കല്ലറകളുടെ താഴ്വര

കല്ലറകളുടെ താഴ്വര
Published on

ഉത്ഥാനദിനം കാത്തുകിടക്കുന്ന ആത്മാവുകളുടെ സ്പന്ദിക്കുന്ന കല്ലറകളാണ് ഒലിവ് മലയുടെ മുഖമുദ്ര. ലോകത്തില്‍ ഏറ്റവും പഴക്കമുള്ള യഹൂദ ശ്മശാനവും ഇതുതന്നെ. മൂവായിരം വര്‍ഷം മുമ്പുള്ള കല്‍വെട്ട് ഗുഹകള്‍ മുതല്‍ കല്ലറകള്‍ വരെ ഒന്നരലക്ഷം ആത്മാക്കളാണ് നാഥന്‍ വരുന്ന ഉത്ഥാന ദിവസം കാത്ത് മണ്ണിനടിയില്‍ നിദ്രപൂകുന്നത്.
പ്രവാചകന്മാരുടേയും രാജാക്കന്മാരുടേയും കല്ലറകള്‍ ഈ താഴ്വരയിലുണ്ട്. ഹഗ്ഗായി, സഖറിയ, മലാക്കി, അബ്ശലോം എന്നിവരെ സംസ്കരിച്ചിരിക്കുന്നതും ഇവിടെത്തന്നെ. അബ്ശലോമിന്‍റെ കല്ലറ ബിസി രണ്ടാം നൂറ്റാണ്ടില്‍ കിദ്രോന്‍ താഴ്വരയിലെ മലതുരന്ന് ഒരു ചിമ്മിനിപോലെ നിര്‍മ്മിച്ചതാണ്. ആദ്യകാല ശവമടക്കുകളെല്ലാം കല്‍വെട്ട് ഗുഹയിലായിരുന്നു എന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്.
ഒലിവുമലയിലെ ദേവാലയത്തിന്‍റെ ചുമരിലാണ് യേശു പഠിപ്പിച്ച 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥന നാല്പതുഭാഷകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഗത്സമേന്‍ തോട്ടം ഒലിവുമലയുടെ അടിത്തട്ടിലാണ്.
പഴയ നിയമത്തില്‍ അബ്ശലോമിന്‍റെ സൈനിക വിപ്ലവം വിവരിക്കുമ്പോള്‍ ദാവിദ് നഗ്നപാദനായി തല മൂടി, കരഞ്ഞുകൊണ്ട് ഒലിവു മലയുടെ കയറ്റം കയറി മുകളില്‍ ദൈവത്തെ ആരാധിച്ചിരുന്ന സ്ഥലത്തെത്തി എന്ന് രേഖപ്പെടുത്തിയിരിക്കുന്നു (2 സാമുവേല്‍ 15:30-32).
ക്രിസ്തുവിന്‍റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനം വര്‍ണ്ണിക്കുമ്പോള്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. 'അവന്‍ ജറുസലേമിനെ സമീപിക്കവേ ഒലിവു മലക്കരികിലുള്ള ബഥ്ഫഗെയിലെത്തി' (മത്താ. 21:1, ലൂക്കാ 19:28, മര്‍ക്കോ 11:1) മൂന്ന് സുവിശേഷകാരന്മാരും ഈ സംഭവം ഒരേപോലെ വിവരിക്കുന്നുണ്ട്.
ലൂക്കായുടെ സുവിശേഷത്തില്‍ ബഥാനിയായില്‍ വച്ചാണ് യേശു സ്വര്‍ഗ്ഗാരോഹണം ചെയ്തതെന്ന് രേഖപ്പെടുത്തിയിരിക്കുന്നു (ലൂക്കാ 24:50).
യേശു ഒലിവുമലയില്‍ നിന്നു സ്വര്‍ഗ്ഗാരോഹണം ചെയത് ദൈവത്തിന്‍റെ വലതുഭാഗത്ത് ഇരിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ഇനിയും കര്‍ത്താവ് ഈ തോട്ടത്തില്‍ ആഗതനാകുമ്പോള്‍ ഒലിവു മല രണ്ടായി പിളരും എന്ന് പഴയ നിയമത്തില്‍ എഴുതിയിരിക്കുന്നു (സക്കറിയ 14:4).
ഒലിവുമലയില്‍ നിന്നാല്‍ ജറുസലേം നഗരം മുഴുവന്‍ ദൃശ്യമാകും. ഇതിന്‍റെ വടക്കേചെരുവില്‍ ബ്രിട്ടീഷ് വാര്‍ സിമിത്തേരി, ഹദാശ്ശ ആശുപത്രി, ഹീബ്രു യൂണിവേഴ്സിറ്റി എന്നിവ നിലകൊള്ളുന്നു. അവസാന വിധി നടത്താന്‍ (Resurrection of the dead) യഹോവ എത്തുന്നത് ഒലിവുമലയിലാണെന്ന് യഹൂദന്മാരും വിശ്വസിക്കുന്നു.


പ്രവാചകനായ യേശുവിന്‍റെ കാലടി പതിഞ്ഞ ഇടമെന്ന പ്രത്യേകത മൂലമാണ് Church of Holy Ascension മുസ്ലീങ്ങള്‍ നിലനിര്‍ത്തുന്നത്. മുസ്ലീംങ്ങള്‍ക്ക് യേശു ഈശാ നബിയാണല്ലോ. യേശുവിനെ കുരിശില്‍ തറച്ചുകൊന്നില്ലെന്നും ഒലിവുമലയില്‍ നിന്നും ഉടലോടെ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുകയാണ് ഉണ്ടായതെന്നും മുസ്ലീങ്ങള്‍ വിശ്വസിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org