കടൽ കാണാത്ത മീൻകുഞ്ഞ്

കടൽ കാണാത്ത മീൻകുഞ്ഞ്

ഒരിടത്ത് ഒരു വലിയ കടലില്‍ ഒരു ചെറിയ മീനുണ്ടായിരുന്നു. അവള്‍ക്ക് അനേകം കൂട്ടുകാരുമുണ്ടായിരുന്നു. അവര്‍ ഒന്നിച്ച് കടലില്‍ നീന്തിക്കളിച്ചു. തീറ്റ തേടി, രാത്രി കടലില്‍ തന്നെ ഉറങ്ങി! കടല്‍ പായലിലോ പാറയിലോ ചേര്‍ന്നുനിന്നായിരുന്നു ഉറക്കം.

അങ്ങനെ സന്തോഷത്തോടെ അവള്‍ ജീവിച്ചു.

ഒരു ദിവസം കടലിലൂടെ നീന്തുമ്പോള്‍ അവള്‍ അവളുടെ അമ്മയെ കണ്ടു. എത്ര നാളായി അമ്മയെ ഒന്നു കണ്ടിട്ട്! അവള്‍ അമ്മയോടു ചേര്‍ന്നുനിന്നു. അവളുടെ മുഖം അമ്മയുടെ മുഖത്തോടു ചേര്‍ത്ത് ഉരുമ്മി ഉമ്മവെച്ചു. എന്നിട്ട് അവള്‍ അമ്മയോട് വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി.

"അമ്മേ, അമ്മേ, ഞാന്‍ ഒരു സംശയം ചോദിച്ചോട്ടെ. എല്ലാവരും എപ്പോഴും എന്നെ കാണുമ്പോള്‍ കടലിനെപ്പറ്റി പറയുന്നു. എന്താണമ്മേ ഈ കടല്‍ എന്നു പറഞ്ഞാല്‍?

അമ്മ മകളെ മുഖംകൊണ്ടു തലോടി. സ്നേഹത്തോടെ പറഞ്ഞു. "മോളേ, കടലിലാണ് നീ കഴിയുന്നത്. നിനക്കു ചുറ്റും കടലാണ്."

കുഞ്ഞുമീനിന് ഒന്നും മനസ്സിലായില്ല. അവള്‍ തര്‍ക്കിച്ചു. "പക്ഷേ, ഞാനൊന്നും കാണുന്നില്ലല്ലോ?"

അമ്മമീന്‍ അവളെ വീണ്ടും ഉമ്മവച്ചു. എന്നിട്ടു പറഞ്ഞു. "നീ കുഞ്ഞല്ലേ. ഒന്നും കാണുന്നില്ല. അതാണ്."

"അല്ലമ്മേ, ഞാന്‍ കൂട്ടുകാരെ കാണുന്നുണ്ട്. തീറ്റപ്പായല്‍ കാണുന്നുണ്ട്. പാറ കാണുന്നുണ്ട്. പക്ഷേ, കടല്‍ കാണുന്നില്ല!"

അമ്മമീന്‍ അപ്പോള്‍ അവളോട് കൂടുതല്‍ ചേര്‍ന്നു നിന്നുകൊണ്ടു പറഞ്ഞു: "മോളെ നിന്‍റെ ഉള്ളില്‍ പോലും കടലുണ്ട്. കടല്‍വെള്ളമുണ്ട്. നിന്‍റെ തൊലി നിന്നെ പൊതിഞ്ഞിട്ടുണ്ട്. പക്ഷേ, കടല്‍ അതിലൂടെ നിന്‍റെയുള്ളിലും കയറിയിട്ടുണ്ട്."

"ഉണ്ടോ?" കുഞ്ഞുമീനിന് സംശയം.

"ഉവ്വ്. നിന്‍റെ തൊലി നിന്നെ പൊതിഞ്ഞിരിക്കുന്നു. അതുപോലെ കടല്‍ നിന്നെ പൊതിഞ്ഞിട്ടുണ്ട്. കടല്‍ നിനക്ക് ചുറ്റുമുണ്ട്."

"അമ്മേ, ഞാനപ്പോള്‍ കടലിനുള്ളിലാണെന്നോ! എന്തത്ഭുതം!" കുഞ്ഞുമീന്‍ അത്ഭുതത്തോടെ പറഞ്ഞു.

അവരുടെ വര്‍ത്തമാനം കേട്ടു കടലമ്മ ചിരിച്ചുപോയി. അവള്‍ കാറ്റിനോടു പറഞ്ഞു. "കണ്ടോ കാറ്റേ കളി. കടലില്‍ കഴിയുന്ന മീന്‍കുഞ്ഞിന് കടലിനെപ്പറ്റി ബോധമില്ല. കടല്‍ കേടായാല്‍ അവളുടെ തടിയും കേടാകുമെന്ന് അവള്‍ക്കറിയില്ല."

കാറ്റ് അതുകേട്ട് സങ്കടത്തോടെ പറഞ്ഞു. "ആ മീന്‍ കുഞ്ഞിനെപ്പോലെയാണ് കടലമ്മേ മനുഷ്യനും. പ്രകൃതിയില്‍ ജീവിക്കുന്ന മനുഷ്യന് പ്രകൃതിയെപ്പറ്റി ബോധമില്ല. പ്രകൃതി നശിച്ചാല്‍ മനുഷ്യനും നശിക്കുമെന്ന് മനസ്സിലായിട്ടില്ല." കാറ്റ് അങ്ങനെ പറഞ്ഞുകൊണ്ട് എങ്ങോട്ടോ ഒഴുകിപ്പോയി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org