ജപമാലമണികളിലൂടെ

ജപമാലമണികളിലൂടെ

കവിത

വര്‍ഗ്ഗീസ് പുതുശ്ശേരി

ജപമാല മണികള്‍ വിരല്‍ത്തുമ്പിലൂടൊഴുകവേ –
അറിയാതെ അധരങ്ങള്‍ ഉരുവിടും അമ്മതന്‍ കീര്‍ത്തനം !
ആബ്ബാ പിതാവേ ആത്മജനേശുവേ പാവനാത്മനെ തഥാ-
കന്യകാ മേരിയെ ധ്യാനിപ്പൂ ജപമാല മണികളിലൊക്കെയും !

സന്തോഷ – ദുഃഖ – പ്രകാശ രഹസ്യങ്ങള്‍ പിന്‍ചെന്ന് –
മഹത്വത്തിന്‍ നവ്യമാം ഗാഥയും മനതാരില്‍ ധ്യാനിച്ച് മെല്ലവേ –
പരിശുദ്ധ അമ്മയോടൊത്ത് തന്‍ അരുമയാം സൂനുവില്‍
കുരിശിന്‍റെ പാതയില്‍ ചേര്‍ന്നിടാന്‍ കൃപയേകണേ അമ്മേ !

ബത്ലഹേം തന്നിലെ പുല്‍ക്കൂട് തൊട്ടങ്ങ് കാല്‍വരിയോളവും
ജീവന്‍ വെടിഞ്ഞതിന്‍ ശേഷമുത്ഥാന സ്വര്‍ഗ്ഗാരോഹണം വരെ
സങ്കട ചെങ്കടല്‍ താണ്ടിയോള്‍ ! നീറും നെരിപ്പോടങ്ങുള്ളിലൊതുക്കിയോള്‍ !
ജപമാല മണികളിലോര്‍ക്കുന്നു അമ്മതന്‍ കദനം നിറഞ്ഞിടും ഹൃദയാന്തരാളത്തെ !

"സ്വസ്തി ! ദാവീദിന്‍ പുത്രി !" കര്‍ത്താവ് നിന്നോട് കൂടെ എന്നെന്നും
"ദൈവകൃപയാലെ പൂരിതേ ! നിന്‍ ഉദരഫലമേറെ അനുഗ്രഹപൂരിതം!"
പരിശുദ്ധ മറിയമേ ! ദൈവ ജനനിയേ ! പാപികള്‍ ഞങ്ങള്‍ക്കായ് –
മരണ നേരത്തുമെന്നേരവും തായേ ! പ്രാര്‍ത്ഥിയ്ക്ക സന്തതം !

സങ്കീര്‍ണ്ണതകളെ സങ്കീര്‍ത്തനമാക്കും ദിവ്യമാം മന്ത്രം ജപമാല !
സാത്താന്‍റെ തന്ത്രവും ദൂരെയകറ്റിടും രക്ഷാകവചം ജപമാല !
പാപാന്ധകാരത്തില്‍ നിന്നും നിത്യം വിമോചനമേകും ജപമാല !
സ്വര്‍ലോകം പൂകിടാന്‍ രക്ഷതന്‍ ഗോവണി തീര്‍ക്കും ജപമാല !

എന്നമ്മ തന്‍ അപദാനം നിതാന്തം പ്രകീര്‍ത്തിക്കാന്‍ –
ജപമണി മുത്തിനാല്‍ കോര്‍ത്തൊരു ദിവ്യമീ ഹാരവും –
കൂപ്പുകരങ്ങളിലേന്തി വരുന്നൊരു മക്കളിലെന്നെന്നും
അനുഗ്രഹ പൂമാരി തൂകാന്‍ കനിയണേ മാതാവേ നിത്യവും !

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org