Latest News
|^| Home -> Suppliments -> Familiya -> കപട ശുചിത്വബോധത്തിന്റെ പിടിയിലാണോ നാം?

കപട ശുചിത്വബോധത്തിന്റെ പിടിയിലാണോ നാം?

Sathyadeepam

ജീസ് പി പോള്‍

കപട ശുചിത്വബോധത്തിന്‍റെ തടവിലാണ് നാം മലയാളികളെന്നു പറഞ്ഞാല്‍ അതിശയപ്പെടേണ്ടതില്ല. ഉപഭോഗ സംസ്കാരത്തിന്‍റെ ഭാഗമായ ഈ കപട ശുചിത്വബോധമാണ് ഇന്ന് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നാട്ടില്‍ നിറയുന്നതിനുള്ള കാരണങ്ങളില്‍ പ്രധാനമെന്നു പറഞ്ഞാലും അത്ഭുതപ്പെടേണ്ടതില്ല. ആഹാരകാര്യത്തിലും നിത്യ ജീവിതത്തിന്‍റെ സര്‍വകാര്യങ്ങളിലും ഈ ശുചിത്വബോധം നമ്മെ വേട്ടയാടുന്നു.

ചാണകം കൊണ്ട് മെഴുകിയ തറയില്‍ ചെറിയൊരു തഴപ്പായ വിരിച്ച് കിടന്നുറങ്ങിയ ബാല്യം മധ്യവയസിലെത്തിയവര്‍ക്ക് ഓര്‍മ്മ കാണും. കഴിക്കുന്ന ആഹാര പദാര്‍ത്ഥങ്ങള്‍ ആ തറയില്‍ വീ ണാലും അതെടുത്ത് കഴിക്കുന്നതില്‍ തെല്ലും ബുദ്ധിമുട്ട് തോന്നിയിട്ടില്ല. നാട്ടിന്‍പുറത്തെ കുളത്തില്‍ ഇറങ്ങിനിന്ന് കോരിയെടുക്കുന്ന വെള്ളമാണ് കുടിക്കാനും കുളിക്കാനും പാചകത്തിനും ഉപയോഗിച്ചിരുന്നത്. തിളപ്പിച്ചാറ്റി കുടിക്കുന്നതുപോലും അപൂര്‍വ്വ സംഭവമായിരുന്നു. മുറ്റത്തെ പൊടിയില്‍ തലകുത്തിമറിഞ്ഞ് കളിച്ചിട്ടും അലര്‍ജിയുടേയോ ത്വക് രോഗങ്ങളുടേയോ പിടിയില്‍ ആരും പെട്ടിരുന്നില്ല.

എന്നാല്‍ ഇന്നോ? പല്ലുതേക്കാന്‍ ഉപയോഗിച്ചിരുന്ന ഉമിക്കരി – പല്ലിന്‍റെ ഇനാമലിനെ നശിപ്പിക്കും എന്നുപറഞ്ഞ് പേസ്റ്റുകളിലേക്ക് ജനങ്ങളെ ആകര്‍ഷിച്ചു തുടങ്ങി. കൈവിരല്‍ കൊണ്ട് അമര്‍ത്തി പല്ലുതേച്ചിരുന്നവര്‍ കൂടുതല്‍ വൃത്തിക്കായി ബ്രഷുകള്‍ ഉപയോഗിച്ചു തുടങ്ങി. പല്ലു പൊങ്ങിയതിന്‍റെ പേരില്‍ ഇന്ന് ദന്താശുപത്രിക്കു മുന്നില്‍ ക്യൂ നില്‍ക്കുകയാണ് പുതിയ തലമുറ. ദന്തരോഗങ്ങള്‍ക്കും കുറവില്ല.

നന്നായി കഴുകിയ അലൂമിനിയം, പിഞ്ഞാണ പാത്രങ്ങളില്‍ ആഹാരം വിളമ്പി കഴിച്ച് സ്റ്റീല്‍, ചില്ല് ഗ്ലാസുകളില്‍ വെള്ളവും കുടിച്ച് അതു പിന്നെയും കഴുകി ഉപയോഗിച്ചു വന്നിരുന്ന നമ്മോട് അത് ശുദ്ധമല്ല എന്നു പറഞ്ഞാണ് ഡിസ്പോസിബിള്‍ പ്ലേറ്റുകളും ഗ്ലാസുകളും കൊണ്ടുവന്നത്. അവ നിര്‍മ്മിക്കുന്ന ഫാക്ടറികളിലെ അവസ്ഥ നമുക്കറിയില്ല. എന്നാലും അവ കഴുകാതെ ഉപ യോഗിക്കാന്‍ നമുക്കു മടിയുമില്ല. മരുന്നു കുത്തി വയ്ക്കുന്ന സിറിഞ്ചുകള്‍ പോലും ഉപയോഗശേഷം തിളച്ച വെള്ളത്തില്‍ കഴുകി വീണ്ടും ഉപയോഗിച്ചിരുന്ന കാലവും മാറി. ഒക്കെ ശുചിത്വത്തിന്‍റെ പേരില്‍! സ്ത്രീകള്‍ ആര്‍ത്തവകാലശുചിത്വവുമായി ബന്ധപ്പെട്ട് അലക്കി ഉണക്കിയ തുണികള്‍ ഉപയോഗിച്ചിരുന്നിടത്ത് കൃത്രിമ നാപ്കിനുകള്‍ പരസ്യങ്ങളുടെ സഹായത്തോടെ കയറിവന്നു. അവ ഉപയോഗശേഷം എന്തു ചെയ്യണമെന്നത് ഇപ്പോഴും നമുക്കറിയില്ല. ആഹാരശേഷം വെള്ളമുപയോഗിച്ച് കൈയും മുഖവും കഴുകിയിരുന്ന നാം ഇപ്പോള്‍ നാപ്കിന്‍ പേപ്പര്‍ കൊണ്ട് തുടയ്ക്കുന്നതാണ് ശുചിത്വത്തിന്‍റെ പുതിയ രീതി.

വീടുകളില്‍ അമ്മമാര്‍ കൈ കൊണ്ട് ഉണ്ടാക്കിയിരുന്ന ആഹാരത്തിനു പകരം പായ്ക്കു ചെയ്ത ഭക്ഷണങ്ങളായി. ഇവയുടെ നിര്‍മ്മാണത്തില്‍ എത്രമാത്രം ശുചിത്വം പാലിച്ചിട്ടുണ്ടെന്ന് നമുക്കറിയില്ല. ആകര്‍ഷകമായ പായ്ക്കറ്റുകളും ബ്രാന്‍ഡുകളുമാണ് നമുക്കു വേണ്ടത്. അടുത്തുള്ള കടയിലെ നമുക്കു പരിചയമുള്ള വ്യക്തി എടുത്തുതരുന്ന നാരങ്ങാ വെള്ളത്തേക്കാള്‍ നമുക്കു വിശ്വാ സം പായ്ക്കു ചെയ്തു വരുന്ന ജ്യൂസുകളിലാണ്. അതില്‍ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നതെന്നു നമുക്കറിയില്ലെങ്കിലും.

അല്‍പ്പം മോശമായതോ പുഴു ഉള്ളതോ ഈച്ച വന്നിരിക്കുന്നതോ ആയ പഴങ്ങളും പച്ചക്കറികളും നമുക്കു വേണ്ട. നല്ല നിറവും ആകൃതിയുമുള്ള ഫ്രഷ് സാധനങ്ങളുടെ പിന്നാലെ പോകുന്നവര്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന വിഷാംശം കണക്കിലെടുക്കുന്നില്ല. ധാന്യപ്പൊടികളും കറി പൗഡറുകളും പായ്ക്കറ്റുകളിലാക്കി കമ്പനികള്‍ തരുന്നത് വില കൊടുത്തു വാങ്ങുന്ന നാം അവ എങ്ങനെയുള്ളവയായിരുന്നു എന്ന് അന്വേഷിക്കാറില്ല. ഒക്കെ ഒരു വിശ്വാസം.

നമ്മുടെ ജീവിതത്തില്‍ അല്‍പ്പസമയം മാറ്റിവയ്ക്കാന്‍ നമുക്കു കഴിഞ്ഞാല്‍ ഈ കപടമായ ശുചി ത്വബോധത്തില്‍ നിന്നു പുറത്തു വരാന്‍ നമുക്കു കഴിയും. പായ്ക്കറ്റു ഭക്ഷണങ്ങളില്‍നിന്നും പൂര്‍ണമായി അകന്നുനില്‍ക്കുക. നമ്മുടെ ആഹാരം നാം തന്നെ-അല്ലെങ്കില്‍ നമുക്കു വിശ്വാസമുള്ള നമ്മുടെ അയല്‍ക്കൂട്ടത്തില്‍ ഉണ്ടാക്കിയെടുക്കുക. പച്ചക്കറികളും പഴങ്ങളും ഇങ്ങനെ വീട്ടിലോ നാട്ടിലോ കൃഷി ചെയ്യാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുക. ഭക്ഷണ ശൈലി മാത്രമല്ല ജീവിതശൈലിയിലും മാറ്റം വരുന്നതോടെ ഇന്നു നമ്മെ കീഴ്പ്പെടുത്തിയിരിക്കുന്ന ചില രോഗങ്ങള്‍ തന്നെ വഴിമാറും. ഇങ്ങനെ ഒരു തീരുമാനമെടുത്താല്‍ നാട്ടിലെ പ്ലാസ്റ്റിക് മാലിന്യത്തിലും മറ്റു മാലിന്യങ്ങളിലും നല്ല കുറവുവരും. പരിസരം വൃത്തികേടാക്കുന്നതില്‍നിന്ന് പിന്തിരിയാനുള്ള പ്രചോദനവും ഉണ്ടാകും.

Leave a Comment

*
*