കാന്താരിക്കാര്യങ്ങൾ

കാന്താരിക്കാര്യങ്ങൾ

ജോഷി മുഞ്ഞനാട്ട്

നമ്മുടെ കൃഷിയിടങ്ങളിലും മറ്റുമായി വളര്‍ന്നു വന്നിരുന്ന കാന്താരിമുളകിനും ഇപ്പോള്‍ നല്ല പ്രിയമാണ്. പഴയ കാലങ്ങളില്‍ നാട്ടിന്‍പുറങ്ങളില്‍ തനിയെ വളര്‍ന്ന് കായ്കള്‍ തന്നിരുന്ന കാന്താരി ഇന്ന് നട്ടുവളര്‍ത്തേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരിക്കുന്നു. കാക്ക, കോഴി, മറ്റ് പക്ഷികള്‍ എന്നിവ പഴുത്ത കാന്താരി മുളക് ഭക്ഷിക്കുകയും മറ്റ് പല സ്ഥലങ്ങളില്‍ അവ കാഷ്ഠിക്കുകയും ചെയ്യുന്നതിലൂടെ കാന്താരി തൈകള്‍ മറ്റ് സ്ഥലങ്ങളിലും വളര്‍ന്നിരുന്നു. എന്നാല്‍ കാലമാറ്റത്തില്‍ ഇന്ന് ഈ രീതിക്ക് പാടേ മാറ്റം വന്നിരിക്കുന്നു.
നിരവധി ഗുണങ്ങള്‍ നിറഞ്ഞതാണ് നമ്മുടെ കാന്താരിമുളക്. "കാപ്സിക്കം ഫ്രൂട്ടസന്‍സ്" എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കാന്താരിമുളക് വളരെ നീണ്ട വിളവുകാലം ഉള്ളതും; കൂടുതല്‍ കായ്ഫലം നല്കുന്നതുമാണ്. വെള്ള കാന്താരി, പച്ച കാന്താരി, തവിട്ട കാന്താരി, ഉണ്ട കാന്താരി, നാടന്‍ കാന്താരി തുടങ്ങി പല പേരുകളിലാണ് നാട്ടിന്‍ പ്രദേശങ്ങളില്‍ ഇവ അറിയപ്പെട്ടുവരുന്നത്. ചെറുകാന്താരിക്ക് എരിവല്പ്പം കൂടുതലും വെള്ള കാന്താരിക്ക് എരിവ് കുറവുമായി കാണപ്പെടുന്നു. കായുടെ നിറം, വലിപ്പം, എരിവിന്‍റെ അളവ് കൂടുതലും കുറവും ഉള്ളവ തുടങ്ങിയ കാര്യങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്ന പല നാടന്‍ ഇനങ്ങളും ഉണ്ട്.
നമ്മുടെ ഭക്ഷണക്രമത്തില്‍ കാന്താരി മുളകിനു പ്രത്യേകമായ സ്ഥാനം തന്നെയുണ്ട്. എരിവിന്‍റെ കാര്യത്തില്‍ മുമ്പില്‍ നില്‍ക്കുന്നത് കാന്താരിമുളകുതന്നെയാണ്. ചക്കയ്ക്കും, കപ്പയ്ക്കും മറ്റും ചേര്‍ക്കുവാന്‍ മലയാളികള്‍ക്ക് കാന്താരിതന്നെ വേണം. കാന്താരിപൊട്ടിച്ചതും കാന്താരി തൈരുപച്ചടിയും മലയാളികള്‍ക്ക് പ്രിയപ്പെട്ട വിഭവങ്ങളാണ്.
വെള്ള കാന്താരിമുളക് അച്ചാര്‍ ഉണ്ടാക്കാനും ഉപ്പിലിട്ടു സൂക്ഷിക്കാനും, ഉണക്കി വെയ്ക്കാനും നല്ലതാണ്. ചെണ്ട കപ്പയും കാന്താരിപൊട്ടിച്ചതും പഴയ തലമുറയുടെ മികച്ച ഭക്ഷണം തന്നെയായിരുന്നു എന്ന കാര്യത്തില്‍ സംശയം ഇല്ല. ആയുര്‍വേദ ചികിത്സാരംഗത്തും കാന്താരിമുളക് ഉപയോഗിച്ചു വരുന്നു. പലവിധ മാരക രോഗങ്ങളെ വരെ തടയുവാനുള്ള കഴിവ് കാന്താരി മുളകിനുണ്ടെന്ന് പഠനങ്ങളിലൂടെ തെളിയിക്കുന്നു. ഇത് കാന്താരിമുളകിന്‍റെ ഡിമാന്‍റ് വര്‍ദ്ധിക്കുവാന്‍ ഇടയാക്കിയിട്ടുണ്ട്.
കണ്ണുകള്‍ക്കും ഞരമ്പുകള്‍ക്കും നല്ലതാണ്-കാന്താരി എന്നുള്ളതാണ് കാന്താരിയെക്കുറിച്ചുള്ള ശ്രദ്ധേയമായ കണ്ടെത്തല്‍ ശരീരത്തിലെ-കൊളസ്ട്രോള്‍ കുറയുമെന്ന് കരുതി ഇവ ഉപയോഗിക്കുന്നവരും ഇന്ന് കൂടി വരുന്നു.
മൂത്ത് പഴുത്ത് പാകമായ കാന്താരി മുളകിന്‍റെ അരിപാകി തൈകള്‍ തയ്യാറാക്കാം ഇത് കൃഷിസ്ഥലത്ത് അനുയോജ്യമായ കുഴികളില്‍ അടിവളമായി ചാണകപ്പൊടി, കംമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് നട്ടു വളര്‍ത്താം. നന്നായി പരിപാലിച്ചാല്‍ നല്ല രീതിയില്‍ ഇവയില്‍ നിന്നും ആദായവും ലഭിക്കും.
കൃഷി ഇടത്തില്‍ കീടനിയന്ത്രണത്തിനും ഇവ ഉപയോഗിക്കാറുണ്ട്. കാന്താരി മിശ്രിതം, ഗോമൂത്ര – കാന്താരി മിശ്രിതം എന്നിവ നല്ലരു ജൈവ കീടനാശിനികള്‍ കൂടിയാണ്. നമ്മുടെ വീട്ടുവളപ്പിലെ കൃഷിയിടത്തില്‍ രണ്ടോ മൂന്നോ കാന്താരിച്ചെടികള്‍ക്കു കൂടി സ്ഥാനം നല്കുവാന്‍ നമുക്ക് ശ്രമിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org