|^| Home -> Suppliments -> Familiya -> ജീവന്റെ മൂല്യം

ജീവന്റെ മൂല്യം

Sathyadeepam

മാതൃപാഠങ്ങള്‍

ഷൈനി ടോമി

ജീവനോളം മൂല്യം മറ്റെന്തിനുണ്ട്? ഭൂമിയില്‍ കുരുക്കുന്ന മൊട്ടായ മൊട്ടെല്ലാം പിഞ്ചിലേ ഞെരടി ഉടച്ചാല്‍ പൂക്കള്‍ വിടരുമോ? പൂക്കളില്ലെങ്കില്‍ ശലഭങ്ങള്‍ വരാതാകും. ശലഭങ്ങളില്ലെങ്കില്‍ പരാഗണം നടക്കില്ല. പുതിയ വിത്തില്ലാതെ, ചെടിയില്ലാതെ, ശുദ്ധവായു ഇല്ലാതെ, ഭക്ഷണമില്ലാതെ മനുഷ്യന്‍ നരകിച്ചു മരിച്ചുകൊണ്ടേയിരിക്കും.

നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍, പിഞ്ചിലെ കശക്കി തകര്‍ക്കപ്പെടുന്നു. ഗര്‍ഭപാത്രം മുതലേ അവരുടെ ജീവനും ജീവിതത്തിനും ഭീഷണിയുണ്ട്. പെണ്‍ അവയവങ്ങള്‍ രതിവൈകൃതരുടെ കഴുകന്‍ കണ്ണുകളുടെ ഭീഷണിയിലാണ്. ജനനം മുതല്‍ മരണം വരെ; പ്രായ, വര്‍ണ, വര്‍ഗ, ഭേദമെന്യേ. നിത്യേനയെന്നോണം പെണ്‍പൈതലുകള്‍ കശക്കി തകര്‍ക്കപ്പെടുന്നു. അതിഘോരമായ ശാരീരിക, മാനസികവേദനയും ഭയവും അരക്ഷിതാവസ്ഥയും നിരാശ്രയത്വവും താളം തെറ്റിയ പെണ്‍തലമുറയ്ക്കും ജന്മം നല്കുന്നു.

ജാതീയ, സാമ്പത്തിക, വര്‍ണ-അടിമത്തങ്ങളെയും വിവേചനങ്ങളെയും ചോദ്യം ചെയ്യാനും പൊരുതി തോല്പിക്കാനും കഴിയുന്ന ഈ സമൂഹത്തില്‍ ആര്‍ക്കും മാലാഖമാരുടെ രൂപസാദൃശ്യമുള്ള നിഷ്കളങ്ക ബാലികമാരെ രക്ഷിക്കാനാകുന്നില്ല. അമ്മമാര്‍ പെണ്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്ന കാലമാണിത്.

കുഞ്ഞുങ്ങള്‍ കൂടുതല്‍ സ്വാസ്ഥ്യവും സുരക്ഷയും അര്‍ഹിക്കുന്നുണ്ടിവിടെ. അവര്‍ ആരുടെയും അടിമകളല്ല. അവരുടെമേല്‍ അധീശത്വം പുലര്‍ത്താന്‍ ആര്‍ക്കും അവകാശവുമില്ല. അവരുടെ സ്വാതന്ത്ര്യവും സന്തോഷവും പിടിച്ചെടുക്കാന്‍ തക്കവിധം പുതിയ ഫ്യൂഡല്‍ സംവിധാനങ്ങള്‍ രൂപപ്പെടുവാന്‍ അനുവദിച്ചുകൂടാ. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ രാഷ്ട്രീയ ഇടപെടലുകൊണ്ടോ അതു സാദ്ധ്യമാകില്ല എന്നാണു നമ്മുടെ കാലഘട്ടം തെളിയിക്കുന്നത്.

എല്ലാക്കാലത്തും കുഞ്ഞുജീവനുകള്‍ക്ക് ഭീഷണി ഉണ്ടായിരുന്നു. എങ്കിലും ദുഷ്ടരും വഞ്ചകരും പലവിധ വിഗ്രഹാരാധകരുമായ അധികാരികളെ തോല്പിക്കാന്‍ എല്ലാക്കാലത്തും ഒരു ‘മോശ’യെ ദൈവം ഒളിപ്പിച്ചുവച്ചു.

പൈതലാം യേശുവും അമ്മയും നല്ല ഉറക്കത്തിലായിരുന്നു. ജോസഫിനെ ഒരു സ്വപ്നം ഉറക്കം കെടുത്തി. ശിശുവിനെയും അമ്മയെയും കൊണ്ട് ഒളിച്ചോടുവാനുള്ള പ്രേരണ. ജോസഫ് ആ സ്വപ്നം ഉള്‍ക്കൊണ്ടു. മേരി ജോസഫിനെ കേട്ടു. അവര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായില്ല എന്നതിലാണ് വിവേകം. പേടിത്തൊണ്ടനായി തന്നെ കരുതുമോ എന്നു ജോസഫും ശങ്കിച്ചില്ല. തങ്ങളുടെ കുഞ്ഞിന്‍റെ ജീവന്‍റെ മൂല്യത്തെക്കാള്‍ വലുതായി ഒന്നിനെയും അവര്‍ പരിഗണിച്ചില്ല. തന്നെയുമല്ല, നിസ്സഹായാവസ്ഥയില്‍ ദൈവം തുണയായി വരുമെന്നും, ദൈവത്തെ അനുഭവിക്കാനുള്ള അവസരമാക്കി മാറ്റണം അതെന്നും കൂടി അവര്‍ തിരിച്ചറിഞ്ഞു.

നമ്മുടെ കുഞ്ഞിനുവേണ്ടി നമ്മള്‍ ത്യജിക്കുന്നതെന്തെല്ലാമാണെന്ന് ഒന്നു ചിന്തിക്കുവാന്‍ സമയമായിരിക്കുന്നു. കാലത്തിന്‍റെ സൂചനകള്‍ അവഗണിക്കുന്നവര്‍ വിവേകശൂന്യരാണ്. അവരുടെ വിളക്കുകളില്‍ ആവശ്യനേരത്ത് എണ്ണയുണ്ടാവില്ല. അതുകൊണ്ട് ‘ഉപരോധത്തിനു വേണ്ടി വെള്ളം കോരാം. കോട്ടകളെ ബലപ്പെടുത്താം. ചെളിയിലിറങ്ങി കളിമണ്ണു ചവിട്ടിക്കുഴച്ച് ഇഷ്ടിക ഉണ്ടാക്കാം.’

എന്‍റെ ജോലിയോ സ്ഥാനമോ, കുടുംബമഹിമയോ, പാരമ്പര്യസ്വത്തുക്കളോ, അഹന്തയോ, എന്തെങ്കിലും വേണ്ടെന്നു വെയ്ക്കുവാന്‍, എനിക്കു കഴിയുമോ എന്നതാണു ചോദ്യം. സമ്പത്തുണ്ടാക്കുവാന്‍ നമ്മള്‍ ത്യജിക്കുന്ന സന്തോഷങ്ങളില്‍ പലതും, കുഞ്ഞുങ്ങളെ പരിചരിക്കുവാന്‍ നമ്മള്‍ ഉപേക്ഷിക്കുന്നില്ല. മറ്റാരെങ്കിലുമാണ് കുഞ്ഞിനെ പരിചരിക്കുന്നത്. അമ്മ അവരെ അറിയാന്‍ ശ്രമിക്കുന്നത് കൗമാരത്തിലോ, യൗവനത്തിലോ മറ്റോ ആവും. അപ്പോള്‍ അവര്‍ക്കു പരസ്പരം മനസ്സിലാക്കലിന്‍റെ നൈരന്തര്യം (Continuity) നഷ്ടപ്പെട്ടിട്ടുമുണ്ടാകും.

ജീവിതത്തില്‍ ഒന്നാം സ്ഥാനം എന്തിനാണ് നല്കേണ്ടതെന്ന് അമ്മയ്ക്കും അച്ഛനും കുഞ്ഞിനെ മനസ്സിലാക്കി കൊടുക്കുവാന്‍ കഴിയുമ്പോഴല്ലേ വളര്‍ച്ചയിലെ പടവുകള്‍ നന്മകൊണ്ടു കയറിപ്പോകാന്‍ കുഞ്ഞിനു സാധിക്കുന്നത്? ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് ശരിയും തെറ്റും കറുപ്പും വെളുപ്പും പോലെ തിരിച്ചറിയുവാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ്, തെറ്റു ചെയ്തിട്ട്, അതിനെന്താ കുഴപ്പം? എല്ലാവരും ചെയ്യുന്നുണ്ടല്ലോ എന്നു നമ്മുടെ മുഖത്തുനോക്കി അവര്‍ പറഞ്ഞു കളയുന്നത്. ധാര്‍മ്മിക മൂല്യച്യുതിയുള്ള സമൂഹത്തിന് അധികകാലം പിടിച്ചുനില്ക്കാനാവില്ല. ഒന്നുകില്‍ സമൂലം നശിക്കും. അല്ലെങ്കില്‍ ഒരു രക്ഷകന്‍ – ക്രിസ്തുതന്നെ – അവരെ ചിലരെയെങ്കിലും രക്ഷിച്ചെടുക്കണം. കല്‍ക്കട്ടയിലെ ചേരിയില്‍ മദര്‍ തെരേസ മാറ്റം വരുത്തിയത് അവരില്‍ ക്രിസ്തു ഉണ്ടായിരുന്നതു കൊണ്ടു മാത്രമാണല്ലോ. കണ്ടുമുട്ടുന്ന എല്ലാ കുഞ്ഞുങ്ങളുടെയും രക്ഷകരാകാന്‍ ക്രിസ്തുവിനെ സ്വീകരിച്ചിട്ടുള്ള ഓരോരുത്തര്‍ക്കും കടമയുണ്ട്. അമ്മമാരായ നമുക്കോരോരുത്തര്‍ക്കും ആ കടമ നിര്‍വ്വഹിക്കാന്‍ ശ്രമിക്കാം!

Leave a Comment

*
*