ജപമാല സജീവമാക്കാന്‍

ജപമാല സജീവമാക്കാന്‍

ഈജിപ്തിലെ അടിമത്തത്തില്‍നിന്നുള്ള മോചനവും ദൈവം മോശയ്ക്ക് നല്കിയ കല്പനകളെക്കുറിച്ചുമെല്ലാം അനുദിനം ഓര്‍മ്മിക്കുകയും മക്കളെ പഠിപ്പിക്കുകയും ചെയ്യണമെന്നു ദൈവം ഇസ്രായേല്യര്‍ക്കു നിര്‍ദ്ദേശം നല്കിയിരുന്നു. പഴയ നിയമത്തിലേതില്‍നിന്നും തികച്ചും വ്യത്യസ്തമായ സമഗ്രമായ മോചനത്തിന്‍റെ ചരിത്രമാണു പുതിയ നിയമത്തില്‍ നാം കാണുന്നത്. കേവലം രാഷ്ട്രീയമായ അടിമത്തത്തില്‍ നിന്നുള്ള മോചനത്തിലുപരിയായി ദുഃഖത്തിന്‍റെയും അടിമത്തത്തിന്‍റെയും അടിസ്ഥാന കാരണമായ പാപത്തില്‍ നിന്നുള്ള മോചനം യേശു പഠിപ്പിച്ചു. തന്‍റെ മനുഷ്യാവതാരവും പ്രബോധനവും പീഡാസഹനവും വഴി നിത്യമായ വിമോചനത്തിന്‍റെ പാതയാണു നമുക്കായി അവിടുന്നു തുറന്നു തന്നത്.

ഇസ്രായേല്‍ക്കാര്‍ തങ്ങളുടെ മോചനത്തിന്‍റെ ചരിത്രവും ദൈവികനിയമങ്ങളും എന്നും ഓര്‍മിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതുപോലെ യേശുവിന്‍റെ രക്ഷാകരപ്രവര്‍ത്തനവും അവിടുത്തെ വചനങ്ങളും എല്ലാ ദിവസവും അനുസ്മരിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നുണ്ട്. രക്ഷാകരസംഭവത്തിലെ വിവിധ രംഗങ്ങളാണു ജപമാലയുടെ രഹസ്യങ്ങളിലൂടെ നമ്മുടെ ധ്യാനത്തിനു വിഷയീഭവിക്കുന്നത്. അതുകൊണ്ടുതന്നെ ജപമാലയ്ക്കു ക്രൈസ്തവജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. യേശുവിനോടൊപ്പം അവിടുത്തെ സഹനത്തില്‍ പങ്കുചേര്‍ന്നുകൊണ്ടു നമ്മുടെ സഹരക്ഷകയായിത്തീര്‍ന്ന പരി. മറിയത്തെയും ഓര്‍ക്കുന്നതിനു ജപമാല അവസരം തരുന്നു. തന്‍റെ അമ്മയെ മനുഷ്യവംശത്തിന്‍റെ പ്രതിനിധിയെന്ന നിലയില്‍ യോഹന്നാനു നല്കിയ യേശു ആ അമ്മയെ നാമും സവിശേഷമായി സ്നേഹിക്കുകയും വണങ്ങുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്.

മനുഷ്യാവതാര വാര്‍ത്തയുമായി ഗബ്രിയേല്‍ ദൈവദൂതന്‍ മറിയത്തിന്‍റെ പക്കലേയ്ക്കു വരുന്നതു മുതല്‍ യേശുവിന്‍റെ ബാല്യകാലം വരെയാണല്ലോ സന്തോഷകരമായ രഹസ്യങ്ങള്‍. അവിടുത്തെ പീഡാനുഭവവും കുരിശുമരണവും ദുഃഖകരമായ രഹസ്യങ്ങളില്‍ നാം ധ്യാനിക്കുന്നു. യേശുവിന്‍റെ ഉത്ഥാനം മുതല്‍ സഹരക്ഷകയായ മാതാവിന്‍റെ സ്വര്‍ഗാരോപണവും സ്വര്‍ഗീയരാജ്ഞിയായുള്ള കിടീടധാരണംവരെയുള്ള സംഭവങ്ങള്‍ മഹിമയുടെ രഹസ്യങ്ങളിലൂടെ നമ്മുടെ ധ്യാനത്തിനു വിഷയീഭവിക്കുന്നു.

ദൈവദൂതന്‍റെയും ഏലീശ്വ പുണ്യവതിയുടെയും മറിയത്തോടുള്ള അഭിവാദനം നമുക്കുവേണ്ടി സ്വര്‍ഗീയപിതാവിനോട് എപ്പോഴും മദ്ധ്യസ്ഥ പ്രാര്‍ത്ഥന നടത്തണമേ എന്ന് അമ്മയോടുള്ള നമ്മുടെ യാചന എന്നിവയാണ് "നന്മ നിറഞ്ഞ മറിയമേ" എന്ന ജപത്തില്‍ നാം ആവര്‍ത്തിച്ചു ചൊല്ലുന്നത്.

ഇങ്ങനെ പൂര്‍ണമായും ബൈബിളില്‍ അധിഷ്ഠിതമായ ക്രൈസ്തവ വിശ്വാസത്തിന്‍റെ കാതലായ ആശയങ്ങളാണു ജപമാലയിലൂടെ നാം അനുസ്മരിക്കുന്നത്. അതുകൊണ്ടു നിരര്‍ത്ഥകമായ ആവര്‍ത്തനമാണതെന്ന വാദത്തിന് അടിസ്ഥാനമില്ല. കൂടുതല്‍ ജപമാല ചൊല്ലണമെന്ന സന്ദേശം ലൂര്‍ദ്ദിലും ഫാത്തിമായിലും മാതാവു പ്രത്യക്ഷപ്പെട്ടപ്പോള്‍ ആവര്‍ത്തിച്ച് അറിയിക്കുകയുണ്ടായി. മാത്രമല്ല, ഒരേ പ്രാര്‍ത്ഥന അല്ലെങ്കില്‍ ജപം ആവര്‍ത്തിച്ചു ചൊല്ലുമ്പോള്‍ അതു നമ്മുടെ ഏകാഗ്രത ആവശ്യപ്പെടുന്നുണ്ട്. അതിനാല്‍ ഏകാഗ്രതയോടെ 53 തവണ ഒരേ പ്രാര്‍ത്ഥന ചൊല്ലാനായാല്‍ അതുതന്നെ വലിയൊരു നേട്ടം. അതിനാലാണ് തുടക്കത്തിലേതന്നെ നാം ഈ ജപം ശ്രദ്ധയോടും ഭക്തിയോടും ചൊല്ലാനുള്ള അനുഗ്രഹം യാചിക്കുന്നത്.

ഓരോ രഹസ്യത്തിനും അതിന്‍റേതായ ബൈബിള്‍ ഭാഗങ്ങള്‍ വായിക്കുന്നതും ജീവിതവുമായി ബന്ധപ്പെടുത്തി വിഷയം ധ്യാനിക്കുന്നതും ജപമാല കൂടുതല്‍ സജീവമാക്കുന്നതിനു സഹായിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org