ജീവിതമെന്ന ഉത്സവം

ജീവിതമെന്ന ഉത്സവം

മനുഷ്യരായ നമ്മള്‍ ഈ ഭൂമിയില്‍ വിഷമിച്ചും സങ്കടപ്പെട്ടും കഴിയേണ്ടവരല്ല. ജീവിതം ആനന്ദത്തിന്‍റെ ഒരു ഉത്സവമാക്കി മാറ്റണം. എങ്ങനെ ഈ ആനന്ദം സ്വന്തമാക്കിമാറ്റാം? ചെറുപ്പത്തില്‍ തന്നെ അതിനുള്ള പരിശീലനം നേടണം. സങ്കടപ്പെട്ടും പരാതി പറഞ്ഞും കുറ്റപ്പെടുത്തിയും ശപിച്ചും കഴിയാനുള്ളതല്ല ജീവിതം. സന്തോഷത്തിന്‍റെ കിരണങ്ങള്‍ ചുറ്റിലും വിതറിക്കൊണ്ട് മുന്നേറാനുള്ളതാണ്.

എല്ലാവരും സന്തോഷം ആഗ്രഹിക്കുന്നവരാണെങ്കിലും മിക്കവരും സന്തോഷത്തെക്കുറിച്ച് ചിന്തിക്കാറില്ല; അതിനനുസരിച്ച് പ്രവര്‍ത്തിക്കാറുമില്ല. ഇന്ന് എപ്പോഴും വിജയത്തെക്കുറിച്ച് നാം കേള്‍ക്കുന്നുണ്ടാകാം. അതേ സമയം സന്തോഷത്തെക്കുറിച്ച് ഏറെയൊന്നും കേള്‍ക്കുന്നുണ്ടാവില്ല. ആല്‍ബര്‍ട്ട് ഷ്വൈറ്റ്സര്‍ ഓര്‍മ്മിപ്പിക്കുന്ന ഒരു കാര്യം വളരെ പ്രസക്തമാണ്: "സന്തോഷത്തിന്‍റെ താക്കോല്‍ ഒരിക്കലും വിജയമല്ല, മറിച്ച് സന്തോഷമാണ് വിജയത്തിന്‍റെ താക്കോല്‍. നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തികളെ സ്നേഹിക്കാന്‍ കഴിഞ്ഞാല്‍ വിജയം നിങ്ങളുടെ വഴിക്കു വരും." പൗലോസ് ശ്ലീഹാ യേശുക്രിസ്തുവില്‍ നിങ്ങളെക്കുറിച്ചുള്ള ദൈവഹിതം എന്താണെന്ന് വ്യക്തമാക്കുന്നുണ്ട്. അത് ഇപ്രകാരമാണ്: "നിങ്ങള്‍ എല്ലായ്പ്പോഴും സന്തോഷത്തോടെ ഇരിക്കുവിന്‍." ഇതെങ്ങനെ സാധ്യമാകും?

ദൈവത്തിന്‍റെ നിയമവും സ്വാഭാവികനിയമവും അനുസരിക്കുന്നതാണ് ധാര്‍മ്മികമായ പെരുമാറ്റം; അതാണ് നല്ല പെരുമാറ്റം. അതു നിങ്ങളെ പൊതുവെ സന്തോഷമുള്ളവരാക്കും. ശരിയാണെന്ന് അറിയുന്നതു ചെയ്യുമ്പോള്‍ ഉണ്ടാകുന്നതാണ് സന്തോഷം. വൃദ്ധയായ ഒരു സ്ത്രീയെ വഴി മുറിച്ചുകടക്കാന്‍ സഹായിക്കുമ്പോള്‍ ഉണ്ടാകുന്നത്, നല്ലതു ചെയ്തുവെന്ന അനുഭവമാണല്ലോ.

സന്തോഷത്തിന് 4 പടികളുണ്ട്. ഓരോ പടിയും അതിന് താഴെയുള്ളതില്‍നിന്ന് ഉയര്‍ന്ന നിലയിലുള്ള സന്തോഷമാണ് പകരുന്നത്.

ഒന്നാമത്തെ പടി
നല്ലതെന്തെങ്കിലും അനുഭവിക്കുമ്പോള്‍ ലഭ്യമാകുന്നതാണ് സന്തോഷത്തിന്‍റെ ആദ്യപടി. ഒരു ചോക്ലേറ്റ് കഴിക്കുമ്പോഴും നല്ലൊരു സിനിമ കാണുമ്പോഴും ഒരു സൂപ്പര്‍ഹിറ്റ് പാട്ടു കേള്‍ക്കുമ്പോഴും ഉണ്ടാകുന്ന സന്തോഷമാണത്. ഇത് ഏതു ജീവിതകാലഘട്ടത്തിലുമെന്ന പോലെ കൗമാരത്തിലും അനുവദനീയമാണ്; സ്വാഭാവികവുമാണ്. നിത്യേന ഇത്തരത്തിലുള്ള അനേകം സന്തോഷാനുഭവങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാകും. ഉയര്‍ന്ന തലത്തിലുള്ള സന്തോഷങ്ങള്‍ക്ക് തടസ്സമാവാത്തിടത്തോളം കാലം ഒന്നാം പടിയിലെ സന്തോഷങ്ങള്‍ സ്വീകരിച്ച് അനുഭവിക്കാം.

രണ്ടാമത്തെ പടി
നാം നമ്മില്‍ നിന്നു തന്നെ നല്ല കാര്യങ്ങള്‍ അനുഭവിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷമാണിത്. ഒരാള്‍ക്ക് തന്‍റെ വിജയങ്ങളിലോ നേട്ടങ്ങളിലോ അനുഭവപ്പെടുന്ന വികാരം. കളിയിലോ പഠനത്തിലോ കലയിലോ ജോലിയിലോ ഒക്കെ വിജയം നേടുന്നതുവഴി ഉണ്ടാകുന്ന സന്തോഷം. മറ്റുള്ളവരുടെ മേല്‍ അധികാരവും ശക്തിയും ഉണ്ടാകുമ്പോഴും ഈ പടിയിലാണ് നിങ്ങള്‍. മറ്റുള്ളവരേക്കാള്‍ മിടുക്കനും മിടുക്കിയുമാണെന്ന് ഒരാള്‍ക്ക് തോന്നുമ്പോഴും സന്തോഷത്തിന്‍റെ ഈ തലത്തിലെത്തുന്നു. ഉദാഹരണമായി ക്ലാസ്സ് ലീഡറായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ പോലും നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന സന്തോഷം ഈ ഗണത്തില്‍പ്പെടുന്നു. ഇത് ആത്മാഭിമാനത്തിന്‍റെ ഭാഗമായുള്ള സന്തോഷമാണ്.

മൂന്നാമത്തെ പടി
നന്മയും ദയയും സ്നേഹവുമുള്ള ആളായിരിക്കുന്നതില്‍ നിന്നുണ്ടാകുന്ന സന്തോഷമാണിത്. മറ്റൊരാളുടെ ആവശ്യത്തില്‍ അയാളെ അറിഞ്ഞു സഹായിക്കുമ്പോള്‍ നമ്മില്‍ ഉണ്ടാകുന്നതാണ് ഈ സന്തോഷം. ഹൃദയത്തിന്‍റെ താല്പര്യപ്രകാരം ശരിയായതു ചെയ്യുമ്പോള്‍ വലിയ സന്തോഷമാകും അനുഭവപ്പെടുന്നത്. ഒരു ചോക്ലേറ്റ് തിന്നുന്നതിലും ഒരു കളി ജയിക്കുന്നതിലും ഉണ്ടാകുന്ന സന്തോഷത്തേക്കാള്‍ വലുതാണ് നന്മ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സന്തോഷമെന്ന് നിങ്ങള്‍ തിരിച്ചറിയണം. അതേസമയം ഈ മൂന്നു സന്തോഷങ്ങളും ഒരുമിച്ച് അനുഭവിക്കാനും കഴിയുമെന്നതാണ് സത്യം. സ്കൂള്‍ ലീഡറായ നിങ്ങള്‍ക്ക് ഒരു ചോക്ലേറ്റ് നുണഞ്ഞു കൊണ്ടുതന്നെ വൃദ്ധയായ ഒരു സ്ത്രീയെ വഴി മുറിച്ചു കടക്കാന്‍ സഹായിക്കാം. അങ്ങനെ സന്തോഷത്തിന്‍റെ വിവിധ തലങ്ങളില്‍ ഒരേസമയം എത്തിച്ചേരാന്‍ കഴിയുന്നു.

ഈ മൂന്നാംപടിയും പൂര്‍ണ്ണമായ സന്തോഷത്തിന്‍റെ തലമല്ല എന്ന് അറിഞ്ഞിരിക്കണം. കാരണം, നാം മറ്റുള്ളവരെ സ്നേഹിച്ചിട്ടും തിരികെ അതു കിട്ടാതെ വരാം. നമ്മള്‍ ഏറെ സ്നേഹിച്ചവര്‍ മരിച്ചുപൊയെന്നുവരാം. ഇപ്രകാരം നിരാശയും മടുപ്പും സങ്കടവും തോന്നുന്ന അനുഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകാന്‍ ഇടയുണ്ട്. അപ്പോള്‍ നമ്മുടെ സന്തോഷം എന്തായിത്തീരും? അതേക്കുറിച്ചാണ് ഇനി പറയുന്നത്.

നാലാമത്തെ പടി
ഓരോ മനുഷ്യന്‍റെയും ഉള്ളിന്‍റെയുള്ളില്‍ പരമമായ സന്തോഷത്തിനു വേണ്ടിയുള്ള ദാഹമുണ്ട്. അതുകിട്ടാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു. അതില്‍ കുറഞ്ഞതൊന്നും മനുഷ്യന് തൃപ്തി നല്‍കുകയുമില്ല. എന്നാല്‍ അത് ഉണ്ടെന്ന് അറിയുകയോ അതിനായി അന്വേഷിക്കുകയോ ചെയ്തില്ലെങ്കില്‍ ആര്‍ക്കും അത് നേടാനാവില്ല. ദൈവത്തിന് നമ്മെത്തന്നെ സമര്‍പ്പിക്കുന്നതാണ് സന്തോഷത്തിന്‍റെ നാലാംപടി. ഏറ്റവും ഉയര്‍ന്ന അവസ്ഥയും അതുതന്നെ. അതിനെയാണ് ആനന്ദം എന്ന് വിളിക്കുന്നത്. ഇത് അല്പംകൂടി വിശദമാക്കാം. നിങ്ങള്‍ ഒരു വൃദ്ധയെ സഹായിക്കുമ്പോള്‍ സന്തോഷം അനുഭവിക്കുന്നു. എന്നാല്‍ ആ കാര്യം ശരിയായ കാരണത്തിനുവേണ്ടി ചെയ്യുമ്പോള്‍ നിങ്ങള്‍ അതില്‍ കൂടുതല്‍ സന്തോഷം അനുഭവിക്കും. ദൈവത്തോടുള്ള അനുസരണത്തില്‍ സ്നേഹപൂര്‍വ്വം പ്രവര്‍ത്തിക്കുമ്പോഴാണ് അത് സംഭവിക്കുന്നത്. അതാണ് നാലാമത്തെ പടി. സ്വന്തം ജീവിതത്തിന്‍റെ അര്‍ത്ഥം കണ്ടെത്തുമ്പോഴാണ് ഏതൊരാള്‍ക്കും യഥാര്‍ത്ഥത്തില്‍ ആനന്ദത്തിലായിരിക്കാന്‍ കഴിയുന്നത്. ചിന്തകളിലും വാക്കുകളിലും ദൈവത്തെ പ്രീതിപ്പെടുത്തുമ്പോഴാണ് ഏറ്റവും ആഴമുള്ള സന്തോഷം നിങ്ങള്‍ക്ക് ലഭിക്കുന്നത്.

നാലാംപടി നല്‍കുന്ന സന്തോഷത്തില്‍ ശാരീരികമായ സുഖം എപ്പോഴും ഉണ്ടാകണമെന്നില്ല. രണ്ടും മൂന്നും നാലും പടികളില്‍ ത്യാഗവും സഹനവും ആവശ്യമായിവരും. നാലാംപടിയിലാണ് ഇത് കൂടുതലായി വേണ്ടത്. കാരണം, ദൈവത്തിന്‍റെ ഇഷ്ടമാണ് ഇവിടെ നിറവേറ്റപ്പെടുന്നത്. എത്ര കൂടുതല്‍ നിങ്ങള്‍ ദൈവത്തെ അനുസരിക്കുന്നുവോ, നന്മ ചെയ്യുന്നതിനായി ത്യാഗങ്ങള്‍ സഹിക്കുന്നുവോ അത്രയും കൂടുതല്‍ ദൈവം നിങ്ങളെ ശുദ്ധീകരിക്കുകയും ചേര്‍ത്തുനിര്‍ത്തുകയും ചെയ്യും. അതിലാണ് യഥാര്‍ത്ഥ സന്തോഷമെന്ന് തിരിച്ചറിയണം.

ദൈവത്തോടുള്ള വിധേയത്വവും സത്യത്തിലുള്ള വിശ്വാസവും ആവശ്യമുണ്ട് നാലാമത്തെ പടിയിലെത്താന്‍. എന്നാല്‍ അവിടെയെത്തിയാലോ? നമുക്ക് പൂര്‍ണ്ണതയുള്ള ജീവിതമാണ് ലഭിക്കുന്നത്. ഇത് പ്രയാസകരമാണെന്നു കരുതി വിട്ടുകളയരുത്. ദൈവത്തില്‍ ശരിയായി വിശ്വസിക്കുകയും അവിടത്തേക്കു വിധേയപ്പെട്ട് ജീവിക്കുകയും ചെയ്താല്‍ സന്തോഷത്തിന്‍റെ ഉയര്‍ന്ന പടിയിലെത്താന്‍ കഴിയും. അതിനുപകരം അവനവനും മറ്റുള്ളവര്‍ക്കും മുറിവുകള്‍ നല്‍കുന്ന സന്തോഷങ്ങള്‍ക്കു പുറകെ പോകരുത്. അത് എല്ലാവര്‍ക്കും നഷ്ടം മാത്രമേ വരുത്തുകയുള്ളൂ. ദൈവത്തോടു ചേര്‍ന്നുനിന്നു കൊണ്ട്, നന്മയ്ക്കായി 'Yes' പറയണം. ഒപ്പം തന്നെ തിന്മ യോട് 'No' പറയണം. പ്രായത്തിന്‍റേതായ കൗതുകങ്ങളും സൗഹൃദങ്ങളും ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ സന്തോഷത്തിന്‍റെ ഏതു പടിയിലാണ് എത്തിക്കുന്നത് എന്നു ചിന്തിക്കണം. അതനുസരിച്ച് തീരുമാനമെടുത്തു പ്രവര്‍ത്തിക്കണം. ഉയര്‍ന്ന തലത്തിലുള്ള സന്തോഷമാകട്ടെ നമ്മുടെ ലക്ഷ്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org