പ്രതീക്ഷയോടെ കാത്തിരുന്ന മെഡൽ

പ്രതീക്ഷയോടെ കാത്തിരുന്ന മെഡൽ

മൊളോക്കോയിലെ കുഷ്ഠരോഗികള്‍ക്കായി സ്വജീവന്‍ സമര്‍പ്പിച്ച ഫാദര്‍ ഡാമിയന്‍ അവിടെ ചെയ്തുകൊണ്ടിരുന്ന നിസ്തുല സേവനങ്ങളെക്കുറിച്ച് ഹാവായ് ദ്വീപിലെ രാജ്ഞി കേട്ടു. അവ നേരില്‍ കണ്ടു ബോധ്യപ്പെടാന്‍ രാജ്ഞി മൊളോക്കോ സന്ദര്‍ശിച്ചു. തിരിച്ചുച്ചെന്ന് രാജ്ഞി മെത്രാനെ വിളിച്ച് ഫാദര്‍ ഡാമിയന് രാജ്യത്തിന്‍റെ പരമോന്നത ബഹുമതിയായ "ക്രോസ് ഓഫ് ദ ഓര്‍ഡര്‍ ഓഫ് കലക്കാവ"യും പ്രശംസാപത്രവും പതക്കവും നല്കാന്‍ തീരുമാനിച്ചതായി അറിയിച്ചു. പ്രശംസാപത്രത്തില്‍ ഇങ്ങനെ കുറിച്ചിരുന്നു: "എന്‍റെ ഏറ്റവും നിര്‍ഭാഗ്യരായ ഈ പ്രജകള്‍ക്കുവേണ്ടി അങ്ങ് അനുഷ്ഠിക്കുന്ന മഹനീയവും വീരോചിതവുമായ ഈ സേവനങ്ങള്‍ക്ക് കൃതജ്ഞത പ്രകടിപ്പിക്കേണ്ടത് അവരുടെ രാജ്ഞി എന്ന നിലയില്‍ എന്‍റെ കടമയാണ്. ബന്ധുക്കളോ സ്നേഹിതരോ ആരുമാരും നോക്കാനോ പരിചരിക്കാനോ ഇല്ലാതെ വലയുന്ന നിര്‍ഭാഗ്യരായ കുഷ്ഠരോഗികളുടെ ആത്മീയ, ശാരീരിക സൗഖ്യത്തിനുവേണ്ടി സ്വജീവിതം തന്നെ അങ്ങ് ബലിയായി അര്‍പ്പിച്ചിരിക്കുന്നു. ക്ഷമയോടും സ്നേഹത്തോടും കൂടെ നിസ്വാര്‍ത്ഥമായി അങ്ങ് നടത്തുന്ന ധീരസേവനം പരസ്യമായ ഈ ചെറിയൊരു ബഹുമതിയെങ്കിലും അര്‍ഹിക്കുന്നുണ്ട്. അതു നല്കേണ്ടത് എന്‍റെ ചുമതലയുമാണ്. അങ്ങ് മൊളോക്കോയില്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും ത്യാഗങ്ങളും എത്രയോ വലുതെന്ന് നേരിട്ടു കാണുവാന്‍ എനിക്ക് അവസരമുണ്ടായി. നിങ്ങള്‍ ആഗ്രഹിക്കുന്നത് ദിവ്യനാഥന്‍ വാഗ്ദാനം ചെയ്തിട്ടുള്ള നിത്യസമ്മാനം മാത്രമാണല്ലോ. അത് അങ്ങേയ്ക്ക് തീര്‍ച്ചയായും ലഭിക്കുകയും ചെയ്യും. എന്നിരുന്നാലും എന്‍റെയും രാജ്യത്തിന്‍റെയും ആഗ്രഹത്തെപ്രതി അങ്ങയോട് ഞാന്‍ അപേക്ഷിക്കുന്നു. ഈ പരമോന്നത ദേശീയ ബഹുമതി അങ്ങ് സ്വീകരിച്ചാലും. ഇതു സ്വീകരിക്കാന്‍ നിങ്ങള്‍ എതിര്‍പ്പു പറയുകയില്ലെന്ന് പ്രത്യാശിക്കുന്നു." രാജ്ഞി സമ്മാനിച്ച ഈ പ്രശംസാപത്രവും പതക്കവും മെത്രാന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ഫാദര്‍ ഡാമിയന്‍ സ്വീകരിച്ചു. പൊതുചടങ്ങില്‍ വച്ച് മെത്രാന്‍ പതക്കം ഡാമിയന്‍റെ കഴുത്തിലണിയിച്ചു. എന്നാല്‍ പിന്നീടൊരിക്കലും അദ്ദേഹം അതണിഞ്ഞിട്ടില്ല. ആ മെഡല്‍ ധരിക്കാത്തതിനെക്കുറിച്ച്, പിന്നീട്, കുഷ്ഠരോഗിയായിത്തീര്‍ന്ന ഡാമിയന്‍ ഇങ്ങനെയാണ് പ്രതികരിച്ചത്: "ഞാന്‍ പ്രതീക്ഷയോടെ കാത്തിരുന്ന മെഡല്‍ ഇതാണ്. എന്‍റെ ദിവ്യഈശോ അതിപ്പോള്‍ എന്‍റെ ശരീരത്തില്‍ ചാര്‍ത്തി തന്നിരിക്കുന്നു." കുഷ്ഠത്തിന്‍റെ വൃണങ്ങളും വേദനകളും സ്നേഹത്തിന്‍റെ മെഡലുകളായി ഏറ്റുവാങ്ങിയ ബലിയാത്മാവ് ശൂന്യവല്‍ക്കരണത്തിന്‍റെ മകുടോദാഹരണമായി നിലകൊള്ളുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org