ജപമാല

ജപമാല

കൊന്ത ഒരു പഴഞ്ചന്‍ പ്രാര്‍ത്ഥനയാണെന്നോ അര്‍ത്ഥശൂന്യമായ ആവര്‍ത്തനമെന്നോ ജല്പിക്കുന്നവരുണ്ട്. പക്ഷേ, എത്രയോ മഹാന്മാരും മാര്‍പാപ്പമാരും ജപമാലയെ മനോഹരമായ പ്രാര്‍ത്ഥനയായി അംഗീകരിച്ച് പ്രശംസിച്ചിരിക്കുന്നു! പരിശുദ്ധ മറിയത്തിന്‍റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ച ഒമ്പതാം പീയൂസ് മാര്‍പാപ്പ, 36 കൊല്ലം സഭയെ ഭരിച്ച ആ പരിശുദ്ധ പിതാവ്, മരിക്കും മുമ്പ് തന്‍റെ ഒരു സ്മരണിക എന്നോണം ലോകത്തിന് നല്കിയത് ജപമാലയായിരുന്നു.

ഈ പാപ്പയുടെ ദൈവവിളിയുടെ ചരിത്രം ശ്രദ്ധേയമാണ്. ഒത്തിരി നല്ല മനസ്സോടെ അദ്ദേഹം സെമിനാരിയില്‍ ചേര്‍ന്നു. എല്ലാംകൊണ്ടും സമര്‍ത്ഥന്‍. പക്ഷെ, കുറേ കഴിഞ്ഞപ്പോള്‍ തീരാരോഗബാധിതനായി. റെക്ടറച്ചന്‍ വൈമനസ്യത്തോടെ സെമിനാരിക്കാരനെ വീട്ടില്‍ പറഞ്ഞുവിട്ടു. പാവം ബ്രദര്‍ കരഞ്ഞുകൊണ്ട് വീട്ടിലേക്കു യാത്രയായി. അപ്പോള്‍ സഹതാപം തോന്നിയ റെക്ടറച്ചന്‍ പറഞ്ഞു, "ബ്രദര്‍ മാതാവിനോട് പ്രാര്‍ത്ഥിക്ക്. മാതാവ് സുഖപ്പെടുത്തിയാല്‍ തിരിച്ചെടുക്കാം."

ബ്രദര്‍ വീട്ടില്‍ചെന്ന് ദുഃഖഭാരവുമായി കഴിയുമ്പോള്‍ റെക്ടറച്ചന്‍റെ വാക്കുകള്‍ അനുസ്മരിച്ചു: "പരിശുദ്ധ അമ്മയോട് പ്രാര്‍ത്ഥിക്കുക." അവന്‍ തീവ്രമായി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ഒരു ദിവസം പൊടുന്നനവെ അവനു സൗഖ്യം ലഭിച്ചു. അമ്മ ആ മകനുവേണ്ടി ഒരത്ഭുതം പ്രവര്‍ത്തിച്ചതാണ്. തിരികെ സെമിനാരിയിലെത്തിയ അവനെ റെക്ടറച്ചന്‍ സന്തോഷത്തോടെ വീണ്ടും സ്വീകരിച്ചു. അവന്‍ വൈദികനായി, മെത്രാനായി, കര്‍ദ്ദിനാളായി, അവസാനം മാര്‍പാപ്പയായി. ഒമ്പതാം പീയൂസ് മാര്‍പാപ്പ. ജപമാലയുടെ ശക്തി അനുഭവിച്ചറിഞ്ഞ ആ മാര്‍പാപ്പയാണ് തന്‍റെ ജീവിതത്തിന്‍റെ സ്മരണികയായി ജപമാല നിര്‍ദ്ദേശിച്ചത്.

ഇനി 23-ാം യോഹന്നാന്‍ മാര്‍പാപ്പയാണെങ്കിലോ, സായംകാലത്ത് നടക്കാനിറങ്ങിയാല്‍ ഉടനെ കൊന്ത ഉരുട്ടുകയായി. അമ്മയുമൊത്ത് യേശുവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നടപ്പായിരുന്നു അത്. ആത്മാവും ശരീരവും ഒന്നിച്ച് ഓജസ്സാര്‍ജ്ജിക്കുന്ന നടപ്പ്! വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മരിയഭക്തിയില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചവനും മരിയഭക്തിയുടെ പ്രേഷിതനുമായിരുന്നുവല്ലോ. ഈ മാര്‍പാപ്പമാര്‍ക്കൊക്കെ കൊന്ത എന്ന എളിയ പ്രാര്‍ത്ഥന ഇത്ര പ്രധാനമായി തോന്നിയെങ്കില്‍ അത് അത്രയേറെ മനോഹരവും ഉപകാരപ്രദവും ലളിതവും ആയതുകൊണ്ടുതന്നെയാവണം; സംശയമില്ല.

കൊന്ത അല്മായരുടെ കാനോന നമസ്കാരമാണെന്നാണ് പറയുക. വൈദികര്‍ക്കും സന്യസ്തര്‍ക്കും ചൊല്ലുവാന്‍ കാനോന നമസ്കാരപുസ്തകമുണ്ട്. അല്മായര്‍ക്ക് തങ്ങളുടെ ജീവിതസാഹചര്യങ്ങളില്‍ കാനോന നമസ്കാരം പ്രായോഗികമല്ല.

ചില കുടുംബങ്ങള്‍ സായംസന്ധ്യ ചെലവഴിക്കുന്നത് ടെലിവിഷന്‍റെ ചുറ്റുമിരുന്നുകൊണ്ടാവും. അവര്‍ ദൈവത്തിന്‍റെ കൂടെ ഇരിക്കാന്‍ മറക്കുന്നു; മടിക്കുന്നു. വലിയ താമസമൊന്നുമുണ്ടാകില്ല ഇത്തരം കുടുംബങ്ങള്‍ ഒക്കെ ഛിന്നഭിന്നമാകാന്‍. നേരെമറിച്ച്, എന്തു ടി.വി. പ്രോഗ്രാമും ഉണ്ടായിക്കൊള്ളട്ടെ, ദൈവത്തോടൊത്തിരിക്കുന്ന അരമണിക്കൂര്‍ അവഗണിച്ചുകൊണ്ടുള്ള ഒരു പരിപാടിയുമില്ല എന്ന് ദൃഢനിശ്ചയം ചെയ്യുന്ന കുടുംബങ്ങള്‍ കൂട്ടായ്മയിലും ദൈവാനുഗ്രഹത്തിലും വളരും, തീര്‍ച്ച.

ജപമാലയുടെ പ്രേഷിതനായിരുന്ന ഫാ. പേയ്റ്റന്‍റെ പ്രസിദ്ധമായ വാക്യം നിങ്ങള്‍ കേട്ടിട്ടുണ്ടായിരിക്കും. "The family that prays together, stays together." ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒരുമയില്‍ നിലനില്‍ക്കുന്നു. നല്ലൊരു യന്ത്രമാണ് ടിവി. പക്ഷേ, അതില്‍നിന്ന് വരുന്നതെല്ലാം എല്ലാവര്‍ക്കും ഒരുപോലെ നല്ലതല്ല; നല്ലതിനുമല്ല. നല്ലതുപോലും അമിതമാകുമ്പോള്‍ ആപത്താണ്. പഞ്ചസാര നല്ലതാണ്, മധുരമാണ്. പക്ഷേ, അമിതമായാലോ, അത് പ്രമേഹം ഉണ്ടാക്കുന്നു.

പരിശുദ്ധ അമ്മ ഫാത്തിമയില്‍ ലൂസി, ജസീന്ത, ഫ്രാന്‍സിസ് എന്നീ കുഞ്ഞുങ്ങള്‍ക്ക് പ്രത്യക്ഷയായപ്പോള്‍ നല്കിയ പ്രധാനപ്പെട്ട ഉപദേശം ജപമാല ചൊല്ലുക എന്നതായിരുന്നു. പക്ഷേ, അമ്മ ഒരു കാര്യം കൂടി പറഞ്ഞു: "നന്നായി ചൊല്ലണം."

നന്നായി ചൊല്ലുന്നത് ജപത്തിന്‍റെ പിന്നില്‍ നമ്മുടെ അധരങ്ങള്‍ മാത്രമല്ല ബുദ്ധിയും മനസ്സും ഹൃദയവും സ്മരണയും കൂടെ ഉള്ളപ്പോഴാണ്. ജപമാലയില്‍ അവയെല്ലാം പ്രവര്‍ത്തന നിരതമാകട്ടെ. രഹസ്യങ്ങള്‍ ശ്രദ്ധിച്ച് ശ്രവിക്കണം, ഒരു നിമിഷം ധ്യാനിക്കണം. സ്വര്‍ഗ്ഗസ്ഥനായ പിതാവേ, നന്മ നിറഞ്ഞ മറിയമേ എന്നീ ജപങ്ങള്‍ ചൊല്ലുമ്പോള്‍ നമ്മുടെ ശ്രദ്ധ നാം ശ്രവിച്ച രഹസ്യത്തില്‍ കേന്ദ്രീകരിച്ചുകൊള്ളുക. സ്വര്‍ഗ്ഗസ്ഥനായ പിതാവേ, നന്മനിറഞ്ഞ മറിയമേ എന്നീ ജപങ്ങള്‍ തല്‍ഫലമായി യാന്ത്രികമായിപ്പോയേക്കാം. സാരമില്ല. ഇനി, രഹസ്യങ്ങളില്‍ ശ്രദ്ധിക്കുന്നതിനു പകരം നന്മനിറഞ്ഞ മറിയത്തിലേക്ക് ശ്രദ്ധ തിരിയുന്നെങ്കിലോ? ഒരു പ്രശ്നവുമില്ല; അങ്ങനെയായിക്കൊള്ളട്ടെ. ജപമാല ഹൃദയം കൂടാതെയുള്ള പ്രാര്‍ത്ഥനയാകാതിരുന്നാല്‍ മതി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org