കരച്ചിലുകാരി അമ്മൂമ്മ

കരച്ചിലുകാരി അമ്മൂമ്മ

കറുത്ത കാക്ക വെളുത്ത കൊക്കായി മാറി. കയ്ക്കുന്ന കാഞ്ഞിരക്കുരു മധുരിക്കുന്ന മാമ്പഴമായി മാറി. ഇങ്ങനെയൊന്നും കേട്ടുകേള്‍വിപോലുമില്ല. എന്നാല്‍ അതുപോലെ അസാദ്ധ്യമായ ഒരു അത്ഭുതം ഒരിക്കല്‍ ഒരിടത്തുണ്ടായി. എപ്പോഴും കരയുന്ന ഒരു അമ്മൂമ്മ എപ്പോഴും ചിരിക്കുന്ന ഒരു അമ്മൂമ്മയായി മാറി. വിശ്വസിക്കാന്‍ വിഷമമുള്ള ഒരു കഥ തന്നെ. എന്നാല്‍ കഥ കേട്ടുകഴിയുമ്പോള്‍ നിങ്ങള്‍ക്കും അതു വിശ്വാസമാകും.

എപ്പോഴും കരയുന്ന ആ അമ്മൂമ്മ ഒരു ഗ്രാമത്തിലായിരുന്നു താമസം. വെയില്‍ കണ്ടാല്‍ അമ്മൂമ്മ കരയും, മഴ കണ്ടാലും കരയും. വെയിലും മഴയും ഒന്നിച്ചു കണ്ടാലും കരയും. എപ്പോഴും കരയും. ഇതെന്താ അമ്മൂമ്മേ ഇങ്ങനെ? നാട്ടുകാര്‍ ചോദിച്ചു. വീട്ടുകാരും ചോദിച്ചു. പക്ഷേ, അമ്മൂമ്മ ആരോടും ഒന്നും പറഞ്ഞില്ല. പകരം കരഞ്ഞു. കരഞ്ഞു കരഞ്ഞു കുഴഞ്ഞു തളര്‍ന്നു. തളര്‍ന്നു ജീവിതം നരകമാക്കി.

അമ്മൂമ്മ എന്നു മുതലാണ് ഇങ്ങനെ കരയാന്‍ തുടങ്ങിയത്? നാട്ടുകാര്‍ക്കോ വീട്ടുകാര്‍ക്കോ അറിവില്ല. അമ്മൂമ്മയ്ക്കും ഓര്‍മ്മയില്ല. അമ്മൂമ്മയ്ക്ക് എന്താ ഇത്ര വേവലാതി? ഇത്ര സങ്കടം? ആര്‍ക്കും ഒന്നും പിടികിട്ടിയുമില്ല. എന്നോ എന്തിനോ എങ്ങനെയോ തുടങ്ങിയ കരച്ചിലാണ്.

അങ്ങനെ അമ്മൂമ്മ കരഞ്ഞു കരഞ്ഞു കണ്ണീരൊഴുക്കി കാലം കഴിച്ചു. അക്കാലത്ത് ഒരുനാള്‍ ആ ഗ്രാമത്തില്‍ മഹാനായ ഒരു സെന്‍ഗുരു എത്തി. എങ്ങോട്ടോ ഉള്ള യാത്രയ്ക്കിടയില്‍ വിശ്രമിക്കാനായി ഗ്രാമത്തില്‍ തങ്ങിയതായിരുന്നു. ഗുരു എത്തിയതറിഞ്ഞു ഗ്രാമീണര്‍ ദര്‍ശനത്തിനു ചെന്നു. ഗുരുവിനെ വന്ദിച്ചു. ഗുരുവിന്‍റെ ഉപദേശങ്ങള്‍ കേട്ടു സന്തോഷിച്ചു.

അപ്പോള്‍ ഗ്രാമീണരിലാരോ ഗുരുവിനോടു കരയുന്ന അമ്മൂമ്മയുടെ കഥ പറഞ്ഞു. ഗുരു ഉടന്‍ തന്നെ അമ്മൂമ്മയുടെ വീട്ടിലേക്കു ചെന്നു. അമ്മൂമ്മ ഗുരുവിനെ കണ്ട് എഴുന്നേറ്റു. ഗുരുപാദത്തില്‍ നമസ്കരിച്ചു. ഗുരു അമ്മൂമ്മയെ പിടിച്ചെഴുന്നേല്പിച്ചു, ആശ്ലേഷിച്ചു, ആശ്വസിപ്പിച്ചു. എപ്പോഴും കരയുന്നതെന്തിനാണെന്ന് അന്വേഷിച്ചു.

അമ്മൂമ്മയ്ക്കു ഗുരുവിനെ ഇഷ്ടമായി. മറ്റാരോടും പറയാത്ത രഹസ്യം ഗുരുവിനോടു പറയാം. അമ്മൂമ്മ നിശ്ചയിച്ചു. അമ്മൂമ്മ പറഞ്ഞു; "ഗുരോ! എപ്പോഴും കരയാനാണ് എന്‍റെ വിധി." "വിധിയെ പഴിച്ചു ജീവിക്കുന്നതു വിവേകമല്ല അമ്മൂമ്മേ. അമ്മൂമ്മ കരയുന്നതിന്‍റെ കാര്യം പറയൂ. നമുക്കു പരിഹാരം കണ്ടെത്താം" – ഗുരു മറുപടി പറഞ്ഞു.

അപ്പോള്‍ അമ്മൂമ്മ ആ രഹസ്യം പറഞ്ഞു: "എനിക്കു മക്കള്‍ രണ്ടാണു ഗുരോ. മൂത്ത മകളെ കെട്ടിയിരിക്കുന്നവന്‍ ഒരു ഷൂ വില്പനക്കാരനാണ്. ഇളയവളെ കെട്ടിയിരിക്കുന്നവന്‍ കുട വില്പനക്കാരനും."

"അതിനെന്താ കുഴപ്പം?" കഥ കേള്‍ക്കാന്‍ കൂടിയവരിലാരോ ചോദിച്ചു. അമ്മൂമ്മ അയാളെ ഗൗനിക്കാതെ ഗുരുവിനോടു കരച്ചിലിന്‍റെ കാര്യം പറഞ്ഞു.

"മഴക്കാലത്ത് ആരെങ്കിലും ഷൂ വാങ്ങുമോ? തുകല്‍ മഴ നനഞ്ഞു കേടാകില്ലേ? അപ്പോള്‍ മഴക്കാലത്ത് എന്‍റെ ഷൂ വില്പനക്കാരന്‍ മരുമകനു കച്ചവടം കിട്ടില്ല. അവന്‍റെ കുടുംബം പട്ടിണിയിലാകുമല്ലോ എന്നോര്‍ത്ത് എനിക്കു സങ്കടം വരും. ഞാന്‍ കരയും."

ഗുരു ശ്രദ്ധിച്ചു കേട്ടു തല കുലുക്കി.

"വേനല്‍ക്കാലത്ത് ആരെങ്കിലും കുട വാങ്ങുമോ? അപ്പോള്‍ എന്‍റെ കുടവില്പനക്കാരന്‍ മരുമകനു കച്ചവടം നടക്കില്ല. അവന്‍റെ കുടുംബം പട്ടിണിയാകുമല്ലോ എന്നോര്‍ത്ത് അപ്പോള്‍ ഞാന്‍ കരയും." അമ്മൂമ്മ അങ്ങനെ തന്‍റെ കരച്ചിലുകളുടെ രഹസ്യം ഗുരുവിനോടു പറഞ്ഞു.

ഗുരു എല്ലാം കേട്ടു ശാന്തനായി നിന്നു പുഞ്ചിരിച്ചു. സ്നേഹപൂര്‍വം അമ്മൂമ്മയെ തടവി ആശ്വസിപ്പിച്ചു. എന്നിട്ടു പറഞ്ഞു: "അമ്മൂമ്മേ, ഈശ്വരന്‍ നമുക്കു നല്കിയിരിക്കുന്ന നല്ല കാര്യങ്ങളാണു നാം കാണേണ്ടത്. സൗഭാഗ്യങ്ങളെക്കുറിച്ചാണു ചിന്തിക്കേണ്ടത്. ഇന്നു മുതല്‍ അമ്മൂമ്മ ഞാന്‍ പറയുന്നതുപോലെ ജീവിച്ചുനോക്കൂ. ജീവിതം സ്വര്‍ഗമാകും" – ഗുരു പറഞ്ഞു.

അമ്മൂമ്മ ഗുരുവചനം കേള്‍ക്കാന്‍ കാതോര്‍ത്തു നിന്നു. ഗുരു തുടര്‍ന്നു: "ഇന്നു മുതല്‍ മഴ പെയ്യുമ്പോള്‍ അമ്മൂമ്മ കുടവില്പനക്കാരന്‍ മരുമകന്‍റെ കാര്യം മാത്രം ഓര്‍ക്കണം. മഴക്കാലത്തു കുടകള്‍ കൂടുതല്‍ ചെലവാകുമല്ലോ. മരുമകനു കാശു കിട്ടുമല്ലോ. മകളുടെ നല്ല കാലമാണല്ലോ. ദൈവത്തിനു സ്തുതി. ഇങ്ങനെ ചിന്തിക്കണം. അപ്പോള്‍ അമ്മൂമ്മയ്ക്കു ചിരി വരും."

അമ്മൂമ്മ തല കുലുക്കി.

"ഇന്നു മുതല്‍ വെയില്‍ തെളിയുമ്പോള്‍ അമ്മൂമ്മ ഷൂ വില്പനക്കാരന്‍റെ കാര്യം ഓര്‍ക്കണം. വെയിലുള്ള കാലം ഷൂ വില്പന പൊടിപൊടിക്കും. ഷൂ വില്പനയിലൂടെ മരുമകന് കാശു വരും. അയാളുടെ കുടുംബം സന്തോഷത്തോടെ ജീവിക്കും. ഇങ്ങനെ ചിന്തിക്കണം. ദൈവത്തിനു സ്തുതി പറയണം. അപ്പോള്‍ അമ്മൂമ്മ അറിയാതെ ചിരിച്ചുപോകും" ഗുരു ഉപദേശം നിര്‍ത്തി.

"ഞാന്‍ അങ്ങ് ഉപദേശിച്ചതുപോലെ തന്നെ ചിന്തിക്കാം, പ്രഭോ." അമ്മൂമ്മ വാക്കു കൊടുത്തു. ഗുരുവിനു നന്ദി പറഞ്ഞു. ഗുരു യാത്ര പറഞ്ഞുപോവുകയും ചെയ്തു.

അന്നു മുതല്‍ അമ്മൂമ്മ ഗുരുവിന്‍റെ ഉപദേശമനുസരിച്ചു ജീവിച്ചു. മഴക്കാലത്തു കുടവില്പനയെപ്പറ്റിയും വേനല്‍ക്കാലത്ത് ഷൂവില്പനയെപ്പറ്റിയും ചിന്തിച്ചു, സന്തോഷിച്ചു. സൗഭാഗ്യങ്ങള്‍ ചൊരിയുന്ന സര്‍വേശ്വരനു സ്തുതി പറഞ്ഞു ജീവിച്ചു. ചിരിച്ചു ജീവിച്ചു. എപ്പോഴും കരയുന്ന അമ്മൂമ്മ അങ്ങനെ എപ്പോഴും ചിരിക്കുന്ന അമ്മൂമ്മയായി മാറി. അമ്മൂമ്മയുടെ ജീവിതം സ്വര്‍ഗമായി.

അതേ കൂട്ടുകാരേ, ആരു കാണുന്നു, എങ്ങനെ കാണുന്നു എന്നതിനനുസരിച്ചു കാഴ്ച മാറും. കാണുന്ന കണ്ണിനനുസരിച്ചാണു കാഴ്ച എന്നര്‍ത്ഥം. നല്ലവശം കാണാന്‍ കണ്ണുള്ളവന്‍ നന്മ മാത്രം കാണും. നല്ലതു മാത്രം കണ്ടു സന്തോഷിക്കും. ചീത്തവശം മാത്രം കാണുന്നവനോ സന്താപം മാത്രം ലഭിക്കും. നല്ല വശം കാണുന്ന സ്വഭാവത്തിനു പോസിറ്റീവ് തിങ്കിങ്ങ് എന്നു പറയും ചീത്തവശം കാണുന്നതോ നെഗറ്റീവ് തിങ്കിങ്ങ്, പോസിറ്റീവ് തിങ്കിങ്ങ് വളര്‍ത്തിയെടുക്കണം. ശീലമാക്കണം. അപ്പോള്‍ ജീവിതം സ്വര്‍ഗമാകും. നെഗറ്റീവ് തിങ്കിങ്ങുകാര്‍ക്കോ ജീവിതം നരകവുമാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org