Latest News
|^| Home -> Suppliments -> Familiya -> ചക്കയാണു താരം

ചക്കയാണു താരം

Sathyadeepam

വീടും തൊടിയും

ജോഷി മുഞ്ഞനാട്ട്

കേരളത്തിലെ മണ്ണും കാലാവസ്ഥയും പ്ലാവ് വളരുവാന്‍ വളരെ യോജിച്ചതാണ്. സാധാരണയായി, വരിക്ക, കൂഴ എന്നീ രണ്ടിനങ്ങളാണ് പ്രധാനപ്പെട്ടതായി ഉള്ളത്. സാധാരണ കുരു നട്ടാണ് പ്ലാവ് പിടിപ്പിക്കുന്നതെങ്കിലും ഇതിനു പല കുറവുകളും ഉണ്ട്. പലപ്പോഴും മാതൃവൃക്ഷത്തിന്‍റെ അതേ ഗുണങ്ങള്‍ – ലഭിക്കണമെന്നില്ല. വിളഞ്ഞ് പഴുത്ത് പാകമായ ചക്കയുടെ ചുളനീക്കി കുരുവാണ് പാകി കിളിര്‍പ്പിക്കുവാന്‍ ഉപയോഗിച്ചുവരുന്നത്. ഒട്ടുതൈകള്‍ വാങ്ങി നട്ടാല്‍ – വളരെ വേഗം തന്നെ കായ്കള്‍ ലഭിക്കും. അംഗീകാരമുള്ള നേഴ്സറികളില്‍ നിന്നോ കര്‍ഷകരില്‍ നിന്നോ തൈകള്‍ വാങ്ങി നടാം.

രണ്ടടിയോളം താഴ്ചയും വീ തിയുമുള്ള കുഴികളില്‍ അടിവളമായി ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് ഇളക്കി മൂടിയ ശേഷം നടുവിലായി മണ്ണു മാറ്റി തൈനടാം. നടുന്ന തടത്തില്‍ മഴവെള്ളം കെട്ടി നില്‍ക്കാതെ ശ്രദ്ധിക്കണം. നടുമ്പോള്‍ ഒട്ടുഭാഗം മണ്ണിനു മുകളില്‍ ആയിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വേനല്‍ക്കാലങ്ങളില്‍ പുതയിടല്‍ നടത്തുകയും ജലസേചനം നടത്തുകയും വേണം. ശരിയായ പരിചരണം നല്കിയാല്‍ മുട്ടം വരിക്കപോലെയുള്ള ഇനങ്ങള്‍ കൂടുതല്‍ വര്‍ഷങ്ങള്‍ കാത്തുനില്‍ക്കാതെ നേരത്തെ തന്നെ കായ്ച്ചു തുടങ്ങും.

പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ആഹാരസാധനമാണ് ചക്ക. ഇവ പച്ചയായും പഴുപ്പിച്ചെടുത്തും ഉപയോഗിച്ചുവരുന്നു. ഇപ്പോള്‍ ചക്കയ്ക്കും ചക്ക വിഭവങ്ങള്‍ക്കും വളരെ നല്ല ഡിമാന്‍റുണ്ട്.

ചക്കപഴത്തില്‍ പ്രോട്ടീന്‍, വി റ്റമിന്‍ എ,സി – കാര്‍ബോഹൈഡ്രേറ്റ്, മൊയിസ്ച്ചര്‍ എന്നിവ വിവിധ അളവില്‍ അടങ്ങിയിരിക്കുന്നു. ഏറ്റവും വലിയ ഫലമെന്ന നിലയിലും ചക്കപ്പഴം അറിയപ്പെടുന്നു. പച്ചചക്കയുടെ ചുള പുഴുങ്ങാനും (ചക്കപുഴുങ്ങിയത്) വറുക്കാനും നല്ലതാണ്. ‘ചക്കപ്പുഴുക്ക്’ പേരു കേട്ട ആഹാരമാണ്. ചക്കക്കുരുവില്‍ വിറ്റാമിന്‍ ബി1, ബി2 – പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയും അടങ്ങിയിരിക്കുന്നു. ചക്കക്കുരു തോരന്‍, ചക്കക്കുരു മെഴുക്കുപുരട്ടി, ചക്കക്കുരു മാങ്ങാ-മുരിങ്ങക്കാച്ചാറ് – എന്നിവ മലയാളികളുടെ ഇഷ്ടവിഭവം കൂടിയാണ്. കുരുവിന്‍റെ പുറമേയുള്ള ആവരണം (ചക്കപാട) ഉപ്പില്‍ പറ്റിച്ച് വെച്ച് വറുക്കാനും വളരെ നല്ലതാണ്. ചെറുപ്രായത്തിലുള്ള ‘ചക്ക’ ഇടിച്ചക്കയായും ഉപയോഗിച്ചു വരുന്നു.

ആയുര്‍വേദപ്രകാരം ചക്ക ഫലവര്‍ഗ്ഗത്തില്‍ ചേര്‍ന്നതാകുന്നു. ബലം കുറഞ്ഞതും മാര്‍ദ്ദവമേറിയതുമായ ചുളകളാണ് കൂഴക്കക്ക്. കട്ടികൂടി മാര്‍ദ്ദവമില്ലാത്ത ഇനമാണ് വരിക്കച്ചക്കയും. കൂഴചക്കകള്‍ പ്രധാനമായും വേവിക്കാനും മറ്റുമായി ഉപയോഗിക്കുമ്പോള്‍ വരിക്കച്ചക്ക പഴുപ്പിച്ച മധുര-പലഹാരമായിട്ടും മറ്റുമാണ് ഉപയോഗിച്ചു വരുന്നത്.

നമ്മുടെ നാട്ടില്‍ ‘തേന്‍വരിക്ക’ ഉള്‍പ്പെടെ പലതരം വരിക്കയിനങ്ങളും ഉണ്ടെങ്കിലും മുട്ടം വരിക്ക, സിക്കുപൂര്‍വരിക്ക എന്നിവയാണ് കൂടുതല്‍ പ്രിയങ്കരം.

ജാക്ക് ട്രീ (Jacktree) എന്ന് ഇംഗ്ലീഷിലും ‘പനസം’ എന്ന് സംസ്കൃതത്തിലും അറിയപ്പെടുന്ന ഇവ – ‘മൊറേസി’ കുലത്തില്‍പ്പെടുന്നു. ചക്ക കൊണ്ടു ള്ള നിരവധി ഭക്ഷ്യവസ്തുക്കള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

ചക്കച്ചുളയില്‍ നിന്നും ഉണ്ടാക്കുന്ന ‘ചിപ്സ്’ വിദേശ വിപണിയില്‍പോലും പ്രിയപ്പെട്ടതാണ്. ചക്കയുടെ മടലും മറ്റും കന്നുകാലികള്‍ക്ക് നല്ലൊരു തീറ്റകൂടിയാണ്. പഴയ കാലങ്ങളില്‍ ‘പ്ലാവില’ കഞ്ഞികുടിക്കുവാനും, മോരില്‍ നിന്ന് വെണ്ണ നീക്കം ചെയ്യാനും മരുന്നിനായും മറ്റും ഉപയോഗിച്ചുവന്നിരുന്നു. കൂടാതെ ‘പ്ലാവില’ ആടുകള്‍ക്കും മറ്റും നല്ലൊരു തീറ്റകൂടിയാണ്. ചക്കയുടെ അവശിഷ്ടങ്ങള്‍ വളമായും പ്രയോജനപ്പെടുത്താം.

നമ്മുടെ കൃഷിയിടത്തില്‍ ഒരു ‘പ്ലാവ്’ നട്ടു വളര്‍ത്തിയാല്‍ ആവശ്യത്തിനു ചക്ക ലഭിക്കുമെന്നു മാത്രമല്ല വര്‍ഷങ്ങള്‍ക്കു ശേഷം നല്ല തടികൂടി ലഭിക്കുകയും ചെയ്യും.

വിഷവസ്തുക്കള്‍ ചേരാത്ത ജൈവ വസ്തുവായ ചക്കയ്ക്കും ഇപ്പോള്‍ വിപണിയില്‍ നല്ല ഡിമാന്‍റുണ്ട്. നമ്മുടെ ചക്കയെ നാം മറന്നു കൂട; ചക്കവിഭവങ്ങളും. നമ്മുടെ നാട്ടില്‍ ചക്കയ്ക്ക് വേണ്ടത്ര പരിഗണന കൊടുക്കുവാന്‍ നമ്മള്‍ തന്നെ പരിശ്രമിക്കണം.

Leave a Comment

*
*