കാണാതെ വിശ്വസിക്കുന്നവർ

കാണാതെ വിശ്വസിക്കുന്നവർ

മിഥുനമഴയില്‍ കുതിര്‍ന്ന്, ഒരു ദുക്റാന തിരുനാള്‍കൂടി.

മൂവായിരം വര്‍ഷത്തിലേറെ പഴക്കമുള്ള, ഏഷ്യയിലെ ഏറ്റവും വലിയ തുറമുഖമായിരുന്ന, മുസ്രിസിലാണ് എ.ഡി. 52-ല്‍ മാര്‍ത്തോമാശ്ലീഹാ കപ്പലിറങ്ങിയതെന്നു വിശ്വസിക്കപ്പെടുന്നു. കൊടുങ്ങല്ലൂരിനോടു ചേര്‍ന്നുള്ള ചേരരാജ്യ തലസ്ഥാനമായ മഹോദയപുരത്തുള്ള മാല്യങ്കരയിലാണ്, ശ്ലീഹ തന്‍റെ പ്രേഷിതപ്രവര്‍ത്തനത്തിനു തുടക്കമിട്ടത്.

തോമാശ്ലീഹായുടെ ഭാരതപ്രവേശവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളും, കഥകളും, ഗാനസമാഹാരങ്ങളും സഭാചരിത്രങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. അതിലൊന്ന് ഇപ്രകാരമാണ്.

"യേശു, യരുശലേമിലെ ഒരു ഗ്രാമീണചന്തയില്‍ നില്‍ക്കുകയായിരുന്നു. അപ്പോഴാണ് ഇന്തൊ-പാര്‍ത്ഥിയന്‍ രാജാവായ ഗൊണ്ടാഫറസ് അയച്ച, അബ്ബാനസ് എന്ന വ്യാപാരി, കൊട്ടാരം നിര്‍മ്മിക്കാന്‍ ഒരു ആശാരിയെ തിരക്കി ശില്‍പികളുടെ നാടായ പാലസ്തീനായിലെ ചന്തയിലെത്തിയത്. ഇത് മനസിലാക്കിയ യേശു അബ്ബാനസിനോടു പറഞ്ഞു: "ആശാരിയായ ഒരു അടിമ എനിക്കുണ്ട്. അയാളെ വേണമെങ്കില്‍ വില്‍ക്കാം. കുറച്ചുമാറി നിന്നിരുന്ന 'ജൂദാ തോമ' എന്ന തോമാശ്ലീഹായെ യേശു ചൂണ്ടിക്കാണിച്ചു. വിലയുടെ കാര്യത്തിലും ധാരണയായി. അങ്ങനെ അപ്പസ്തോലനായ തോമസിന്‍റെ ഇന്ത്യയിലേക്കുള്ള യാത്ര ആരംഭിച്ചു.
വ്യാപാരിയോടൊപ്പം ഇന്ത്യയിലെത്തിയ, ശില്പിയും ആശാരിയുമായ തോമസിനെ ഗൊണ്ടാഫെറസ് രാജാവ് കൊട്ടാരം നിര്‍മ്മിക്കുന്നതിനുള്ള ചുമതലയേല്‍പ്പിച്ചു. ഇതിനായി ധാരാളം പണവും നല്‍കി. എന്നാല്‍ അദ്ദേഹം, അതു പാവങ്ങള്‍ക്കു വീതിച്ചുനല്‍കി. ഇതറിഞ്ഞ് കുപിതനായ രാജാവ്, തോമായെ കാരാഗൃഹത്തിലടച്ചു.
ഈ അവസരത്തില്‍ രാജാവിന്‍റെ സഹോദരന്‍ മരിക്കുകയും, സ്വര്‍ഗ്ഗത്തിലെത്തിയശേഷം രാജാവായ സഹോദരന് ഒരു സന്ദേശം നല്‍കാനായി തിരിച്ചുവരികയും ചെയ്തു. "സ്വര്‍ഗ്ഗത്തില്‍ രാജാവിനുവേണ്ടി തോമസ്, ഒരു കൊട്ടാരം പണിതിരിക്കുന്നു എന്നായിരുന്നു സന്ദേശം." ഇതുകേട്ട് സന്തുഷ്ടനായ രാജാവ്, തോമസിനെ കാരാഗൃഹത്തില്‍നിന്നും മോചിപ്പിച്ചു.

"തോമായുടെ നടപടികള്‍" എന്ന കൃതിയിലാണ് ഈ കഥ വിവരിക്കുന്നത്. സുറിയാനി ഭാഷയിലെഴുതിയ ഈ കൃതി മൂന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടതാണ്. എഡേസയില്‍ രചിക്കപ്പെട്ട ഈ കൃതിക്ക് പിന്നീട്, ഗ്രീക്ക്, ലാറ്റിന്‍, അര്‍മേനിയന്‍, എതോപ്യന്‍, അറബി ഭാഷ്യങ്ങളുണ്ടായി.

കഥയുടെ പൊരുള്‍ എന്തുതന്നെയായിരുന്നാലും ക്രിസ്തു വര്‍ഷത്തിനു മുന്‍പ് യേശുവിന്‍റെ പരസ്യജീവിതകാലത്തുതന്നെ തോമാശ്ലീഹ ഭാരതത്തില്‍ വന്നിരുന്നു എന്ന വിശ്വാസം എഡേസയിലും ഗ്രീസിലും എത്യോപ്യയിലും പേര്‍ഷ്യയിലും യൂറോപ്പിലുമെല്ലാം നിലനിന്നിരുന്നു എന്ന വസ്തുത ഇതില്‍നിന്നും വ്യക്തമാണ്.
അതുപോലെ മാര്‍ തോമാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെ കുറിച്ച് വിശദമായി വിവരിച്ചിട്ടു ള്ള ഒരു പ്രാചീന ഗാനസമാഹാരമാണ് റമ്പാന്‍ പാട്ട്. മാര്‍തോമാശ്ലീഹായുടെതന്നെ ശിഷ്യന്മാരില്‍ ഒരാളെന്നു വിശ്വസിക്കപ്പെടുന്ന നിരണത്തു മാളിയേക്കല്‍ തോമാ റമ്പാന്‍ ആണ് ഈ പാട്ടുകളുടെ മൂലരൂപത്തിന്‍റെ കര്‍ത്താവ്.

എ.ഡി. 1-ാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ എഴുതപ്പെട്ട ഈ കൃതിയുടെ പുതിയ പതിപ്പ് എ.ഡി. 1601-ല്‍ അതേ കുടുംബത്തിലെ 48-ാം തലമുറക്കാരനായ തോമാറമ്പാന്‍ ചുരുക്കിയെഴുതിയതാണ്. ഇക്കാര്യം പാട്ടില്‍തന്നെ പ്രസ്താവിക്കുന്നുണ്ട്. മാളിയേക്കല്‍ ഭവനം സ്ഥിതിചെയ്തിരുന്ന പുരയിടം ഇന്നും നിരണത്ത് നിലനില്‍ക്കുന്നു. മാര്‍ത്തോമാശ്ലീഹായുടെ ഇന്ത്യയിലേക്കുള്ള വരവും കേരളത്തിലെ പ്രേഷിത ജോലിയും ദൈവാലയസ്ഥാപനവും രക്തസാക്ഷി മരണവും ഈ പുരാതന ഗാനങ്ങളില്‍ വിശദമായി രേഖപ്പെടുത്തിക്കാണുന്നു.

കേരള ക്രൈസ്തവരുടെ പുരാതന ഗാനങ്ങളില്‍ സുപ്രധാനമാണ് മാര്‍ഗ്ഗംകളിപ്പാട്ട്. കല്യാണപ്പന്തലുകളിലും തിരുനാളുകളോടനുബന്ധിച്ച് പള്ളികളുടെ തിരുമുറ്റങ്ങളിലും രാത്രികാലങ്ങളില്‍ നടത്തിവന്നിരുന്ന ഒരു കലാരൂപമാണ് മാര്‍ഗ്ഗംകളി. വാളും പരിചയും ധരിച്ച ഭരണശൂരന്മാരുടെ വേഷത്തില്‍ പന്ത്രണ്ടുപേര്‍ ഒരു നിലവിളക്കിനുചുറ്റും നിന്നുകൊണ്ട് പാട്ടിനൊപ്പിച്ച് ചുവടും താളവുമെടുത്തുകളിക്കുന്ന ഒരു സൈനിക നൃത്തമാണിത്.

അടുത്തകാലം വരെ പുരുഷന്മാര്‍ അവതരിപ്പിച്ചിരുന്ന ഈ വീരനൃത്തം സൈനിക വേഷവിധാനങ്ങളുപേക്ഷിച്ച്, പരമ്പരാഗത സുറിയാനി കത്തോലിക്കരായ സ്ത്രീകളുടെ ചട്ടയും മുറിയും മേക്കാമോതിരവും ധരിച്ച് പെണ്‍കുട്ടികള്‍ ലാസ്യനൃത്തമായ് അവതരിപ്പിച്ചുവരുന്നു.

തോമാശ്ലീഹായുടെ കാലംകഴിഞ്ഞ് 1,500 വര്‍ഷത്തിനുശേഷം പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ എത്തിയ സമയത്ത് മൂന്നു ലക്ഷം സുറിയാനി ക്രിസ്ത്യാനികള്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. നിലവിലുണ്ടായിരുന്ന വിശ്വാസികളും ആത്മീയ നേതൃത്വം വഹിച്ചിരുന്നവരും മതപരിവര്‍ത്തനമോ പ്രേഷിതവേലയോ നടത്താതിരുന്നത് കൊണ്ടാണിത്. ദളിതരുമായി യാതൊരു സമ്പര്‍ക്കവും സവര്‍ണ്ണരായ സുറിയാനിക്രിസ്ത്യാനികള്‍ക്കുണ്ടായിരുന്നില്ല.

1542-43 കാലഘട്ടത്തില്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ പ്രേഷിതപ്രവര്‍ത്തനം നടത്തിയപ്പോള്‍ മാത്രമാണ് താഴ്ന്നജാതിക്കാര്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ടത്. അദ്ദേഹം തീരദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ആ കാലഘട്ടത്തില്‍ അധികാരിവര്‍ഗ്ഗമായിരുന്ന, പോര്‍ച്ചുഗീസുകാരുടെ മതത്തിലേക്ക് മാറുകയെന്നത്, ദളിതരെ സംബന്ധിച്ചിടത്തോളം ഒരു വലിയ കാര്യമായിരുന്നു.

തോമാശ്ലീഹ പഠിപ്പിച്ച സുറിയാനിയില്‍ ആരാധന നടത്തുന്നവരാണ് സുറിയാനി ക്രിസ്ത്യാനികള്‍. സമൂഹത്തില്‍ ഉന്നതമായ സ്ഥാനമാണ് അവര്‍ക്കുണ്ടായിരുന്നത്. താഴ്ന്നജാതിക്കാര്‍ അവര്‍ക്ക് വഴിമാറിക്കൊടുത്തിരുന്നു. താഴ്ന്നജാതിക്കാരുടെ സാമീപ്യമോ സ്പര്‍ശനമോ മൂലം അശുദ്ധമാക്കപ്പെട്ട പദാര്‍ത്ഥങ്ങള്‍ ശുദ്ധീകരിക്കുന്നതിന്, സുറിയാനി ക്രിസ്ത്യാനികളുടെ സ്പര്‍ശനം മതിയെന്ന് ഉയര്‍ന്നജാതി ഹിന്ദുക്കള്‍ കരുതിയിരുന്നു (ഭാരത സഭാ ചരിത്രം, പേജ് 191).

മരണം സംഭവിച്ചാല്‍ അശുദ്ധിയുടെ കാലം ബ്രാഹ്മണര്‍ക്ക് 10 ദിവസവും, സുറിയാനി ക്രിസ്ത്യാനികള്‍ക്ക് 11 ദിവസവും, ക്ഷത്രിയന്മാര്‍ക്ക് 12 ദിവസവും, നായന്മാര്‍ക്ക് 15 ദിവസവുമാണ് (ഭാരത സഭാ ചരിത്രം, പേജ് 193).

ബ്രാഹ്മണരെപ്പോലെ സുറിയാനിക്കാരനായ വരന്‍, വധുവിന്‍റെ കഴുത്തില്‍ താലി കെട്ടിയാണ് വിവാഹം നടത്തുക. പള്ളിയില്‍ നിന്ന് വീട്ടില്‍ വരുന്ന വധൂവരന്മാരെ നിറപറയും നിലവിളക്കുംവെച്ച് സ്വീകരിക്കുമായിരുന്നു (ഭാരത സഭാ ചരിത്രം, പേജ് 192-193).

ഇന്നും കേരള ക്രൈസ്തവര്‍ ഹൈന്ദവ ആചാരങ്ങളായ താലി കെട്ട്, പുടവ കൊടുക്കല്‍ (മന്ത്രം ജപിച്ച പുതുവസ്ത്രം-മന്ത്രകോടി) എന്നിവ ആചരിച്ചു വരുന്നു.
ജാതിവ്യവസ്ഥ അനുസരിച്ച്, അക്കാലത്തെ സുറിയാനിക്കാരായ പുരുഷന്മാര്‍ കാതുകുത്തി കടുക്കനിടുകയും മുടി നീട്ടി വളര്‍ത്തി കുടുമ കെട്ടിവയ്ക്കുകയും ചെയ്തിരുന്നു. നമ്പൂതിരിമാരുടെ ചില ഭക്ഷണക്രമങ്ങളും സുറിയാനി ക്രിസ്ത്യാനികള്‍ തുടര്‍ന്നിരുന്നു.

തോമാശ്ലീഹാക്കു മുന്നില്‍ അന്ന് യേശു തുറന്നുകാട്ടിയ ചോരകിനിയുന്ന വിലാപ്പുറവും ആണിപ്പഴുതുകളും ഇന്ന് നമ്മെനോക്കി കേഴുകയാണ്. രണ്ടായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അത്ഭുതങ്ങളും അടയാളങ്ങളും അന്വേഷിക്കുന്ന തിരക്കിലാണ് നമ്മള്‍. മനസിന്‍റെ ഇരുള്‍മുറിയില്‍ കരുണാര്‍ദ്രമായ ആജ്ഞാവചനം വീണ്ടും മുഴങ്ങുന്നു. "നിന്‍റെ വിരല്‍ ഇവിടെ കൊണ്ടുവരിക."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org