Latest News
|^| Home -> Suppliments -> Familiya -> ജലക്ഷാമം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ജലക്ഷാമം നമ്മെ ഓർമ്മപ്പെടുത്തുന്നത്

Sathyadeepam

ഫാ. പോള്‍ ചെറുപിള്ളി
ഡയറക്ടര്‍, സഹൃദയ

അതിരൂക്ഷമായ ജലക്ഷാമത്തിന്‍റെയും വരള്‍ച്ചയുടേയും പിടിയിലേക്ക് നമ്മുടെ നാട് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സാധാരണയായി കേരളത്തില്‍ പെയ്തു വീഴുന്ന മഴ 3,100 മില്ലിമീറ്ററാണ്. കഴിഞ്ഞ വര്‍ഷം കേവലം 1,860 മില്ലിമീറ്റര്‍ മഴ മാത്രമേ നമുക്കു ലഭിച്ചിട്ടുള്ളൂ എന്നതാണ് ഇത്ര രൂക്ഷമായ വരള്‍ച്ചയുടെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേരളത്തില്‍ പെയ്തുവീണു എന്നു പറയുന്ന 1,860 മില്ലിമീറ്റര്‍ മഴവെള്ളം എങ്ങോട്ടു പോയി എന്ന ചോദ്യത്തിന് ഉത്തരം തേടിയാല്‍ ജല ക്ഷാമത്തിനും വരള്‍ച്ചയ്ക്കുമൊക്കെയുള്ള പാതി ഉത്തരമാകും. മഴക്കാലത്ത് വെള്ളപ്പൊക്കത്തിന്‍റെ ദുരിതവും മഴ മാറുമ്പോള്‍ വെള്ളത്തിനു ദൗര്‍ലഭ്യവും അനുഭവിക്കുന്ന നമ്മള്‍ മലയാളികളെപ്പോലെ ഒരു ജനസമൂഹം ഈ അനുഭവത്തെ പാഠമാക്കിയെടുക്കുന്നതിന് ഇത്രയേറെ വൈകേണ്ടതുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയേറി വരികയാണ്. അല്ലെങ്കില്‍ ജലസാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ നമുക്കിടയില്‍ കൂടുതല്‍ കാര്യക്ഷമ മായി നടത്തേണ്ടിയിരിക്കുന്നു എന്നും പറയാം.
വലിയ വ്യാപാര സ്ഥാപനങ്ങളും കമ്പനികളുമൊക്കെ വരവു ചെലവു കണക്കുകള്‍ ഇടയ്ക്കിടെ ഓഡിറ്റ് ചെയ്ത് തങ്ങളുടെ സാമ്പത്തിക നില ഭദ്രമാണോ എന്നു പരിശോധിക്കാറുണ്ട്. ഇതുപോലെ കുടുംബങ്ങളും സമൂഹവും ജലത്തിന്‍റെ ഓഡിറ്റ് നടത്തേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമായി മാറിയിരിക്കയാണ്. ജലലഭ്യതയും ജലവിനിയോഗവും ശരിയായ രീതി യില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക എന്നതാണ് ജലസാക്ഷരത എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി ജനങ്ങളെ ഒരുക്കുന്നതിന് സര്‍ക്കാരിനെന്നപോലെ സാമൂഹിക പ്രതിബദ്ധതയുള്ള ഓരോരുത്തര്‍ക്കും കടമയുണ്ട്.
വരാനിരിക്കുന്ന വഴക്കുകളൊക്കെ ജലത്തെ കേന്ദ്രീകരിച്ചായിരിക്കും എന്ന വാമൊഴി സത്യമാണെന്ന രീതിയിലാണ് നാടിന്‍റെ ഇന്നത്തെ പോക്ക്. മുല്ലപ്പെരിയാര്‍ വിഷയം കേരളവും തമിഴ്നാടും തമ്മിലുള്ള ബന്ധത്തിന്‍റെ അടിത്തറ ഇളക്കാന്‍ തക്കതാണെന്നു നമുക്കറിയാം. കാവേരി നദീജലത്തിന്‍റെ പങ്കുവയ്പിനെച്ചൊല്ലി കര്‍ണാടകവും തമിഴ്നാടും നടത്തിയ തീക്കളി നാം കണ്ടുകഴിഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സിന്ധു നദീജലത്തെക്കുറിച്ചും ഇസ്രയേലും പാലസ്തീനും ജോര്‍ദ്ദാനുമൊക്കെ ഉള്‍പ്പെടുന്ന ജോര്‍ദ്ദാന്‍ നദീതടപ്രശ്നങ്ങളെക്കുറിച്ചും നാം വായിച്ചുകേട്ട് അറിവുള്ളവരാണ്. ഇങ്ങനെ എത്രയോ ജലവഴക്കുകള്‍ നമുക്കു ചൂണ്ടിക്കാട്ടാനാവും.
ജലം എന്ന വിഭവത്തെക്കുറിച്ച് ശരിയായ അറിവുണ്ടാവുക, ജലം സംരക്ഷിക്കാനുള്ള നടപടികളില്‍ ഏര്‍പ്പെടുക, ജലത്തിന്‍റെ ഉപയോഗം വിവേകത്തോടെ മാത്രം നിര്‍വഹിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിന് ഓരോരുത്തരും തയ്യാറാവണം. നമ്മുടെ ഭൂമിയുടെ മൂന്നില്‍ രണ്ടിലധികം ഭാഗവും ജലമാണെന്ന് നമുക്കറിയാം. പക്ഷേ നമുക്കു കുടിക്കാനോ കാര്‍ഷികാവശ്യങ്ങള്‍ക്കോ ഉപയോഗപ്പെടുത്താവുന്ന ശുദ്ധജലത്തിന്‍റെ വിഹിതം ഇതില്‍ വളരെ ചെറുതാണ്. ഭൂമിയിലെ ജലത്തില്‍ 97.5 ശതമാനവും സമുദ്രങ്ങളിലാണ് കാണപ്പെടുന്നത്. ഇത് ഉപ്പും മറ്റ് ലവണങ്ങളും അടങ്ങിയതാണ്. ബാക്കിയുള്ളതില്‍ 1.725 ശതമാനം മഞ്ഞുമലകളുടെ രൂപത്തില്‍ ധ്രുവപ്രദേശങ്ങളിലും 0.075 ശതമാനം ഭൂഗര്‍ഭജലമായും സ്ഥിതി ചെയ്യുന്നു. 0.025 ശതമാനം ജലമാണ് നദികളിലും തടാകങ്ങളിലും കായലുകളിലും ഒക്കെയായി നമുക്ക് ഉപയോഗിക്കാവുന്ന വിധത്തില്‍ ലഭിക്കുന്നത്. ജലാശയങ്ങളിലെ ജലം നീരാവിയായി, മേഘമായി, മഴയായി ഭൂമിയില്‍ പതിക്കുന്നു. ഈ മഴവെള്ളം ഒഴുകി വീണ്ടും ജലാശയങ്ങളിലേക്കെത്തിച്ചേരുന്നു. ഇങ്ങനെ ഒഴുകി കടലിലേക്കെത്തുന്നതിനുമുമ്പ് നമുക്ക് ശേഖരിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ നമ്മുടെ ഉപയോഗത്തിനുള്ള ശുദ്ധജലം ലഭിക്കുകയുള്ളൂ. കിണറുകളിലും കുളങ്ങളിലും ശേഖരി ക്കുന്നതു കൂടാതെ മഴവെ ള്ളം മണ്ണില്‍ താഴാനുള്ള അവസരവും നാം ഉണ്ടാക്കണം. അങ്ങനെ ഭൂഗര്‍ഭജലത്തിന്‍റെ നില താഴാതെ പരിപാലിക്കണം. ഇന്നത്തെക്കാലത്ത് കുളങ്ങളിലും കിണറുകളിലും നിന്ന് വെള്ളം ലഭിക്കാതെ വരുമ്പോള്‍ ബോര്‍വെല്‍ ഉപയോഗിച്ച് ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്നവരാണ് നമ്മില്‍ അധികം പേരും. വരും തലമുറയ്ക്കായ് പ്രകൃതി കരുതിവെച്ചിരിക്കുന്ന ഫിക്സഡ് ഡിപ്പോസിറ്റാണ് ഭൂഗര്‍ഭജലമെന്ന് മുന്‍രാഷ്ട്രപതി ഡോ. എ.പി. ജെ. അബ്ദുള്‍ കലാം വിശേഷിപ്പിക്കുന്നു. ഫിക്സഡ് ഡി പ്പോസിറ്റ് ഇപ്പോള്‍ തന്നെ നാം ചെലവഴിച്ചാല്‍ വരും തലമുറ ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. കേരളത്തിലെ എല്ലാ സ്ഥലങ്ങളി ലും കഴിഞ്ഞ പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൂഗര്‍ഭ ജലനിരപ്പ് വളരെ അപകടകരമായ വിധത്തില്‍ താഴ്ന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കു ന്നുണ്ട്.
കേരളത്തില്‍ ആകെ 44 നദികളാണുള്ളത്. കേരളത്തിലെ എല്ലാ നദികളും കൂടി ചേര്‍ന്നതിലധികം വലുപ്പമുള്ള ഗോദാവരി നദി ഉള്‍പ്പെടെ നൂറിലേറെ നദികളൊഴുകുന്ന മഹാരാഷ്ട്ര യില്‍ ഈ അടുത്തകാലത്തുണ്ടായ രൂക്ഷമായ വരള്‍ച്ച നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. കരിമ്പു കൃഷിക്കായി മരങ്ങളൊക്കെ വെട്ടിമാറ്റിയും പഞ്ചസാര ഫാക്ടറികള്‍ക്കും മദ്യനിര്‍മ്മാണശാലകള്‍ക്കും വേണ്ടി നദീജലവും ഭൂഗര്‍ഭ ജലവും അമിതമായി ചൂഷണം ചെയ്തും നീങ്ങിയതിന്‍റെ ഫലമായിരുന്നു ആ വരള്‍ച്ചയെന്ന് സമ്മതിക്കേണ്ടിവന്നു. ഇ തിനപ്പുറം രൂക്ഷമായ അവസ്ഥയിലേക്കാണ് നാം നീങ്ങി ക്കൊണ്ടിരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ നമുക്കു കടമയുണ്ട്. ഇപ്പോള്‍ പ്രതിദിനം ഏഴു കോടി രൂപയുടെ കുപ്പിവെള്ളമാണ് കേരളത്തില്‍ വിറ്റഴിക്കപ്പെടുന്നത്. വരള്‍ച്ച കൂടുതലാകുമ്പോള്‍ ഇതിന്‍റെ നിരക്ക് വര്‍ധിക്കും. കുപ്പിവെള്ളത്തില്‍ കുടിവെള്ള ക്ഷാമത്തിനു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നത് മൗഢ്യമല്ലേ? വിദ്യാഭ്യാസ രംഗത്തും ആതുരശുശ്രു ഷാ രംഗത്തും അന്നത്തെ കാലഘട്ടത്തിന്‍റെ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിച്ച ക്രൈസ്തവ സമൂഹത്തിന് ഇന്ന് ജല ദൗര്‍ലഭ്യവും പരിസ്ഥിതി നാശവും പോലുള്ള അവസ്ഥയോടും ക്രിയാത്മകമായി പ്രതികരിക്കുന്നതിനും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനുമുള്ള കടമയുണ്ട്.
ജലം എന്ന വിഭവത്തി ന്‍റെ മൂല്യത്തെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുകയാണ് ആദ്യം വേണ്ട ത്. വ്യക്തിതലത്തിലും കുടുംബതലത്തിലും സമൂഹ തലത്തിലും ഈ ബോധവത്കരണം ആവശ്യമാണ്.
ജലം പാഴാക്കാതിരിക്കുക എന്നത് ജലം സംരക്ഷിക്കപ്പെടുക എന്നതിന് തുല്യമാണ്. പല്ലുതേക്കുമ്പോള്‍ അലസമായി വാട്ടര്‍ ടാപ്പ് തുറന്നിടുന്ന രീതിയും ബാത്ത് റൂമില്‍ മൂത്രമൊഴിക്കാന്‍ കയറിയാലും പത്തോ പന്ത്ര ണ്ടോ ലിറ്റര്‍ വെള്ളം ഫ്ളെഷ് ഔട്ട് ചെയ്തുകളയുന്ന രീതിയുമൊക്കെ വ്യക്തിതലത്തില്‍ നാം മാറ്റിയെടുക്കണം. ജലം മലിനമാക്കപ്പെടാവുന്ന പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന് നാം ഉറപ്പാക്കണം. ജലത്തിന്‍റെ ഉറവിടങ്ങള്‍ കിണറുകളോ, കുളങ്ങളോ എന്തുമാകട്ടെ പരമാവധി പരിപാലിക്കാന്‍ നമുക്കു കഴിയണം. പെയ്തു വീഴുന്ന മഴവെള്ളം ശേഖരിച്ചു നിര്‍ത്തി മണ്ണിലേക്കിറക്കിയിരുന്ന കുളങ്ങളും വയലുകളുമൊക്കെ നികത്തപ്പെട്ടുകൊണ്ടിരിക്കുന്നത് ജലക്ഷാമത്തിന്‍റെ കാരണങ്ങളില്‍ പ്രധാനം തന്നെയാണ്.
കേരളത്തിന്‍റെ ഭൂമിശാസ്ത്ര പ്രത്യേകതയനുസരി ച്ച് കിഴക്കുനിന്നും പടിഞ്ഞാറോട്ടുള്ള ചരിവു മൂലം പെയ്തു വീഴുന്ന മഴവെള്ളം കടലിലേക്കൊഴുകിയെത്താന്‍ മണിക്കൂറുകള്‍ മതി. ഇങ്ങ നെ നഷ്ടപ്പെടാതെ എത്രമാത്രം മഴവെള്ളം നമുക്കു ശേഖരിക്കാനാവുമെന്നതിനെ ആശ്രയിച്ചാണ് ഭാവിയിലെ നമ്മുടെ ജലസമ്പത്ത് നിലനില്‍ക്കുന്നത്. വീടിന്‍റെ മുറ്റവും പരിസരവുമൊക്കെ മോടികൂട്ടാന്‍ ടൈലും കോണ്‍ക്രീറ്റുമൊക്കെ ഇടുമ്പോള്‍ മഴവെള്ളം മണ്ണില്‍ താഴാനു ള്ള സാധ്യതകളാണ് നാം ഇല്ലാതാക്കുന്നത്. കേരള ത്തില്‍ കേവലം 5 സെന്‍റ് സ്ഥലത്ത് ഒരു വര്‍ഷം 6 ലക്ഷം ലിറ്റര്‍ മഴവെള്ളം പെയ്തു വീഴുന്നുവെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ ഈ ജലം ശേഖരിക്കാതെ ജലക്ഷാമം എന്ന് അലമുറയിടുന്ന നമ്മെ എന്താണ് വിളിക്കേണ്ടത്?
നമ്മുടെ മേല്‍ക്കൂരകളില്‍ പെയ്തുവീഴുന്ന മഴ വെള്ളം കഴിയാവുന്നത്ര വലിപ്പത്തിലുള്ള സംഭരണികളില്‍ ശേഖരിച്ച് മഴയില്ലാത്ത കാലം ഉപയോഗിക്കാനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ട്. ഫെറോസിമെന്‍റ് ടാങ്കുകളും സില്‍പോളിന്‍ ഷീറ്റ് കൊണ്ടുള്ള ടാങ്കുകളുമൊക്കെ ഇതിനായി പ്രയോജനപ്പെടുത്തുന്നു. നിലവില്‍ ലഭിക്കുന്ന ഏറ്റവും ശുദ്ധമായ ജലം മഴവെള്ളമാണ്. മേല്‍ക്കൂരയിലെ അഴുക്കുകള്‍ കടന്നുവരാതെ മണലും കരിയും ചേര്‍ത്ത് ഒരുക്കിയ പ്രത്യേക അരിപ്പയിലൂടെ ടാങ്കില്‍ ശേഖരിക്കുന്ന മഴവെള്ളം എത്ര കാലം വേണമെങ്കിലും കേടുകൂടാതെ സൂക്ഷിക്കാം. എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ (വെല്‍ഫെയര്‍ സര്‍ വീസസ് എറണാകുളം) കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ കാലത്തിനിടയില്‍ പതിനായിരത്തിലേറെ മഴവെള്ള സംഭരണികള്‍ നിര്‍മ്മിച്ചു നല്‍കിക്കഴിഞ്ഞു.
“ജലം അമൂല്യമാണ്! അ ത് പാഴാക്കരുത്” എന്നു പറയുന്നതിനൊപ്പം ജലം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളും നാം നടത്തേണ്ടതുണ്ട്. “ഓടുന്ന വെള്ളത്തെ നടത്തുക, നടക്കുന്ന വെള്ളത്തെ നിര്‍ത്തുക, നില്‍ക്കുന്ന വെള്ളത്തെ കിടത്തുക, കിടക്കുന്ന വെള്ളത്തെ ഉറക്കുക” എന്ന ഒരു ശൈലി ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമാണ്. മലഞ്ചെരുവുകളില്‍ പെയ്തിറങ്ങി താഴ്വാരങ്ങളിലേക്ക് കുത്തിയൊലിച്ചു വരുന്ന ജലത്തെ മരങ്ങളും ചെടികളും വളര്‍ത്തി വേഗത കുറയ്ക്കുക, തടയണകള്‍ നിര്‍മ്മിച്ച് തടഞ്ഞു നിര്‍ത്തുക, മഴക്കുഴികളിലൂടെയും മറ്റും മണ്ണിനടിയിലേക്ക് അരിച്ചിറങ്ങി കിടക്കാന്‍ അവസരമൊരുക്കുക, മണ്ണിനു മുകളില്‍ സസ്യാവരണ ങ്ങളും പുതയിടലും നടത്തി വെള്ളത്തെ ഭൂമിക്കടിയില്‍ ഉറങ്ങാന്‍ അനുവദിക്കുക എന്നതാണ് ഇതിന്‍റെ അര്‍ത്ഥം.
വെള്ളമില്ലാതെയുള്ള ജീവിതം നമുക്ക് സങ്കല്‍പ്പിക്കാനാവില്ല. നമുക്കും നമ്മുടെ അനന്തര തലമുറകള്‍ക്കും ജീവിതം ജീവിച്ചുതന്നെ തീര്‍ക്കാന്‍ ജലം കൂടിയേ തീരൂ. ഇന്നത്തെ ഉറങ്ങുന്ന അവസ്ഥ വിട്ട് നാം ഉണരേണ്ടിയിരിക്കുന്നു.

Leave a Comment

*
*