|^| Home -> Suppliments -> Familiya -> മുത്തിയമ്മൂമ്മയുടെ സമ്മാനം: ജനോവക്കഥ

മുത്തിയമ്മൂമ്മയുടെ സമ്മാനം: ജനോവക്കഥ

Sathyadeepam

കെ.വി. ബേബി

എറണാകുളത്തെ മുത്തിയമ്മൂമ്മയുടെ വീട്ടില്‍ ചെന്നാല്‍, കുട്ടികള്‍ ഞങ്ങള്‍ക്കു സ്വര്‍ഗം. എറണാകുളം എംജി റോഡില്‍ ഇപ്പോള്‍ ശീമാട്ടിയുടെ കാര്‍പോര്‍ച്ച് ഉള്ള സ്ഥലത്തായിരുന്നു ആ പഴയ ഓടിട്ട വീട്. കാലം അതിന്‍റെ മയില്‍പ്പീലികൊണ്ടു ഒന്നുഴിയുമ്പോള്‍ വന്നുപെടുന്ന മാറ്റങ്ങള്‍!

മഹാഭക്തയായ അമ്മൂമ്മ എന്നും അടുത്തുള്ള പള്ളിയില്‍ പോയി കുര്‍ബാന കാണും. കൂടെ ഞങ്ങളെയും കൂട്ടും. അങ്ങനെ കുട്ടിക്കാലം മുതലേ ബാനര്‍ജി റോഡിലെ കണ്ണംകുന്നത്ത് പള്ളി, ആവിലായിലെ വി. അമ്മ ത്രേസ്യായുടെ നാമത്തിലുള്ള പള്ളി, ഞങ്ങള്‍ക്കു പരിചിതമായി. എറണാകുളത്തുള്ള എല്ലാ കത്തോലിക്കാപള്ളികളിലും അമ്മൂമ്മ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി.

പള്ളിപ്പെരുന്നാളുകള്‍ക്കു പല പള്ളികളിലും കൊണ്ടുപോകും. വല്ലാര്‍പാടം പള്ളി, വരാപ്പുഴ പുത്തന്‍പള്ളി, ഇടപ്പള്ളി പള്ളി…. ഇടപ്പള്ളി പള്ളി പെരുന്നാള്‍ അവിസ്മരണീയം. വലിയപള്ളി. വിശാലമായ പള്ളിപ്പറമ്പ്, ബാന്‍റുമേളം, വെടിക്കെട്ട്, കളിപ്പാട്ടങ്ങള്‍, പലഹാരങ്ങള്‍, പുസ്തകങ്ങള്‍. അമ്മൂമ്മ എനിക്ക് ഒന്നുരണ്ടു കളിപ്പാട്ടങ്ങള്‍ വാങ്ങിത്തന്നു – പീപ്പി, കിലുക്കിട്ടം, കളിവണ്ടി, ഉണങ്ങിയ ഓലയില്‍ കോര്‍ത്ത ഉഴുന്നുവട മാലയും വാങ്ങിത്തന്നു. അത്രയും ചെറിയ ഉഴുന്നുവട പിന്നീടു കണ്ടിട്ടില്ല. അമ്മൂമ്മ ചില പ്രാര്‍ത്ഥനാപുസ്തകങ്ങള്‍, കൊന്ത, കാശുരൂപം; പിന്നെയൊരു പാട്ടുപുസ്തകം എന്നിവ വാങ്ങി.

മടങ്ങി വീട്ടിലെത്തിയപാടേ, ആ പാട്ടുപുസ്തകം ഞാന്‍ ഒന്നു തുറന്നു നോക്കി. നാലില്‍ പഠിക്കുന്ന എനിക്ക് അതിന്‍റ പേരു വായിച്ചെടുക്കാന്‍ പറ്റി; ജനോവാപര്‍വ്വം. തുറന്നു വായിക്കാന്‍ നോക്കി; കഴിഞ്ഞില്ല. ഒന്നു മനസ്സിലായി; ഗദ്യമല്ല, പദ്യമാണ്. പദ്യമാണെങ്കിലും ഒന്നു വായിക്കാന്‍ നോക്കി. കൂട്ടിവായിക്കാന്‍ കഴിയാതെ പുസ്തകം അടച്ചുവച്ചു.

അന്ന് ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് ഒഴിവായപ്പോള്‍ ഞാന്‍ അമ്മൂമ്മയോട്, അമ്മൂമ്മേ, ഇതെന്തു പുസ്തകമാ? മോനേ, ഇത് ജനോവാപര്‍വ്വം, ജനോവയുടെ കഥ പറയുന്ന പുസ്തകം. കഥയാണോ, ഈ കഥയൊന്നു പറഞ്ഞുതരാമോ? അമ്മൂമ്മയ്ക്കറിയില്ല മോനേ; അമ്മൂമ്മ വായിച്ചു പറഞ്ഞുതരാം. ഒഴിവു കിട്ടുമ്പോഴെല്ലാം അമ്മൂമ്മ ജനോവാപര്‍വ്വം വായിക്കാന്‍, അല്ല, പാടാന്‍ തുടങ്ങി.

നല്ല ഈണത്തില്‍ നീട്ടിനീട്ടിയുള്ള ആ വായന പാട്ടു പാടുന്നതുപോലെ തന്നെ. സന്ധ്യാസമയത്തുള്ള കൊന്ത ചൊല്ലലും ഇതുപോലെതന്നെ. അമ്മൂമ്മ കൊന്ത ചൊല്ലുകയല്ല, പാടുകയാണ്. കൊന്തപ്പാട്ട്, അമ്മൂമ്മ പാടിക്കേട്ട ജനോവാപര്‍വ്വത്തില്‍ നിന്ന്:

“സര്‍വേശ്വരാ! സര്‍വനാഥ! പരാപര!
സര്‍വേശ! സര്‍വഗുണാംബുരാശേ
സര്‍വസ്തുതിക്കും നീ കാരണമാകയാല്‍
സര്‍വേശ! നിന്നെ സ്തുതിച്ചിടുന്നേന്‍.”

എനിക്കൊന്നുംതന്നെ മനസ്സിലായില്ല. ജനോവ, സിപ്രിസോ, ഗോലോ എന്നീ പേരുകള്‍ മാത്രം പിടികിട്ടി. ഒരാഴ്ചകൊണ്ട് അമ്മൂമ്മയുടെ ജനോവാപാരായണപര്‍വം തീര്‍ന്നു. കേട്ടിരുന്ന എനിക്കു കഥ പിടികിട്ടിയില്ല. അമ്മൂമ്മയ്ക്ക് എന്തൊക്കെയോ പിടികിട്ടി. ആ കഥ കേള്‍ക്കാനുള്ള വെമ്പലായി.

അമ്മൂമ്മേ, ജനോവയുടെ കഥ പറഞ്ഞുതരാമോ? അമ്മൂമ്മ പറഞ്ഞുതന്ന കഥയുടെ രത്നച്ചുരുക്കം: ഫ്രാന്‍സിലെ കാറള്‍മാന്‍ ചക്രവര്‍ത്തിയുടെ കീഴിലുള്ള ഒരു രാജാവായിരുന്നു സിപ്രിസോ. സിപ്രിസോ രാജാവിന്‍റെ ഗര്‍ഭിണിയായ ഭാര്യ ജനോവാരാജ്ഞി ഒരു പതിവ്രതാരത്നം (കുട്ടിയായ ഞാന്‍ ഇടയ്ക്കു കയറി അമ്മൂമ്മയോട് ‘എന്താണ് അമ്മൂമ്മേ, പതിവ്രത? മോനേ, ചാരിത്ര്യം ഉള്ളവള്‍. എന്താണു ചാരിത്ര്യം? ശുദ്ധത. എന്താണു ശുദ്ധത? അമ്മൂമ്മ: മോനേ, അതൊക്കെ മോനു വലുതാകുമ്പോള്‍ മനസ്സിലാകും). സിപ്രിസോ യുദ്ധത്തിനു പോയ കാലത്തു രാജ്യം ഭരിച്ചതു മുഖ്യമന്ത്രിയായ ഗോലോവായിരുന്നു. അയാള്‍ അവളെ പ്രലോഭിപ്പിച്ചു. വ്യഭിചാരത്തിനു പ്രേരിപ്പിച്ചു. (അമ്മൂമ്മേ, എന്താണു വ്യഭിചാരം? മോനേ, തെറ്റ്. എന്തു തെറ്റ്? അതൊക്കെ മോനു വലുതാകുമ്പോള്‍ മനസ്സിലാകും. ദൈവമേ, വലിയവര്‍ക്കു മാത്രം അറിയാവുന്നതും കുട്ടിയായ എനിക്കറിയാത്തതുമായ എത്രയോ കാര്യങ്ങള്‍!) അവള്‍ വഴങ്ങിയില്ല. അയാള്‍ അവളെ ജയിലിലടച്ചു. അവിടെവച്ച് അവള്‍ പ്രസവിച്ചു; ആണ്‍കുഞ്ഞ്. യുദ്ധം കഴിഞ്ഞു തിരിച്ചെത്തിയ രാജാവ് ഗോലോവിന്‍റെ ഏഷണി വിശ്വസിച്ചു രാജ്ഞിയെയും രാജകുമാരനെയും കാട്ടില്‍ കൊണ്ടുപോയി കൊല്ലാന്‍ കല്പിച്ചു. പക്ഷേ, കൊല്ലാന്‍ കൊണ്ടുപോയവരുടെ മനസ്സലിഞ്ഞു. അവര്‍ അമ്മയെയും കുഞ്ഞിനെയും കാട്ടില്‍ ഉപേക്ഷിച്ചു. കാട്ടുമൃഗത്തിനെ കൊന്ന് അതിന്‍റെ ചോരയില്‍ മുക്കിയ വസ്ത്രങ്ങള്‍ കാണിച്ചു രാജാവിനെ പറ്റിച്ചു. പിന്നീടു സത്യം പുറത്തുവന്നു. രാജാവു ഭാര്യയെയും മകനെയും കാണാന്‍ ആഗ്രഹിച്ചു. കാട്ടില്‍വച്ചു ഭാര്യയെയും മകനെയും കണ്ടുമുട്ടിയ രാജാവ് അവരെ കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. ഗോലോവിനെ ശിക്ഷിച്ചു. ഏറെ കൊല്ലങ്ങള്‍ക്കുശേഷം ജനോവ മരിച്ചു. രാജാവു മകനെ രാജാവായി വാഴിച്ചു. രാജാവു കാട്ടില്‍ പോയി സന്ന്യസിച്ചു. കാട്ടില്‍ വച്ചുതന്നെ മരിച്ചു.

ആ കഥ കേട്ടു കുട്ടിക്കാലം ഓടിപ്പോയി മറഞ്ഞു. കഥ പറഞ്ഞു തന്ന അമ്മൂമ്മ മണ്‍മറഞ്ഞു. പിന്നീട് ആ വീട്ടില്‍ ചെന്നപ്പോള്‍ ആ പുസ്തകത്തിനു പരതി, അന്വേഷിച്ചു. പക്ഷേ, കണ്ടെത്തിയില്ല. ആ പുസ്തകം ആരെഴുതിയതാണ് എന്നു ചോദിക്കാനും വിട്ടുപോയി കുട്ടിക്കാലത്തിനു കഥയാണു കാര്യം. കഥയെഴുതിയ ആള്‍ കാര്യമല്ല. കുട്ടികള്‍ ബയോഡാറ്റാ തിരക്കാറില്ല. കഥ കേള്‍ക്കാറേയുള്ളൂ, കഥ വായിക്കാറേയുള്ളൂ. ജനോവാപര്‍വ്വം ആരുടേതാണ്? ഈ ചോദ്യം വര്‍ഷങ്ങളോളം എന്നെ പിന്തുടര്‍ന്നു.

അനേകവര്‍ഷങ്ങള്‍ക്കിപ്പുറം അര്‍ണോസ് പാതിരിയുടെ കാവ്യങ്ങള്‍ (2002, കോട്ടയം കറന്‍റ് ബുക്സ്) എന്ന പുസ്തകത്തിന്‍റെ ഉള്ളടക്കത്തിലൂടെ ഒന്നു കണ്ണോടിച്ചു. ജനോവാപര്‍വ്വം എന്നു കണ്ട് അത്ഭുതപരതന്ത്രനായി – ഇതായിരുന്നോ അമ്മൂമ്മ നീട്ടിപ്പാടി വായിച്ചു കഥ മനസ്സിലാക്കിയെടുത്ത് എനിക്കു പറഞ്ഞുതന്ന ആ പാട്ടുപുസ്തകം! ഇത് ഒരു വിദേശ മിഷനറി എഴുതിയതാണെന്നോ!

അര്‍ണോസ് പാതിരിയുടെ മറ്റു കൃതികള്‍: പുത്തന്‍പാന, ഉമ്മാടെ ദുഃഖം, ദേവമാതാവിന്‍റെ വ്യകുലപ്രബന്ധം, ചതുരന്ത്യം, ഉമ്മാപര്‍വം.

ഞാനും ജനോവാപര്‍വ്വം അമ്മൂമ്മയെപ്പോലെ നീട്ടിപ്പാടന്‍ നോക്കി; നടന്നില്ല. അമ്മൂമ്മയുടെ ഈണം അനുകരണീയം. പിന്നെ, ഞാന്‍ എന്‍റെ രീതിയില്‍ വായിച്ചു. ലക്ഷണമൊത്ത ഒരു കഥാകാവ്യം. പദ്യത്തില്‍ കഥ പറയുക എത്ര എളുപ്പമല്ല. അതിന് അസാമാന്യമായ കരകൗശലവും പദസ്വാധീനവും വേണം; പിന്നെ കവിയുടെ അടിസ്ഥാനയോഗ്യതയായ ജന്മസിദ്ധമായ ഭാവനയും വേണം.

എന്‍റെ കുട്ടിക്കാലത്തു ഞങ്ങളുടെ നാട്ടിന്‍പുറത്ത് എല്ലാ കത്തോലിക്കാഭവനങ്ങളില്‍നിന്നും പെസഹാക്കാലത്ത് ഉയര്‍ന്നു കേട്ടത്:

“അമ്മ കന്യാമണി തന്‍റെ, നിര്‍മ്മല ദുഃഖങ്ങളിപ്പോള്‍
നന്മയാലെ മനസ്സുറ്റു കേട്ടുകൊണ്ടാലും
ദുഃഖമൊക്കെപ്പറവാനോ, വാക്കു പോരാ മാനുഷര്‍ക്കു
ഉള്‍ക്കനെ ചിന്തിച്ചു കൊള്‍വാന്‍ ബുദ്ധിയും പോരാ…”

എന്നു തുടങ്ങുന്ന ഉമ്മാടെ ദുഃഖത്തില്‍, നതോന്നതയില്‍, വഞ്ചിപ്പാട്ടില്‍, വള്ളം നിറയെ ദുഃഖമാണ്!

ഇത് എഴുതിയ ആള്‍തന്നെയാണല്ലോ ജനോവാപര്‍വ്വം എഴുതിയത് എന്നതും അത്ഭുതം! കുട്ടിക്കാലത്തു കേട്ട മറക്കാനാവാത്ത കഥകളിലൊന്ന്; ജനോവാപര്‍വ്വം.

Leave a Comment

*
*