ജോസഫ്

ജോസഫ്

ജീവിതം, വായിക്കുന്തോറും സങ്കീര്‍ണ്ണമാകുന്ന ഒരു പുസ്തകമാണ്. ജോസഫ് എന്ന ഒരു റിട്ടയേര്‍ഡ് പോലീസുകാരന്‍റെ ജീവിതസമസ്യയിലേയക്കുള്ള ഒരു കുറ്റാന്വേഷണയാത്രയാണ് 'ജോസഫ്' എന്ന എം. പത്മകുമാറിന്‍റെ സിനിമ. സ്വയം ബലിവസ്തുവായി മാറുന്ന ഒരുവന്‍റെ സ്നേഹവും കണ്ണുനീരും ഒപ്പിയെടുക്കുവാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. തലയില്‍ കുറ്റാന്വേഷണത്തിന്‍റെ അതിസങ്കീര്‍ണമായ നൂലുകള്‍ കെട്ടുപിണഞ്ഞ് കിടക്കുന്ന ജോസഫിന് പക്ഷെ, ജീവിതം സമ്മാനിച്ചത് നിറയെ ദുരന്തമാണ്. പ്രണയവും മകളും ജീവിതസഖിയും നഷ്ടമായവന്‍റെ അഭയമായ പുകയും കുടിയും അലസതയും തുരുമ്പിച്ച ജീവിതത്തെ കൂട്ടുകാരായ സഹപ്രവര്‍ത്തകരാണ് പച്ചപ്പിടിപ്പിക്കുന്നത്. മനോഹരമായ ക്യാമറയും ഗാനങ്ങളും ജോസഫിന്‍റെ ജീവിതത്തെ നമ്മുടെ ഹൃദയത്തിലേക്ക് തറപ്പിക്കുന്നു.

ഏകാന്തതയുടെ കയ്പുകുടിച്ചിരിക്കുന്നവന്‍റെ ഉള്ളിലെ തിരമാലയുടെ ആഴം പ്രേക്ഷകരിലേക്ക് പതുക്കെ പതുക്കെ ഇറങ്ങുന്നു. കാമുകിയെ നഷ്ടപ്പെട്ട, ജീവിതസഖിയെ നഷ്ടപ്പെട്ട, മകളെ നഷ്ടപ്പെട്ട മനുഷ്യന്‍റെ കുറവുകളെ ഒരുവേള നമ്മള്‍ ഇഷ്ടപ്പെടുന്നു. നഷ്ടങ്ങളുടെ ആധിക്യത്തില്‍ മുങ്ങിപ്പോകുന്ന പച്ചമനുഷ്യനെ സാഹചര്യങ്ങളുടെ ഫ്രെയിമുകളിലൂടെ സംവിധായകന്‍ ഉയിര്‍പ്പിക്കുന്നു. അഭിനയമുഹൂര്‍ത്തങ്ങളെ കൈയ്യടക്കത്തോടെ ജോജു ജോസഫ് എന്ന നടന്‍ സുന്ദരമാക്കി. പഴകിയ കോമഡികോളങ്ങളോ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളോ കുത്തിനിറയ്ക്കാതെ വൈകാരിക മുഹൂര്‍ത്തങ്ങളും നിഗൂഢതകളും ഒളിപ്പിച്ച് വച്ച് പത്മകുമാര്‍ സിനിമയെ നയിക്കുന്നു. വിവാഹമോചനം നേടിയ ഭാര്യയുടെ പുതിയ ഭര്‍ത്താവായി വന്ന ദിലീഷ് പോത്തന്‍റെ റോള്‍ മലയാള സിനിമയിലെ പുതിയ കാലസ്നേഹബന്ധങ്ങളുടെ മിഴിച്ചെപ്പ് തുറക്കുന്നുണ്ട്. ഒരാളെ സ്നേഹിക്കുന്ന രണ്ടു പുരുഷന്മാര്‍ തമ്മിലുള്ള ഇഴയടുപ്പം. കളിചിരികളുടെ കിളിക്കൂടുപോലുള്ള ഒരു കൊച്ചുവീട് അപ്രതീക്ഷിതമായ ഒരു കൊടുങ്കാറ്റില്‍ തകര്‍ന്ന് പോകുമ്പോഴും സ്നേഹം നിലനില്ക്കുമെന്ന സത്യം സിനിമ മുന്നോട്ട് വയ്ക്കുന്നു.

മുതലാളിത്വത്തിന്‍റെ നീരാളിപ്പിടുത്തത്തില്‍ മനുഷ്യജീവന്‍ സമ്പത്തിന്‍റെയും അധികാരത്തിന്‍റെ ആള്‍പൊക്കത്തില്‍ ചവിട്ടിമെതിക്കപ്പെടുന്നതിന്‍റെ ആഴവും ജോസഫ് കാണിച്ചുതരുന്നുണ്ട്. ജീവന്‍ രക്ഷിക്കേണ്ട ഇടങ്ങളിലെ ഇടനാഴികളില്‍ പതിയിരിക്കുന്ന മരണത്തിന്‍റെ വിഷവിത്തുകള്‍ സിനിമ തുറന്നു കാണിക്കുന്നു. കരുണയും നീതിബോധവും നഷ്ടപ്പെടുന്ന ആതുരാലയങ്ങള്‍പോലെ വിശുദ്ധമായ ഇടങ്ങളിലെ ജീര്‍ണ്ണതയും കച്ചവടങ്ങളും അതിന്‍റെ വലകണ്ണികളില്‍പ്പെട്ടുപോകുന്ന പ്രാണികണക്കേയുള്ള ചെറിയ മനുഷ്യരുടെ നിസ്സഹായതയും പ്രേക്ഷകന്‍റെ ഹൃദയത്തിലേക്ക് ഒരു വിങ്ങലായി അവശേഷിപ്പിച്ചാണ് ജോസഫ് മടങ്ങുന്നത്.

-ജസ്റ്റിന്‍ കൈപ്രന്‍പാടന്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org