കാലം മായ്ക്കുന്ന മുറിവുകള്‍

കാലം മായ്ക്കുന്ന മുറിവുകള്‍

മാതൃപാഠങ്ങള്‍

ഷൈനി ടോമി

മൂര്‍ച്ചയേറിയ ആയുധംകൊണ്ടു മുളംതണ്ടു തുളച്ചുകൊണ്ടിരുന്ന അയാളോട് കുഞ്ഞുമകന്‍ ചോദിച്ചു: "ഈ മുളംതണ്ടിനു നോവൂല്ലേ അപ്പാ?" മറുപടി പറയാതെ വീണ്ടും വീണ്ടും തുളയിട്ടുകൊണ്ടിരുന്ന അ പ്പനെ നോക്കി മകന്‍ ചോദ്യം ആവര്‍ത്തിച്ചു. ഒടുവില്‍ അപ്പന്‍ മകനെ മടിയിലിരുത്തി, മുളംതണ്ടു ചുണ്ടോടുചേര്‍ത്ത് ഊതി. അപ്പോഴുണ്ടായ സംഗീതം കേട്ടു പഴയ ചോദ്യം മകന്‍ മറന്നു.
പിന്നെ ആ കുഞ്ഞിന്‍റെ താത്പര്യം കൂടുതല്‍ മനോഹരമായ സംഗീതം ആ മുളംതണ്ടിലൂടെ പുറത്തുവരുന്നതു കേള്‍ക്കാനായിരുന്നു.
ചില മുറിവുകളൊക്കെ എല്ലാവരുടെയും ജീവിതത്തില്‍ ഏതെങ്കിലുമൊക്കെ സാഹചര്യത്തില്‍ ഉണ്ടായി എന്നു വരും. ചിലപ്പോള്‍ അത് അപകടത്തിന്‍റെ രൂപത്തിലായിരിക്കും, വേറൊരിക്കല്‍ രോഗം, മറ്റൊരാള്‍ക്ക് അപമാനപ്പെടല്‍…. അങ്ങനെ പല രൂപത്തില്‍ ശാരീരികമായും മാനസികമായും നമുക്കൊക്കെ മുറിവേല്ക്കാറുണ്ട്. കാലത്തിനു മുറിവുണക്കാനും വ്യക്തിയെ കൂടുതല്‍ പ്രതിരോധ പ്രാപ്തി ഉള്ളതാക്കാനുമുള്ള കഴിവുണ്ട്. "ഇതും കടന്നുപോകും" എന്നു തിരിച്ചറിയാന്‍ കഴിഞ്ഞാല്‍, പരിക്കുകളെ അതിജീവിക്കാന്‍ ഏതു ദുര്‍ബലര്‍ക്കും സാധിക്കും.
ഈ ദിവസങ്ങളില്‍ ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്ത പ്രശസ്ത ചലച്ചിത്രതാരം ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റതു നമ്മള്‍ കണ്ടതാണ്. യഥാര്‍ത്ഥത്തില്‍ അക്രമികള്‍ അത്രയ്ക്കൊന്നും അപമാനിക്കപ്പെട്ടതുമില്ല. അവര്‍ സ്വാഭാവികമായ ചില നടപടിക്രമങ്ങള്‍ക്കു നിയമപ്രകാരം കീഴ്വഴങ്ങി എന്നതു ശരിതന്നെ. ആക്രമിക്കപ്പെട്ട സ്ത്രീ അനുഭവിച്ച ശാരീരിക-മാനസിക പീഡയുമായി തുലനം ചെയ്യുമ്പോള്‍ അക്രമികള്‍ക്കു ലഭിച്ച കാരുണ്യം അളവറ്റതാണെന്നും കാണാം. അതുകൊണ്ടുതന്നെ അക്രമികള്‍ക്കു വലിയ മാനസിക പീഡയൊന്നും ഉണ്ടാകുന്നുമില്ല. ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ നമ്മുടെ കുട്ടികളും അറിഞ്ഞിരിക്കേണ്ടതുണ്ട്. എങ്കിലല്ലേ നിരപരാധിയും നിഷ്കളങ്കരുമായവര്‍ക്ക് ആപത്ഘട്ടങ്ങളെ തരണം ചെയ്യാന്‍ കഴിയുകയുള്ളൂ. ഒരു പെണ്‍കുട്ടി കടപ്പുറത്തിരുന്നു കാറ്റുകൊണ്ടതിന്‍റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിച്ചതിനു യുവാവ് ആത്മഹത്യ ചെയ്തതും ഈ ദിവസങ്ങളില്‍ തന്നെയല്ലേ? നിസ്സാരമായ ഒരു കാര്യത്തിന്‍റെ പേരില്‍ ഒരായുസ്സിന്‍റെ ക്രിയാത്മകതയാണ് അവന്‍ സ്വയം ഇല്ലാതാക്കിയത്.
ക്രിമിനല്‍ സ്വഭാവമുള്ളവരെ അപമാനിക്കാന്‍ ആര്‍ക്കാണു കഴിയുക. പക്ഷേ, സുതാര്യതയും സത്യസന്ധതയും ഉള്ളവരെ അപമാനിക്കാന്‍ എളുപ്പമാണ്. അസൂയക്കാരായ ചിലരെ, ചിലപ്പോള്‍ മാധ്യമങ്ങളുള്‍പ്പെടെയുള്ള സമൂഹം വ്യക്തിഹത്യ ചെയ്ത് അപമാനിച്ചേക്കാം. തനിക്ക് അഭിമാനിക്കത്തക്ക വ്യക്തിത്വമുള്ളതുകൊണ്ടാണ് അപമാനിക്കുന്നതെന്നു തിരിച്ചറിയണം. ഈ തിരിച്ചറിവിലേക്ക് ഒരാള്‍ വളരണമെങ്കില്‍ ചെറുപ്പത്തിലേതന്നെ ചില മാര്‍ഗദര്‍ശനങ്ങള്‍ ലഭിക്കേണ്ടതുണ്ടുതാനും. സ്വന്തം ശരീരത്തില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന ജീവന്‍റെ അമൂല്യത അറിയാനുള്ള അവകാശം ഓരോ കുഞ്ഞിനുമുണ്ട്. അതു ബോദ്ധ്യപ്പെടുത്താനുള്ള കടമ മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും പുരോഹിതര്‍ക്കും സമൂഹത്തിനുമുണ്ട്. ഒന്നര വയസ്സുകാരി കുറുമ്പിക്കു വസ്ത്രം ധരിക്കാന്‍ മടിയാണ്. അതിഥികള്‍ വന്നിരിക്കുമ്പോള്‍ അഞ്ചു വയസ്സുകാരന്‍ ചേട്ടന്‍ പറഞ്ഞു: "ഷെയിം, ഷെയിം, പപ്പി ഷെയിം." കുറുമ്പി ഓടിപ്പോയി അമ്മയുടെ വസ്ത്രങ്ങളില്‍ ഒളിച്ചു. ആര്‍ക്കാണു പിന്നെ അവളെ കളിയാക്കാന്‍ കഴിയുക! കുഞ്ഞുങ്ങള്‍ക്ക് ഇത്തരം അറിവ് എങ്ങനെ കിട്ടുന്നു? എന്തായാലും പുസ്തകത്താളിലൂടെയല്ല. സത്യസന്ധത, മാന്യത, വിവേകം, സംസ്കാരം ഇതൊക്കെ കണ്ടും കേട്ടും താനേ സ്വായത്തമാക്കുന്നതാണ്. ഉയര്‍ന്ന മൂല്യബോധമുണ്ടാകുന്നതു ധാര്‍മികമായി ഉയര്‍ന്ന ചുറ്റുപാടുളളതുകൊണ്ടും കൂടിയാണ്. ഇത്തരം ചുറ്റുപാടുകള്‍ ഒരാള്‍ക്ക് ഒറ്റയ്ക്ക് ഉണ്ടാക്കിയെടുത്തു സ്വന്തം കുഞ്ഞിനെ മാത്രമായി രക്ഷിച്ചെടുക്കാനും കഴിയും എന്നു തോന്നുന്നില്ല.
സമൂഹത്തിന്‍റെ മൂല്യബോധം ഉണരണം. അത് ആരംഭിക്കുന്നതു വ്യക്തിയില്‍നിന്നാണുതാനും. അപമാനം എന്നതു സ്വന്തം സ്വത്വ ത്തെ ആഴത്തില്‍ അന്വേഷിക്കുവാനുള്ള ഒരവസരമായി മനസ്സിലാക്കുവാന്‍ ഓരോ കുഞ്ഞും യുവാവും വ്യക്തിയും പരിചയിക്കം.
പരിഹസിക്കപ്പെടാന്‍ ഒരു കാരണവും ഉണ്ടായിരിക്കില്ല. പിന്നെ എന്തിന് അപമാനഭാരം തോന്നുന്നു? സ്വന്തം മനസ്സിന്‍റെ ബലക്കുറവാണ് കാരണമില്ലാതെ അപമാനിക്കപ്പെട്ടതായി തോന്നുവാന്‍ കാരണം എന്നു തിരിച്ചറിയണം. അഥവാ കാരണമുള്ളതുകൊണ്ടാണ് അപമാനിക്കപ്പെട്ടതെങ്കില്‍, ആ കാരണം കണ്ടെത്തി ഒഴിവാക്കണം. തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ പ്രായശ്ചിത്തം ചെയ്യണം, തിരുത്തണം. തെറ്റ് ഏറ്റു പറഞ്ഞു ക്ഷമ ചോദിക്കണം. ഇതൊക്കെയാണ് ആരോഗ്യകരമായ സമീപനങ്ങള്‍. ഈ നിലപാടെടുക്കുന്നവരോടൊപ്പം നില്ക്കാന്‍ സമൂഹത്തിനു കഴിയണം. അതല്ലാതെ മാധ്യമങ്ങളിലൂടെയും നിയമപാലകരിലൂടെയും ആവര്‍ത്തിച്ചുള്ള വിചാരണയല്ല വേണ്ടത്. നിയമപരമായി ശിക്ഷാര്‍ഹമായ സംഗതിയാണെങ്കില്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. സാധാരണയായി കണ്ടുവരുന്നത്, കുറ്റവാളികള്‍ക്കു കിട്ടുന്ന സംരക്ഷണവും സഹായവും നിഷ്കളങ്കരായ, തെറ്റിദ്ധരിക്കപ്പെട്ട കുറ്റാരോപിതര്‍ക്കു സമൂഹത്തില്‍നിന്നു ലഭിക്കാറില്ല എന്നാണ്, മനഃപൂര്‍വം കുറ്റം ചെയ്തവര്‍, അതു മൂടിവയ്ക്കുവാനും പഴുതുകളി ലൂടെ രക്ഷപ്പെടാനുമുള്ള സാമര്‍ത്ഥ്യം കാട്ടുമ്പോള്‍, പൊതുസമൂഹം മൗനാനുമതി കൊടുക്കുന്നതായി കാണാറുണ്ട്. ഇതു നമ്മുടെ സാമൂഹിക വ്യവസ്ഥയുടെ പോരായ്മയാണെന്നുംകൂടി നിഷ്കളങ്കരായ കുടുംബങ്ങള്‍ അറിയണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org