ജോളി of ജോയ്

ജോളി of ജോയ്

വിമെൻ പവർ

സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ ബിസിനസ് രംഗങ്ങളിലും
സംരഭകത്വങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചവരുടെ
വിജയത്തിളക്കത്തിനു പിന്നില്‍ പ്രചോദന സാന്നിധ്യമാകുന്ന
വനിതകളെ പരിചയപ്പെടുത്തുകയാണിവിടെ….

സ്വര്‍ണ്ണക്കച്ചവടക്കാരുടെ തൃശൂരില്‍, വിജയിക്കണമെന്ന് ഉറപ്പിച്ച പാരമ്പര്യവുമായി കഠിനാധ്വാനം ചെയ്യാനുള്ള മനസ്സോടെ കച്ചവടത്തിലേക്കിറങ്ങിയ 'ജോയേട്ടന്‍' എന്ന ജോയ് ആലൂക്കാസ് ശുഭ ഫലം കൊയ്തു.

കേള്‍ക്കുന്നവര്‍ പറയും സ്വാഭാവികം…

ജോയ് എന്ന സന്തോഷത്തിനു പിന്‍ബലമേകുന്ന ജോളി എന്ന പ്രാര്‍ത്ഥനയുടെ ആനന്ദത്തെക്കുറിച്ച് അറിയുന്നത് വരെ.

ഒരു ചെറു ചാപ്പലോളം വലിപ്പമുള്ള പ്രാര്‍ത്ഥനാമുറിയുള്ള ശാന്തമായ വീട്ടിലിരുന്ന് ജോളി ജോയ് ആലൂക്ക സംസാരിച്ചത് മുഴുവന്‍ ഈശോയെക്കുറിച്ചും, ജപമാലയുടെ അത്ഭുത ശക്തിയെക്കുറിച്ചുമായിരുന്നു….

മലയാളി, പട്ടും പൊന്നും കൊണ്ടാണ് പെണ്ണിനെ എന്നും അടയാളപ്പെടുത്തുക. എന്നാല്‍ ജോളി ജോയ് ആലുക്കാസെന്ന സ്ഥാപനത്തെ ലോകം അടയാളപ്പെടുത്തുന്നത് തന്‍റെ ജീവനക്കാര്‍ക്കൊപ്പം ചേര്‍ന്ന് നടത്തപ്പെടുന്ന കാരുണ്യപ്രവര്‍ത്തനങ്ങളുടെയും പ്രാര്‍ത്ഥനാ കൂട്ടായ്മയുടെയും പേരിലാണ്. ഈയൊരു തിരഞ്ഞെടുപ്പിന് പുറകിലുള്ള പ്രചോദനം എന്താണ്?

എന്‍റെ വീട് കൊരട്ടിയിലാണ്. ഏതൊരു കൊരട്ടിക്കാരിയെയും പോലെ ഞാനും ഈശോയോടും കൊരട്ടിമുത്തിയോടുമുള്ള തീവ്ര ഭക്തിയിലാണ് വളര്‍ന്നത്. വീട്ടിലെ പെണ്‍മക്കളില്‍ ഇളയ ആളായ എന്‍റെ വിവാഹത്തിന് മുന്‍പായി, ജീവിതത്തിലെ എല്ലാമെല്ലാമായിരുന്ന അപ്പന്‍ മരിച്ചു. അപ്പന്‍റെ മരണം ആ പ്രായത്തില്‍ എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അപ്പനില്‍ മാത്രം ആശ്രയിച്ചിരുന്ന കുടുംബത്തിന്, പ്രത്യേകിച്ച് എനിക്ക് വല്ലാത്ത അരക്ഷിതാവസ്ഥ തോന്നി. വരുന്ന കല്യാണാലോചനയില്‍ ഏതാണ് തിരഞ്ഞെടുക്കേണ്ടത് എന്ന ആശങ്ക. അമ്മയുടെ സങ്കടം കണ്ട്, മറ്റൊരു വിധത്തിലും സഹായിക്കാന്‍ കഴിയില്ല എന്ന ബോധ്യത്താല്‍, ഞാന്‍ വെള്ളിയാഴ്ചകളില്‍ ഉപവസിച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. കന്യാമഠത്തോട് ചേര്‍ന്നുള്ള സ്ക്കൂളില്‍ പഠിക്കാന്‍ ഭാഗ്യമുണ്ടായതിനാല്‍ ഉപവസിച്ച് പ്രാര്‍ത്ഥിക്കുന്നതിന്‍റെ ശക്തിയെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. എന്‍റെ വിശ്വാസം പാഴായില്ല. വിവാഹത്തെക്കുറിച്ച് മനസ്സില്‍ മൂന്ന് ആഗ്രഹങ്ങളാണുണ്ടായിരുന്നത്. അതിനെല്ലാം ചേര്‍ന്ന വിധം ആലൂക്കാസ് കുടുംബത്തില്‍ നിന്ന് ജോയേട്ടന്‍റെ ആലോചന വന്നു. എന്‍റെ വിവാഹം നടന്നു. സത്യത്തില്‍ ഈ ഒരു അനുഭവമാണ് പിന്നീട് പ്രാര്‍ത്ഥനയില്‍ എന്നും ശരണപ്പെടാന്‍ എനിക്ക് പ്രേരണയായത്.

ആ ചെറിയ പ്രായത്തില്‍ മനസ്സില്‍ ഉണ്ടായിരുന്ന മറ്റൊരു മോഹമായിരുന്നു ദുബായില്‍ പോകണമെന്നത്. ദൈവകൃപയാല്‍ കുടുംബത്തിന്‍റെ തീരുമാനപ്രകാരം തന്നെ ഞങ്ങള്‍ ദുബായിലെത്തി, കച്ചവടമാരംഭിച്ചു. ദുബായിയിലെ ആദ്യ നാളുകളില്‍ കച്ചവടത്തിലുണ്ടായ പ്രശ്നങ്ങള്‍ തരണം ചെയ്യാന്‍ ജോയേട്ടനെ സഹായിക്കാനും, പ്രാര്‍ത്ഥനയല്ലാതെ എനിക്ക് മറ്റൊരു ആശ്രയവുമില്ലായിരുന്നു. നിരന്തരം, എനിക്കറിയാവുന്ന രീതിയില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടേയിരുന്നു. അപ്പോഴേക്കും കുവൈറ്റ് യുദ്ധവുമാരംഭിച്ചു. ഞങ്ങള്‍ തിരികെ നാട്ടിലേക്ക് മടങ്ങി. ആ ദിവസങ്ങളിലാണ് ഞാനാദ്യമായി ഒരു ധ്യാനം കൂടുന്നത്. അതൊരു വലിയ വഴിത്തിരിവായിരുന്നു. യുദ്ധമെല്ലാം തീര്‍ന്നപ്പോള്‍ വീണ്ടും ഞങ്ങള്‍ ദുബായിലേക്ക് പോയി. അപ്പോഴേക്കും അവിടത്തെ അന്തരീക്ഷത്തിനും വലിയ മാറ്റം വന്നിരുന്നു. ചെറിയ ഒരു ചാപ്പലിന് പകരം വലിയൊരു പള്ളിയായി. ഞാന്‍ പ്രാര്‍ത്ഥനക്കൂട്ടായ്മയില്‍ സജീവമായി. കൂട്ടായ്മയിലെ ആളുകള്‍ക്ക് ഒത്തു ചേര്‍ന്ന് പ്രാര്‍ത്ഥിക്കാന്‍ ഒരിടം അവിടെ ഇല്ലായിരുന്നു. ഞങ്ങള്‍ അവിടെ വീട് പണിയാന്‍ തീരുമാനിച്ചപ്പോള്‍ ഏറെ സന്തോഷിച്ചതും, വേഗത്തില്‍ പണി പൂര്‍ ത്തിയാകാന്‍ പ്രാര്‍ത്ഥിച്ചതും കൂട്ടായ്മയിലെ അംഗങ്ങളാണ്. വീട് പൂര്‍ത്തിയായപ്പോള്‍ മുകളിലെ നിലയില്‍ ഒരുക്കിയ തിയേറ്റര്‍ റൂമില്‍ അവര്‍ വന്ന് ഒരുമിച്ച് ചേര്‍ന്ന് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. കൂട്ടത്തില്‍ ഞങ്ങളുടെ സ്ഥാപനത്തിലെ ജോലിക്കാരുടെ ഭാര്യമാരും ചേര്‍ന്നു. ഇതൊന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്തതല്ല. ദൈവത്തിന്‍റെ പദ്ധതികള്‍ക്കായ് നമ്മളെ അവിടന്ന് ഉപയോഗിക്കുന്നു. ഇന്നും ദുബായില്‍ ഈ കൂട്ടായ്മ തുടരുന്നുണ്ട്.

സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ തുടക്കവും ഇതു പോലെ തന്നെയാണ്. ദുബായില്‍ നമ്മളറിയുന്ന ചിലരൊക്കെ സഹായം അഭ്യര്‍ത്ഥിച്ച് വരുമായിരുന്നു. എന്നെ കൊണ്ട് കഴിയുന്നത് ചെയ്തു പോന്നു. ഇക്കൂട്ടത്തില്‍ നമ്മുടെ സ്ഥാപനത്തിലെ ജീവനക്കാരും ശുപാര്‍ശയുമായി വരാറുണ്ടായിരുന്നു. അര്‍ഹരാണെന്ന് ബോധ്യപ്പെട്ട് സഹായിക്കുമ്പോള്‍, പലപ്പോഴും ഈ ജീവനക്കാരും അവരെ കൊണ്ട് ആവുന്ന സഹായവും ചെയ്യാന്‍ തുടങ്ങി. മറ്റുള്ളവരെയും ചേര്‍ത്ത് ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ക്ക് കൃത്യമായ കണക്കുകള്‍ സൂക്ഷിക്കണം എന്ന് ജോയേട്ടന്‍ നിബന്ധന വച്ചു. അതു പ്രകാരം സ്ഥാപനത്തിലെ ജീവനക്കാരെ ചേര്‍ത്ത് My Fifty എന്ന പദ്ധതി രൂപീകരിച്ചു. ഇതിലൂടെ ആദ്യമായി കുറച്ചുതുക സ്വരൂപിച്ച സമയം ഒരു ഫോണ്‍ കോള്‍ വന്നു. ബംഗ്ലാദേശില്‍ നിന്നും വിസ ഇല്ലാതെ ദുബായിലെത്തിയ 13 കുട്ടികള്‍ ദുബായ് ജയിലിലുണ്ട്. ആരെങ്കിലും ടിക്കറ്റെടുത്ത് നല്‍കിയാല്‍ അവര്‍ക്ക് തിരികെ നാട്ടിലെത്താം. 12 പേര്‍ക്കുള്ള ടിക്കറ്റ് ഞങ്ങളുടെ കൈവശമുള്ള തുകയ്ക്ക് ലഭിക്കുമായിരുന്നില്ല. ഇതറിഞ്ഞപ്പോള്‍ ഈ സംരംഭത്തില്‍ പങ്ക് ചേരാതിരുന്ന ഞങ്ങളുടെ ഒരു സീനിയര്‍ സ്റ്റാഫ് ആ തുക നല്‍കാമെന്ന് സമ്മതിച്ചു. കത്തോലിക്കാ വിശ്വാസിയായ ഞാന്‍ നമ്മുടെ സമൂഹത്തെ മാത്രം ലക്ഷ്യമിട്ടാണോ ഇത്തരം ഒരു പദ്ധതി ആരംഭിച്ചതെന്ന് സ്വാഭാവികമായും ചിലര്‍ക്ക് സംശയമുണ്ടായിരുന്നത് അതോടെ അവസാനിച്ചു. ജാതി, ഭാഷ, ദേശം ഒന്നും ഈ പദ്ധതികള്‍ക്ക് മാനദണ്ഡങ്ങള്‍ ആകുന്നില്ല. ഈശോ ഞങ്ങളിലൂടെ നിറവേറ്റാന്‍ ആഗ്രഹിക്കുന്നതാണോ എന്ന് മാത്രമേ നോക്കാറുള്ളൂ. പ്രാര്‍ത്ഥനയിലൂടെ മാത്രമേ ദൈവേഷ്ടം അറിയാന്‍ നമുക്കു വഴിയുള്ളൂ. പ്രാര്‍ത്ഥനയിലും പ്രവൃത്തിയിലും, സ്ഥാപനത്തിലെ ജീവനക്കാര്‍ തികഞ്ഞ സ്നേഹത്തോടെയും ആത്മാര്‍ത്ഥതയോടെയും കൂടെ ഉള്ളത് കൊണ്ടാണ് കുറ്റമറ്റ രീതിയില്‍ ഇവയെല്ലാം സാധിക്കുന്നത്.

അനാഥാലയങ്ങളും കാരുണ്യഭവനങ്ങളും, പിറന്നാളും വിവാഹ വാര്‍ഷികവും ആഘോഷിക്കാന്‍ തിരഞ്ഞെടുക്കുന്നവര്‍ ഇന്ന് ധാരാളമാണ്. എന്നാല്‍, അത്തരം സ്ഥാപനങ്ങളിലുള്ളവര്‍ക്കായി സ്വന്തം വീട്ടില്‍ വിരുന്നൊരുക്കി ജോളി ജോയ് എന്ന വീട്ടമ്മ വേറിട്ട് സഞ്ചരിക്കുന്നു. ഈ വീട്ടില്‍ നടക്കുന്ന അത്തരം ഒത്തുകൂടലുകളെ കുറിച്ചൊന്ന് പറയാമോ?

ഞാന്‍ ആദ്യമേ പറഞ്ഞതു പോലെ തന്നെ, ഇതൊന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്തവയല്ല. ഞങ്ങളിടയ്ക്ക് പോകാറുള്ള ഓര്‍ഫനേജില്‍ ചെന്ന ഒരു ദിവസം, ആ മക്കളുടെ കളികളൊക്കെ കണ്ടിരിക്കുമ്പോള്‍ ജോയേട്ടന്‍ പെട്ടെന്ന് പറഞ്ഞു 'ഇവരെ ഒരു ദിവസം നമ്മുടെ വീട്ടിലേക്ക് വിളിക്കാം. ഇവരവിടെ ഒക്കെ ഓടി നടന്ന് കളിക്കട്ടെ' എന്ന്. ഈ വീട്ടില്‍ കുട്ടികള്‍ക്ക് കളിക്കാനായി പ്ലേറൂമും വിശാലമായ പുല്‍ത്തകിടിയുമൊക്കെ ഉണ്ട്. പക്ഷേ, കുട്ടികള്‍ വന്നാല്‍ അവരെ എങ്ങനെ സന്തോഷിപ്പിക്കുമെന്നോ നിയന്ത്രിക്കുമെന്നോ യാതൊരു നിശ്ചയവും എനിക്കില്ലായിരുന്നു. എങ്കിലും അവരെ കൊണ്ട് വരാം എന്ന് തീരുമാനിച്ചു, അവര്‍ വന്നു. നാലാം ക്ലാസ്സുവരെയുള്ള ആണ്‍കുട്ടികളും, കുഞ്ഞു വാവ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള പെണ്‍കുട്ടികളുമായിരുന്നു ആ ഗ്രൂപ്പിലുണ്ടായത്. വന്ന് കയറിയ ഉടനേ അവര്‍ പ്രയര്‍ റൂമിലേക്ക് കയറി അവിടെ ഇരുന്ന് പാട്ടുകളൊക്കെ പാടി ജപമാല ചൊല്ലാന്‍ തുടങ്ങി. അതിമനോഹരമായ ആ പ്രാര്‍ത്ഥനയോടെ അവര്‍ ഈ വീടിന്‍റെ ഭാഗമായി. പിന്നീട് അവരിവിടെ മുഴുവന്‍ ചുറ്റി നടന്നു, ഭക്ഷണം കഴിച്ചു, താഴെ പുല്ല് വിരിച്ച കളിസ്ഥലത്ത് ഡാന്‍സ് കളിച്ചു പാട്ടു പാടി. ഉച്ച ഊണ് കഴിഞ്ഞ്, ശോഭാ സിറ്റിക്കകത്തുള്ള തീയേറ്ററില്‍ സിനിമ കണ്ടു. തിരികെ ഇവിടെ വന്ന് അത്താഴം കഴിച്ച് മടങ്ങി. അന്ന് ആ മക്കളുടെ കണ്ണില്‍ കണ്ട സന്തോഷം വീണ്ടും ഇത്തരം വിരുന്ന് ഒരുക്കാന്‍ ധൈര്യം തന്നു. പിന്നീട് ആ മക്കളെ കാണാന്‍ ചെല്ലുമ്പോള്‍ അവര്‍ നമ്മുടെ അടുത്ത് കാട്ടുന്ന സ്നേഹം, അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല. നമുക്കും അങ്ങനെ തന്നെയല്ലേ? ഒരാളുടെ വീട്ടില്‍ പോയി കഴിയുമ്പോഴല്ലേ കൂടുതല്‍ അടുപ്പം തോന്നുന്നത്?

പിന്നീട് Special School -ലെ കുഞ്ഞു മക്കളാണ് വന്നത്. അവരെ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരുമല്ലോ എന്നൊരു പേടിയൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ സാധാരണ കുഞ്ഞുങ്ങളെ പോലെ തന്നെ ഇവര്‍ പ്രാര്‍ത്ഥിച്ചു, ഭക്ഷണം കഴിച്ചു. ഏറ്റവും അതിശയമായത്, അവരിവിടെ അവതരിപ്പിച്ച കലാപരിപാടികളായിരുന്നു. മാര്‍ഗ്ഗംകളി വരെ ആ മക്കള്‍ ഇവിടെ കളിച്ചു.

കുട്ടികള്‍ മാത്രമല്ല, പ്രായമായവരും വരാറുണ്ട്. ഇവിടെ അടുത്തുള്ള പെയിന്‍ & പാലിയേറ്റീവ് സെന്‍ററില്‍ നിന്നുള്ളവരെ ഒരിക്കല്‍ കൊണ്ടുവന്നു. ക്യാന്‍സര്‍ ബാധിച്ച് സുഖപ്പെട്ടശേഷം തിരികെ വീട്ടിലേക്ക് പോകാന്‍ കഴിയാത്തവരാണ് പലരും. ഒരു ദിവസം മുഴുവന്‍ അവരുടെ അവശതകളും സങ്കടവുമെല്ലാം മാറ്റി വച്ച് ഇവിടെ ഉല്ലസിച്ചു നടന്നു. താടിയും മുടിയുമൊക്കെ വച്ച് മേക്കപ്പൊക്കെ ഇട്ട് അവര്‍ നാടകം വരെ കളിച്ചു.

ജോയേട്ടന്‍റെ കുടുംബത്തില്‍ 15 മക്കളാണ്. ഇങ്ങനെയുള്ള ദിവസങ്ങളില്‍ സൗകര്യമുള്ളവരെല്ലാം എത്തും. പെങ്ങന്മാരും, ഞങ്ങളുടെ കുടുംബത്തിലെ കുട്ടികളുമൊക്കെ ചേര്‍ന്നാണ് ഇവരെ സ്വീകരിക്കുന്നത്. വലിയ സന്തോഷമാണിത്. നമ്മള്‍ അവരുടെ സ്ഥാപനങ്ങളില്‍ സമ്മാനങ്ങളുമായി പോയി കാഴ്ചക്കാരാകുന്നത് പോലെയല്ല ഈ അനുഭവം. നമ്മുടെ വീടും ചുറ്റുപാടുകളും കാണുമ്പോള്‍ അവര്‍ക്ക് സങ്കടമാകും എന്നൊന്നും ചിന്തിക്കരുത്. കാരണം അവരെ നമ്മുടെ വീട്ടില്‍ വിരുന്നുകാരായി സ്വീകരിക്കുമ്പോള്‍, നമ്മള്‍ അവരെ അംഗീകരിക്കുന്നു എന്നവര്‍ക്ക് ബോധ്യപ്പെടുകയാണ് ചെയ്യുന്നത്. ഏത് വില കൂടിയ സമ്മാനത്തേക്കാളും ഭക്ഷണത്തേക്കാളും അവര്‍ ആഗ്രഹിക്കുന്നത് അതാണെന്നത്, ഞങ്ങളുടെ അനുഭവമാണ്.

സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരും, അവരുടെ കുടുബാംഗങ്ങളും വരെ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെയും പ്രാര്‍ത്ഥനാ കൂട്ടായ്മയുടെയും ഭാഗമാണ് എന്ന് പറഞ്ഞല്ലോ. മലയാളികളുടെ ഇടയില്‍ പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുള്ള ഇക്കാര്യം എങ്ങനെയാണ് നടപ്പിലാക്കുന്നത്?

യാതൊരു ബുദ്ധിമുട്ടും എനിക്ക് തോന്നിയിട്ടില്ല. കാരണം ഞാന്‍ അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ ഉടമ ആയതുകൊണ്ടുള്ള വിധേയത്വം കൊണ്ടല്ല അവര്‍ ഇതില്‍ പങ്കുചേരുന്നത്. പ്രാര്‍ത്ഥനയില്‍ തീഷ്ണതയുള്ള, മറ്റുള്ളവരെ സഹായിക്കാന്‍ മനസ്സുള്ള കുറേപ്പേര്‍ അവരുടെ ഇടയില്‍ തന്നെ ഉള്ളതുകൊണ്ടാണ് ഇതെല്ലാം സാധ്യമാകുന്നത്. എന്‍റെ കുടുംബാംഗങ്ങളെക്കാള്‍ വേഗത്തില്‍ അവര്‍ക്ക് എന്നെ പിടികിട്ടുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഞാനും, എന്‍റെ ഇളയ മകള്‍ എല്‍സയും എന്‍റെ സ്റ്റാഫിന്‍റെ കൂടെ വിശുദ്ധനാട് സന്ദര്‍ശനത്തിലായിരുന്നു. അവരുടെ പ്രാര്‍ത്ഥനയും പരസ്പരമുള്ള കൂട്ടായ്മയും കണ്ട് സത്യത്തില്‍ ഞങ്ങള്‍ അതിശയിച്ചു.

പ്രാര്‍ത്ഥനയ്ക്കായും, മറ്റ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായും ആരെയും ഇവിടെ നിര്‍ബന്ധിക്കുന്നില്ല. ആരോടും ഉപദേശത്തിന് ശ്രമിക്കാറുമില്ല. ഞാനിങ്ങനെയാണ്, എന്‍റെ ജീവിതത്തെ ദൈവത്തിനു മുന്നില്‍ ഞാന്‍ സമര്‍പ്പിക്കുന്നത് ഇങ്ങനെയാണ് എന്ന് പ്രവൃത്തികളിലൂടെ കാണിച്ച് കൊടുക്കാന്‍ മാത്രമേ ശ്രമിക്കുന്നുള്ളൂ. അതവര്‍ സന്തോഷത്തോടും ഉല്‍സാഹത്തോടും കൂടെയാണ് ഏറ്റെടുക്കുന്നത്. പറഞ്ഞാല്‍ വിശ്വസിക്കില്ല, എന്‍റെ വീട്ടില്‍ സഹായത്തിനുള്ളവരാണ് ഏറ്റവും സന്തോഷത്തോടെ My Fifty വിഹിതം ആദ്യം തന്നത്. ഇവിടെ കൃഷിപണികള്‍ക്ക് സഹായിക്കുന്നവര്‍ പോലും ഒരു മണിക്കൂര്‍ ചാപ്പലില്‍ വന്നിരുന്ന് കൊന്ത ചൊല്ലുന്നുണ്ട്. ദുബായിലെ വീട്ടിലും അങ്ങനെ തന്നെ, ഇന്നും മുടങ്ങാതെ ജപമാല ചൊല്ലാന്‍ ജീവനക്കാരുടെ ഭാര്യമാര്‍ എത്തുന്നുണ്ട്. അച്ചടക്കത്തിന്‍റെയും നിര്‍ബന്ധത്തിന്‍റെയും യാതൊരു ആവശ്യവും ഇതിലൊന്നുമില്ല. ചെയ്യുന്ന കാര്യങ്ങള്‍ സുതാര്യമാണ്. സ്വരൂപിക്കുന്ന കാശിന് കൃത്യമായ കണക്കുകള്‍ അവര്‍ക്കയച്ച് നല്‍കും. സഹായമാവശ്യപ്പെട്ട് സ്റ്റാഫിന്‍റെ പരിചയത്തില്‍ വരുന്നവര്‍ക്കും സഹായം നല്‍കും. അപേക്ഷ കൃത്യമാണോ എന്ന് അന്വേഷിക്കുന്നതും ജീവനക്കാര്‍ തന്നെയാണ്. ചാരിറ്റി ചെയ്യുന്നത് വഴി ലഭിക്കുന്ന സന്തോഷവും അനുഗ്രഹവും അവര്‍ തന്നെ പങ്കുവയ്ക്കുന്നത് കേള്‍ക്കുന്നത് നമുക്കും സന്തോഷം.

ജോലിയുടെ ഉത്തര വാദിത്വങ്ങളും വീടും ഒരുമിച്ച് കൊണ്ടുപോകുന്നത് ഏറെ പ്രയാസമായ ഇന്നത്തെ തലമുറയോട് വീട്, കുടുംബം, സ്ഥാപനം, സാമൂഹ്യ സേവനം എന്നിവ ഒരുമിച്ച്, യാതൊരു ബഹളവും കൂടാതെ അനായാസം കൊണ്ടു നടക്കുന്ന വ്യക്തി എന്ന നിലയില്‍ എന്താണ് പറയാനുള്ളത്?

ജോലി ചെയ്യുന്ന പെണ്ണുങ്ങള്‍ക്ക് മാത്രമല്ല, ഇന്നത്തെ തലമുറക്ക് തന്നെ സമയം കുറവാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒന്നിനും സമയം തികയുന്നില്ല. ഇതിന് പ്രതിവിധി എനിക്കറിയില്ല. പക്ഷേ, ഞാന്‍ എന്‍റെ അനുഭവം പറയാം. നേരം പുലരും മുന്‍പ്, എത്ര നേരത്തെ എഴുന്നേല്‍ക്കാമോ അത്രയും ചുറുചുറുക്ക് ഉണ്ടാകും. പുലര്‍ച്ചെ 4 മണിക്ക് ഞാനുണരും.

പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് പ്രാര്‍ത്ഥിക്കും, പള്ളിയില്‍ പോകും. ആ ദിവസം ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സമയം ലഭിക്കും. മൂന്ന് മണിക്കൂര്‍ കൊണ്ട് ചെയ്ത് തീര്‍ക്കേണ്ട ജോലി ഒന്നര മണിക്കൂര്‍ കൊണ്ട് നല്ല ഉണര്‍വ്വോടെ തീര്‍ക്കാന്‍ കഴിയും. എന്നാല്‍ നേരം വൈകി ഉണരുന്ന ദിവസം ക്ഷീണം കൂടും, ചടഞ്ഞുകൂടി അന്നത്തെ ദിവസം തീരും.

നേരം പുലരും മുന്നേ എഴുന്നേല്‍ക്കണമെങ്കില്‍ എന്തു വേണം? നേരത്തേ ഉറങ്ങണം. രാത്രി 9.30 യോടെ എല്ലാ ജോലികളും തീര്‍ത്ത് 10 മണിയോടെ ഫോണെല്ലാം ഓഫ് ചെയ്ത് കിടന്നാല്‍ മാത്രമേ, ആവശ്യത്തിന് ഉറങ്ങി, പുലര്‍ച്ചെ നമുക്കുണരാനാവൂ. ഈ ഒരു ശീലമാണ് എന്‍റേത്. എന്നാല്‍ പലര്‍ക്കും ഇപ്പോള്‍ രാത്രിയാണ് തിരക്ക് കൂടുന്നത്. ഫോണില്‍ എത്ര മണിക്കൂറാണ് ആളുകള്‍ ചിലവഴിക്കുന്നത്? എന്‍റെ ശീലം അതല്ല. മറ്റൊന്ന് ഇടതടവില്ലാതെ പ്രാര്‍ത്ഥിക്കുക എന്ന ശീലമാണ്. എത്ര തിരക്കാണെങ്കിലും ഞാന്‍ ദിവ്യബലിയും, ജപമാലയും മുടക്കില്ല. വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍ക്ക് സമയം കണ്ടെത്തും, കുമ്പസാരിക്കും.

നമുക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ നമ്മുടേത് മാത്രം എന്ന് കരുതാതെ, ഈശോ ആഗ്രഹിക്കുന്ന രീതിയില്‍ മറ്റുള്ളവര്‍ക്കായി പങ്കു വയ്ക്കുകയും വേണം.

എന്നാലും ചില സമയങ്ങളില്‍ ജീവിതത്തില്‍ നമുക്ക് പ്രശ്നങ്ങള്‍ വരാം, പ്രാര്‍ത്ഥനയില്‍ മടുപ്പ് തോന്നാം, മടി അനുഭവപ്പെടും. അതും നമ്മള്‍ തിരിച്ചറിയണം. തിരിച്ചറിഞ്ഞാല്‍ പ്രാര്‍ത്ഥനയിലൂടെ തന്നെ അതില്‍നിന്ന് രക്ഷപ്പെടാന്‍ നമുക്കാവും.

മാത്രമല്ല, മരണത്തെ കുറിച്ചും ചിന്തിക്കണം. ഒരുക്കമുള്ള മരണം ലഭിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണം. എല്ലായിടത്ത് നിന്നും കൈയ്യടിയും ബഹുമാനവും കിട്ടിയാലും, നമ്മള്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഈശോ പ്രീതിപ്പെടുന്നുണ്ടോ എന്ന ചിന്ത എപ്പോഴും ഉണ്ടാവണം. ദൈവം തിരികെ വിളിക്കുമ്പോള്‍ സമാധാനമായി മടങ്ങാന്‍ അനുദിനം നമ്മള്‍ ഒരുങ്ങണം. കുഞ്ഞു മക്കളെ കുര്‍ബാനയും ജപമാലയും മുടക്കാതെ വളര്‍ത്താന്‍ ഞാന്‍ എന്‍റെ സ്ഥാപനത്തിലെ സ്റ്റാഫിനോടും പറയും. ഈ ഭൂമിയിലെ നന്മകളെക്കാളും ഈശോയെ അറിഞ്ഞു മക്കളെ വളര്‍ത്താന്‍ ശ്രമിക്കണം.

ജീവിതത്തോട് ചേര്‍ന്നു നില്ക്കുന്നവരെയൊക്കെ, കൃഷിയിടത്തിലും ഫാമിലും ജോലി ചെയ്യുന്നവരെ പോലും, പ്രാര്‍ത്ഥനാരൂപിയില്‍ ഒരുമിപ്പിക്കുന്ന വിശ്വാസതീക്ഷ്ണത. കാരുണ്യവഴികളിലും സേവനത്തിലും തന്‍റേതായ ശൈലി സൂക്ഷിക്കുന്ന നല്ല സംഘാടക. സ്ഥാപന മേധാവി എന്ന പദവിയുടെ ശരിയായ ഉപയോഗത്തിലൂടെ തന്‍റെയും അവരുടെയും ജീവിതം ധന്യമാക്കുന്ന നേതൃപാടവം. ഇതോടൊപ്പം ജോയ് ആലൂക്കാസ് എന്ന കുടുംബനാഥന്‍റെയും ജോണ്‍ പോള്‍ – സോണിയ, ആന്‍റണി ജോസ് – മേരി, എല്‍സ ജോയ് ആലൂക്ക എന്നിവരടങ്ങുന്ന മക്കള്‍ – മരുമക്കളുടെയും, നാല് പെണ്‍ പേരക്കിടാങ്ങളുടെയും കാര്യങ്ങളില്‍ ഒരു കുറവും വരുത്താത്ത തൃശൂര്‍ക്കാരി വീട്ടമ്മയുടെ ശ്രദ്ധയും കൂടി ചേരുന്നതറിഞ്ഞ്, ഹൗസ് ഓഫ് ജോയ് വിട്ടിറങ്ങുമ്പോള്‍ സുഭാഷിതങ്ങളുടെ പുസ്തകത്തിലെ ഉത്തമയായ ഭാര്യയെക്കുറിച്ചുള്ള വരികള്‍ ഓര്‍മ്മിച്ചു.

പുലര്‍ച്ചക്കു മുന്‍പേ അവള്‍ ഉണര്‍ന്ന്….

തയ്യാറാക്കിയത്: മരിയ റാന്‍സം

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org