ജൈവ കളിപ്പാട്ടങ്ങളിലേക്ക് ഒരു തിരിച്ചുപോക്ക്

ജൈവ കളിപ്പാട്ടങ്ങളിലേക്ക് ഒരു തിരിച്ചുപോക്ക്

കൂട്ടുകാര്‍ക്ക് അറിയാമോ?
പണ്ട് ഇന്നത്തെപ്പോലെ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അന്ന് പ്രകൃതിയില്‍നിന്ന് ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് കുട്ടികള്‍ തന്നെ ഓരോരോ കളിപ്പാട്ടങ്ങള്‍ നിര്‍മ്മിച്ചെടുക്കുകയായിരുന്നു പതിവ്. ഇന്ന് എത്രതരത്തിലുള്ള പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍ ആണ് മാര്‍ക്കറ്റില്‍ ലഭ്യമായിട്ടുള്ളത്. തോക്കും, സൈക്കിളും, കാറും, ബൈക്കും, വിമാനവുമൊക്കെ വാങ്ങാന്‍ കിട്ടും.

പണ്ടത്തെ കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ ഓലപ്പന്തും, ഓലവാച്ചും, ഓലക്കാറ്റാടിയും, ഓലപീപ്പിയും, ഓലപ്പാമ്പും, വെള്ളക്കാ പമ്പരവും, കൊതുമ്പു വഞ്ചിയും പ്ലാവില തൊപ്പിയും പോലുള്ളവയായിരുന്നു. എല്ലാ കളിപ്പാട്ടങ്ങളും പ്രകൃതിയുമായി യോജിച്ചവയും പ്രകൃതിയില്‍നിന്ന് നിര്‍മ്മിക്കപ്പെടുന്നവയുമായിരുന്നു.

ഇന്നാവട്ടെ നമ്മള്‍ കളിക്കുന്നത് ആരോ നിര്‍മ്മിച്ച കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ചാണ്; എന്നു മാത്രമല്ല അവയൊക്കെ പ്ലാസ്റ്റിക് നിര്‍മ്മിതങ്ങളായതിനാല്‍ പ്രകൃതിയില്‍നിന്ന് ഏറെ മാറി നില്‍ക്കുന്നതുമാണ്.

പ്രകൃതി വസ്തുക്കളില്‍നിന്ന് കുട്ടികള്‍തന്നെ വികസിപ്പിച്ചെടുക്കുകയോ നിര്‍മ്മിക്കുകയോ ഒക്കെ ചെയ്യുന്നതുവഴി പണ്ടുകാലത്ത് കുട്ടികള്‍ കൂടുതല്‍ സര്‍ഗാത്മകതയും നിര്‍മ്മാണ വൈദഗ്ദ്ധ്യവും ഉള്ളവരായി മാറുകയായിരുന്നു. കുട്ടികളുടെ വളര്‍ച്ചയുടെ പടവുകളില്‍ അത്തരത്തിലുള്ള സ്വയം നിര്‍മ്മിതികള്‍ അവര്‍ക്ക് നല്കിയിരുന്ന ആത്മവിശ്വാസവും സംതൃപ്തിയും നിര്‍മ്മാണ ചാതുരിയും ഇന്നത്തെ തലമുറയായ നമുക്ക് ലഭിക്കാതെ പോകുന്നുണ്ട്. കളികോപ്പും കളിക്കാരനും തമ്മിലുള്ള ഒരു ആത്മബന്ധം യഥാര്‍ത്ഥത്തില്‍ നഷ്ടപ്പെട്ടുപോകുന്നുണ്ട്. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍ വരുത്തിത്തീര്‍ക്കുന്ന ദോഷങ്ങളില്‍നിന്ന് നമ്മെയും പ്രകൃതിയേയും നമുക്ക് സംരക്ഷിക്കണ്ടെ? കൂടുതല്‍ പ്രകൃതിയോടിണങ്ങിയ ജൈവകളിപ്പാട്ടങ്ങളിലേക്ക് നമ്മുടെ ശ്രദ്ധതിരിക്കാം. പ്രകൃതിയോട് ഇണങ്ങി ജീവിക്കുമ്പോള്‍ പ്രകൃതി നമ്മെ സ്നേഹിക്കും. പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ നമ്മളും പര്യാപ്തരാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org