Latest News
|^| Home -> Suppliments -> ULife -> കത്രീനയ്ക്ക് കന്യാസ്ത്രീയാകാന്‍ മോഹം

കത്രീനയ്ക്ക് കന്യാസ്ത്രീയാകാന്‍ മോഹം

Sathyadeepam

ചോദ്യം
കത്തോലിക്കയായ കത്രീന കഴിഞ്ഞ അഞ്ചുവര്‍ഷമായി ഭര്‍ത്താവുമായി ബന്ധം ഉപേക്ഷിച്ചുകഴിയുകയാണ്. അവരുടെ വിവാഹബന്ധം സിവില്‍ കോടതി വേര്‍പ്പെടുത്തിയെങ്കിലും സഭാകോടതി വേര്‍പ്പെടുത്തിയിട്ടില്ല. കത്രീന തന്‍റെ വിവാഹ ജീവിതകാലഘട്ടത്തില്‍ ഇടവകയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. വിവാഹബന്ധം വേര്‍പ്പെടുത്തിയശേഷവും ഇടവകയില്‍ സജീവാംഗമായി തുടരുന്നു. ഇടവകയിലെ സിസ്റ്റേഴ്സിനും കത്രീനയെപ്പറ്റി നല്ല അഭിപ്രായമാണ്. ശിഷ്ടകാലം സന്ന്യാസ സഭയില്‍ ചേര്‍ന്ന് ഒരു സന്ന്യാസിനിയായി ജീവിക്കാനാണ് ആഗ്രഹം. ഇത് സാദ്ധ്യമാണോ?

ഉത്തരം
ഡോ. ജോസ് ചിറമേല്‍
(പ്രസിഡന്‍റ്, സീറോ-മലബാര്‍ മേജര്‍ ആര്‍ക്കി
എപ്പിസ്കോപ്പല്‍ ട്രിബ്യൂണല്‍)

വിവാഹബന്ധം അപരിഹാര്യമാംവിധം (irreparable) തകര്‍ന്നുപോവുകയും ഈ വിവാഹം സിവില്‍ കോടതി വേര്‍പെടുത്തുകയും സഭാകോടതി അസാധുവായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ പ്രസ്തുത വിവാഹബന്ധത്തിലെ ദമ്പതിമാര്‍ക്ക് വൈദിക ജീവിത്തിലേക്കോ സമര്‍പ്പിതജീവിതത്തിലേക്കോ പ്രവേശിക്കുന്നതിന് കാനോനിക തടസ്സങ്ങള്‍ ഉണ്ടാകാനിടയില്ല. തന്‍റേതല്ലാത്ത കാരണങ്ങള്‍ കൊണ്ടാണ് വിവാഹബന്ധം തകര്‍ന്നുപോയത് എന്ന ചിന്ത ഉള്ളത് കൊണ്ടുകൂടിയായിരിക്കാം കത്രീന സന്ന്യാസിനിയാകാനുള്ള ആഗ്രഹവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ശ്രദ്ധയോടെയും കരുതലോടെയുമായിരിക്കണം ഇക്കാര്യത്തില്‍ കത്രീനയ്ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടത്.

സന്ന്യാസ സമൂഹത്തിന്‍റെ അസോസിയേഷനില്‍ അംഗത്വം
വിവാഹിതയായിത്തന്നെ ജീവിച്ചുകൊണ്ട് ഏതെങ്കിലുമൊരു സന്ന്യാസ സമൂഹത്തിന്‍റെ അസോസിയേഷനില്‍ അംഗമായി ചേര്‍ന്ന് പ്രസ്തുത സന്ന്യാസ സമൂഹത്തിന്‍റെ ആദ്ധ്യാത്മികതയില്‍ ജീവിക്കുവാനും അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാനും കഴിയുമെന്ന വസ്തുത ഈ സ്ത്രീക്ക് വ്യക്തമായി പറഞ്ഞു കൊടുക്കണം. സന്ന്യാസസമൂഹങ്ങള്‍ ഇത് അനുവദിക്കുന്നുണ്ട്. സഭാനിയമത്തില്‍ ഇക്കാര്യം പ്രതിപാദിച്ചിട്ടുമുണ്ട്. ലത്തീന്‍ നിയമ സംഹിത വ്യക്തമാക്കുന്നതനുസരിച്ച്, ലോകത്തില്‍ ജീവിച്ചുകൊണ്ട് ഏതെങ്കിലും സന്ന്യാസ സഭയുടെ അരൂപിയില്‍ പങ്കാളിയാവുകയും പ്രസ്തുത സന്ന്യാസ സഭയുടെ ഉന്നതാധികാരത്തിന് വിധേയമായി അപ്പസ്തോലികജീവിതം നയിക്കുകയും ക്രിസ്തീയ പൂര്‍ണ്ണതയ്ക്കായി പരിശ്രമിക്കുകയും ചെയ്യുന്ന അംഗങ്ങളുള്ള സംഘടനകള്‍ ‘മൂന്നാം സഭകള്‍’ എന്നോ മറ്റു പേരുകളിലോ അറിയപ്പെടുന്നു (CIC. C. 303). സന്ന്യാസ സഭയില്‍ ചേരണമെന്ന ആഗ്രഹവുമായി എത്തിയിരിക്കുന്ന കത്രീനയെ ഈ സാദ്ധ്യതയെപ്പറ്റി ചിന്തിക്കുവാന്‍ പ്രോത്സാഹിപ്പിക്കണം. അസോസിയേഷനില്‍ അംഗമാകുന്നതുവഴി ഇവര്‍ക്ക് ദമ്പതി എന്ന സ്ഥാനം നഷ്ടപ്പെടുകയോ സന്ന്യാസ സഭയില്‍ അംഗത്വം ഉണ്ടാവുകയോ ചെയ്യുന്നില്ല. വിവാഹിതരായ ദമ്പതിമാര്‍ ഇപ്രകാരമുള്ള അസോസിയേഷനുകളില്‍ ചേര്‍ന്ന് പ്രതിബദ്ധതയോടെ ജീവിക്കുന്നതിനെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ സമര്‍പ്പിതരെ സംബന്ധിക്കുന്ന (Vita Conþ sacrata) തന്‍റെ അപ്പ. പ്രബോധനത്തില്‍ (25 March 1996) പ്രത്യേകം ശ്ലാഘിക്കുന്നുണ്ട്. വിവാഹജീവിതത്തിന്‍റെ കടമകള്‍ നിര്‍വ്വഹിച്ചുകൊണ്ടും കുട്ടികളോടുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിക്കൊണ്ടും ദാരിദ്ര്യവും അനുസരണവും വ്രതങ്ങളായി സ്വീകരിച്ചാണ് ഇക്കൂട്ടര്‍ ജീവിക്കേണ്ടതെന്നും മാര്‍പാപ്പ വ്യക്തമാക്കുന്നു.

എന്നാല്‍, സന്ന്യാസ സഭയില്‍ അംഗമായി ചേരുവാനും സന്ന്യാസജീവിതത്തിന്‍റെ വ്രതങ്ങളെടുത്ത് ജീവിക്കുവാനുമാണ് കത്രീനയ്ക്ക് തീവ്രമായ ആഗ്രഹമെങ്കില്‍ നിലവിലുള്ള വിവിധ സന്ന്യാസിനി സമൂഹങ്ങളെപ്പറ്റിയും അവയുടെ ‘സിദ്ധി’കളെപ്പറ്റിയും (Charism) അപ്പസ്തോലിക ജീവിതത്തെപ്പറ്റിയും പറഞ്ഞുകൊടുക്കണം. സന്ന്യാസജീവിതത്തിന്‍റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുവാനും ബ്രഹ്മചര്യവ്രതമനുഷ്ഠിച്ചു ജീവിക്കുവാനും അവര്‍ക്ക് കഴിയുമോ എന്നും വിവേചിച്ചറിയണം.

സന്ന്യാസത്തിന്‍റെ ആരംഭം നോവിഷ്യേറ്റിലൂടെ
സന്ന്യാസജീവിതം ആരംഭിക്കുന്നത് നോവിഷ്യേറ്റിലൂടെയാണ്. നോവിഷ്യേറ്റിലേക്കുള്ള പ്രവേശനം സന്ന്യാസ സഭയെ സംബന്ധിച്ചും അര്‍ത്ഥിനിയെ സംബന്ധിച്ചും ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഒരു വ്യക്തിക്ക് നോവിഷ്യേറ്റിലേക്ക് പ്രവേശിക്കുവാന്‍ ഔദ്യോഗികമായി അനുവാദം നല്കുന്നത് സന്ന്യാസ സഭയുടെ മേജര്‍ സുപ്പീരിയറാണ് (CCEO. c. 519). സഭയുടെ പൊതുനിയമങ്ങളും സന്ന്യാസസഭയുടെ പ്രത്യേക നിയമങ്ങളും അനുശാസിക്കുന്ന യോഗ്യതകളുള്ള വ്യക്തികളെയാണ് നോവിഷ്യേറ്റിലേക്ക് പ്രവേശിപ്പിക്കുന്നത്. നോവിഷ്യേറ്റിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുന്‍പ് ഉചിതമായ ഒരുക്കം (Pre-novitiate programmes) നല്കുന്നതാണ്. ഉചിതമായ ഒരുക്കം ഇല്ലാത്ത ആരെയും നോവിഷ്യേറ്റിലേക്ക് പ്രവേശിപ്പിക്കുവാന്‍ പാടില്ലെന്ന് നിയമത്തില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട് (CCEO. c. 449; CIC. C. 597/2).

നോവിഷ്യേറ്റിന് അര്‍ഹരല്ലാത്തവര്‍
സഭാനിയമം അനുശാസിക്കുന്നതനുസരിച്ച് താഴെപ്പറയുന്നവരെ നോവിഷ്യേറ്റിലേക്ക് പ്രവേശിപ്പിക്കുവാന്‍ പാടുള്ളതല്ല:
1. അകത്തോലിക്കര്‍;
2. സഭയുടെ നടപടിക്രമമനുസരിച്ചുള്ള ശിക്ഷ ലഭിച്ചവര്‍;
3. നിയമം ആവശ്യപ്പെടുന്ന വയസ് പൂര്‍ത്തിയാകാത്തവര്‍;
4. ഭയമോ വഞ്ചനയോ മൂലം പ്രവേശിച്ച വ്യക്തികള്‍;
5. മറ്റൊരു സന്ന്യാസ സമൂഹത്തിലെയോ അപ്പസ്തോലിക സമൂഹത്തിലെയോ അംഗത്വം മറച്ചുവെച്ച വ്യ ക്തികള്‍;
6. വിവാഹാവസ്ഥയിലായിരിക്കുന്ന ദമ്പതികള്‍;
7. ഗൗരവമായ കുറ്റകൃത്യങ്ങള്‍ക്ക് സിവില്‍പരമോ സഭാപരമോ ആയ ശിക്ഷ പ്രതീക്ഷിച്ചു കഴിയുന്നവരെയും നോവിഷ്യേറ്റില്‍ പ്രവേശിപ്പിക്കാവുന്നതല്ല.

മേല്പറഞ്ഞതില്‍നിന്ന് വിവാഹാവസ്ഥയിലായിരിക്കുന്ന ദമ്പതികളെ സാധുവായി നോവിഷ്യേറ്റില്‍ പ്രവേശിപ്പിക്കുവാന്‍ പാടുള്ളതല്ല എന്ന് വ്യക്തമാണല്ലോ. കാരണം, ചോദ്യത്തില്‍ പ്രതിപാദിച്ചിരിക്കുന്ന കത്രീന അവരുടെ വിവാഹബന്ധം സിവില്‍ കോടതി വഴി മാത്രമാണ് വേര്‍പ്പെടുത്തിയിട്ടുള്ളത്. വിവാഹബന്ധം വേര്‍പ്പെടുത്തികൊണ്ടുള്ള സിവില്‍കോടതി വിധി വഴി ദമ്പതികളുടെ കൂട്ടായ ജീവിതത്തില്‍ വ്യക്തമായ വിടവ് (definitive rupture) സംഭവിക്കുന്നതായി സഭ മനസ്സിലാക്കുന്നുണ്ട്. എന്നാല്‍ വിവാഹബന്ധത്തെ ഇത് ബാധിക്കുന്നതായി സഭ കണക്കാക്കുന്നില്ല. സഭയുടെ കാഴ്ചപ്പാടില്‍ വിവാഹബന്ധം നിലനില്ക്കുന്നു. നിലവിലെ വിവാഹബന്ധം സന്ന്യാസ സഭയില്‍ ചേരുന്നതിന് തടസ്സവുമാണ്.

എന്തുകൊണ്ടാണ് ഇവര്‍ സഭാകോടതിയെ സമീപിച്ച് വിവാഹബന്ധം അസാധുവായി പ്രഖ്യാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതെന്ന് ചോദ്യത്തില്‍ നിന്ന് വ്യക്തമല്ല. സഭാകോടതിയെ സമീപിച്ചിട്ടും വിവാഹം അസാധുവായി പ്രഖ്യാപിച്ചുകിട്ടാത്തതാണോ എന്നും ചോദ്യത്തില്‍ പരാമര്‍ശിച്ചിട്ടില്ല.
നിലവിലെ വിവാഹബന്ധവും പരി. സിംഹാസനത്തിന്‍റെ ഒഴിവാക്കലും

സിവില്‍പരമായി മാത്രം വിവാഹബന്ധം വേര്‍പ്പെടുത്തിയ കത്രീനയ്ക്ക് ശിഷ്ടകാലം സന്ന്യാസിനിയായി ജീവിക്കുവാന്‍ കഴിയുമോ എന്നതാണ് ചോദ്യകര്‍ത്താവിന്‍റെ സംശയം. സിവില്‍പരമായി വിവാഹബന്ധം വേര്‍പ്പെടുത്തിയാലും സഭയുടെ കാഴ്ചപ്പാടില്‍ വിവാഹബന്ധം നിലനില്ക്കുന്നുവെന്ന് നാം കാണുകയുണ്ടായി. തന്മൂലം, ഈ വിവാഹ തടസ്സത്തില്‍നിന്ന് ഒഴിവാക്കല്‍ (dispensation) നല്കി കത്രീനയ്ക്ക് സന്ന്യാസിനിയാകാന്‍ കഴിയുമോ എന്നാണ് ചിന്തിക്കേണ്ടത്. നിലവിലെ വിവാഹബന്ധം സന്ന്യാസ സഭയുടെ നോവിഷ്യേറ്റില്‍ പ്രവേശിക്കുവാന്‍ തടസ്സമാണെന്നത് സഭാപരമായ നിയമമാണ് (ecclesiastical law). സഭാപരമായ നിയമതടസ്സങ്ങളില്‍ നിന്ന് ചില പ്രത്യേക സാഹചര്യങ്ങളില്‍ പരി. സിംഹാസനം ഒഴിവാക്കല്‍ നല്കുന്നതാണ്. ഇപ്രകാരം ഒഴിവാക്കല്‍ നല്കുമ്പോള്‍ പരി. സിംഹാസനം ചില നിബന്ധനകളും വയ്ക്കാറുണ്ട്.

1917-ല്‍ സഭയില്‍ ആദ്യമായി ഒരു ക്രോഡീകൃത നിയമസംഹിത പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പുണ്ടായിരുന്ന നിയമവ്യവസ്ഥിതി (Decretal law of Alexander III) അനുസരിച്ച് വിവാഹം കഴിഞ്ഞ് രണ്ടു മാസത്തിനുള്ളില്‍ ദമ്പതിമാരില്‍ ആര്‍ക്കുവേണമെങ്കിലും ദാമ്പത്യബന്ധം ഉപേക്ഷിച്ച് സന്ന്യാസ സഭയില്‍ ചേരാമായിരുന്നു. ഇതിന് കൂട്ടുദമ്പതിയുടെ സമ്മതവും ആവശ്യമില്ലായിരുന്നു. ഇപ്രകാരം ചെയ്യുന്നതിന് ഉ ണ്ടായിരുന്ന വ്യവസ്ഥ പ്രസ്തുത വിവാഹം ലൈംഗികബന്ധത്തില്‍ പൂര്‍ണ്ണമാക്കപ്പെട്ടിട്ടില്ലാത്തതായിരിക്കണം (Non-Consummated)  എന്നുമാത്രം. എന്നാല്‍ 1917-ല്‍ ക്രോഡീകൃത നിയമസംഹിത നിലവില്‍ വന്നശേഷം നിലവിലെ വിവാഹബന്ധം സന്ന്യാസ സഭയുടെ നോവിഷ്യേറ്റില്‍ പ്രവേശിക്കുന്നതിന് തടസ്സമായി കണക്കാക്കപ്പെടാന്‍ തുടങ്ങി (CIC-1917, c. 542/1). ചുരുക്കത്തില്‍ വിവാഹിതരായവര്‍, തങ്ങളുടെ വിവാഹബന്ധത്തില്‍ നിലനില്ക്കുന്നിടത്തോളം, നോവിഷ്യേറ്റില്‍ പ്രവേശിക്കുവാന്‍ അയോഗ്യരാണ്.

വിവാഹബന്ധം നിലനില്ക്കേ സാധുവായി നോവിഷ്യേറ്റില്‍ പ്രവേശിക്കണമെങ്കില്‍ പരി. സിംഹാസനത്തില്‍നിന്ന് ഒഴിവാക്കല്‍ (dis-pensation) ലഭിച്ചിരിക്കണം. വിവാഹബന്ധം ഇല്ലാതാകുന്നത് വിവാഹപങ്കാളിയുടെ മരണം വഴിയോ സഭയില്‍ നിയമാനുസൃതം സ്ഥാപിക്കപ്പെട്ടിട്ടുള്ള സഭാകോടതി വിവാഹം അസാധുവായി പ്രഖ്യാപിക്കുന്നതുവഴിയോ ആണ് (ഇന്ത്യയിലെ നിയമമനുസരിച്ച് സിവില്‍ കോടതിയില്‍നിന്ന് വിവാഹമോചനവും ലഭിച്ചിരിക്കണം).

സന്ന്യാസ സഭയിലേയ്ക്ക് സ്വീകരിക്കപ്പെടാന്‍ ഒരാള്‍ യോഗ്യനാണോ എന്ന് തീരുമാനിക്കുന്നത് സന്ന്യാസ സഭയുടെ മേജര്‍ സുപ്പീരിയറാണെന്ന് നാം കാണുകയുണ്ടായി. അതനുസരിച്ച്, സന്ന്യാസ സഭയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന കത്രീനയുടെ ലക്ഷ്യവും ചേരുന്നതിനുള്ള യോഗ്യതകളും വിലയിരുത്തിയശേഷം കൗണ്‍സിലുമായി ആലോചിച്ച് മേജര്‍ സുപ്പീരിയര്‍ സമര്‍പ്പിതജീവിതം നയിക്കുന്നവരുടെ കാര്യങ്ങള്‍ നോക്കുന്ന (Congregation for the Institutes of Consecrated life) വത്തിക്കാന്‍ കാര്യാലയത്തിലേയ്ക്ക് അര്‍ത്ഥിനിയുടെ വിവാഹബന്ധം ഒഴിവാക്കുന്നതിനാവശ്യമായ രേഖകളെല്ലാം അയച്ചുകൊടുക്കണം. അയച്ചുകൊടുക്കേണ്ട രേഖകള്‍ താഴെപ്പറയുന്നവയാണ്.

1. വിവാഹബന്ധം എന്ന തടസ്സത്തില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അര്‍ത്ഥിനി സമര്‍പ്പിക്കുന്ന അപേക്ഷ. ഒഴിവാക്കല്‍ ആവശ്യപ്പെടുന്നതിനുള്ള കാരണങ്ങള്‍ പെറ്റീഷനില്‍ വ്യക്തമാക്കിയിരിക്കണം;

2. അര്‍ത്ഥിനിയുടെ ജീവിത്തെപ്പറ്റിയുള്ള ഹ്രസ്വ വിവരണം;

3. വിവാഹബന്ധം അവസാനിപ്പിക്കാനുള്ള കാരണങ്ങള്‍? വിവാഹബന്ധം ശിഥിലമാകാന്‍ എന്താണ് കാരണം? ഒന്നിച്ച് വീണ്ടും ജീവിക്കാന്‍ സാദ്ധ്യത ഉണ്ടോ?

4. വിവാഹബന്ധത്തില്‍ കുട്ടികള്‍ ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കില്‍ എത്രപേര്‍? അവരുടെ പ്രായം? അവരുടെ സുരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും വേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങള്‍.

5. ഇവര്‍ സന്ന്യാസ സഭയില്‍ ചേരാന്‍ പോകുന്നുവെന്ന് കൂട്ടുദമ്പതിക്ക് അറിവുണ്ടെന്നും സമ്മതമാണെന്നും ഉള്ളതിനുള്ള രേഖ.

6. സിവില്‍ കോടതി വഴി വിവാഹബന്ധം വേര്‍പ്പെടുത്തിയതിന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍;

7. സന്ന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന ഈ വ്യക്തി അതിന് യോഗ്യയാണെന്ന് കാണിക്കുന്ന രൂപതാ മെത്രാന്‍റെയോ വികാരിയച്ചന്‍റെയോ കത്ത്;

8. സന്ന്യാസ സഭയിലേയ്ക്ക് നിയമാനുസൃതം പ്രവേശിപ്പിക്കാന്‍ അധികാരമുള്ള വ്യക്തിയുടെ കത്ത്. പരി. സിംഹാസനം ഒഴിവാക്കല്‍ നല്കിയാല്‍ ഇയാളെ സന്ന്യാസ സഭയിലേക്കു എടുക്കുമെ ന്നും പ്രസ്തുത കത്തില്‍ സൂചിപ്പി ച്ചിരിക്കണം.

മേല്പറഞ്ഞ രേഖകള്‍ പരിശോധിച്ച് സന്ന്യാസ സഭയിലേക്ക് പ്രവേശിക്കുന്നതിനുള്ള തടസ്സത്തില്‍ നിന്ന് പരി. സിംഹാസനം ഒഴിവാക്കല്‍ നല്കുമ്പോള്‍ ചില വ്യവസ്ഥകള്‍കൂടി ഏര്‍പ്പെടുത്താറുണ്ട്:

ഈ വ്യക്തിയുടെ മുന്‍വിവാഹബന്ധത്തില്‍ നിന്നുത്ഭവിക്കുന്ന സിവില്‍പരവും ധാര്‍മ്മികവും മനുഷ്യത്വപരവുമായ ഉത്തരവാദിത്വങ്ങളെല്ലാം പൂര്‍ണ്ണമായും തീര്‍പ്പാക്കിയെന്നതിനുള്ള ഉറപ്പ് വരുത്തണം. പുരുഷനാണ് സന്ന്യാസ സഭയില്‍ ചേരാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അയാളെ പൗരോഹിത്യാന്തസ്സിലേക്ക് പ്രവേശിപ്പിക്കുകയില്ലെന്ന് വത്തിക്കാന്‍ കാര്യാലയം വ്യക്തമാക്കും. നിയമാനുസൃതം സ്ഥിരമായ ഡീക്കന്‍ പട്ടത്തിന് (permanent diaconate) തടസ്സം ഉണ്ടായിരിക്കുകയില്ല.

സിവില്‍പരമായി വിവാഹബന്ധം വേര്‍പ്പെടുത്തുകയും സന്ന്യാസ സഭയില്‍ ചേരുന്നതിന് കൂട്ടുദമ്പതിക്ക് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കിയാലും ദമ്പതിമാര്‍ വിവാഹജീവിതത്തിന്‍റേതായ കടമകള്‍ പരിത്യജിച്ചിട്ടുണ്ടെന്നതിനു കൃത്യമായ തെളിവാകുന്നില്ല. തന്മൂലം ദമ്പതിമാരെ വേറിട്ട് താമസിക്കുവാന്‍ അനുവദിച്ചുകൊണ്ടു നല്കുന്ന (Ecclesiastical separation) ഡിക്രിയുംകൂടി വത്തിക്കാന്‍ കാര്യാലയം ആവശ്യപ്പെടും.

മേല്പറഞ്ഞ കാനോനിക തത്വങ്ങളും വിവരണങ്ങളും ചോദ്യ കര്‍ത്താവ് ഉന്നയിച്ച കേസ് കൈകാര്യം ചെയ്യുന്നതിന് സഹായകരമാകും. ചുരുക്കത്തില്‍, സിവില്‍പരമായി വിവാഹബന്ധം വേര്‍പ്പെടുത്തി ഭര്‍ത്താവില്‍നിന്ന് അകന്ന് താമസിക്കുന്ന കത്രീനയ്ക്ക് സന്ന്യാസസഭയില്‍ ചേര്‍ന്ന് സമര്‍പ്പിതയായി ജീവിക്കാന്‍ കഴിയും. ഏതെങ്കിലും സന്ന്യാസ സഭ അവരെ സ്വീകരിക്കാന്‍ തയ്യാറാവുകയും പരി. സിംഹാസനം നിലവിലുള്ള വിവാഹബന്ധത്തില്‍നിന്ന് ഒഴിവാക്കല്‍ നല്കുകയും ചെയ്യുകയാണെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ.

Leave a Comment

*
*