Latest News
|^| Home -> Suppliments -> ULife -> ജിസ് ജോയ് സൂപ്പറാ

ജിസ് ജോയ് സൂപ്പറാ

Sathyadeepam

മരിയ റാന്‍സം

കുടുംബചിത്രങ്ങളുടെ ഹിറ്റ്മേക്കര്‍ ജിസ് ജോയ് ഒഴുക്കിനിടയില്‍ സിനിമാലോകത്ത് എത്തിപ്പെട്ടതല്ല, സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്ന്, കച്ചവടസിനിമകളുണ്ടാക്കാന്‍ മായം ചേര്‍ക്കേണ്ട എന്ന തീരുമാനത്തോട് ശക്തമായ ദൈവവിശ്വാസം കൂടെചേര്‍ത്ത് വച്ചപ്പോള്‍ മലയാള സിനിമയുടെ വിജയത്തിളക്കമായി ജിസ് ജോയ് എന്ന പേര് എഴുതിച്ചേര്‍ക്കപ്പെട്ടു. ജിസ് ജോയിയുടെ സിനിമകള്‍ പോലെതന്നെ, ചെറിയ കാര്യങ്ങളിലൂടെ അദ്ദേഹം പറഞ്ഞുവച്ചത് വലിയ വിശ്വാസത്തിന്‍റെ ആഴത്തെക്കുറിച്ചാണ്. ‘എന്‍റെ കുടുംബത്തോടൊപ്പം മാത്രം കാണാന്‍ കഴിയുന്ന സിനിമകളെ ഞാന്‍ കാണികള്‍ക്കായും ഉണ്ടാക്കാറുള്ളൂ.’ ബന്ധങ്ങളിലും സ്വപ്നങ്ങളിലും പോലും മായംകലരാത്ത ഈ വ്യക്തിത്വത്തിനൊപ്പം ദൈവാനുഗ്രഹം എന്നും കാവലുണ്ടാകും.

? ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, ചാനല്‍ അവതാരകന്‍, പരസ്യസംവിധായകന്‍, സിനിമാ സംവിധായകന്‍ സൂത്രങ്ങളോ എളുപ്പവഴികളോ അല്ല ജിസ്ജോയ് എന്ന വിജയസിനിമയുടെ ചേരുവ എന്നുറപ്പിച്ചു. സിനിമ സ്വപ്നം കാണുന്ന പുത്തന്‍ തലമുറയോട് എന്താണു പറയാനുള്ളത്?
സിനിമയിലേക്കു വരുമ്പോള്‍ ഒരുപാട് ശ്രദ്ധിച്ചിരുന്ന ഒരു കാര്യം എനിക്ക് എന്‍റേതായ ഒരിടം സിനിമയില്‍ ഉണ്ടാകണം എന്നതായിരുന്നു. അതു സിനിമാസംവിധാനത്തിലാണെങ്കിലും ഗാനരചനയിലും തിരക്കഥാരചനയിലുമൊക്കെ ഈ ആഗ്രഹം നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നു. ഉദാഹരണത്തിനു സത്യന്‍ അന്തിക്കാടും ഫാസിലും പ്രിയദര്‍ശനും കമലും അമല്‍നീരജും സിനിമകള്‍ ഒരുക്കുന്നത് ഒരേ ക്യാമറയിലാണ്. പക്ഷേ, ഒരു ഫ്രെയിം കണ്ടാല്‍പ്പോലും ഇന്നയാളുടെ സിനിമ എന്നു മനസ്സിലാകുന്ന തരത്തില്‍ അവരെല്ലാം വ്യത്യസ്ത രീതികള്‍ ഉപയോഗപ്പെടുത്തുന്നവരാണ്. അത്തരത്തില്‍ ഒരിടമാണു ഞാനാഗ്രഹിച്ചതും പരിശ്രമിച്ചതും. അതുതന്നെയാണു പുതുതായി കഥ എഴുതുന്നവരോടും സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവരോടും എനിക്കു പറയാനുള്ളത്.

പഴയ കാര്യങ്ങള്‍ അനുകരിക്കുന്ന ഒരു ഫോര്‍മാറ്റ് സിനിമയുടെ ആളെ ഇനി ഇവിടെ ആവശ്യമില്ല. അത്രയേറെ ആളുകളവിടെയുണ്ട്. ഇത്രയും മത്സരമുള്ള ഇവിടെ നമ്മള്‍ പിടിച്ചുനില്ക്കണമെങ്കില്‍ പുതിയതായ കാര്യങ്ങള്‍ നമ്മള്‍ കൊടുത്തുകൊണ്ടിരിക്കണം. എല്ലാം പുതിയതായിരിക്കണം. അങ്ങനെ വരുമ്പോഴാണ് ഫീല്‍ഗുഡ് സിനിമയുടെ ആളാണ്, ഇയാള്‍ തമാശയുടെ ആളാണ്, വേറൊരാള്‍ പക്കാ കൊമേഴ്സ്യല്‍ സിനിമാക്കാരനാണ് എന്നൊക്കെ മേല്‍വിലാസം കിട്ടുന്നത്. അതുകൊണ്ട് ആദ്യം തീരുമാനിക്കപ്പെടേണ്ടതു മേല്‍വിലാസമാണ്. എനിക്ക് എന്തു പുതുമയാണ് ജനത്തിനു നല്കാനുള്ളതെന്ന് ആദ്യം തീരുമാനിക്കണം. പിന്നീട് അതിനുവേണ്ടി കഠിനമായി പരിശ്രമിക്കണം.

? പ്രതികൂല സാഹചര്യങ്ങളില്‍ അവ അനുകൂലമാക്കി മാറ്റാന്‍ കിണഞ്ഞു പരിശ്രമിക്കുന്നവരായിരുന്നു ജിസ് ജോയിയുടെ മൂന്നു സിനിമകളിലെയും നായികമാര്‍. നായകന്മാരെ ഒരല്പം അലസരും പുത്തന്‍തലമുറയോട് എന്തോ പറയാതെ പറയുന്നുണ്ടല്ലോ?
ശരിയാണ്. എല്ലാ സിനിമകളിലും ഈയൊരാവേശമുണ്ട്. നായകന്മാര്‍ ഒരല്പം മടിയന്മാരാണ്. നായികമാരാകട്ടെ നല്ല ധൈര്യത്തോടെ വിധിയെ നേരിടുന്നവരും. അതിനു രണ്ടുമൂന്നു കാരണങ്ങളുണ്ട്. മലയാള സിനിമ പൊതുവേ സ്ത്രീകഥാപാത്രങ്ങളെ ഒരു ചേരുവയ്ക്കായി മാത്രം ഉപയോഗിക്കുന്നുണ്ടോ എന്നു വിഷമം തോന്നിയിട്ടുണ്ട്. അതിനാല്‍ എന്‍റെ സിനിമയില്‍ അങ്ങനെയാവരുത് എന്നാഗ്രഹിച്ചു. നായികയ്ക്കു പ്രാധാന്യമുള്ള സിനിമയാവണം – അതു നായകനൊപ്പംതന്നെ വേണം എന്നു ഞാനാഗ്രഹിച്ചു. അങ്ങനെ വേണമെന്നു ശാഠ്യം പിടിച്ചില്ല. എങ്കിലും അതങ്ങനെ തന്നെ സംഭവിച്ചു.

സിനിമകൊണ്ട് ഒരാളെ ഒന്നു പ്രചോദിപ്പിക്കാനോ പ്രോത്സാഹിപ്പിക്കാനോ കഴിഞ്ഞാല്‍ അതു വലിയ കാര്യമല്ലേ? വിജയ് സൂപ്പറും പൗര്‍ണമിയും കണ്ടിട്ട് ഒരുപാടു പെണ്‍കുട്ടികള്‍ സന്തോഷത്തോടെ വിളിക്കുകയും മെസേജയയ്ക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഒരു കച്ചവടസംരംഭകത്വം എപ്പോഴും നായകന്‍റെ ജീവിതത്തോടു ചേര്‍ന്നാണു സിനിമയില്‍ കാണാറ്. എന്നാല്‍ ഈ സിനിമ നായിക ബിസിനസ്സ് ചെയ്യുന്നതും വിജയിക്കുന്നതുമാണ് ചിത്രീകരിച്ചിരിക്കുന്നത്. രാജഗിരി കോളജില്‍ ഈ സിനിമയുടെ 25-ാം ദിവസത്തെ ആഘോഷത്തിനു ചെന്നപ്പോള്‍ രണ്ടു പെണ്‍കുട്ടികള്‍ പറഞ്ഞ്, അവര്‍ രണ്ടുപേര്‍ ചേര്‍ന്നു ബിസിനസ്സ് ചെയ്യാന്‍ തീരുമാനിച്ചുവെന്ന്. എന്നെ സംബന്ധിച്ചിടത്തോളം എന്‍റെ സിനിമയിലെ ഒരു രംഗമോ വാക്കോ വാചകമോ ഒരാളുടെ ജീവിതത്തെ സ്വാധീനിച്ചു എന്ന അറിവ് എത്ര വലിയ പ്രതിഫലം കിട്ടുന്നതിലും വലിയ സന്തോഷം തരുന്ന കാര്യമാണ്.

? കുറഞ്ഞ നിമിഷങ്ങള്‍ കൊണ്ടു വലിയ കാര്യങ്ങള്‍ പറഞ്ഞുവയ്ക്കുന്ന പരസ്യസംവിധായകന്‍ വലിയ ഫ്രെയിമില്‍ ചെറിയ കാര്യങ്ങള്‍ പറഞ്ഞു മലയാളികളെ സന്തോഷിപ്പിച്ച സംവിധായകന്‍ പരസ്യത്തിന്‍റെയും സിനിമയുടെയും വ്യത്യസ്ത ചട്ടക്കൂടു കൃത്യമായി ഉപയോഗപ്പെടുന്നത് എങ്ങനെ?
സിനിമയും പരസ്യവും എനിക്ക് ഒരുപോലെ തന്നെയാണ്. ഒരു ജീവിതോപാധി എന്ന നിലയിലാണു കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ പരസ്യം ചെയ്യുന്നത്. ഏതാണ്ട് 500-ഓളം പരസ്യങ്ങള്‍ എഴുതി സംവിധാനം ചെയ്യാനുളള ഭാഗ്യമുണ്ടായി. ഒരുകാര്യത്തില്‍ ഞാന്‍ വളരെ ശ്രദ്ധിച്ചിട്ടുണ്ട്. എന്‍റെ പരസ്യങ്ങള്‍ ആളുകളെ വഞ്ചിക്കുന്നതാകരുത്. പറഞ്ഞ് പറ്റിച്ച് സാരിയോ, സ്വര്‍ണ്ണമോ, കുടയോ, ആയുര്‍വേദമോ വില്പന നടത്താന്‍ ഒരു കമ്പനികളോടും ഞാന്‍ കൂട്ടുചേര്‍ന്നിട്ടില്ല. എന്നാല്‍ സിനിമ എനിക്കൊരു മേല്‍വിലാസം ഉണ്ടാക്കിത്തന്നൊരു കാര്യമാണ്. എന്‍റെ തൊട്ടയല്‍വക്കത്തുക്കാര്‍ക്കുപോലും പരസ്യസംവിധായകനായിരുന്നപ്പോള്‍ ഞാനെന്താണു ചെയ്തിരുന്നത് എന്നറിയില്ല. എന്നാല്‍ സിനിമ ചെയ്തപ്പോള്‍ എല്ലാവരും എന്നെ അറിയുന്നു. സണ്‍ഡേ ഹോളിഡേയില്‍ ശ്രീനിവാസന്‍ പറയുന്നുണ്ട്. ഒരു പതിനായിരം വേദികളില്‍ കയറിനിന്നു പ്രസംഗിക്കുന്നതിനു തുല്യമാണൊരു സിനിമ എന്ന്. രണ്ടിന്‍റെയും ചട്ടക്കൂടു രണ്ടാണ്. ഒന്ന് 30 സെക്കന്‍ഡില്‍ ഒരു കഥ പറയണം. ഉത്പന്നത്തെ വില്പിക്കണം. ഇവിടെ അങ്ങനൊന്നുമില്ല. രണ്ടു മണിക്കൂറോ രണ്ടേ കാല്‍ മണിക്കൂറോ എടുക്കാം. പക്ഷേ, രണ്ടും ആളുകള്‍ക്കു മനസ്സിലാകണം എന്നതാണു പ്രധാനം. എന്നാല്‍ എന്താണ് ഇതിലൂടെ സംവദിക്കുന്നതെന്നു കൃത്യമായി പഠിച്ചിട്ടു വേണം ഇതു രണ്ടും ചെയ്യാന്‍. പരസ്യം അല്ല സിനിമ; സിനിമയല്ല പരസ്യം. രണ്ടിന്‍റെയും സീന്‍ ദൈര്‍ഘ്യങ്ങള്‍പോലും രണ്ടാണ്. ഇതെല്ലാം ദൈവം എന്നെക്കൊണ്ടു ചെയ്യിക്കുന്നു എന്നു വിശ്വസിക്കാനാണെനിക്കിഷ്ടം. കാരണം സിനിമയും പരസ്യവും ആരുടെ കൂടെനിന്നും ഞാന്‍ പഠിച്ചിട്ടില്ല. തിരക്കഥാരചനയും പഠിച്ചില്ല. ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിലും പോയിട്ടില്ല. ഇതെങ്ങനെ സംഭവിക്കുന്നു എന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേ എനിക്കുള്ളൂ; എന്‍റെ സിനിമകളുടെ ആദ്യടൈറ്റില്‍ In God, We Trust എന്നാണ്. ദൈവത്തിലുള്ള അമിത ആശ്രയം മാത്രമാണിതെല്ലാം സാദ്ധ്യമാക്കുന്നത്.

? ഓരോ മലയാളിയുടെ ജീവിക്കുന്ന ചുറ്റുപാടില്‍ കണ്ടുമുട്ടുന്ന അഥവാ എന്‍റെ തന്നെ ജീവിതമല്ലേ ഇതെന്നു തോന്നിപ്പിക്കുന്ന കഥാപാത്രങ്ങളാണ് ജിസിന്‍റെ സിനിമ. ഇവരെല്ലാം കഥാപാത്രങ്ങളാണോ അതോ പരിചിതമുഖങ്ങളെ കഥാപാത്രങ്ങളായി മാറ്റുന്നതാണോ?
എന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള ലോഹിതദാസ് എന്ന എഴുത്തുകാരന്‍റെ സിനിമകള്‍, പത്മരാജന്‍ സാറിന്‍റെ സിനിമികള്‍, സിദ്ധിക്ലാല്‍, ശ്രീനിവാസന്‍ ഈ നാലുപേരുടെ സിനിമകളാണ്. അതില്‍ ലോഹിസാറിന്‍റെ സിനിമകളില്‍ നമുക്കു പരിചയമുള്ള ആളുകളെയൊക്കെ കാണാനാകും. ഒരു ഗുരുമുഖത്തുനിന്നു തിരക്കഥാരചനയെക്കുറിച്ചു കേള്‍ക്കുന്നതു ചക്രമെന്ന സിനിമയുടെ സമയത്തു ലോഹിസാറിനെ കാണാന്‍ ഭാഗ്യം ലഭിച്ചപ്പോഴാണ്. സിനിമ എപ്പോഴും സിനിമാറ്റിക് ആകണം എന്നു വിശ്വസിക്കുന്നയാളാണു ഞാന്‍. അപ്പോള്‍ നമ്മുടെ ചുറ്റുവട്ടത്തു കാണുന്നവരെ ഒരല്പം ഭാവന ചേര്‍ത്തു കഥാപാത്രമായി മാറ്റാറുണ്ട്. ഒരിക്കലും റിയലിസംകൊണ്ടു മാത്രം നമുക്കു സിനിമ ഉണ്ടാക്കാനാകില്ല. സത്യമായ കാര്യങ്ങളില്‍ നിന്നോ സംഭവങ്ങളില്‍ നിന്നോ ഉള്‍ക്കൊള്ളാം. അതിനകത്ത് ഒരു സിനിമാറ്റിക്കും ഒരു എലവന്‍റുംകൂടി വരുമ്പോഴാണ് സിനിമ നമ്മെ രസിപ്പിക്കുന്നതാവുകയുള്ളൂ. കാലാപാനി എന്ന സിനിമ നോക്കൂ. ഗോവര്‍ദ്ധനെന്ന ജീവിച്ചിരുന്ന ഒരാളുടെ സിനിമയാണത്. പക്ഷേ, ശരിയായ ജീവിതത്തില്‍ അനുഭവിച്ചതിനേക്കാള്‍ കഷ്ടപ്പാടുകളും രസകരങ്ങളായ സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും സംഭാഷണങ്ങളും അതില്‍ വന്നു. ഇതുപോലെ നമുക്കു ചുറ്റുവട്ടത്തു നമ്മള്‍ കാണുന്ന ജീവിതങ്ങളെ കുറച്ചു സിനിമാറ്റിക്കായി അവതരിപ്പിച്ചാല്‍ വലിയ അംഗീകാരം ലഭിക്കും. ഇപ്പോള്‍ നോക്കൂ. ‘ഉയരേ’ എന്ന സിനിമ നമുക്കതിനോടു വല്ലാത്ത ബന്ധം തോന്നുന്നു. നമ്മുടെ അടുത്ത വീട്ടില്‍ സംഭവിച്ചതുപോലെ അനുഭവപ്പെടുന്നില്ലേ? നമ്മുടെ സമൂഹത്തില്‍ സംഭവിച്ചതുപോലെ തോന്നുന്നില്ലേ? സണ്‍ഡേ ഹോളിഡേയിലെ സിദ്ധിക്കിന്‍റെ കഥാപാത്രം വ്യക്തിപരമായി എനിക്കു പരിചയമുള്ള ആളുകളാണ്. കെപിഎസി ലളിതമ്മയുടെ കഥാപാത്രം പറയുന്ന കാര്യങ്ങളൊക്കെ എനിക്കനുഭവമുള്ളതാണ്. ഇതൊക്കെ വീട്ടില്‍ വരുമ്പോള്‍ കുറിപ്പുകളായി എഴുതി വയ്ക്കും; സിനിമയാകുമ്പോള്‍ കൂട്ടിച്ചേര്‍ക്കും.

? ഫാ. ബോബി ജോസ് കട്ടിക്കാട്, ഗായിക ചിത്ര ഇവരൊക്കെ അവരായിത്തന്നെ സിനിമയിലെത്തുന്നു. കഥയുടെ ലോകം യാഥാര്‍ത്ഥ്യമായിത്തന്നെ കാഴ്ചക്കാര്‍ ഉള്‍ക്കൊള്ളണം എന്ന പരസ്യസംവിധായകന്‍റെ മിടുക്കാണോ അത്?
ഫാ. ബോബി ജോസ് കട്ടിക്കാടെന്ന് പറയുന്നതെന്‍റെ ആത്മീയ ആചാര്യനാണ്. എന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള മനുഷ്യനാണ്. ബോബിയച്ചനപ്പുറം മറ്റൊരാള്‍ക്കും എന്‍റെ ജീവിതത്തെ സ്വാധീനിക്കാനായിട്ടില്ല. എന്‍റെ ജീവിതത്തില്‍ ആര്‍ദ്രതയുണ്ടാക്കിയ മനുഷ്യനാണ്. സണ്‍ഡേ ഹോളിഡേ പോലൊരു സിനിമ ചെയ്യുമ്പോള്‍ എനിക്ക് നിര്‍ബന്ധമായിരുന്നു. അപര്‍ണ്ണയും ആസിഫും വില്ക്കാന്‍ നടക്കുന്ന സിഡി അച്ചന്‍റേതാകണം. ആ അച്ചന്‍ വെറുമൊരു കഥാപാത്രം ആവരുത് എന്നുള്ളത്. അച്ചനെ സിനിമയില്‍ അഭിനയിപ്പിക്കണം എന്നതൊക്കെ. പക്ഷേ, ആദ്യമൊന്നും അച്ചന്‍ സമ്മതിച്ചില്ല. ഒരുപാട് നിര്‍ബന്ധത്തിനൊടുവിലാണ് അച്ചന്‍ അഭിനയിച്ചത്. ഇനി ഞാന്‍ എത്ര സിനിമകള്‍ ചെയ്താലും, ഫാ. ബോബി ജോസ് എന്‍റെ സിനിമയില്‍ അഭിനയിച്ചു എന്നത് എന്‍റെ ജീവിതത്തിന് ഒരു പൊന്‍തൂവല്‍ തന്നെ ആയിരിക്കും. അങ്ങേയറ്റത്തെ അംഗീകാരമായിട്ടാണ് ഞാനതിനെ കാണുന്നത്. അതുപോലെ വിജയ്സൂപ്പര്‍ കണ്ട പലരും എന്നെ വിളിച്ചിട്ടു പറഞ്ഞു, ചിത്രച്ചേച്ചിക്ക് പകരം മറ്റേത് സിംഗര്‍ അവിടെ വന്നാലും ചിലപ്പൊ രണ്ടഭിപ്രായം വരാം. പക്ഷെ, ചിത്രച്ചേച്ചിയുടെ കാര്യത്തില്‍ അത് ഒരിക്കലും രണ്ടഭിപ്രായമായില്ല – സൂപ്പര്‍ എന്നൊരഭിപ്രായം മാത്രമേയുള്ളൂ. ചേച്ചി സിനിമയില്‍ വന്നിട്ട് ഇത്രയും വര്‍ഷമായി. പക്ഷേ, ആദ്യമായിട്ടാണ് ഒരു സിനിമയില്‍ അഭിനയിച്ച് പാട്ട്പാടുന്നത്. അവിടേയും ഒരുപാട് നിര്‍ബന്ധിക്കേണ്ടതായി വന്നു. പലരും ഇതിനുമുമ്പ് ശ്രമിച്ച് പരാജയപ്പെട്ടതായിരുന്നു. ഒടുവില്‍ രണ്ടോ മൂന്നോ ഫോണ്‍കോളില്‍ ചേച്ചി വന്നു. അവിടേയും ഞാന്‍ മുന്നേ പറഞ്ഞ ഒരു കാര്യമാണ് ഓര്‍ക്കേണ്ടത്. നമ്മളെന്തൊക്കെയോ പ്ലാന്‍ ചെയ്യുന്നു. നമ്മള്‍ വിളിച്ചാല്‍ ഉപേക്ഷിക്കില്ലാത്ത ദൈവം നമുക്കിതെല്ലാം നടത്തിത്തരുന്നു. നമ്മുടെ മിടുക്ക് എപ്പോഴും രണ്ടാമതാണ്.

? കുടുംബപ്രേക്ഷകന്‍റെ ഗ്യാരണ്ടി ഉറപ്പായ സംവിധായകന്‍റെ പുറകില്‍ ഉറപ്പായും ഒരു സ്നേഹകുടുംബം ഉണ്ടാകുമല്ലോ? കുടുംബത്തെക്കുറിച്ച് ഒന്നു പറയാമോ?
തീര്‍ച്ചയായിട്ടും. എന്‍റെ അപ്പന്‍ തോമസ് ജോയി, അമ്മ പുഷ്പ, ഭാര്യ നൈജി, ഞങ്ങള്‍ക്ക് രണ്ട് മക്കള്‍. മകന്‍ യോഹാന്‍, മകള്‍ നിതാര. ഇവര്‍ രണ്ടുപേരും വിദ്യാര്‍ത്ഥികളാണ്. ഒരു സഹോദരിയുണ്ട് അവള്‍ വിവാഹിതയായി തൃശൂരാണ് താമസം. ഇതാണ് എന്‍റെ കുടുംബം. ഞാന്‍ സിനിമ ചെയ്യുന്നത് എന്‍റെ കുടുംബത്തോടൊന്നിച്ചിരുന്ന് കാണാനായിട്ടാണ്. തിയ്യേറ്ററില്‍ ആളുകള്‍ കാണുംമുമ്പ് പലതവണ എന്‍റെ കുടുംബത്തോടൊപ്പം ഞാന്‍ കാണുന്നുണ്ട്. പല തവണ കണ്ട് അവരുടെ നിര്‍ദ്ദേശങ്ങളെടുത്തതിനു ശേഷം മാത്രമേ ഞാനത് ഫൈനലാക്കുകയുള്ളൂ. ആ തിരുത്തലുകള്‍ക്ക് ശേഷമേ സെന്‍സറിങ്ങിനയക്കാറുള്ളൂ. അതിനുശേഷമാണ് സിനിമ തിയ്യേറ്ററിലെത്തുന്നുള്ളൂ. എന്‍റെ സിനിമയില്‍ അതിനാല്‍ ബീപ് ശബ്ദം ഇടേണ്ടി വരില്ല, അസഭ്യമായൊരു വാക്കോ സന്ദര്‍ഭമോ ഉണ്ടാവില്ല. കുട്ടികളുടെ കണ്ണ് പൊത്തുന്ന സീനോ ഉള്‍പ്പെടുത്തില്ല. ഇതൊരു തീരുമാനമാണ്.

ഇത്തരത്തില്‍ ലഭിക്കുന്ന കയ്യടി ദീര്‍ഘകാലം നിലനില്ക്കില്ല എന്നാണെന്‍റെ വിശ്വാസം. ശുദ്ധതയുള്ള ഒരു കുടുംബചിത്രം എന്ന ലേബലില്‍ പൊതിഞ്ഞ് എന്‍റെ ചിത്രങ്ങളിറങ്ങാനാണ് ഞാനാഗ്രഹിക്കുന്നത്. ഈ ലേബലില്‍ കിട്ടുന്ന സാമ്പത്തികനേട്ടവും അംഗീകാരവും മതി എന്‍റെ സിനിമയ്ക്ക് എന്നത് തീരുമാനിക്കപ്പെട്ട കാര്യമാണ്. എന്‍റെ കുടുംബത്തിന് ആസ്വാദ്യകരമാകുന്നുണ്ടോ എന്നതാണ് എന്‍റെ സിനിമകള്‍ കടന്നുപോകേണ്ട ആദ്യ മാനദണ്ഡം.

(ഭാരത് ബന്‍സ്, മിട്സുബിഷി ട്രക്ക്, നിറപറ, അസറ്റ് ഹോംസ് തുടങ്ങിയ പരസ്യചിത്രങ്ങളുടെയും ബൈസിക്കിള്‍ തീവ്സ്, വിജയ് സൂപ്പറും പൗര്‍ണ്ണമിയും, സണ്‍ഡേ ഹോളിഡേ തുടങ്ങിയ സിനിമകളുടെ സംവിധായകനുമാണ് ജിസ് ജോയ്.)

Leave a Comment

*
*