Latest News
|^| Home -> Suppliments -> ULife -> കലാലയ രാഷ്ട്രീയം

കലാലയ രാഷ്ട്രീയം

Sathyadeepam

ഫാ. തോമസ് കണ്ണാട്ട്

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ വിദ്യാഭ്യാസരംഗത്ത് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുള്ളത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തില്‍ നാം ഒന്നാംസ്ഥാനത്തുതന്നെ എന്നു പറയാം. എണ്ണവും വണ്ണവും കൂടിയെങ്കിലും വിദേശരാജ്യങ്ങളിലെ വിദ്യാഭ്യാസവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഗുണനിലവാരത്തില്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളരെ പിന്നിലാണ്.

ഇന്നു വിദ്യാഭ്യാസരംഗം അഭിമുഖീകരിക്കന്ന ഏറ്റവും രൂക്ഷമായ പ്രശ്നം കാമ്പസ് രാഷ്ട്രീയമാണ്. വിദ്യാര്‍ത്ഥികള്‍ മാത്രമല്ല അദ്ധ്യാപകരും അനദ്ധ്യാപകരും അതില്‍ ഉള്‍പ്പെടുന്നു. നിരവധി പാര്‍ട്ടികളുള്ള കേരളത്തെപ്പോലെ ഒരു സംസ്ഥാനം കക്ഷിരാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ വിളഭൂമിയാണ്. തങ്ങളുടെ പാര്‍ട്ടിയിലേക്ക് അംഗങ്ങളെ ചേര്‍ക്കുന്നതിന് ഒരു വേദിയായിട്ടാണു പല രാഷ്ട്രീയക്കാരും വിദ്യാഭ്യാസസ്ഥാപനങ്ങളെ കാണുന്നത്. സ്കൂള്‍ മുതല്‍ യൂണിവേഴ്സിറ്റി വരെ എല്ലാ തലങ്ങളിലും ഇതു നടക്കുന്നു. ഇത് അപക്വമായ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പുകള്‍ക്കും കാരണമാകുന്നു. അവയുടെ ദൗര്‍ഭാഗ്യകരമായ ഫലങ്ങളാകട്ടെ വ്യക്തിവൈരാഗ്യങ്ങളും അക്രമങ്ങളും പ്രവൃത്തിദിവസങ്ങള്‍ നഷ്ടപ്പെടുത്തലുമാണ്. അദ്ധ്യാപകരും രാഷ്ട്രീയസ്വാധീനങ്ങളില്‍ നിന്നു വിമുക്തരല്ല. വിധേയത്വരാഷ്ട്രീയത്തിന്‍റെ വിഭാഗങ്ങളായി അവരും വേര്‍തിരിയുന്നു. സംഘടനാബാഹുല്യം അദ്ധ്യാപനത്തെയും സ്ഥാപനത്തിന്‍റെ സുഗമമമായ നടത്തിപ്പിനെയും സാരമായി ബാധിക്കുന്നു. കക്ഷിരാഷ്ട്രീയമില്ലെന്നു വാദിക്കുന്നവര്‍പോലും നിലവാരത്തിന്‍റെയോ തൊഴില്‍പരമായ മികവിന്‍റെയോ കാര്യത്തില്‍ ശുഷ്കാന്തി കാണിക്കാറില്ല. രാഷ്ട്രീയ അതിപ്രസരചിന്തകളാല്‍ ഭാവിതലമുറയെ വാര്‍ത്തെടുക്കേണ്ടവരാണു തങ്ങളെന്ന അടിസ്ഥാന തത്ത്വംപോലും അവര്‍ സൗകര്യംപോലെ മറക്കുകയാണ്. ഉന്നതവിദ്യാഭ്യാസത്തിന്‍റെ സിരകളാകേണ്ട യൂണിവേഴ്സിറ്റികളും അവകാശസംഘട്ടനങ്ങള്‍ക്കു വേദിയായി. ഈ സംഘട്ടനങ്ങളുടെയെല്ലാം അന്തിമഫലം വിദ്യാഭ്യാസരംഗത്തു ദര്‍ശനപരമായ പുത്തന്‍ ആശയങ്ങളൊന്നുംതന്നെ ഉള്‍ക്കൊള്ളാനോ ആവിഷ്കരിക്കാനോ കഴിഞ്ഞിട്ടില്ല എന്നതാണു വസ്തുത.

ഏതായാലും വലിയ തോതിലുള്ള എതിര്‍പ്പുകള്‍ പല പ്രധാനപ്പെട്ട മേഖലകളില്‍നിന്നുപോലും ഉണ്ടാകും എന്നറിഞ്ഞിട്ടും കൂടെക്കൂടെ അവസരം കിട്ടുമ്പോഴെല്ലാം കലാലയ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നുള്ള ബഹുമാനപ്പെട്ട കോടതികളുടെ ശക്തവും വ്യക്തവുമായ വിധികള്‍ ഏറെ പ്രശംസനീയവും ഉടനടി നിയമംമൂലം ബന്ധപ്പെട്ടവര്‍ നടപ്പാക്കേണ്ടതുമാണ്. മാത്രവുമല്ല രാഷ്ട്രീയക്കാര്‍ക്കും മാതാപിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള കോടതിയുടെ ശക്തമായ ബോധവത്കരണംകൂടിയാണ് ഇത്. കലാലയരാഷ്ട്രീയം ഇന്നത്തെ തലമുറയ്ക്കു വരുത്തിവയ്ക്കുന്ന ഭയാനകമായ ദുരന്ത യാഥാര്‍ത്ഥ്യത്തെക്കുറിച്ചു രാഷ്ട്രീയനേതാക്കള്‍ക്ക് അവബോധമുള്ളതുകൊണ്ടാണു തങ്ങളുടെ മക്കളെയെങ്കിലും സുരക്ഷിത സ്ഥാപനങ്ങളില്‍, അതു വിദേശത്താണെങ്കിലും സ്വദേശത്താണെങ്കിലും, അവര്‍ പഠിപ്പിക്കുവാന്‍ തയ്യാറാകുന്നത്. ഈ യാഥാര്‍ത്ഥ്യം സാധാരണക്കാരും പാവപ്പെട്ടവരുമായ വിദ്യാര്‍ത്ഥികളും മക്കള്‍ക്കുവേണ്ടി ചോര നീരാക്കി പണിയെടുക്കുന്ന പ്രിയ മാതാപിതാക്കളും എന്നാണോ മനസ്സിലാക്കുന്നത്, അന്നു മാത്രമേ ഈ ദുരന്തത്തില്‍ നിന്നും കുറെയെങ്കിലും മോചനം നേടുവാന്‍ വളര്‍ന്നുവരുന്ന തലമുറയ്ക്കു സാധിക്കൂ.

മക്കളുടെ ഭാവിയോര്‍ത്തു വെന്തുനീറുന്ന മനസ്സുമായി കേഴുന്ന പ്രിയ മാതാപിതാക്കളുടെ നിശ്ശബ്ദ ചോദ്യങ്ങള്‍ക്കു നിങ്ങള്‍ രാഷ്ട്രീയക്കാര്‍ ഉത്തരം പറഞ്ഞേ മതിയാവൂ. പ്രത്യേകിച്ചു കലാലയരാഷ്ട്രീയം കൂടിയേ തീരൂ എന്നു ശാഠ്യം പിടിക്കുന്ന രാഷ്ട്രീയക്കാര്‍. ആരൊക്കെ എന്തൊക്കെ അവസരവാദ, നിലനില്പു രാഷ്ട്രീയം പറഞ്ഞാലും നാമെല്ലാം പരസ്യമായി വിളിച്ചുപറയേണ്ട ഒരു സത്യമുണ്ട്: “വിദ്യാഭ്യാസസ്ഥാപനം വിദ്യയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും മാത്രം നടക്കേണ്ട പരിപാവനവും പരിശുദ്ധവും സാംസ്കാരികവും ധാര്‍മ്മികവുമായ ഒരു സ്ഥലവും സ്ഥാപനവും ആയിരിക്കണം. രാഷ്ട്രീയത്തില്‍ പ്രത്യേക അഭിരുചിയുള്ളവര്‍ക്കും പാര്‍ലമെന്‍ററി മോഹമുള്ളവര്‍ക്കും പൊളിറ്റിക്സ് ഐച്ഛികവിഷമായെടുത്ത് അതു പഠിച്ചു പ്രാവീണ്യം നേടാമെന്നിരിക്കേ കലാലയങ്ങളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അതിലേക്കു വലിച്ചഴിയ്ക്കണമോ? കല്ലേറും കത്തിക്കുത്തും ബോംബേറും പൊതുമുതല്‍ നശിപ്പിക്കലും കാമ്പസുകളില്‍ ആയുധങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നതും ചേരിതിരിഞ്ഞു കൂട്ടത്തല്ലും പ്രിന്‍സിപ്പലിന്‍റെ കസേര കത്തിക്കലും ലോണെടുത്തും കഠിനാദ്ധ്വാനം ചെയ്തും കെട്ടിപ്പൊക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടിച്ചു തകര്‍ക്കുന്നതും സഹപാഠികളുടെ കയ്യും കാലും തല്ലിയൊടിക്കുന്നതും വെട്ടിക്കളയുന്നതും എതിര്‍ രാഷ്ട്രീയക്കാരന്‍റെ മുതുകില്‍ ബ്ലെയ്ഡുകൊണ്ടു വരയുന്നതും കുട്ടികളുടെ പഠിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നതും കാമ്പസിനു വെളിയില്‍നിന്ന് ഇതിനെല്ലാം പി ന്തുണ ലഭിക്കുന്നതും വിദ്യാഭ്യാസത്തിന്‍റെ ഏതു സിലബസിന്‍റെ ഭാഗമാണെന്നു കലാലയത്തില്‍ കക്ഷിരാഷ്ട്രീയം വേണമെന്നു പറയുന്നവര്‍ വ്യക്തമാക്കണം. ആയതിനാല്‍ ‘രാഷ്ട്രീയ വിമുക്ത കലാലയ’മെന്ന മുദ്രാവാക്യം നമുക്ക് ഉയര്‍ത്തിപ്പിടിക്കാം. അതിനാവശ്യമായ പിന്തുണ ലഭിക്കേണ്ട വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും നാമതു നല്കണം.

പാലാ രൂപതയില്‍പ്പെട്ട ഒരു പള്ളിയില്‍ കല്യാണവുമായി ബന്ധപ്പെട്ടു പേകേണ്ടി വന്നപ്പോള്‍ അവിടെ ഒരു വിവാഹസന്ദേശം നല്കാനിടയായി. ആ കല്യാണത്തിന്‍റെ സത്കാരമെല്ലാം കഴിഞ്ഞ്, പള്ളിയുടെ പാരീഷ് ഹാളിനു മുമ്പില്‍ ആളുകളുമായി സംസാരിച്ചു നില്ക്കുമ്പോള്‍ കല്യാണവീട്ടിലെ ബന്ധുക്കള്‍ കോട്ടയത്തെ പ്രസിദ്ധമായ ഒരു കോളജില്‍ പഠിക്കുന്ന സുന്ദരിയായ ഒരു പെണ്‍കുട്ടിയെ അവളുടെ ചാച്ചനും മറ്റു ബന്ധുക്കളുംകൂടി തമാശരൂപേണ എന്‍റെയടുക്കല്‍ പിടിച്ചുകൊണ്ടു വന്നു. അതിലൊരാള്‍ക്കിഷ്ടിമില്ലാത്ത രാഷ്ട്രീയവിദ്യാര്‍ത്ഥി സംഘടനയില്‍ കഴിഞ്ഞ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ അവള്‍ മത്സരിച്ചു എന്നുള്ളതാണ് അവളുടെ ചാച്ചന്‍ ഉള്‍പ്പെട്ട ഭൂരിഭാഗം പേരുടെയും ആകുലത. പഠിച്ചു മിടുക്കിയാകേണ്ട പെണ്‍കുട്ടി രാഷ്ട്രീയം കളിച്ചു ജീവിതം തുലയ്ക്കുമോ എന്ന പേടിയും സംശയവുമാണ്. അവള്‍ക്കാണെങ്കില്‍ യാതൊരു കൂസലുമില്ല. അച്ചനവളെ കാര്യങ്ങള്‍ ഒന്നു പറഞ്ഞു മനസ്സിലാക്കണം എന്നതാണ് അവരുടെ ആവശ്യം. അപ്പോള്‍ ഞാനെന്‍റെ സ്കൂള്‍-കോളജ് വിദ്യാഭ്യാസത്തെക്കുറിച്ച് ഓര്‍ത്തു. പക്വതയോടെ കാര്യങ്ങള്‍ മനസ്സിലാക്കാതെ അന്ധമായ മുതലെടുപ്പു രാഷ്ട്രീയകെണിയില്‍പ്പെട്ടു ഭാവിജീവിതം നഷ്ടപ്പെട്ട ചില സഹപാഠികളുടെ നേര്‍ജീവിതത്തിന്‍റെ ദുരന്തചിത്രമാണ് എന്‍റെ മനസ്സിലേക്ക് ഓടിയെത്തിയത്; തമാശ രൂപേണ, എന്നാല്‍ ചില ഗൗരവമുള്ള കാമ്പസ് രാഷ്ട്രീയത്തിന്‍റെ ദുരന്തഫലങ്ങളെക്കുറിച്ച് ഉദാഹരണസഹിതം സംസാരിച്ച് അവരോടു യാത്ര പറഞ്ഞു മടങ്ങുന്നതിനിടയില്‍ അവളോടു ഞാന്‍ പ്രത്യേകമായി പറഞ്ഞു: “മോളേ, നീ ഒരു കാര്യം കൂടി ഓര്‍ക്കണം. ചോര നീരാക്കി നിങ്ങളെ വിദ്യാഭ്യാസത്തിനയയ്ക്കുന്ന നിങ്ങളുടെ പ്രിയ മാതാപിതാക്കളെ, വിദ്യാഭ്യാസ വായ്പയെടുക്കുവാന്‍ ബാങ്കുകളുടെ മുമ്പിലും ധനകാര്യസ്ഥാപനങ്ങളുടെ മുമ്പിലും നാണംകെട്ടു മണിക്കൂറുകളോളം ക്യൂ നില്ക്കുന്ന നിങ്ങളുടെ മാതാപിതാക്കളുടെ ദയനീയമുഖങ്ങള്‍, വിദ്യാഭ്യാസ ജീവിതത്തിന്‍റെ ആഡംബരത്തിലും മോടിയിലും രാഷ്ട്രീയ തിരക്കിനുമിടയില്‍ ഒന്ന് ഓര്‍ക്കുന്നതു വളരെ നല്ലതാണ്. അവളുടെ കണ്ണുകള്‍ നിറഞ്ഞു. ഉപരിപഠനത്തിനുവേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കയറിയിറങ്ങുമ്പോഴും ഏതെങ്കിലും ഒരു ജോലിക്കായി തൊഴില്‍ സ്ഥാപനങ്ങളുടെ ഇന്‍റര്‍വ്യൂ ബോര്‍ഡിനു മുമ്പില്‍ നില്ക്കുമ്പോഴും അവര്‍ ചോദിക്കുന്നത്, ആകര്‍ഷകമായ മാര്‍ക്കുള്ള അംഗീകൃത സര്‍ട്ടിഫിക്കറ്റായിരിക്കും; അല്ലാതെ നീ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തി ച്ചോ? ഏതു രാഷ്ട്രീയത്തിലാണു പ്രവര്‍ത്തിച്ചത്? എന്താണ് അവിടെ വഹിച്ച സ്ഥാനം എന്നൊന്നും ആരും ചോദിക്കില്ല. ഒരു വിദ്യാര്‍ത്ഥിയുടെ പ്രധാന കടമ പഠിക്കുകയെന്നുതന്നെ. മക്കള്‍ ചെയ്യേണ്ടതും അതുതന്നെയാണ്. ഞാന്‍ പ്രത്യേകം പ്രാര്‍ത്ഥിച്ചുകൊള്ളാം.”

രണ്ടുമൂന്നു മാസം കഴിഞ്ഞ് അതേ പള്ളിയില്‍ ഒരു മനഃസമ്മതകര്‍മ്മത്തിനു ഞാനും ചേട്ടന്‍റെ മകനുംകൂടി പങ്കെടുത്തു. വികാരിയച്ചന്‍റെ മേടയിലിരുന്നു ഭക്ഷണവും കഴിച്ചു ബന്ധുക്കളെ കാണുവാന്‍ പാരീഷ് ഹാളിന്‍റെ മുമ്പിലേക്കു വന്നപ്പോള്‍ ആ പെണ്‍കുട്ടി ചട്ടയും മുണ്ടുമുടുത്ത് സ്റ്റേജില്‍നിന്ന് അനൗണ്‍സ് ചെയ്യുകയാണ്. ചട്ടയും മുണ്ടുമുടുത്ത അവളെ കണ്ടപ്പോള്‍ സാമുദായികമായ ഒരു ആദരവ് എനിക്ക് അവളോടു തോന്നി. കുറച്ചു കഴിഞ്ഞു വേഷമെല്ലാം അഴിച്ചുവച്ചു ഞങ്ങളെ കണ്ടപ്പോള്‍ ഓടി വന്നു കയ്യില്‍പ്പിടിച്ചു പറഞ്ഞു: “അച്ചനന്നു പറഞ്ഞതൊക്കെ എന്‍റെ ഓര്‍മ്മയിലുണ്ട്. ഞാനൊരു നേരമ്പോക്കിനു സ്ഥാനാര്‍ത്ഥിയായതാണ്. ഞാന്‍ ഐഎഎസ് പരീക്ഷയ്ക്കു തയ്യാറെടുക്കുന്നുണ്ട്.” നീ ഇലക്ഷനു ജയിച്ചോ എന്നു ചോദിച്ചപ്പോള്‍ ജയിച്ചു എന്നു മറുപടിയും പറഞ്ഞു. പള്ളി സംഘടനകളില്‍ നന്നായി പ്രവര്‍ത്തിക്കണമെന്നു പറഞ്ഞുകൊണ്ടു ഞങ്ങള്‍ തിരിച്ചു പോരുകയും ചെയ്തു.

എട്ടു മുതല്‍ പത്താം ക്ലാസ്സുവരെ രാഷ്ട്രീയ അതിപ്രസരംകൊണ്ടു കലുഷിതമായ സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചതിന്‍റെ നീറുന്ന അനുഭവങ്ങള്‍ ഇന്നും മനസ്സില്‍ മായാതെ നില്ക്കുന്നുണ്ട്. മിക്കപ്പോഴും അഞ്ചു കിലോമീറ്റര്‍ നടന്നാണു സ്കൂളില്‍ പോകുന്നത്. കോളജ് പഠനത്തിനു ബസ് കണ്‍സഷന്‍ തരപ്പെട്ടതിനാല്‍ പിന്നീടുള്ള യാത്ര ബസ്സിലായി. സ്കൂളില്‍ പോകുമ്പോള്‍ തോളത്തു ബുക്കും ചോറ്റുപാത്രവും കാണും. മിക്കവാറും എല്ലാ ദിവസവും സമരമായതിനാല്‍ വളരെ കുറച്ചു ബുക്കുകളേ കൊണ്ടുപോകുമായിരുന്നുള്ളൂ. സ്കൂളിന്‍റെ പരിസരത്ത് എത്തിത്തുടങ്ങുമ്പോഴേ മുദ്രാവാക്യംവിളി ഉയര്‍ന്നു കേള്‍ക്കാം. കുറേ നേരത്തെ മുദ്രാവാക്യത്തിനും സംഘര്‍ഷത്തിനും കല്ലേറിനും ലാത്തിച്ചാര്‍ജിനും സൈക്കിള്‍ ചെയിന്‍ പ്രയോഗത്തിനും ഒടുവില്‍ അറിവു തേടി എത്തിയ കുട്ടികള്‍ നാലുപാടും ചിതറിയോടും. ഹെഡ്മാസ്റ്ററുടെ കരണത്തടിച്ചിട്ട് ഓടുന്ന സഹപാഠിയുടെ മുഖവും മലയാളം സാര്‍ വഴക്കു പറഞ്ഞതിന്‍റെ പേരില്‍ സാറിന്‍റെ കയ്യില്‍ കെട്ടിയിരുന്ന വിലയേറിയ വാച്ച് വലിച്ചുപൊട്ടിച്ചു നിലത്തടിച്ചതും ഇന്നും മറന്നട്ടില്ല. ചോദിക്കാനും പറയാനും ആരുമില്ലാതിരുന്ന സ്കൂളില്‍ ക്ലാസുകള്‍ മുടക്കുന്നതിന്‍റെ ഭാഗമായി തലേദിവസം രാത്രിയില്‍ സ്കൂളില്‍ അതിക്രമിച്ചു കടക്കുകയും തറയോടുകള്‍ ഇളക്കി നിരത്തിയിടുകയും മലമൂത്രവിസര്‍ജ്ജനം നടത്തി വൃത്തികേടാക്കുകയും ഭിത്തികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മുകളിലെ ഇരുമ്പുകമ്പികളില്‍ ബെഞ്ചുകളും മറ്റും തൂക്കിയിട്ടതും ബോര്‍ഡിലേക്കു തിരിഞ്ഞുനിന്ന് എഴുതുന്ന സാറിന്‍റെ മുതുകില്‍ വലിയ കല്ലുകള്‍ വച്ച് എറിയുന്ന രീതിയും പതിവായിരുന്നു. അതേസമയം ടൗണില്‍ത്തന്നെ സ്ഥിതി ചെയ്തിരുന്ന സെന്‍റ്മേരീസ് ഹൈസ്കൂളിലും ഹോളി ഫാമിലി ഹൈസ്കൂളിലും ചിട്ടയോടുകൂടി പഠനവും മറ്റു കാര്യങ്ങളും നടന്നുകൊണ്ടിരുന്നു എ ന്നുള്ളതും സത്യംതന്നെ.

കേരളത്തിലെ കോളജുകളില്‍ നിലനില്ക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് ആസൂത്രണ ബോര്‍ഡിന്‍റെ ഉന്നതല സമിതി കണ്ടെത്തിയ നിഗമനങ്ങളില്‍ ഒന്നു താഴെ പറയുന്നതാണ്: “രാഷ്ട്രീയത്തിന്‍റെ അതിപ്രസരവും തജ്ജന്യമായ അച്ചടക്കരാഹിത്യവും കലാലയാന്തരീക്ഷത്തെ കലുഷിതമാക്കിയിരിക്കുന്നു. ആവശ്യത്തിനും അനാവശ്യത്തിനുമുള്ള സമരങ്ങള്‍ മൂലം റെഗുലര്‍ കോളജുകള്‍ രാഷ്ട്രീയ താത്പര്യങ്ങളുടെയും അനാശാസ്യപ്രവര്‍ത്തനങ്ങളുടയും വേദികളായി അധഃപതിക്കുന്നു.”

വിദ്യാഭ്യാസമെന്നത് ഉത്കൃഷ്ടമായ ജീവിതത്തിനാണ്. ഒരു മനുഷ്യവ്യക്തിയെന്ന നിലയില്‍ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പ്രാപ്തരാക്കുകയെന്നതാണു വിദ്യാഭ്യാസസ്ഥാപനത്തിന്‍റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം. വിദ്യാര്‍ത്ഥിയായി വരുന്ന ആര്‍ക്കും ആ സ്ഥാപനം ഭരിക്കാമെന്ന ഉദ്ദേശ്യമുണ്ടാകില്ല. വിദ്യാഭ്യാസ വിചക്ഷണനായ ജോണ്‍ ഡ്യൂയിയുടെ അഭിപ്രായത്തില്‍ “സ്കൂളില്‍ പോകുന്നതു രാഷ്ട്രീയം പഠിക്കാനല്ല; ജീവിതം പഠിക്കുവാനാണ്.” ഒരിക്കല്‍ ലെനിനോട് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ ഒരാവശ്യം ഉന്നയിച്ചു. “വിപ്ലവത്തില്‍ പങ്കെടുക്കുവാന്‍ ഞങ്ങള്‍ വിദ്യാഭ്യാസം അവസാനിപ്പിക്കട്ടെ.” അതിനദ്ദേഹം കൊടുത്ത മറുപടി രാഷ്ട്രീയക്കാരുടെ കണ്ണു തുറപ്പിക്കേണ്ടതാണ്: “വിപ്ലവത്തിന്‍റെ മേഖലയില്‍ നിങ്ങള്‍ വിദ്യാര്‍ത്ഥികളുടെ സേവനം ആവശ്യമില്ല”. ജാക്വസ് സെലറെ ചെയര്‍മാനാക്കി യുനെസ് കോ നടത്തിയ കണ്ടെത്തലില്‍ വിദ്യാഭ്യാസം നാലു സ്തൂപങ്ങളില്‍ കെട്ടിപ്പൊക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. അതില്‍ കലാലയ രാഷ്ട്രീയത്തെക്കുറിച്ചുള്ള പരാമര്‍ശം പോലുമില്ല. ഒന്ന്, ജീവിതത്തെ അറിയുവാനുള്ള പഠനം; രണ്ട്, ചെയ്യുവാനുള്ള പഠനം; മൂന്ന്, ഒന്നിച്ചു ജീവിക്കുവാനുള്ള പഠനം; നാല്, സത്യം തിരിച്ചറിയാനുള്ള പഠനം.

വിദ്യാഭ്യാസ വിചക്ഷണനായ ഡോ. എം.വി. പൈലി പറയുന്നത് ഇപ്രകാരമാണ്. “വിദ്യാര്‍ത്ഥികള്‍ അറിവന്വേഷിച്ചെത്തുന്നവരാണ്. വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ നടത്തിപ്പില്‍ അവര്‍ക്കു യാതൊരു കാര്യവുമില്ല. വിദ്യാര്‍ത്ഥി അറിവന്വേഷിക്കുന്നവനാണെന്ന വസ്തുതയുടെതന്നെ അര്‍ത്ഥം അവനെ പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപന നടത്തിപ്പുകാരോട് അവനു തുല്യതയില്ലയെന്നതാണ്. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പിനെ നിയമസഭയിലേക്കും പാര്‍ലമെന്‍റിലേക്കുമുള്ള തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്താനാവില്ല. സ്കൂള്‍-കോളജ് ഭരണസംവിധാനത്തില്‍ അവശ്യഘടകമൊന്നുമല്ല തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥിയൂണിയന്‍. അതു ഭരണസമിതിയുമല്ല. അതാകാനും പാടില്ല. കാമ്പസ് രാഷ്ട്രീയത്തിനു യാതൊരു അടിസ്ഥാനവുമില്ല.

ഇതിന്‍റെ അര്‍ത്ഥം വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയത്തില്‍ തത്പരരല്ല എന്നല്ല. അതേ അവര്‍ തത്പരരാണ്. എന്നാല്‍ അവരുടെ താത്പര്യം വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ പിണിയാളുകളായി പ്രവര്‍ത്തിക്കുക എന്നതിലുപരി രാഷ്ട്രീയത്തിലെ തത്ത്വവും പ്രയോഗവും പഠിക്കുക എന്നതാണ്. കോളജിലോ സര്‍വകലാശാലയിലോ അവര്‍ക്കു രാഷ്ട്രീയമോ ഭരണപരമോ ആയ എന്തെങ്കിലും പങ്കു നിര്‍വഹിക്കുവാനില്ല എന്നതാണു വസ്തുത. ഇന്ത്യന്‍ ഭരണഘടനയോടു വിധേയത്വം പുലര്‍ത്തുന്ന സത്സ്വഭാവികളും ദേശസ്നേഹികളും നാടിനും നാട്ടാര്‍ക്കും ഉപകരിക്കുന്നവരായ, മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്നവരായ സഹജീവികളോടു സ്നേഹവും കാരുണ്യവും ബഹുമാനവും കാണിക്കുന്നവരായ ഒരു പുതുപുത്തന്‍ തലമുറയെ വാര്‍ത്തെടുക്കുന്നതിനായുള്ള പരിശ്രമത്തില്‍ ‘രാഷ്ട്രീയവിമുക്ത കലാലയം’ എന്ന ലക്ഷ്യപ്രാപ്തിക്കുവേണ്ടി നമുക്കൊത്താരുമിച്ചു പ്രവര്‍ത്തിക്കാം, അണിചേരാം… അതോടൊപ്പംതന്നെ വിദ്യാര്‍ത്ഥികള്‍ക്കു പഠനവുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ചെയ്യുന്നതില്‍ വിദ്യാഭ്യാസ അധികൃതര്‍ സദാ ജാഗരൂകരായിരിക്കണം. നന്മ നിറഞ്ഞ ഒരു സമൂഹത്തെ സ്വപ്നം കണ്ടുകൊണ്ട്.

Leave a Comment

*
*