കാച്ചിൽ

കാച്ചിൽ

വീടും തൊടിയും

ജോഷി മുഞ്ഞനാട്ട്

നമ്മുടെ നാട്ടില്‍ സാധാരണയായി കൃഷി ചെയ്യുന്നത് 'ഡയസ് ക്കോറിയ അലേറ്റ' ഇനത്തില്‍പ്പെട്ട വലിയ ഇനം കാച്ചിലാണ്. ഇതില്‍ കൂടുതലായി അന്നജം അടങ്ങിയിരിക്കുന്നു. കൂടാതെ പ്രോട്ടീന്‍, കൊഴുപ്പ്, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, മറ്റു ധാതുലവണങ്ങള്‍ എന്നിവയും വിവിധ അളവില്‍ അടങ്ങിയിരിക്കുന്നു. മലയാളിയുടെ ഇഷ്ടവിഭവങ്ങളില്‍ ഒന്നു കൂടിയാണ് കാച്ചില്‍ വേവിച്ചത്.

കിളച്ചൊരുക്കി തയ്യാറാക്കിയ കൃഷിയിടത്തില്‍ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത് വിത്തായി നടുവാന്‍ ഉപയോഗിക്കുന്നു. നടീല്‍ കാച്ചിലിന് 200-250 ഗ്രാം തൂക്കം വരുന്ന മുറിച്ച കഷണങ്ങളാണ് നല്ലത്. നടുന്നതിനു മുന്‍പായി ചാണകവെള്ളത്തില്‍ മുക്കി തണലില്‍ ഉണക്കുന്നു. 45ഃ45ഃ45 സെ.മീ. വലിപ്പമുള്ള കുഴികള്‍ എടുത്ത് മുക്കാല്‍ഭാഗം കാലിവളമോ കമ്പോസ്റ്റോ ഇട്ട് മൂടുന്നു. നട്ടശേഷം ചവറുകള്‍ ഇട്ട് കുഴി മൂടണം. ചപ്പുചവറുകള്‍ എത്രത്തോളം ഇടുന്നുവോ അത്രത്തോളം നല്ലതുമാണ്. നട്ടശേഷം നനച്ചുകൊടുത്താല്‍ വേഗം വളരും. മുളച്ചുകഴിഞ്ഞാല്‍ ചാണകപ്പൊടി വളമായി നല്‍കാം. രണ്ടാം തവണ വളം നല്‍കുമ്പോള്‍ കളയെടുപ്പ് നടത്തി മണ്ണു കൂട്ടി കൊടുക്കുകയും ചെയ്യണം. ഏപ്രില്‍-മെയ് മാസം അവസാനം വരെയും കാച്ചില്‍ കൃഷി പല സ്ഥലങ്ങളിലും നടത്താറുണ്ട്.

കീടശല്യം ഇവയ്ക്ക് കുറവാണ്. കാച്ചില്‍ മുളച്ചുപൊങ്ങിയാല്‍ പിന്നെ വള്ളികള്‍ പടര്‍ന്നുകയറാന്‍ യഥാവസരം കയര്‍ (വള്ളി) കെട്ടിക്കൊടുക്കണം. കമ്പ് നാട്ടി കൊടുക്കുന്നതും വളരെ നല്ലതാണ്. നട്ട് 8-9 മാസത്തിനുശേഷം ഇവ വിളവെടുക്കാം. കാച്ചില്‍ പ്രധാനമായി ഉള്‍ഭാഗം വെളുപ്പുനിറമുള്ളതും മഞ്ഞ കലര്‍ന്ന വെളുപ്പ് നിറമുള്ളതുമായ രണ്ട് നിറങ്ങളില്‍ ഉള്ള ഇനങ്ങള്‍ ഉണ്ട്. സ്വാദ് കൂടുതലുള്ള വെളുത്തയിനമാണ് ധാരാളമായി കൃഷി ചെയ്തുവരുന്നത്. കേരളത്തിലെ മണ്ണും കാലാവസ്ഥയും കാച്ചില്‍ കൃഷിക്ക് വളരെ യോജിച്ചതുമാണ്.

ശ്രീകീര്‍ത്തി, ശ്രീരൂപ, ശ്രീശില്‍പ, ഇന്ദു, ശ്രീകാര്‍ത്തിക എന്നിവ മികച്ച കാച്ചില്‍ ഇനങ്ങളാണ്. ഓരോ പ്രദേശത്തിനും ഏറ്റവും യോജിച്ച ഇനങ്ങള്‍ തെരഞ്ഞെടുത്ത് കൃഷി ചെയ്യുന്നതാണ് ഉത്തമം. തെങ്ങ്, കമുക്, വാഴ തുടങ്ങിയ വിളകള്‍ക്കൊപ്പം കാച്ചില്‍ നല്ലൊരു ഇടവിളയായും കൃഷി ചെയ്യാം. നല്ല ആദായം നേടുകയും ചെയ്യാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org