കല്യാണ്‍ എപാര്‍ക്കി യൂത്ത് (KEY): കൂട്ടായ്മയിലേയ്ക്ക് കരുത്തോടെ

കല്യാണ്‍ എപാര്‍ക്കി യൂത്ത് (KEY): കൂട്ടായ്മയിലേയ്ക്ക് കരുത്തോടെ

യുവജനപ്രേഷിതത്വത്തിനു വലിയ പ്രാധാന്യം നല്‍കുന്ന രൂപതയാണ് മഹാരാഷ്ട്രയിലെ കല്യാണ്‍. യുവജനങ്ങളെ മാത്രമല്ല, സഭയെയും സമൂഹത്തേയും ആകെ സേവിക്കുന്ന സേവനരംഗങ്ങളിലേയ്ക്കു വളരാന്‍ ഇതിനകം കല്യാണ്‍ രൂപതയിലെ യുവജനകൂട്ടായ്മയായ കല്യാണ്‍ എപാര്‍ക്കി യൂത്തിനു സാധിച്ചിട്ടുണ്ട്. രൂപതാദ്ധ്യക്ഷനായ ബിഷപ് തോമസ് ഇലവനാലിന്‍റേയും യൂത്ത് ഡയറക്ടര്‍മാരായ ഫാ. ജോര്‍ജ് വട്ടമറ്റം, ഫാ. സിന്‍റോ പുലിക്കോട്ടില്‍ എന്നിവരുടേയും നേതൃത്വത്തില്‍ ബഹുമുഖമായ പ്രവര്‍ത്തനങ്ങളാണ് യുവജനപ്രേഷിതരംഗത്ത് രൂപതയില്‍ നടന്നു വരുന്നത്.

കീ ബാന്‍ഡ് എന്ന പേരിലുള്ള രൂപതാ യുവജന സംഗീതസംഘം ഇന്നു വളരെ പ്രസിദ്ധമാണ്. രൂപതയ്ക്കു പുറത്തും നിരവധി സ്ഥലങ്ങളില്‍ കീ ബാന്‍ഡ് സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ബാന്‍ഡിന്‍റെ രൂപീകരണത്തിലേയ്ക്കു നയിച്ചത് വര്‍ഷം തോറും നടത്തുന്ന യൂത്ത് ബാന്‍ഡ് മത്സരമായ കീ റിവെര്‍ബ് ആണ്. ഫൊറോനാ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെടുന്ന ബാന്‍ഡുകളുടെ മത്സരമാണിത്.

ഇതൂ കൂടാതെ പള്ളിഗായകസംഘങ്ങളുടെ മത്സരവും ശ്രദ്ധേയമാണ്. "ഫാ. സ ണ്ണി സ്മാരക ഗായകസംഘ മത്സരം" രജതജൂബിലി പിന്നിട്ട ഒരു പരിപാടിയാണ്. മുപ്പതിലധികം ടീമുകളിലായി ആയിരത്തഞ്ഞൂറിലേറെ പേര്‍ വന്നു തങ്ങളുടെ സംഗീതവൈഭവം മാറ്റുരയ്ക്കുന്ന ഈ വേദിയില്‍ പ്രസിദ്ധരായ സംഗീതവിദഗ്ദ്ധരും ഗായകരും എത്തിച്ചേര്‍ന്നിട്ടുണ്ട്.

ടാലെന്‍ഷ്യ എന്ന കലാമത്സരവും യുവാക്കളെ ഏറെയാകര്‍ഷിക്കുന്ന ഒരു വാര്‍ഷികമേളയാണ്. ഡബ് സ്മാഷ്, ഫിലിം ട്രെയിലര്‍ റീമേക് തുടങ്ങിയവ ഉള്‍പ്പെടെയുള്ള ഇനങ്ങളില്‍ നടത്തുന്ന മത്സരങ്ങള്‍ക്ക് രൂപതയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ആയിരത്തിലേറെ യുവാക്കള്‍ എത്തിച്ചേരുന്നു. എന്തൂസ്യ എന്ന പേരിലുള്ള വാര്‍ഷിക യുവജനദിനാഘോഷവും രൂപതയാകെ ശ്രദ്ധിക്കുന്ന വലിയ പരിപാടിയാണ്.

യുവജനങ്ങളുടെ ആദ്ധ്യാത്മികതയ്ക്കും പ്രാര്‍ത്ഥനാജീവിതത്തിനും വലിയ പ്രാധാന്യമാണ് കല്യാണ്‍ രൂപത നല്‍കുന്നത്. യുവജനങ്ങളുടെ ആത്മീയ പോഷണം ലക്ഷ്യം വച്ച് എല്ലാ വര്‍ഷവും മൂന്നു ദിവസം ദീര്‍ഘിക്കുന്ന താമസിച്ചുള്ള ഒരു ധ്യാനം നടത്തി വരുന്നുണ്ട്. കീയുടെ രൂപതാ ഭാരവാഹികള്‍ക്കു വേണ്ടി മാത്രമുള്ള മറ്റൊരു ധ്യാനവും വര്‍ഷംതോറും നടത്തുന്നു. ഇതു കൂടാതെ കീ ആര്‍മി എന്ന പേരില്‍ സ്ഥിരമായ ഒരു പ്രാര്‍ത്ഥനാവിഭാഗം കല്യാണ്‍ യുവജനകൂട്ടായ്മയ്ക്കുണ്ട്. പ്രാര്‍ത്ഥനയും ആരാധനയും വിചിന്തനവും ക്രമമായി നടത്തി അവര്‍ രൂപതാസമൂഹത്തിനു പ്രാര്‍ത്ഥനയുടെ മാദ്ധ്യസ്ഥശക്തി പകരുന്നു. മുമ്പ് രൂപതാ തലത്തില്‍ നടത്തിയിരുന്ന ഈ പ്രാര്‍ത്ഥനാപരിപാടികള്‍ ഇപ്പോള്‍ മേഖലാ, ഫൊറോനാ തലങ്ങളിലും നടത്തി വരുന്നുണ്ട്.

നോമ്പിന്‍റെ നാല്‍പതാം ദിനം എല്ലാ വര്‍ഷവും തികുജിനിവാഡി വിജയമാതാ ഫൊറോനാ പള്ളിയില്‍ നിന്നു കല്യാണിലെ സെ. തോമസ് കത്തീഡ്രലിലേയ്ക്ക് ഒരു രാത്രി ദീര്‍ഘിക്കുന്ന മഹാതീര്‍ത്ഥാടനം നടത്തുന്നുണ്ട്.

ആയിരത്തിലേറെ പേര്‍ മഹാതീര്‍ത്ഥാടനമെന്ന പേരിലുള്ള ഈ പരിപാടിയില്‍ വര്‍ഷംതോറും പങ്കെടുത്തു വരുന്നു.

അംഗങ്ങളുടെ പരീശീലനം മുന്‍നിറുത്തിയുള്ള നിരവധി ക്യാമ്പുകളും നടത്തുന്നുണ്ട്. ജോലിക്കാരും ബിരുദധാരികളുമായ യുവാക്കള്‍ക്കു വേണ്ടി നടത്തുന്ന താമസിച്ചുള്ള ക്യാമ്പാണ് റെയിന്‍. 150 ഓളം യുവാക്കള്‍ ഒന്നിച്ചു ചേര്‍ന്നു നടത്തുന്ന ഈ പരിപാടി ഉദ്യോഗസ്ഥരായ യുവജനങ്ങള്‍ക്ക് അവരുടെ തിരക്കിട്ട അനുദിനജീവിതത്തില്‍നിന്നു മാറിനിന്ന് സ്വയം വിലയിരുത്താനും സൗഹൃദങ്ങള്‍ വളര്‍ത്താനുമുള്ള ഒരു വേദി കൂടിയാണ്. എല്ലാ വര്‍ഷവും ഏറ്റവും ആവേശത്തോടെ നിരവധി പേര്‍ കാത്തിരിക്കുന്ന ഒരു പരിപാടിയായി റെയിന്‍ ക്യാമ്പ് മാറിയിട്ടുണ്ട്.

കൗമാരക്കാര്‍ക്കുവേണ്ടി അവധിക്കാലത്തു നടത്തുന്ന ക്യാമ്പാണ് കൊയ്നോണിയ. വ്യക്തിത്വവികസനത്തിനും ക്രിസ്തുകേന്ദ്രീകൃതജീവിതത്തിനുമുള്ള പരിശീലനം ഈ ക്യാമ്പിലൂടെ ലഭ്യമാകുന്നു. കൂടാതെ എല്ലാ ഇടവകകളിലേയും യുവജനഭാരവാഹികള്‍ക്കുവേണ്ടിയുള്ള നേതൃത്വപരിശീലനക്യാമ്പുകളും നടത്തി വരുന്നുണ്ട്. പരിശീലകര്‍ക്കുള്ള പരിശീലനക്യാമ്പ് ഇവയ്ക്കെല്ലാം പുറമേയുണ്ട്. പദ്ധതികളുടെ ശരിയായ ആസൂത്രണത്തിനും വിവിധ ഭാരവാഹികളുടെ ചുമതലകളുടെ കൃത്യമായ നിര്‍വഹണത്തിനുമെല്ലാം ഈ ക്യാമ്പ് സഹായകരമാകുന്നു.

ഇത്തരത്തിലുള്ള വിവിധ പരിപാടികളിലൂടെ കല്യാണ്‍ എപാര്‍ക്കി യൂത്ത് ഓരോ വര്‍ഷവും കൂടുതല്‍ കരുത്തും കൂട്ടായ്മയും ആര്‍ജിച്ചു മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org