍റെ അപ്പന്‍ ഒരു കൂലിപ്പണിക്കാരനും റബര്‍വെട്ടുകാരനുമൊക്കെയായിരുന്നു. മാത്രമല്ല അദ്ദേഹം വളരെ നല്ലൊരു അദ്ധ്വാനിയുമായിരുന്നു. എന്നാല്‍ മദ്യപാനമെന്നത് അദ്ദേഹത്തിന്‍റെ ഒരു ദൗര്‍ബല്യമായിരുന്നു. ഇങ്ങനെയുള്ള ജീവിതസാചര്യങ്ങളില്‍ വളര്‍ന്ന ഞാനും ഇതുപോലെ ഒരു കൂലിപ്പണിക്കാരനോ ഒരു റബര്‍വെട്ടുകാരനോ ആയി മാറേണ്ടവനായിരുന്നു. അങ്ങനെ 'റബര്‍ക്കത്തി' കയ്യില്‍ പിടിക്കേണ്ടിയിരുന്ന ഞാന്‍, എന്‍റെ ജീവിതത്തിലേക്കു പതിയെ പതിയെ മാറ്റങ്ങള്‍ കൊണ്ടുവന്ന ഓരോന്നിലൂടെയുമാണ് ഇന്നു മൈക്ക് കയ്യില്‍ പിടിക്കുന്ന ഒരു തലത്തിലേക്ക് വന്നുനില്ക്കാനിടയായത്. അങ്ങനെ സെമിനാരി പ്രവേശനമെന്ന തീരുമാനത്തിലൂടെ എന്‍റെ ജീവിതത്തിലേക്കു പ്രകടമായ മാറ്റങ്ങളുടെ ചെറുകിരണങ്ങള്‍ പതിയെ പ്രവേശിക്കാന്‍ തുടങ്ങുകയായിരുന്നു. സെമിനാരിയില്‍ എനിക്കു നന്നായി പഠിക്കുന്നതിനുള്ള ഒരു സാഹചര്യം ലഭിച്ചു. പത്താം ക്ലാസ്സിനേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട മാര്‍ക്ക് പ്രീഡിഗ്രിക്കു നേടുവാനായി. പഠനപുസ്തകങ്ങളോടൊപ്പം മറ്റു പുസ്തകങ്ങളും ലൈബ്രറി പുസ്തകങ്ങളുമൊക്കെ വായിച്ചതിലൂടെ എനിക്ക് എന്‍റെ ജീവിതത്തില്‍ കൂടുതല്‍ പ്രചോദനം ലഭിച്ചു. അങ്ങനെ പഠിക്കുവാനുള്ള ഒരു തീരുമാനമെടുത്തു ഞാന്‍ മുന്നോട്ടു നീങ്ങുകയായിരുന്നു. ഗ്രാജ്വേഷന്, പ്രീഡിഗ്രിയേക്കാളും ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുകയും ചെയ്തു.

ഗ്രാജ്വേഷനു ശേഷം സെമിനാരി പഠനം തുടര്‍ന്നു. എന്‍റെ വീട്ടിലെ പാവപ്പെട്ട ജീവിതസാഹചര്യങ്ങളേക്കാള്‍ വളരെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളാണ് എനിക്കു സെമിനാരിയില്‍ ലഭിച്ചത്. അതായതു നല്ല ഭക്ഷണം, നല്ല പഠനസാഹചര്യങ്ങള്‍. ആഹ്ലാദവും സന്തോഷവുമൊക്കെ നിറഞ്ഞുനിന്നിരുന്ന ഈ സാഹചര്യങ്ങളില്‍ ഞാന്‍ വളരെ comfortable ആയി വളരുകയും പഠിക്കുകയുമായിരുന്നു. നമുക്കറിയാവുന്നതുപോലെ, ഭക്ഷണമേശയില്‍ വായിലൂറുന്ന വെള്ളത്തേക്കാള്‍ എന്‍റെ കണ്ണുകളില്‍ വെള്ളം നിറയുന്ന അനുഭവങ്ങള്‍ എന്‍റെ സെമിനാരി ജീവിതത്തിനിടയിലുണ്ടായിട്ടുണ്ട്. കാരണം മറ്റൊന്നുമായിരുന്നില്ല. ബുദ്ധിമുട്ടുകള്‍ക്കിടയില്‍ ജീവിക്കുന്ന എന്‍റെ പാവപ്പെട്ട അമ്മ, മദ്യപിക്കുമെങ്കിലും ഒരുപാടു കഷ്ടപ്പെടുന്ന എന്‍റെ അപ്പന്‍, ഇവര്‍ക്കില്ലാത്ത ഈ ഭക്ഷണം ഞാന്‍ ആസ്വദിക്കുന്നതോര്‍ത്തായിരുന്നു അത്.

സത്യത്തില്‍ ഞാന്‍ വളരെ comfortable ആയിരുന്ന ആ അവസ്ഥയിലും എന്‍റെ വീട്ടിലെ പരിതാപകരമായ അവസ്ഥ അപ്പോഴും നിലനില്ക്കുന്നതില്‍ എനിക്കു വലിയ അസ്വസ്ഥത ഉണ്ടായിരുന്നു. ആ അസ്വസ്ഥത മാറാന്‍ ഞാനെടുത്ത ഒരു തീരുമാനമായിരുന്നു, ഈ comfort zone ബ്രേക്ക് ചെയ്ത് ഒരു effort zone- ലേക്ക് എന്നെത്തന്നെ ഇടാമെന്ന തീരുമാനം. അതായത് സെമിനാരി വിടുക.

വലിയൊരു ശൂന്യതയിലേക്കുള്ള വരവായിരുന്നു ആദ്യമത്. ശരിക്കും അങ്ങനെയൊരു തീരുമാനമെടുത്തതുതന്നെ, ഇനിയെന്ത് എന്നതിനു യാതൊരു വ്യക്തതയുമില്ലാതിരുന്ന ഒരു നിമിഷത്തിലായിരുന്നു. ആ തീരുമാനം കേട്ടപ്പോള്‍ എല്ലാവര്‍ക്കും വളരെ വിഷമം തോന്നുകയും ചിലരെല്ലാം പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എങ്കിലും ഞാന്‍ രണ്ടും കല്പിച്ച് ആ തീരുമാനത്തില്‍ത്തന്നെ ഉറച്ചുനില്ക്കുവാന്‍ തീരുമാനിക്കുകയാണുണ്ടായത്. സെമിനാരി ജീവിതം അവസാനിപ്പിച്ചു പുറത്തിറങ്ങിയ ഞാന്‍ എന്‍ട്രന്‍സ് എഴുതുകയും എം.ജി. യൂണിവേഴ്സിറ്റി ക്യാമ്പസില്‍ തന്നെ പിജി പഠനത്തിന് അഡ്മിഷന്‍ കിട്ടുകയും ചെയ്തു. പക്ഷേ, എങ്ങനെ പഠിക്കും എന്നതു വലിയൊരു ചോദ്യചിഹ്നമായി എന്‍റെ മുന്നിലുണ്ടായിരുന്നു. ഹോസ്റ്റലില്‍ നില്ക്കാന്‍ പണമില്ല; ഭക്ഷണത്തിനു പണമില്ല. ഇതെല്ലാം എന്‍റെ മുന്നിലെ വെല്ലുവിളികളായിരുന്നു. പക്ഷേ വെല്ലുവിളികളില്‍ പതറാതെ, പരിമിതമായ ആ സാഹചര്യത്തെ വെല്ലുവിളിക്കാന്‍ ഞാന്‍ തീരുമാനമെടുക്കുകയായിരുന്നു. ആ വെല്ലുവിളി മറ്റൊന്നുമായിരുന്നില്ല; കൂലിപ്പണി ചെയ്തു പഠിക്കാമെന്നുള്ള തീരുമാനം… അങ്ങനെ കൂലിപ്പണിക്കും, മേയ്ക്കാട് പണിക്കും പോവുകയും രണ്ടാംനില കെട്ടിടം പണിയുന്ന കെട്ടിടത്തിനു മുകളിലേക്കു വെട്ടുകല്ല് തോളത്തുവച്ചു ചുമന്നു കയറ്റുന്നതിനിടയില്‍ പലവട്ടം തളര്‍ന്ന് എനിക്കിതു സാധിക്കില്ല എന്നു പലവട്ടം തോന്നുകയും കൂടെയുള്ള മേസ്തിരി എന്നെ പല പ്രാവശ്യം ശകാരിക്കാനിടയാവുകയുമൊക്കെ ചെയ്തിട്ടുണ്ട്. എങ്കിലും ഇങ്ങനെ കൂലിവേലയ്ക്കു പോയി കിട്ടിയ ആ തുച്ഛമായ വരുമാനംകൊണ്ടു ഞാന്‍ പഠിച്ചു. അങ്ങനെ പഠിച്ച ഞാന്‍ പിജിക്കു റാങ്കോടുകൂടിയാണു പാസ്സായത്. പിന്നീട് ആദ്യശ്രമത്തില്‍ത്തന്നെ യുജിസി നെറ്റ് (PG III സെമസ്റ്ററില്‍ ഞാന്‍ NET എക്സാം എഴുതിയിരുന്നു) സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും അങ്ങനെ പി.ജി. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമുമ്പുതന്നെ NET Lectureship സര്‍ട്ടിഫിക്കറ്റുമായിട്ടാണ് എംജി യൂണിവേഴ്സിറ്റിയില്‍ നിന്നു പാസ്സൗട്ടാകുന്നത്.

എന്‍റെ പിജി പഠനത്തിനിടയില്‍ത്തന്നെ ഒരു ബ്രിഡ്ജ് കോഴ്സ് എന്ന നിലയില്‍ ഒരു കൗണ്‍സലിംഗ് കോഴ്സ് ഞാന്‍ പഠിക്കുന്നുണ്ടായിരുന്നു. കൗണ്‍സിലിംഗിനെക്കുറിച്ച് എനിക്കു ലഭിച്ചിട്ടുള്ള അറിവുകളൊക്കെ വച്ച്, വ്യക്തിപരമായി എനിക്കു വളരാന്‍ വളരെ സഹായകരമായിരിക്കും എന്ന ചിന്തയോടെയാണു കൗണ്‍സലിംഗ് കോഴ്സില്‍ ചേര്‍ന്നത്. എന്നാല്‍ ഇത് എനിക്കു മാത്രമല്ല ഒരുപാടു പേരെ വളര്‍ത്താന്‍ സഹായിക്കുന്ന പഠനമേഖലയാണ് എന്നു മനസ്സിലായി. വാരാന്ത്യങ്ങളിലാണ് കോഴ്സ് ചെയ്തിരുന്നത്. പി.ജി. പഠനശേഷം എനിക്ക് ആദ്യമായി ജോലി ലഭിക്കുന്നത്, കൗണ്‍സലിംഗ് കോഴ്സിന്‍റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നതിനാല്‍ കൗണ്‍സലിംഗ് മേഖലയില്‍ ഒരു കൗണ്‍സിലറായിട്ടാണ്. ഞാന്‍ പറഞ്ഞതുപോലെ എന്‍റെ കുടുംബത്തിന്‍റെ സാഹചര്യം, ആ മദ്യപാനസാഹചര്യത്തെ മറികടക്കുവാന്‍ ശക്തമായ പ്രേരണ കൊടുക്കുന്ന ഒരു de-addiction സെന്‍ററില്‍ തന്നെ എനിക്കു ജോലി ലഭിച്ചു. രണ്ടര വര്‍ഷത്തോളം ഞാനവിടെ ജോലി ചെയ്യുകയുണ്ടായി. അതോടൊപ്പംതന്നെ കോട്ടയം കുടുംബകോടതിയിലും ഫാമിലി കൗണ്‍സലറായി ജോലി ചെയ്യുവാനവസരമുണ്ടായി. അതിനുശേഷം ഞാന്‍ എംഫില്‍ പഠനം പൂര്‍ത്തിയാക്കി. അങ്ങനെ പഠിക്കാനുള്ള ആഗ്രഹം എന്നില്‍ ഒന്നിനൊന്നു മെച്ചപ്പെട്ടുവരികയായിരുന്നു. വാഹനങ്ങളുടെ ഗിയര്‍ ചെയ്ഞ്ച്പോലെ പഠനമേഖലയിലെ ഓരോ ഘട്ടവും ഉയര്‍ന്ന സ്കോര്‍ നേടുവാനായി. എസ്എസ്എല്‍സിയേക്കാള്‍ പിഡിസിക്കും പിഡിസിയേക്കാള്‍ ഡിഗ്രിക്കും ഡിഗ്രിയേക്കാള്‍ പിജിക്കും പിജിയേക്കാള്‍ എംഫിലിനും സ്കോര്‍ ചെയ്യുവാന്‍ കഴിഞ്ഞു. എന്‍റെ ഇഷ്ട ജോലിയായിരുന്നു ഒരു കോളജ് ലെക്ചറര്‍ എന്നത്. മൂലമറ്റം സെന്‍റ് ജോസഫ് കോളജില്‍ അഞ്ചു വര്‍ഷം ജോലി ചെയ്തുകൊണ്ട് ആ ആഗ്രഹം സഫലീകൃതമാക്കി. അതിനിടയില്‍ നാഷണല്‍ സര്‍വീസ് സ്കീമിന്‍റെ പ്രോഗ്രാം ഓഫീസറായി പ്രവര്‍ത്തിച്ച കാലത്തിനിടയില്‍ എനിക്കു കിട്ടിയ Career Orientation-നും അതിനോടനുബന്ധിച്ചു രാജീവ്ഗാന്ധി യൂത്ത് സെന്‍ററില്‍ പോയതും എന്‍റെ ജീവിതത്തിലെ വഴിത്തിരിവായി.

അങ്ങനെ കുട്ടികള്‍ക്കും മുതിര്‍ ന്നവര്‍ക്കു Career Monitoring, Career guidance and planning ഒക്കെ സംബന്ധിച്ചു ക്ലാസ്സുകളും മറ്റും കൊടുക്കുന്ന ഒരു തലത്തിലേക്കു ഞാന്‍ എത്തിപ്പെടുകയായിരുന്നു. നമുക്ക് എന്തു സാഹചര്യങ്ങളുണ്ടെങ്കിലും ആ സാഹചര്യങ്ങളെ നമുക്കു വളരെ പോസിറ്റീവായ മനോഭാവത്തോടെ നേരിടാന്‍ സാധിക്കും.

ഞാനിപ്പോള്‍ നോര്‍ത്ത് ഈസ്റ്റ്, ഉത്തരേന്ത്യ, പഞ്ചാബ് തുടങ്ങി ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിലും അവസാനം കാശ്മീരിലുമായി 400-ഓളം വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പതിനായിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ക്ക്, അതുപോലെ ആയിരക്കണക്കിന് അദ്ധ്യാപകര്‍ക്കു പരിശീലനപരിപാടികളും മോട്ടിവേഷന്‍ ക്ലാസ്സുകളുമൊക്കെ കൊടുത്ത് ഒരു ട്രെയിനറായും കൗണ്‍സലറായും പ്രൊഫഷണല്‍ മേഖലയില്‍ നീങ്ങുകയാണ്. അതോടൊപ്പംതന്നെ, ഞാന്‍ പഠിച്ചുകൊണ്ടുമിരിക്കുന്നു. ഇപ്പോള്‍ എംജി യൂണിവേഴ്സിറ്റിയില്‍ ചെയ്തുകൊണ്ടിരിക്കുന്ന പിഎച്ച്ഡിക്കുശേഷം പോസ്റ്റ് ഡോക്ടറല്‍ ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

എന്‍റെ അപ്പന്‍ വെറും അഞ്ചാം ക്ലാസ്സ് മാത്രമാണു പഠിച്ചത്. അമ്മ നാലാം ക്ലാസ്സും. അഞ്ചും നാലുംകൂടി കൂട്ടിയാല്‍ ഒമ്പതാം ക്ലാസ്സ്. പത്തു തികയില്ല. അങ്ങനെ പത്തു തികയാത്ത വിദ്യാഭ്യാസയോഗ്യതയുള്ള മാതാപിതാക്കളുടെ മകനു പിഎച്ച്ഡി വരെയും തുടര്‍ന്നും പഠിക്കാന്‍ പറ്റുമെങ്കില്‍ അങ്ങനെയൊരു ജീവിതനിലവാരത്തിലേക്ക്, ജീവിതസാഹചര്യത്തിലേക്കു മാറാമെങ്കില്‍, എന്‍റെ ജീവിതംകൊണ്ട് എനിക്കു പറയാനുള്ളത് ഇതാണ്. നമുക്കാര്‍ക്കും മാതാപിതാക്കളുടെ സാഹചര്യങ്ങള്‍, അവരുടെ കുറവുകള്‍ ഒന്നും, നമ്മുടെ വളര്‍ച്ചയുടെ മാനദണ്ഡങ്ങളല്ല. ഇച്ഛാശക്തിയുണ്ടെങ്കില്‍, മുന്നോട്ടുനീങ്ങുവാനുള്ള ഒരു ആഗ്രഹമുണ്ടെങ്കില്‍ തീര്‍ച്ചയായും നമുക്കെല്ലാവര്‍ക്കും അതു സാദ്ധ്യമാകും എന്നതില്‍ യാതൊരു സംശയവും വേണ്ട. അതാണ് എന്‍റെ ജീവിതത്തിന്‍റെ പാഠം.

ലോകത്തിലെ ഏറ്റവും സമ്പന്നനായ ബില്‍ ഗേറ്റ്സ് പറഞ്ഞ ഒരു വാചകം ഞാന്‍ വളര്‍ന്ന വഴികളിലൊന്നും എനിക്കു പരിചിതമായിരുന്നില്ല. പക്ഷേ, ഇന്ന് ആ വാചകത്തിന്‍റെ പ്രസക്തിയും ശക്തിയും ഞാന്‍ തിരിച്ചറിയുന്നു. അദ്ദേഹം പറഞ്ഞു: "If you born as a poor, that is not your mistake, but if you die as a poor that is your mistake."

ഞാനെടുത്ത തീരുമാനവും ഇതുതന്നെയാണ്. 'ദരിദ്രനായി ഞാന്‍ ജനിച്ചു. എന്നാല്‍ ഇനിയങ്ങു ദരിദ്രനായി ജീവിക്കാന്‍ എനിക്കു മനസ്സില്ല…! പാവപ്പെട്ടവനായി ജീവിക്കാനായി നാം മനസ്സുവച്ചാല്‍ മാത്രമേ അങ്ങനെ നടക്കൂ. പണക്കാരനാവുക എന്നതു പണംകൊണ്ടു മാത്രമല്ല, ബന്ധങ്ങളിലൂടെയും അറിവിലൂടെയുമൊക്കെ നാം നേടുന്ന നമ്മുടെ സമ്പന്നതയാണത്. അതിനാല്‍ നാം മരിക്കുന്നത് ദാരിദ്ര്യം പിടിച്ച അരാജകത്വം നിറഞ്ഞ ഒരു സാഹചര്യത്തിലാകരുത്. മറിച്ചു സമ്പന്നമായ ശ്രേഷ്ഠമായ നമ്മുടെ കഴിവിലൂടെയും അറിവിലൂടെയും തൊഴിലിലൂടെയും ഒക്കെ സമ്പത്ത് ആര്‍ജ്ജിച്ചുകൊണ്ട്, നമുക്കു മുന്നോട്ടു നീങ്ങാം. വരുംതലമുറകള്‍ക്കായി മെച്ചപ്പെട്ട സാഹചര്യങ്ങള്‍ അവശേഷിപ്പിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org