കണ്ണുകളാലുള്‍ക്കണ്ണുകളാലേ…

കണ്ണുകളാലുള്‍ക്കണ്ണുകളാലേ…

ഷിജു ആച്ചാണ്ടി

ജെറിന്‍ രണ്ടാം വര്‍ഷം ഡിഗ്രിക്കു പഠിക്കുമ്പോഴാണ് കാഴ്ച പൂര്‍ണമായി നഷ്ടപ്പെടുന്നത്. അതുവരെ ആഹ്ലാദം പകര്‍ന്ന നിറങ്ങള്‍, കണ്ടു രസിച്ച സിനിമകള്‍, സ്നേഹിക്കുന്നവരുടെ മുഖങ്ങള്‍, ഇഷ്ടപ്പെട്ട സൈക്കിള്‍ യാത്രകള്‍… എല്ലാം ഇനി തനിക്കു നഷ്ടമാകുകയാണെന്ന കടുത്ത യാഥാര്‍ത്ഥ്യത്തിനു മുമ്പില്‍ ജെറിന്‍ ഞെട്ടിത്തരിച്ചു നിന്നു. പക്ഷേ ആ ഞെട്ടല്‍, അതുണ്ടാക്കിയ ദുഃഖം, ഏല്‍പിച്ച വേദന എല്ലാക്കാലത്തേക്കും അങ്ങനെ തുടരാന്‍ ജെറിന്‍ അനുവദിച്ചില്ല. ഏറ്റവും വേഗത്തില്‍ അതിനെ മറികടന്നു, ഏറെ ദൂരം മുന്നോട്ടു പോയി. ഇപ്പോള്‍ യൂണിയന്‍ ബാങ്കില്‍ മാനേജറായി ജോലി ചെയ്തു ഭാര്യയും കുഞ്ഞും കുടുംബവുമായി അനേകര്‍ക്കു പ്രത്യാശയും പ്രചോദനവും പകര്‍ന്നു സന്തോഷത്തോടെ യാത്ര തുടരുകയാണു ജെറിന്‍ ജോസ്.

"കാഴ്ച നഷ്ടപ്പെടുന്നത് ജീവിതത്തിന്‍റെ അവസാനമാണെന്നു കരുതാന്‍ ഞാന്‍ തയ്യാറായില്ല. അതിനെ അംഗീകരിക്കാനും ആ അവസ്ഥയോടെ ജീവിതം അര്‍ത്ഥവത്തായി മുന്നോട്ടു കൊണ്ടുപോകാനും തീരുമാനിച്ചു," ജെറിന്‍ (31) പറയുന്നു.

ജീസസ് യൂത്തില്‍ സജീവമായിരുന്ന ജെറിന് ഉറച്ച ദൈവവിശ്വാസം ഈ പ്രതിസന്ധിയെ നേരിടുന്നതിനു കരുത്തു പകര്‍ന്നു. വീട്ടുകാരുടെയും കൂട്ടുകാരുടെയും പ്രാര്‍ത്ഥനകളുടെ പിന്‍ബലം അളവറ്റതായിരുന്നു.

ഇന്നും ജീസസ് യൂത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട് ജെറിന്‍. ബാങ്കിംഗ് മേഖലയിലേയ്ക്ക് ഓരോ വര്‍ഷവും ധാരാളം ചെറുപ്പക്കാര്‍ കടന്നുവരുന്നുണ്ട്. ജീസസ് യൂത്തിന്‍റെ പ്രൊഫഷണലുകളുടെ കൂട്ടായ്മയോടു ചേര്‍ന്ന് ഈ ചെറുപ്പക്കാരുടെ ഇടയിലേയ്ക്കു കൂടുതലായി ഇറങ്ങിച്ചെല്ലാന്‍ ശ്രമിക്കുകയാണിപ്പോള്‍. എല്ലാ വര്‍ഷവും ഓരോ ആഴ്ചത്തെ വളര്‍ച്ചാധ്യാനത്തില്‍ കുടുംബം പങ്കെടുത്തു വരുന്നു.

വിശ്വാസജീവിതവുമായി ബന്ധപ്പെട്ട ജെറിന്‍ ചെയ്ത ഏറ്റവും ശ്രദ്ധേയമായ ശുശ്രൂഷ കാഴ്ചാപരിമിതര്‍ക്കുവേണ്ടിയുള്ള ശ്രാവ്യ ബൈബിളിന്‍റെ നിര്‍മ്മാണമായിരുന്നു. കാഴ്ച നഷ്ടമാകാന്‍ തുടങ്ങിയപ്പോള്‍ ജെറിനു വിഷമമുണ്ടാക്കിയ കാര്യങ്ങളിലൊന്നു ബൈബിള്‍ വായിക്കാന്‍ കഴിയുന്നില്ല എന്നതായിരുന്നു. ബൈബിള്‍ വായിച്ചു കേള്‍ക്കാന്‍ അന്നു മലയാളത്തില്‍ സംവിധാനമില്ലായിരുന്നു. ബ്രെയിലി ലിപിയിലുള്ള ബൈബിളിനു വലിപ്പം ഒരുപാടു കൂടുതലായിരിക്കും. അതുപയോഗിക്കുക, കൊണ്ടു നടക്കുക എന്നതു പ്രായോഗികമല്ല.

മാത്രവുമല്ല, സാധാരണ ഓഡിയോ ബൈബിള്‍ പോരാ കാഴ്ചപരിമിതര്‍ക്ക്. പുസ്തകവും അദ്ധ്യായവും വചനവും പറഞ്ഞാല്‍ അതു കേള്‍ക്കാന്‍ കഴിയുന്ന സംവിധാനം വേണം. അതിനായി സുഹൃത്തുക്കളുടെ സഹായത്തോടെ ബൈബിള്‍ റെക്കോഡ് ചെയ്യാന്‍ തുടങ്ങി ജസ്റ്റിന്‍. ആവശ്യമായ സാങ്കേതികവിദ്യ തിരഞ്ഞെടുത്തു. എന്നാല്‍ ഒന്നോ രണ്ടോ വ്യക്തികള്‍ക്കു ചെയ്തു തീര്‍ക്കാന്‍ കഴിയുന്ന സംരംഭമല്ല അത്. ഒരുപാടു സമയമെടുക്കും. അങ്ങിനെയിരിക്കെയാണ് കെസിബിസി ബൈബിള്‍ കമ്മീഷന്‍റെ കീഴിലുള്ള കേരള ബൈബിള്‍ സൊസൈറ്റിയുടെ ഭരണസമിതിയിലുള്ള സച്ചിനുമായി പരിചയപ്പെടുന്നത്. അദ്ദേഹം വഴി ഈ സംരംഭത്തെ കുറിച്ചുള്ള വിവരങ്ങള്‍ ബൈബിള്‍ സൊസൈറ്റിയില്‍ അവതരിപ്പിച്ചു. സാങ്കേതികമായി ഇതെങ്ങനെ ചെയ്തു പൂര്‍ത്തിയാക്കണം എന്നതു സംബന്ധിച്ച പദ്ധതി സമര്‍പ്പിച്ചു. ബൈബിള്‍ സൊസൈറ്റി ഇത് ഏറ്റെടുത്തു. അങ്ങനെ കാഴ്ചപരിമിതര്‍ക്കുള്ള ബൈബിള്‍ ഒരു യാഥാര്‍ത്ഥ്യമായി മാറി. ഇന്നു ബൈബിള്‍ സൊസൈറ്റിയുടെ വെബ് സൈറ്റില്‍നിന്ന് ആവശ്യമുള്ളവര്‍ക്ക് ഈ ബൈബിള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍റര്‍നെറ്റ് സൗകര്യമില്ലാത്ത കാഴ്ചപരിമിതിയുള്ളവര്‍ സമീപിച്ചാല്‍ സിഡിയിലോ പെന്‍ ഡ്രൈവിലോ ഇതു നല്‍കാനും സംവിധാനമുണ്ട്. ജസ്റ്റിന്‍ ഇതു തന്‍റെ ഒരു വ്യക്തിപരമായ മിഷന്‍ ആയി ഏറ്റെടുത്തിട്ടുണ്ട്. ധാരാളം പേര്‍ കേട്ടും അറിഞ്ഞും ഈ ബൈബിളിനായി ജസ്റ്റിനെ സമീപിക്കുന്നു. അനേകര്‍ക്ക് ഇതിനകം ജസ്റ്റിന്‍ വഴിയായി ഇതു നല്‍കുകയും ചെയ്തു കഴിഞ്ഞു. കാഴ്ചാപരിമിതര്‍ക്കിടയില്‍ ഈ ബൈബിളിനു വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.

കാഴ്ചപരിമിതര്‍ക്കു വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ സഭയും സമൂഹവും ചെയ്യേണ്ടതുണ്ട്. എന്നാല്‍, അവരെ പൊതുസമൂഹത്തില്‍ നിന്നു മാറ്റി നിറുത്തിക്കൊണ്ടല്ല അതുചെയ്യേണ്ടത് എന്ന അഭിപ്രായം ജെറിന്‍ പങ്കുവച്ചു. ആ അര്‍ത്ഥത്തില്‍ ബ്ലൈന്‍ഡ് സ്കൂള്‍ എന്ന സങ്കല്‍പം പോലും പുനഃപരിശോധനയ്ക്കു വിധേയമാക്കേണ്ടതാണെന്നാണു തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നു ജസ്റ്റിന്‍ പറയുന്നു. സാധാരണ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ തന്നെ പഠിച്ചു ജീവിതത്തില്‍ മുന്നോട്ടു പോകുന്നതിനു ഭിന്നശേഷിക്കാരേയും പ്രാപ്തരാക്കുകയാണ് വേണ്ടത്.

സ്കൂള്‍ വിദ്യാര്‍ത്ഥിയാകുന്നതിനു മുമ്പേ കാഴ്ച നഷ്ടപ്പെട്ടിരുന്നുവെങ്കില്‍ ജെറിന്‍റെ ഭാവി ഒരുപക്ഷേ മറ്റൊന്നാകുമായിരുന്നു.

സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കണ്ണട ഉപയോഗിച്ചിരുന്നു. ഓരോ വര്‍ഷവും ലെന്‍സിന്‍റെ പവര്‍ കൂട്ടിക്കൂട്ടി കൊണ്ടുവരും. ഒരു ഘട്ടത്തില്‍ കാണാന്‍ പോയ നേത്രരോഗവിദഗ്ദ്ധന്‍ പറഞ്ഞു, ഇത് റെറ്റിനൈറ്റിസ് പിഗ്മെന്‍റോസ എന്ന അപൂര്‍വരോഗമാണെന്നും കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടേക്കുമെന്നും ചികിത്സയില്ലെന്നും. ഒറ്റയ്ക്കു ഡോക്ടറെ കണ്ടു മടങ്ങിവന്ന ജെറിന്‍ ഈ വൈദ്യശാസ്ത്ര വിധിതീര്‍പ്പ് വീട്ടിലറിയിച്ചില്ല. പകരം പതിവു പോലെ പഠനം തുടര്‍ന്നു. തമിഴ്നാട്ടിലെ ഈറോഡിലായിരുന്നു ബിഫാം പഠനം. നാലു വര്‍ഷത്തെ കോഴ്സിനു രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടു. റെക്കോര്‍ഡെഴുതാനോ വായിക്കാനോ കഴിയുന്നില്ല. അതിനാല്‍ പരീക്ഷകളില്‍ പരാജയപ്പെട്ടു. പക്ഷേ അന്നു യൂണിവേഴ്സിറ്റി പെട്ടെന്നെടുത്ത ഒരു തീരുമാനത്തിന്‍റെ ഫലമായി വര്‍ഷം നഷ്ടപ്പെടാതെ പഠനം തുടരാന്‍ സാധിച്ചു. വൈസ് ചാന്‍സലറുടെ പ്രത്യേക അനുമതി വാങ്ങി, ജൂനിയറായ ഒരു വിദ്യാര്‍ത്ഥിയെ വച്ചു കേട്ടെഴുതിച്ചാണ് തോറ്റ പരീക്ഷകള്‍ എഴുതിയെടുത്തതും തുടര്‍ന്ന് പരീക്ഷകളെഴുതിയതും. വായിക്കാനും പഠിക്കാനും കൂട്ടുകാര്‍ സഹായിച്ചു. ബിഫാം വിജയിച്ചു. പക്ഷേ ആ രംഗത്തു തുടര്‍ന്നു ജോലി ചെയ്യാന്‍ ജെറിന്‍ ആഗ്രഹിച്ചില്ല. ഫാര്‍മസി രംഗത്ത് ഗവേഷണവികസനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നായിരുന്നു കോഴ്സിനു ചേരുമ്പോള്‍ ആഗ്രഹം. കാഴ്ചയില്ലാതെ അതു എളുപ്പമല്ല. ഫാര്‍മസിസ്റ്റ് ആയി സത്യസന്ധമായി ജോലി ചെയ്യാനും കാഴ്ചാപരിമിതി ഒരു തടസ്സമാകും. സര്‍ട്ടിഫിക്കറ്റിന്‍റെ മാത്രം ബലത്തില്‍ എന്തെങ്കിലും ചെയ്തു ശമ്പളം പറ്റുകയെന്ന രീതിയോടു ജെറിനു യോജിക്കാനാകുമായിരുന്നില്ല.

അങ്ങനെ, മറ്റേതെങ്കിലും കര്‍മ്മരംഗത്തേയ്ക്കു തിരിയുക എന്ന ലക്ഷ്യത്തോടെ ബിരുദധാരിയായി കേരളത്തില്‍ മടങ്ങിയെത്തിയ ജെറിന്‍ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നിന്നു കാഴ്ചപരിമിതിയോടെ കാര്യങ്ങള്‍ ചെയ്യുന്നതിനു സാങ്കേതികകാര്യങ്ങളില്‍ നല്‍കുന്ന പരിശീലനം കരസ്ഥമാക്കി. തുടര്‍ന്നു ബാംഗ്ലൂരിലേക്കു പോയി. അവിടെ വിപ്രോ കമ്പനിയുടെ മനുഷ്യശേഷി വിഭാഗത്തില്‍ ജോലി കിട്ടി. ആ ജോലിയിലായിരുന്നുകൊണ്ടാണ് എച്ച്ആര്‍ മുഖ്യവിഷയമാക്കി എംബിഎ പഠിച്ചു പാസ്സായത്.

അതിനു ശേഷം യൂണിയന്‍ ബാങ്കിന്‍റെ പ്രൊബേഷണറി ഓഫീസര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഓഫീസറായി ജോലി കിട്ടുകയും ചെയ്തു. ഏതാനും സ്ഥാനക്കയറ്റങ്ങള്‍ക്കു ശേഷം ഇപ്പോള്‍ മാനേജറായി ജോലി ചെയ്യുന്നു.

ടെക്സ്റ്റ് സ്പീച്ച് സാങ്കേതിക വിദ്യ (സ്ക്രീന്‍ റീഡര്‍) ഉപയോഗിച്ചാണു ജെറിന്‍ ജോലി ചെയ്യുന്നത്. മലയാളത്തില്‍ ഈ സാങ്കേതികവിദ്യ ഇനിയും വികസിതമാകേണ്ടിയിരിക്കുന്നു. ജെറിന്‍റെ സഹോദരന്‍ റെജിനും കാഴ്ചപരിമിതിയുണ്ട്. ഐ ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റെജിന്‍ ഇതിനായി പല കാര്യങ്ങളും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.

പഠനവും പരിശീലനവും ഈ യൊരു രീതിയിലായിരുന്നില്ലെങ്കില്‍ പല കാഴ്ചാപരിമിതരേയും പോലെ അവര്‍ക്കു മാത്രമായുള്ള ഏതെങ്കിലും കൈതൊഴില്‍ പഠിച്ചു ജോലി ചെയ്യുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു തനിക്കും എന്നോര്‍ക്കുകയാണു ജെറിന്‍. പ്രതിഭയും പ്രാഗത്ഭ്യവുമുള്ള അനേകം കാഴ്ചാപരിമിതര്‍ ഇത്തരത്തില്‍ അവരുടെ സാദ്ധ്യതകള്‍ പരമാവധി ഉപയോഗിക്കാതെ ജീവിതത്തില്‍ പിന്നോട്ടു പോയിട്ടുണ്ടാകാം. അതിനു മാറ്റം വേണമെന്നു ജെറിന്‍ പറയുന്നു.

അന്ധതയിലേയ്ക്കു നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ജെറിനു പ്രചോദനം പകര്‍ന്ന ഒരു വചനം ഫിലിപ്പി 4:7 ആയിരുന്നു: "നമ്മുടെ എല്ലാ ധാരണകളേയും അതിലംഘിക്കുന്ന ദൈവത്തിന്‍റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളേയും ചിന്തകളേയും യേശുക്രിസ്തുവില്‍ കാത്തുകൊള്ളും."

ആ സമാധാനം അനുഭവിക്കാനും അനേകര്‍ക്കു പകരാനും ജെറിനു കഴിയുന്നുണ്ട്. അയിരൂര്‍ സെ. ആന്‍റണീസ് ഇടവകയിലെ കീഴേത്താന്‍ ജോസ്, റോസി ദമ്പതികളുടെ മകനാണ് ജെറിന്‍. ഭാര്യ ആല്‍ഫ, മകള്‍ ജിയന്ന റോസ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org