Latest News
|^| Home -> Suppliments -> Baladeepam -> തിരിച്ചെടുക്കാത്ത കാല്‍വെയ്പുകള്‍

തിരിച്ചെടുക്കാത്ത കാല്‍വെയ്പുകള്‍

Sathyadeepam

മറ്റുള്ളവരില്‍നിന്ന് വേറിട്ടു ചിന്തിക്കുകയും പുത്തന്‍ സംരംഭങ്ങള്‍ക്കായി ഇറങ്ങിത്തിരിക്കുകയും ചെയ്ത ഏതാനും മനുഷ്യരാണ് ലോകത്തെ ഇന്നത്തെ പുരോഗതിയില്‍ എത്തിച്ചവര്‍. അവരുടെ കാലത്ത് അവര്‍ ഒട്ടേറെ എതിര്‍പ്പുകള്‍ നേരിട്ടു. പരിഹാസ പാത്രങ്ങളായി. ജെയിംസ് വാട്ട് ആദ്യമായി തന്‍റെ ആവിയന്ത്രം പൊതുജനസമക്ഷം അവതരിപ്പിക്കുന്ന രംഗം ഒന്നു മനസ്സില്‍ കൊണ്ടുവരൂ. സ്ഥലത്തെ പ്രധാന ദിവ്യന്മാര്‍, ശാസ്ത്രജ്ഞന്മാര്‍, ചിന്തകര്‍ എല്ലാവരും ദീക്ഷയും തടവി സദസില്‍ ഇരിക്കുകയാണ്. ഇരുമ്പു പാളത്തില്‍ ഒരു പടുകൂറ്റന്‍ തീവണ്ടി. കത്തിനില്‍ക്കുന്ന തീയിലേക്ക് കല്‍ക്കരി ഷൊവലില്‍ വാരിയെറിഞ്ഞു. കുവലുകളിലൂടെ നീരാവി പുറത്തേക്കുയരുന്നു. “ങും നടന്നതുതന്നെ, ഇത്രയും ഭാരമുള്ള ഈ സാധനം ഈ ഇരുമ്പു പാളത്തില്‍ക്കൂടി ഉരുളുമെന്ന്, കുറെ നടപ്പുള്ള കാര്യം തന്നെ.” ജനം പിറുപിറുത്തു.

ഏറെ പ്രാവശ്യം ശ്രമിച്ചു. തീവണ്ടിക്ക് അനക്കമൊന്നും ഉണ്ടായില്ല. ജനം കൂക്കുവിളിച്ച് ജെയിംസിനെ ‘പമ്പര വിഡ്ഢി’ എന്ന് വിളിച്ചു. കുറെയേറെ ശ്രമങ്ങള്‍ക്കു ശേഷം വണ്ടി മെല്ലെ നീങ്ങി. അപ്പോള്‍ ചിലര്‍ പറഞ്ഞു: ‘കാര്യം നീങ്ങുന്നുണ്ട് സാധനം. ഇനി ഇത് പിടിച്ചുനിര്‍ത്താന്‍ സാധിക്കാതെ വരും. നോക്കിക്കോ.’ ഇത്തരം പരിഹാസങ്ങളും അവഹേളനങ്ങളും ഏറെ കണ്ടവരാണ് പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തിയ എഡിസനും ജോണ്‍ ബെയിര്‍ഡും എല്ലാം.

നൂറ്റാണ്ടുകള്‍ പുറകോട്ടു പോകുമ്പോള്‍ ഇങ്ങനെ പുതിയ വഴികള്‍ വെട്ടിത്തുറന്ന് പുത്തന്‍ അങ്കം കുറിച്ച ഏറെ മഹാന്മാരെ കാണാം. അവര്‍ക്ക് തങ്ങളുടേതായ സ്വപ്നങ്ങളും കാഴ്ചപ്പാടുകളും ഉണ്ടായിരുന്നു. ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. തളര്‍ന്നു വീണപ്പോഴും അവര്‍ വീണ്ടും ശക്തിയാര്‍ജ്ജിച്ചുയര്‍ത്തെഴുന്നേറ്റു. ഈ മഹാസാരഥികളുടെ സ്വപ്നങ്ങള്‍ ഓരോന്നും വിഭിന്നങ്ങള്‍ ആയിരുന്നു. എങ്കിലും അവരിലെല്ലാം ഒരു പൊതുവായുള്ള ചരട് നമുക്ക് കാണാം.

ഒന്ന് അക്ഷീണമായ ഇച്ഛാശക്തി. അവരെടുത്തുവച്ച ചുവടുകള്‍ മറ്റാരും ഒരിക്കലും വയ്ക്കാത്ത ചുവടുകള്‍ ആയിരുന്നു. ഇദംപ്രഥമമായിരുന്നു അവരുടെ കാല്‍വയ്പുകള്‍. അവര്‍ക്ക് എല്ലാവര്‍ക്കും ഒരു ദര്‍ശനം ഉണ്ടായിരുന്നു. ആരോടും കടം വാങ്ങിയ ആശയങ്ങള്‍ ആയിരുന്നില്ല അവരുടേത്. ഈ വ്യക്തികള്‍ക്കെല്ലാം ആദ്യം ലഭിച്ച പ്രതികരണം ജനങ്ങളുടെ വെറുപ്പും പരിഹാസവുമായിരുന്നു. ശില്പികള്‍, ചിത്രകാരന്മാര്‍, തത്ത്വചിന്തകര്‍, ശാസ്ത്രജ്ഞന്മാര്‍ ഇവരൊക്കെത്തന്നെ അവരുടെ ജീവിതകാലത്ത് പൊതുജനങ്ങളുടെ അപ്രീതി സമ്പാദിച്ചിട്ടുള്ളവരാണ്. പുതിയ കണ്ടെത്തലുകള്‍ വന്നപ്പോള്‍ ജനം അത് സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. പലപ്പോഴും പ്രോത്സാഹനങ്ങള്‍ ഒന്നും അവര്‍ക്ക് ലഭിക്കാതെ വന്നു. ആദ്യമായി വിമാനം ഉണ്ടാക്കിയപ്പോള്‍ അതൊരു അസാധ്യകാര്യമായാണ് ലോകത്തിന് തോന്നിയത്. മൈക്രോബുകള്‍ കണ്ടുപിടിക്കുന്നുവെന്ന് പറഞ്ഞപ്പോഴും ജനം പരിഹസിക്കുകയായിരുന്നു. എന്നിട്ടും ഒറ്റയാന്മാരായി തങ്ങളുടെ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരത്തിനായി തങ്ങളുടെ ദര്‍ശനം ഉയര്‍ത്തിപ്പിടിച്ച് അവര്‍ നടന്നു മുന്നേറി. ഇന്നും നാം കാണുന്ന മനുഷ്യപുരോഗതി സാധ്യമാക്കി. സഹനങ്ങള്‍ ഉണ്ടായി. വലിയ വില കൊടുക്കേണ്ടി വന്നു. പക്ഷേ, ഒടുവില്‍ ജയിച്ചു.

നമ്മുടെ ജീവിതത്തില്‍ നാം പുതിയ ആശയങ്ങള്‍ സ്വീകരിക്കുന്നവരാണോ? വ്യത്യസ്തരായി ചിന്തിക്കുന്നവരാണോ? പലര്‍ക്കും അനേകര്‍ കടന്നുപോയ സ്ഥിരം വഴികളില്‍ യാതൊരു ‘റിസ്കും’ എടുക്കാതെ നടന്നുപോകാനാണിഷ്ടം. കുഴലൂത്തുകാരന്‍റെ പിന്നാലെ കൂട്ടമായി ഓടുന്ന എലികളെപ്പോലെ ഒരേ വഴിയില്‍ ഒട്ടും ചിന്തിക്കാതെ നടക്കാനാണ് തിടുക്കം.

അയന്‍ റാന്‍ അവരുടെ വിശ്വപ്രസിദ്ധമായ ‘ഫൗണ്ടന്‍ ഹെഡ്’ എന്ന നോവലിന്‍റെ തുടക്കത്തില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു. “മനുഷ്യന് നിലനില്ക്കണമെങ്കില്‍ ‘മനസ്സി’ന്‍റെ സഹായം വേണം. അവന് തലച്ചോറു മാത്രമാണ് ആയുധം. മൃഗങ്ങള്‍ക്കാകട്ടെ അവരുടെ ശക്തി ഉപയോഗിച്ച് ഭക്ഷണം നേടാനാകും. മനുഷ്യന് മൂര്‍ച്ചയുള്ള നഖങ്ങള്‍ ഇല്ല. ദംഷ്ട്രകളില്ല. വിഷപ്പല്ലുകളും കൊമ്പുകളുമില്ല. അവന്‍റെ മാംസപേശികള്‍ക്ക് പറയത്തക്ക ശക്തിയുമില്ല. അവന് ഭക്ഷണം വേണമെങ്കില്‍ കൃഷി ചെയ്യണം. അല്ലെങ്കില്‍ വേട്ടയാടണം. കൃഷി ചെയ്യണമെങ്കില്‍ അതിനൊരു പദ്ധതിയുടെ, ചിന്തന പ്രക്രിയയുടെ ആവശ്യമുണ്ട്. വേട്ടയാടണമെങ്കില്‍ അവന് ആയുധങ്ങള്‍ വേണം. ആയുധങ്ങള്‍ നിര്‍മ്മിക്കാനും ഒരു ചിന്തന പ്രക്രിയയുടെ ആവശ്യമുണ്ട്.”

പുതിയ ആശയങ്ങള്‍ നമുക്ക് കൂടിയേ തീരൂ. അതിനെ വിമര്‍ശിക്കുന്നവരെ നാം വകവയ്ക്കേണ്ട. വര്‍ഷങ്ങള്‍ക്കുമുമ്പ് “കിറ്റിഹോക്കി”ല്‍ (നോര്‍ത്ത് കരോലിന) റൈറ്റ് ബ്രദേഴ്സിനുണ്ടായ അനുഭവം ഓര്‍മ്മിക്കാം. സുഹൃത്തുക്കളും എയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും എല്ലാവരും ചേര്‍ന്നു പറഞ്ഞു: “എന്തിനിങ്ങനെ അനാവശ്യമായി പണം ധൂര്‍ത്തടിക്കുന്നു. പറക്കലിന്‍റെ പണി പക്ഷികള്‍ക്കുള്ളതാണ്.” അവരുടെ സ്വന്തം പിതാവുപോലും ഈ ചിരിയില്‍ പങ്കുചേര്‍ന്നു. റൈറ്റ് ബ്രദേഴ്സ് പറഞ്ഞതിതാണ്: ‘സോറി, ഞങ്ങള്‍ക്കൊരു സ്വപ്നമുണ്ട്. അത് യാഥാര്‍ത്ഥ്യമാക്കാനാണ് ഞങ്ങളിവിടെ വന്നിരിക്കുന്നത്.’ അത്തരമൊരു ചങ്കൂറ്റം നമുക്കുമുണ്ടാവണം.

 

Leave a Comment

*
*