ജോലിയും ജീവിതവും കോര്‍ത്തിണക്കിയില്ലെങ്കില്‍

ജോലിയും ജീവിതവും കോര്‍ത്തിണക്കിയില്ലെങ്കില്‍

യുവജന പ്രശ്നങ്ങളിലൂടെയുള്ള ഒരു യുവമനഃശാസ്ത്രജ്ഞന്‍റെ പരീക്ഷണയാത്രകള്‍….

വിപിന്‍ വി. റോള്‍ഡന്‍റ്
മനഃശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍,
പരിശീലകന്‍, ഗ്രന്ഥകാരന്‍
Chief Consultant Psychologist,
Sunrise Hospital, Cochin Universiry &
Roldants Behaviour Studio, Cochin

ഒരു മാര്‍ക്കറ്റിംഗ് സ്ഥാപനത്തിലെ സെയില്‍സ് മാനേജരാണ് ആരതി. ആത്മാര്‍ത്ഥതയും സത്യസന്ധതയും കാര്യശേഷിയുമുള്ള യുവതി. ഏതൊരു സാഹചര്യവും മനസ്സിലാക്കി, പരാതി കൂടാതെ സ്ഥാപനത്തിന്‍റെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആരതിയെ ഏവര്‍ക്കും ഇഷ്ടമാണ്. സൗമ്യമായ സംസാരവും ഹൃദ്യമായ പെരുമാറ്റവുംകൊണ്ട് കസ്റ്റമേഴ്സിന്‍റെ മുക്തകണ്ഠപ്രശംസയ്ക്ക് അര്‍ഹയാകാറുള്ള ആരതി തന്‍റെ ജോലിത്തിരക്കിനിടയിലും കുടുംബജീവിതം ഭദ്രമായി കൊണ്ടുപോകാന്‍ ശ്രമിക്കുന്നയാളാണ്. ഭര്‍ത്താവിന്‍റെയും ഭര്‍ത്തൃമാതാപിതാക്കളുടെയും, സ്വന്തം മാതാപിതാക്കളുടെയുമെല്ലാം ഏതൊരു കാര്യത്തിനും, അതീവതാല്പര്യത്തോടെ മുന്‍കൈ എടുക്കുന്ന പ്രകൃതമാണ് ആരതിയുടേതെങ്കിലും അവരില്‍ നിന്നും പലപ്പോഴും പൂര്‍ണ്ണമായ മനസ്സിലാക്കലും സഹകരണവും ആരതിക്ക് കിട്ടാറില്ല. അത് ആരതിയുടെ ഒരു സ്വകാര്യസങ്കടമാണ്.

മാറ്റങ്ങള്‍ മനസ്സുലച്ചപ്പോള്‍…
ഓഫീസിലെ ചില മാറ്റങ്ങള്‍ പെട്ടെന്നായിരുന്നു. കമ്പനി മേധാവികള്‍ക്ക് സ്റ്റാഫിന്‍റെ പ്രകടനം ലക്ഷ്യബോധമില്ലാത്തതും ഫലം കുറഞ്ഞതുമായി തോന്നിയ സാഹചര്യം അവര്‍ പഠിച്ചു. എല്ലാവരും നല്ല മനസ്സുള്ളവരും, ആത്മാര്‍ത്ഥതയുള്ളവരുമാണെങ്കിലും സ്റ്റാഫുകളുടെ ലക്ഷ്യബോധമില്ലാത്ത പ്രവര്‍ത്തനശൈലി കമ്പനിയുടെ വളര്‍ച്ചയെ മുരടിപ്പിച്ചിരുന്നു. സമയത്ത് ഓഫീസില്‍ ആളുകള്‍ വരുന്നതടക്കം ഓരോ പ്രവര്‍ത്തികളും മാനേജ്മെന്‍റ് സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കി. ടാര്‍ജറ്റുകള്‍ മുമ്പ് പാലിക്കപ്പെട്ടിട്ടില്ലായിരുന്നെങ്കിലും 'ഒരു കുഴപ്പവുമില്ല, better next time എന്നു പറഞ്ഞിരുന്ന കമ്പനി മേധാവികള്‍ അത്തരം പറച്ചിലുകള്‍ നിര്‍ത്തി. സ്വാഭാവികമായും ജോലിയില്‍ pressure കൂടി. താഴെയുള്ള സ്റ്റാഫിനെ മികച്ച പ്രകടനമുള്ളവരാക്കാന്‍ നടത്തിയ വേഗതയേറിയ ചില നടപടികള്‍ പക്ഷേ, മടിപിടിച്ചുപോയ തന്‍റെ ടീമംഗങ്ങള്‍ ചെയ്യാതെ വന്നതോടെ ആരതി അതീവ സമ്മര്‍ദ്ദത്തിലായി. ഇതേ സമയം തന്നെ വീട്ടിലുണ്ടായിരുന്ന ചില സാഹചര്യങ്ങളും തൊട്ടതിനും പിടിച്ചതിനും ദേഷ്യപ്പെട്ട് ബഹളമുണ്ടാക്കുന്ന ഭര്‍ത്താവും, വീട്ടുകാര്‍ തമ്മിലുള്ള പ്രശ്നങ്ങളുമെല്ലാം ആരതിയെ കടുത്ത അസ്വാസ്ഥ്യത്തിലേക്കും, പെരുമാറ്റ വ്യതിയാനത്തിലേക്കുമെത്തിച്ചു. ശാന്തസ്വഭാവക്കാരി പൊട്ടിത്തെറിക്കാന്‍ തുടങ്ങി. ഉറക്കം ഇഷ്ടപ്പെട്ടിരുന്നവള്‍ക്ക് ഉറക്കമില്ലാതായി. ഭക്ഷണം ഇഷ്ടപ്പെട്ടിരുന്നവള്‍ കഴിക്കാതായി. മേലധികാരികളോടും സഹപ്രവര്‍ത്തകരോടും ഹാപ്പിയായി പെരുമാറി മുന്നേറാന്‍ പറ്റാതായി. ആകെ മൊത്തം ജീവിതം 'ഉള്‍ട്ട.'

ജീവിതം കൈവിടുംമുമ്പേ…
കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നു മനസ്സിലായപ്പോള്‍ ആരതി സ്വസ്ഥതയ്ക്കും സമാധാനത്തിനുമായി രണ്ടാഴ്ച ലീവെടുത്തു. അഥവാ കമ്പനി ലീവ് കൊടുത്തു. ആരതിയുടെ അസാന്നിദ്ധ്യം കമ്പനിയുടെ ആ വിഭാഗത്തിന്‍റെ മുന്നേറ്റത്തെ സാരമായി ബാധിച്ചു. തങ്ങളുടെ ലീഡറിനോടു തങ്ങള്‍ അനുസരണക്കേടു കാട്ടിയെന്നും ethics ഇല്ലാതെ പെരുമാറിയെന്നും ടീമംഗങ്ങള്‍ക്കു തോന്നി. അവര്‍ ആരതിയെത്തേടി വീട്ടിലെത്തി അവളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. കുടുംബാംഗങ്ങളും അവസരത്തിനൊത്തുയര്‍ന്നു. താമസിയാതെ രംഗം തണുത്തു. കൂടുതല്‍ മികവോടെ ജോലിയും ജീവിതവും ആരതി ബാലന്‍സ് ചെയ്തു തുടര്‍ന്നു.

ജോലിയും ജീവിതവും വെല്ലുവിളിക്കുമ്പോള്‍
ഇതൊരു ചെറുകഥപോലെ എഴുതിയതാണെങ്കിലും, ജോലിയും ജീവിതവും കോര്‍ത്തിണക്കിക്കൊണ്ടുപോകുന്ന ഒട്ടനവധി സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും വെല്ലുവിളികളുമാണു ചിന്താവിഷയം. കുടുംബത്തെ താങ്ങിനിര്‍ത്തണമെന്നും ആഗ്രഹിച്ച സ്വപ്നനേട്ടങ്ങളിലേക്കെത്തണമെന്നും ചിന്തിച്ചു ജീവിക്കുന്ന നിരവധി സ്ത്രീകളുടെ പ്രതിനിധി മാത്രമാണ് ആരതി. ജോലിക്കു പോകുന്ന സ്ത്രീക്ക് ഒരേ സമയം തന്നെ വീട്ടിലും ഓഫീസിലുമുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണ്ടതുണ്ട്. Work life balance നുവേണ്ടി വേദന സഹിച്ചു പരിശ്രമിക്കുന്ന സ്ത്രീക്കും പുരുഷനും താങ്ങായി ജീവിതപങ്കാളിയും കുടുംബവും ഓഫീസും സഹപ്രവര്‍ത്തകരും നിന്നില്ലെങ്കില്‍ ജീവിതം വിഷാദചിന്തയിലേക്കു കൂപ്പുകുത്തും. വികാരങ്ങള്‍ നിയന്ത്രണവലയങ്ങള്‍ ഭേദിച്ചു പുറത്തു ചാടി അവനവനെയും മറ്റുള്ളവരെയും തകര്‍ത്തുകളയും. വ്യക്തിബന്ധങ്ങള്‍ താറുമാറാകും, ഓഫീസില്‍ അടിയും ഇടിയും, വെടിയും പുകയും, പല്ലിറുമ്മലുമുയരും. കമ്പനി ആടിയുലയും. വിജയം പൂമാല കിട്ടാതലയും. പരാജയം കുതിച്ചുയരും.

വേണം പ്രൊഫഷണലിസം
ഓഫീസിലെ പ്രശ്നങ്ങള്‍ വീട്ടിലും വീട്ടിലെ പ്രശ്നങ്ങള്‍ ഓഫീസിലും കൊണ്ടുവരരുതെന്നാണു പ്രമാണം. പക്ഷേ, രണ്ടിടത്തും പ്രശ്നമാണെങ്കില്‍, രണ്ടിടത്തും പോകേണ്ടിവരുന്ന ഒരു വ്യക്തി എന്തു ചെയ്യും? അവള്‍ക്ക്/അവന് എങ്ങനെ സ്വസ്ഥത കിട്ടും? ചിന്തിക്കേണ്ട ചോദ്യമാണിത്. ജോലിയില്‍ കൃത്യതയോടെ pending ഇടാതെ, ലക്ഷ്യബോധത്തോടെ ജോലി ചെയ്യാവുന്ന രീതിയിലുള്ള പദ്ധതി ഉണ്ടാക്കുകയും സ്വന്തം സംഘാംഗങ്ങളുടെ തെറ്റുകളോടും മടികളോടും തക്കസമയത്തു നടപടികളെടുക്കുവാനുള്ള ധൈര്യവുമുണ്ടായിരിക്കുകയും ചെയ്താല്‍ ജോലി താനേ നമ്മുടെ വരുതിക്കു വരും. ആര് ഏതു തസ്തികയിലിരിക്കുന്നുവോ ആ പദവിക്കനുസരിച്ചു പെരുമാറാന്‍ മടിക്കുകയുമരുത്. ബന്ധങ്ങള്‍ ഊഷ്മളമായി നിലനിര്‍ത്തുകയും വേണം. ശരിയായി പ്രൊഫഷണലിസം ജോലിയില്‍ കൊണ്ടുവന്നാല്‍ വിജയിക്കാം.

മനസ്സു പൊട്ടാതിരിക്കട്ടെ
അതേസമയംതന്നെ വീട്ടിലെ പ്രശ്നങ്ങളില്‍ സമചിത്തതയോടെ ഇടപെട്ടു മുന്നേറാനും പറ്റണം. പൊട്ടിത്തെറിക്കുന്ന ജീവിതപങ്കാളിയുടെയും കുടുംബാംഗങ്ങളുടെയും മുമ്പില്‍ പൊട്ടിത്തകര്‍ന്നതുകൊണ്ടോ, പൊട്ടിക്കരഞ്ഞതുകൊണ്ടോ പ്രയോജനമില്ലായെങ്കില്‍, പൊട്ടിക്കാന്‍ നോക്കിയാലും പൊട്ടിപ്പൊളിയാത്ത മനസ്സ്, വൈകാരിക പക്വത ആര്‍ജ്ജിക്കേണ്ടതുണ്ട്. അഥവാ പ്രശ്നങ്ങളുണ്ടെങ്കില്‍ മനഃശാസ്ത്ര വിദഗ്ദ്ധന്‍റെ സഹായത്തോടെ റിലാക്സ് ചെയ്തു ജീവിതത്തെ സന്തോഷപൂര്‍ണമാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.

തീയില്‍ കുരുത്തവളായി തിരിച്ചെത്തിയ ഹീറോയിന്‍
കാലക്രമേണ ആരതി ശീലം മാറ്റി. ഇപ്പോള്‍ ഓഫീസിലും വീട്ടിലും She is the heroine. നിദ്രാവിഹീനമായ രാത്രികളോടും വിഷാദത്തോടും വിടപറഞ്ഞു ആരതി ഇപ്പോള്‍ ഉറങ്ങുന്നുണ്ട്… ശാന്തമായി… സ്വസ്ഥമായി… അഭിമാനത്തോടെ. വൈകാരിക പക്വതയുടെ തിരിച്ചറിവുണ്ടായപ്പോള്‍ തിരിച്ചെത്തിയതു തീയില്‍ കുരുത്തവളായിട്ടാണ്.

Mob: 9744075722
vipinroldantofficial@gmail.com
www.roldantrejuvenation.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org