പ്രിയതമന്നരികെയന്നൊരുനാൾ

Published on

കവിത

ഷീല ജോര്‍ജ്ജ് മണവാളന്‍

അതിദീനമായൊരു രോദനനാദമെന്‍
ആത്മാവിനുള്ളം നിറഞ്ഞു നിന്നൂ
ആകുലചിത്തയായ് നിന്‍മുഖം നോക്കി ഞാന്‍
അരികെയിരുന്നന്ന് മൂകയായി-
ആരൊക്കെയോ വന്നുവെന്നൊന്നുമറിയാതെ
അതിന്‍ ആരവങ്ങളൊന്നുമേശിടാതെ
ആള്‍ക്കൂട്ടമദ്ധ്യേ തനിച്ചങ്ങിരുന്നൂ ഞാന്‍
ആകെ വിതുമ്പും മനസ്സുമായി
അഴലിന്‍റെ ആധിയില്‍ മനമാകെ ആണ്ടുപോയ്
അതിലുരുകിത്തീര്‍ന്നുവെന്‍ ഹൃത്തടം
അകാലത്തിലെന്നെ പിരിഞ്ഞെങ്ങ് പോയ്നീ
അപാരതയിലെങ്ങോ പോയ്മറഞ്ഞോ?
ആറടിമണ്ണില്‍ നീ ഗാഢമുറങ്ങവെ
ആടിയുലഞ്ഞാരും കാണാതെയെന്‍ മനം
ആശ്വാസമോതുവോര്‍ വിടചൊല്ലിമായവെ
ആരുണ്ടെനിയ്ക്കിനി എന്നോര്‍ത്തു തേങ്ങി ഞാന്‍
അടക്കുവാനാവാത്തൊരെന്നാത്മ നൊമ്പരം
ആര് തീര്‍ക്കും എന്‍റെ തമ്പുരാനേ
ആരുണ്ടെനിയ്ക്കിന്നൊരഭയം നീയല്ലാതെ
ആശ്രിത വത്സലാ കരുണാമയാ!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org