കരുണയുടെ മുഖം

കരുണയുടെ മുഖം

കാരുണ്യത്തിന്‍റെ തനിരൂപമായിരുന്നു മദര്‍ തെരേസ. കല്‍ക്കട്ടയിലെ കാളിഘട്ട് ക്ഷേത്രത്തോടു ചേര്‍ന്നുള്ള വലിയ സത്രം മരണാസന്നരായ രോഗികളെ പരിചരിക്കാന്‍ മദറിനു ലഭിച്ചു. മദര്‍ അതിന് നിര്‍മല്‍ ഹൃദയ് എന്നു പേരിട്ടു. കാളിഘട്ട് ക്ഷേത്രത്തില്‍ നൂറില്‍പരം പൂജാരികളുണ്ടായിരുന്നു. സത്രം, ക്രിസ്ത്യാനിയായ കന്യാസ്ത്രീക്കു നല്കിയതില്‍ വലിയ പ്രതിഷേധമായി. ഇവിടെ മദര്‍ മതം മാറ്റുന്നു എന്നായി ആരോപണം. പലരും പരാതി നല്കി. അന്വേഷിക്കാന്‍ മേയറും പോലീസ് കമ്മീഷണറും എത്തി. അപ്പോള്‍ മദര്‍ ഒരു രോഗിയുടെ വ്രണം കഴുകി പുഴുക്കളെ എടുക്കുകയായിരുന്നു. സഹസിസ്റ്റേഴ്സ് രോഗികളെ ശുശ്രൂഷിക്കുന്നു, തുണി അലക്കുന്നു, ഭക്ഷണം കഴിപ്പിക്കുന്നു, മലമൂത്രവിസര്‍ജനം കോരുന്നു. മേയര്‍ പരാതിക്കാരുടെ അടുക്കലെത്തി പറഞ്ഞു: "ഞാന്‍ മദര്‍ തെരേസയെയും കൂട്ടരെയും അടിച്ചിറക്കാമെന്ന് വാക്കു തരുന്നു, ഞാനതു പാലിക്കാം. പക്ഷേ, അതിനുമുന്‍പ് നിങ്ങളെനിക്ക് വാക്കു തരണം. അവര്‍ ചെയ്യുന്ന ഈ ജോലികള്‍ ചെയ്യാന്‍ നിങ്ങളുടെ അമ്മമാരെയും പെങ്ങന്മാരെയും നാളെ മുതല്‍ ഇവിടെ പറഞ്ഞയക്കണം… അപ്പുറത്ത് നമ്മുടെ കാളിദേവിയുടെ കരിങ്കല്‍ വിഗ്രഹമുണ്ട്. എന്നാലിവിടെ ജീവിച്ചിരിക്കുന്ന ദേവിയെ ഞാന്‍ കാണുന്നു."

കരുണയുടെ പ്രവൃത്തികളാണ് ഒരു വ്യക്തിയെ ദൈവികഭാവം കൊണ്ടു നിറയ്ക്കുന്നത്. ദൈവത്തിന്‍റെ സത്താഭാവമാണ് കാരുണ്യം. നമ്മുടെ കാരുണ്യപ്രവൃത്തികള്‍ നമ്മെ ദൈവികമേഖലയിലേക്കുയര്‍ത്തുന്നു. ഈശോ നമ്മില്‍നിന്ന് ആവശ്യപ്പെടുന്നതും അതു തന്നെയാണല്ലോ: "നിങ്ങളുടെ സ്വര്‍ഗ്ഗീയ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍."

കാരുണ്യവും സ്നേഹവും നമ്മില്‍ നിറയുന്നതനുസരിച്ച് ഏറ്റം ഹീനമെന്ന് ലോകം കരുതുന്ന പ്രവൃത്തികള്‍ ചെയ്യാന്‍ കൃപകിട്ടും. തന്‍റെ സ്ഥാപനത്തിലെത്തുന്നവരില്‍ ഏറ്റവുമധികം ദുര്‍ഗന്ധം വമിക്കുന്നതും ആരും തൊടാനറയ്ക്കുന്നതും പഴുത്തും പുഴുത്തും കഴിയുന്നവരും ആയവരെ പ്രത്യേകം പരിചരിച്ചിരുന്നത് മദര്‍ തെരേസയായിരുന്നു. പുറമെനിന്ന് കൊണ്ടുവരുന്ന രോഗികളെ ആദ്യം കുളിപ്പിക്കുന്നതും മദര്‍ തന്നെയായിരുന്നു!

ദൈവകരുണയിലേക്ക് ഒരാത്മാവ് വളര്‍ന്ന് ശുശ്രൂഷ ചെയ്യണമെങ്കില്‍ അതിനു മുന്‍പ് ആത്മാവ് എളിമകൊണ്ട് നിറയണം. കൃപയിലേക്കുള്ള ഇത്തരം വളര്‍ച്ച ദൈവം ആത്മാവിന് നല്കിക്കൊണ്ടിരിക്കുന്നു. പാപത്തിന്‍റെ ഏറ്റം ഹീനമായ അവസ്ഥയില്‍ കഴിയുന്ന മനുഷ്യര്‍ക്കുവേണ്ടി സ്വര്‍ഗ്ഗംവിട്ട് ഭൂമിയിലേക്കിറങ്ങിവന്നുകൊണ്ട് ശുശ്രൂഷ ചെയ്ത ഈശോയുടെ കരുണയുടെ ഭാവം നമ്മുടെ ആത്മാവില്‍ നിറയപ്പെടുമ്പോഴാണ് യഥാര്‍ത്ഥ കാരുണ്യത്തിന്‍റെ ശുശ്രൂഷകള്‍ ചെയ്യാന്‍ നമുക്ക് കൃപയുണ്ടാവുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org