ജീവനും ജീവിതവും മറന്നുള്ള ഓട്ടം

ജീവനും ജീവിതവും മറന്നുള്ള ഓട്ടം


റ്റോം ജോസ് തഴുവംകുന്ന്

സമൂഹം അതിവേഗം വളരുകയാണെന്നു ശാസ്ത്രം പറയുന്നു; അനുഭവങ്ങള്‍ അങ്ങനെയാണെന്ന് ആധുനിക ജീവിതസൗകര്യങ്ങള്‍ നമ്മെ ബോദ്ധ്യപ്പെടുത്താന്‍ പാടുപെടുന്നു. സാക്ഷരതയിലും സംസ്കാരത്തിലും നാം മുന്നിലാണെന്ന് അഭിമാനിക്കുന്നു. സ്വകാര്യജീവിതത്തില്‍പ്പോലും കയറി ഇടപെടുന്ന തരത്തില്‍ നിയമങ്ങള്‍ രൂപപ്പെടുകയുമാണ്. കണ്ണഞ്ചിപ്പിക്കുന്നതും മോഹിപ്പിക്കുന്നതുമായ ബാഹ്യകാഴ്ചകള്‍ക്കിടയിലും നമ്മെയെല്ലാം അനുദിനം കണ്ണീരണിയിക്കുകയാണ് ഇന്നത്തെ റോഡപകടങ്ങളുടെ സങ്കീര്‍ണത!

കൗമാരക്കാരുടെയും യുവാക്കളുടെയും അകാല വേര്‍പാടുകള്‍ കുടുംബങ്ങളില്‍ ദുരിതങ്ങള്‍ പെയ്തിറക്കുകയാണ്. മുതുമുത്തച്ഛനും മുത്തശ്ശിയും വീടുകളില്‍ ശേഷിക്കുമ്പോഴും ഭാവിതലമുറ ഇല്ലാതാകുന്ന ശോചനീയാവസ്ഥ! ആലോചിച്ചാല്‍ ഒരെത്തും പിടിയും കിട്ടാത്തവിധം വാഹനാപകടങ്ങള്‍ പെരുകുകയാണ്.

ഗതാഗതസംവിധാനങ്ങളും യാത്രാസൗകര്യങ്ങളും ക്രമീകരിക്കപ്പെടുന്ന പ്രാഥമികസൗകര്യമാണ് അഥവാ ചെറുതും വലുതുമായ റോഡുകളാണു നമ്മുടെ അനുദിനജീവിതത്തിന്‍റെ അകലങ്ങളെ അടുപ്പിക്കുന്നത്. റോഡുകളുടെ നിര്‍മാണം യാത്രക്കാരുടെ സുരക്ഷയെ മുന്നില്‍ക്കണ്ടാകണം. ഒരു സര്‍വതോന്മുഖ ദീര്‍ഘവീക്ഷണപ്രവര്‍ത്തനങ്ങള്‍ റോഡുകളുടെ കാര്യത്തിലുണ്ടാകണം. അറ്റകുറ്റപ്പണികളുടെ ഒരു മൊബൈല്‍ വിംഗ് മേഖല തിരിച്ചുണ്ടാകണം; ഇവ റോഡുകളുടെ ഗുണനിലവാരം അപ്റ്റുഡേറ്റാക്കി ക്രമീകരിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണം. റോഡുകളുടെ ഗുണനിലവാരം പാലിക്കുന്നതില്‍ അധികാരികളുടെ ശ്രദ്ധയുണ്ടാകണം; അതില്‍ അഴിമതിയും രാഷ്ട്രീയവും കലര്‍ത്തരുത്. പൊതുനിരത്തുകളെക്കുറിച്ചു പൊതുജനങ്ങള്‍ക്കും ഒരു കരുതലുണ്ടാകണം.

വാഹനങ്ങള്‍ പൊതുവേ "കമ്പ്യൂട്ടറൈസ്ഡ് കാല്‍ക്കുലേഷന്‍സ്" വച്ചാണു പുറത്തിറക്കുകയെന്നു തോന്നുന്നു. പ്രായോഗികമായി നമ്മുടെ നിരത്തുകള്‍ക്ക് അനുയോജ്യമാണോയെന്നു വിലയിരുത്തുന്നുണ്ടോയെന്നു സംശയിക്കണം. വാഹനങ്ങള്‍ സുരക്ഷിതയാത്രയ്ക്കുള്ളതാണ്, അഭ്യാസത്തിനുളളതല്ല. അതു വേണ്ടതാനും. ത്രസിക്കുന്ന യുവമനസ്സുകളെ പ്രലോഭിപ്പിക്കാനുള്ള 'കെട്ടും മട്ടും സ്വഭാവവും ദ്രുതഗമനവും' ആധുനികവാഹനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇത്രമാത്രം വേഗതയില്‍ നമ്മുടെ യുവാക്കള്‍ എങ്ങോട്ടാണു പോകുന്നത് എന്നു വാഹനക്കമ്പനികള്‍ ശ്രദ്ധിക്കാറുണ്ടോ? ജീവിതസുരക്ഷയുടെ വണ്ടിയിലാകണം നമ്മുടെ യാത്ര. സുരക്ഷയുടെ യാത്രയ്ക്കു യോജിക്കുന്നതാകണം വാഹനം; അത്രതന്നെ!!

സമൂഹത്തില്‍ ഓരോ വ്യക്തിയുടെയും സുരക്ഷയ്ക്കുവേണ്ടിയാണു നിയമങ്ങള്‍; ഓരോരുത്തരും നിയമങ്ങള്‍ അനുസരിക്കുക വഴി അപരന്‍റെയുംകൂടി സുരക്ഷ ഉറപ്പു വരുത്തുകയാണ് ചെയ്യുന്നത്. നിയമാനുസൃതം ജീവിക്കാനുള്ള ദൃഢനിശ്ചയമാണു പൗരബോധം, ധാര്‍മ്മികത എന്നൊക്കെ പറയുന്നതിലേക്കു നമ്മെയെത്തിക്കുന്നത്. റോഡപകടങ്ങളില്‍ ശ്രദ്ധിച്ചാല്‍ നമുക്കു മനസ്സിലാകുന്ന ഒരു കാര്യം അപകടത്തിനു പിന്നില്‍ ആരുടെയെങ്കിലും അശ്രദ്ധയോ അലംഭാവമോ അനുസരണക്കേടോ ഉണ്ടെന്ന യാഥാര്‍ത്ഥ്യം!! പലരും വാഹനമോടിക്കുന്നതു ശ്രദ്ധിച്ചാല്‍ നിസ്സംഗതയുടെ ഗൗരവം ബോദ്ധ്യമാകും. നിരത്തിലൂടെ പാഞ്ഞുപോകുന്ന പലര്‍ക്കും മറ്റു പലരെയും പ്രശ്നമല്ല; ഞാന്‍ മാത്രമുള്ള ലോകത്താണു പലരുടെയും ഡ്രൈവിംഗ്. സ്വന്തം വാഹനത്തില്‍ തനിക്കാവശ്യമായ എല്ലാ സുരക്ഷയും ക്രമീകരിച്ചിട്ടുണ്ട്; പിന്നെ ഞാനെന്തിനു ഭയക്കണം? എന്നൊരു തോന്നല്‍ പല ഡ്രൈവിംഗിലും ദൃശ്യമാണ്. സിഗ്നല്‍ പാലിക്കുക, നോ പാര്‍ക്കിംഗ് അനുസരിക്കുക, യുടേണും ഓവര്‍ടേക്കിംഗും നിയമാനുസൃതമാകണം, ഓവര്‍സ്പീഡ് എന്തിനാണെന്നു മനസ്സിലാകുന്നില്ല. ഹെല്‍മറ്റ് ധരിക്കുവാന്‍ എന്താണു നമുക്കിത്ര ബുദ്ധിമുട്ട്? ദുരന്തം സംഭവിച്ചു കഴിയുമ്പോള്‍ നാം ചുറ്റിലേക്കും നോക്കി സകലരെയും കുറ്റം പറയും, പഴിചാരും; എന്നാല്‍ ആരും സ്വയം കുറ്റം സമ്മതിക്കില്ലതാനും. നിയമങ്ങള്‍ അനുസരിക്കേണ്ടതു കോടതിയുടെയും നിയമപാലകരുടെയും സര്‍ക്കാരിന്‍റെയും ആവശ്യമല്ല; മറിച്ച് സ്വയരക്ഷയ്ക്കും അതുവഴി സാമൂഹ്യസുരക്ഷയ്ക്കും വേണ്ടിയാണ്.

റോഡിനേക്കാളും വാഹനത്തേക്കാളും നിയമത്തേക്കാളും പ്രധാനമാണു നമ്മുടെ മനസ്സും മനഃസാക്ഷിയും. മനുഷ്യത്വമെന്നതില്‍ വേരൂന്നുന്ന ജീവിതവീക്ഷണം നാം സ്വന്തമാക്കണം. ഞാന്‍ മാത്രമല്ല അപരനും ഇവിടെ ജീവിക്കാനുള്ള അവകാശമുണ്ടെന്ന ഒരു സാമാന്യസ്വാതന്ത്ര്യം നമ്മുടെ മനസ്സിനു നല്കണം. സ്വാര്‍ത്ഥതയുടെ അത്ഭുതലോകമല്ല പൊതുനിരത്തുകള്‍ എന്നറിയണം. ഏതു സങ്കീര്‍ണതയിലും സുരക്ഷിതത്വം കണ്ടെത്താനും അപരനു സുരക്ഷിതത്വം ഒരുക്കാനും ഡ്രൈവിംഗില്‍ സാധിക്കണം. ലൈസന്‍സെടുക്കുംവരെ നാം കാണിക്കുന്നതു ശുഷ്കാന്തിയും ഏകാഗ്രതയും ശ്രദ്ധയും കരുതലും ക്ഷമയുമൊക്കെ ലൈസന്‍സ് ലഭിക്കുന്നതോടെ ഉപേക്ഷിക്കും; സട കുടഞ്ഞെഴുന്നേല്ക്കുന്ന സിംഹത്തെപ്പോലെ വാഹനവുമായി തലങ്ങും വിലങ്ങും പാഞ്ഞുനടക്കും. തന്‍റെ മുന്നില്‍ ഒരു വാഹനംപോലും കാണാന്‍ ക്ഷമയില്ലാത്തവിധം 'റോംഗ്സൈഡ്' ഓവര്‍ടേക്കിംഗ് പോലും സാദ്ധ്യമാക്കും. റോഡില്‍ കാണുന്ന വരകളും അവയുടെ നിറങ്ങളും റോഡിനിരുവശവും സ്ഥാപിച്ചിരിക്കുന്ന ഗതാഗതനിര്‍ദ്ദേശങ്ങളുമൊന്നും നമ്മെ ബാധിക്കാറില്ലത്രേ!"

ചരടില്ലാത്ത പട്ടം കണക്കെ വാഹനവുമായി പാറിപ്പറക്കുന്നതിലെ 'ആസ്വാദനം' ആപത്തിലേക്കുള്ള പറന്നടുക്കലാകരുത്. മനസ്സിന്‍റെ കടിഞ്ഞാണ്‍ നഷ്ടപ്പെടുത്തി വാഹനത്തിന്‍റെ ആക്സിലേറ്ററിനു പിന്നാലെ ഓടരുത്!? വേഗത അനിയന്ത്രിതമാകുമ്പോള്‍ മനസ്സിന്‍റെയും ബുദ്ധിയുടെയും കടിഞ്ഞാണ്‍ നഷ്ടമാകും. വാഹനത്തിന്‍റെ ഫുള്‍ ഓപ്ഷനും മനുഷ്യന്‍റെ കഴിവിലുള്ള അഹന്തയും ക്ഷണം നേരംകാണ്ടു പൊലിഞ്ഞില്ലാതാകും; വിലപ്പെട്ട ജീവനുകള്‍ എന്നേയ്ക്കുമായി നഷ്ടമാകും.

നിരവധിയായ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യമാണ് ഇന്നത്തെ സമൂഹത്തിനുള്ളത്!? കര്‍മശേഷിയും കാര്യശേഷിയുമുള്ള ഭാവിതലമുറയുടെ അകാലത്തിലുള്ള കടന്നുപോകല്‍ സമൂഹത്തിന്‍റെയും കുടുംബത്തിന്‍റെയും നിലനില്പിനുതന്ന വെല്ലുവിളിയാണ്. വൃദ്ധരുടെ നാടായി മാറുന്നതിലേക്കു 'വികസനം' പുരോഗമിക്കുകയാണ്. മോഹങ്ങള്‍ ചിറകുവച്ചു പറക്കുവാന്‍ ആര്‍ത്തിപൂണ്ടു നില്ക്കുന്ന പ്രായത്തിലേക്കു ത്രസിപ്പിക്കുന്ന വാഹനപരസ്യങ്ങള്‍ ഒട്ടേറെ മാനസിക-സാമഹിക സംഘര്‍ഷങ്ങള്‍ രൂപപ്പെടുത്തുന്നുണ്ട്; തിളയ്ക്കുന്ന മനസ്സിലേക്കു തീയെറിഞ്ഞുകൊടുക്കുന്ന ആധുനികവാഹനങ്ങളുടെ 'ഷോ' മറ്റുള്ളവരുടെ മുമ്പില്‍ 'ഷോ' കാണിക്കാന്‍ ത്രസിക്കുന്ന യുവതയുടെ മനസ്സുകളെ ഭ്രമിപ്പിക്കുന്നുവെന്നു സമൂഹം തിരിച്ചറിയണം. മരണമുഖത്തു കൂടി വാഹനമോടിക്കുകയും മറ്റുള്ളവര്‍ക്കു ദുരന്തത്തിലേക്കുള്ള വഴിയൊരുക്കുകയും ചെയ്യുന്ന നമ്മുടെ ഇന്നത്തെ ഡ്രൈവിംഗ് വിചിന്തനത്തിനു വിധേയമാക്കണം. പൊതുനിരത്തില്‍ മറ്റുള്ളവരെകൂടി പരിഗണിക്കാനുള്ള വിവേകമുണ്ടാകണം.

പിഴ ശിക്ഷയേക്കാള്‍ അനിവാര്യമാകുന്നതാണു ബോധവത്കരണം. പ്ലേ സ്കൂള്‍ മുതല്‍ വിദ്യാലയമാണു മക്കളുടെ പഠനകേന്ദ്രം! സിലബസ്സ് എന്നതു ജീവന്‍റെ മൂല്യത്തെക്കുറിച്ചായിരിക്കണം. കരിക്കുലവും ആക്ടിവിറ്റീസും ജീവിതത്തിന്‍റെ അര്‍ത്ഥത്തിലേക്ക് ആഴമേറിയ ബോദ്ധ്യം നല്കുന്നതായിരിക്കണം. എങ്ങനെ ജീവിക്കണം, എന്തിനു ജീവിക്കണം, എന്താണു ജീവിതലക്ഷ്യം എന്നൊക്കെ പഠനമുണ്ടാകണം. മത്സരിക്കുന്നതു ജീവിക്കാനാകണം. ജീവിക്കാന്‍ സകലര്‍ക്കും അവകാശമുണ്ടെന്ന പ്രാഥമികതത്ത്വം മക്കളെ പഠിപ്പിക്കണം; ആരെയും തോല്പിക്കാന്‍ മത്സരിക്കരുത്; ഒന്നാമനാകാനും രണ്ടാമനാകാനും ഗ്രേഡും റാങ്കും നേടുന്നതിനുമപ്പുറം ഒരു നല്ല മനുഷ്യനാകാന്‍ മക്കളെ പഠിപ്പിക്കുന്ന ചിട്ടയാര്‍ന്ന ശിക്ഷണവും ബോധനവും ഉണ്ടാകണം. അനുസരണം ആയുസ്സിനു ബലം നല്കുമെന്നു നാളെയുടെ തലമുറ അറിയണം.

റോഡപകടങ്ങളുടെ മഖ്യപങ്കും നമ്മുടെ അക്ഷമയില്‍നിന്നും തിടുക്കത്തില്‍ നിന്നും ശാന്തതയില്ലായ്മയില്‍നിന്നും ഉടലെടുക്കുന്നതാണ്. ഒട്ടും ക്ഷമയില്ലാത്ത ഓട്ടം മരണത്തിലേയ്ക്കാവുമ്പോള്‍ സമയമില്ലെന്ന തിരക്കിന്‍റെ മനുഷ്യന്‍ യഥാര്‍ത്ഥ ലക്ഷ്യത്തിലെത്തുമോ? വൈകിയാലും സുരക്ഷിതമായി ലക്ഷ്യത്തിലെത്താനുള്ള ഉറച്ച മനസ്സു നാം രൂപപ്പെടുത്തണം. നാളെയുടെ തലമുറ ജീവന്‍റെ വിലയും കുടുംബത്തോടും നാടിനോടും രാജ്യത്തോടും ലോകത്തോടുമുള്ള പ്രതിബദ്ധത തിരിച്ചറിയണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org