മിഷന്‍ ചൈതന്യമുണര്‍ത്തി കെ സി വൈ എം മുന്നോട്ട്

മിഷന്‍ ചൈതന്യമുണര്‍ത്തി കെ സി വൈ എം മുന്നോട്ട്

ഫാ. സ്റ്റീഫന്‍ തോമസ്
ചാലക്കര, ഡയറക്ടര്‍

2020 സഭ പ്രേഷിതവര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍, പ്രേഷിതചൈതന്യം യുവജനങ്ങളില്‍ രൂപീകരിക്കുക എന്നതു പ്രധാനലക്ഷ്യമായി കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനപദ്ധതികളാണ് 2020-ല്‍ കെ സി വൈ എം ആവിഷ്കരിക്കുന്നതെന്നു കെസിബിസി യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര പറഞ്ഞു. മിഷന്‍ കേന്ദ്രങ്ങളുടെ സന്ദര്‍ശനവും പഠനശിബിരങ്ങളും ഇതിന്‍റെ ഭാഗമായി നടത്തും. യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജി ക്രിസ്തുദാസിന്‍റെ നേതൃത്വത്തില്‍ ഈ പരിപാടികളുടെ ആസൂത്രണം നടന്നുവരികയാണ്. പുതിയ സംസ്ഥാന സമിതി കര്‍മ്മരംഗത്തേക്കിറങ്ങുകയും ചെയ്തു കഴിഞ്ഞു.

എല്ലാ രൂപതകളില്‍ നിന്നുമുള്ള യുവജനപ്രതിനിധികള്‍ ഉള്‍ ക്കൊള്ളുന്ന ഒരു സംഘം ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട മിഷന്‍ കേന്ദ്രങ്ങളിലേയ്ക്ക് 15-20 ദിവസം നീണ്ടു നില്‍ക്കുന്ന ഒരു മിഷന്‍ പഠന പര്യടനം നടത്താനാണുദ്ദേശിക്കുന്നതെന്നു ഫാ. സ്റ്റീഫന്‍ തോമസ് വിശദീകരിച്ചു. ഒക്ടോബറില്‍ ഇതു നടത്താനാണു സാദ്ധ്യത. ഇതിന് അനുബന്ധമായി രണ്ടോ മൂന്നോ മിഷന്‍ പഠനശിബിരങ്ങളും ഉണ്ടാകും.

പഠനശിബിരങ്ങളോടു താത്പര്യം കുറഞ്ഞു വരുന്ന ഒരന്തരീക്ഷമാണു പൊതുവെയുള്ളതെങ്കിലും കെസിവൈഎം-ന് എന്നും വിവിധ വിഷയങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും സംവദിക്കുകയും ചെയ്യുന്ന ഒരു സംസ്കാരമുണ്ടെന്നും അത് സജീവമായി നിലനിറുത്താനുദ്ദേശിക്കുന്നുവെന്നും ഫാ. സ്റ്റീഫന്‍ വ്യക്തമാക്കി.

ഭാരതസഭയ്ക്കു രണ്ടായിരം വര്‍ഷത്തെ ചരിത്രമുണ്ടെങ്കിലും ഭാരതത്തില്‍ സഭ രണ്ടു ശതമാനത്തില്‍ താഴെ മാത്രമാണ് എന്നതിന്‍റെ അര്‍ത്ഥം ഈ സഭ ഒരു മിഷണറി സഭ ആയിരുന്നില്ല എന്നതാണ്, ഫാ. സ്റ്റീഫന്‍ ചൂണ്ടിക്കാട്ടി. "വിശ്വാസസംരക്ഷണത്തില്‍ നാം ഉത്സുകരായിരുന്നു. സ്വന്തം വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയും അത് അനന്തരതലമുറകളിലേയ്ക്കു പകര്‍ന്നു കൊടുക്കുകയും ചെയ്തു. എന്നാല്‍, 1960-കള്‍ മുതല്‍ മാത്രമാണ് കേരളസഭ മിഷന്‍ താത്പര്യം പ്രകടമാക്കി തുടങ്ങിയത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ അതില്‍ വലിയ പങ്കുവഹിച്ചു. കേരളത്തില്‍ ചെറുപുഷ്പ മിഷന്‍ ലീഗ് എന്ന സംഘടന രൂപീകൃതമായി. അതു പുതിയ തലമുറയില്‍ മിഷന്‍ അവബോധം സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുവഹിച്ച സംഘടനയാണ്. കേരളത്തില്‍ നിന്നു ധാരാളം മിഷണറിമാര്‍ പുറംനാടുകളിലേയ്ക്കു പോകാനാരംഭിച്ചു. അപ്രകാരം, കേരളസഭ മിഷണറി പ്രവര്‍ത്തനം സ്വന്തം ദൗത്യമായി കണ്ട് ഏറ്റെടുത്തു തുടങ്ങിയപ്പോള്‍ വലിയ മികവുള്ള മിഷണറിമാര്‍ നമുക്കുണ്ടായി എന്നതു വസ്തുതയാണ്."

കേരളത്തിലെ ഓരോ രൂപതയും ഒരു മിഷന്‍ രൂപതയെ ദത്തെടുക്കുക, ആ രൂപത സന്ദര്‍ശിക്കുക, സഹായങ്ങളെത്തിക്കുക, അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. ചില ഇടവകകള്‍ മിഷന്‍ ഗ്രാമങ്ങളെ ദത്തെടുക്കുന്നുണ്ട്. മിഷനിലെ കുടുംബങ്ങളെ ദത്തെടുക്കുന്ന മതബോധന യൂണിറ്റുകളും കുടുംബങ്ങളും കേരളത്തിലുണ്ട്.

ഈയൊരു മിഷന്‍ ആവേശവും തീക്ഷ്ണതയും നിലനിറുത്തുക, വര്‍ദ്ധിപ്പിക്കുക, യുവജനങ്ങളിലേയ്ക്കു പകരുക എന്നതാണു കെസിവൈഎമ്മിന്‍റെ ലക്ഷ്യമെന്നു ഫാ. സ്റ്റീഫന്‍ വിശദീകരിച്ചു. മിഷണറിമാരെ ഭാരതത്തിനാവശ്യമുണ്ട് എന്ന ബോദ്ധ്യം യുവജനങ്ങള്‍ക്കു നല്‍കുന്നതിനാണ് മിഷന്‍ സന്ദര്‍ശനവും മറ്റും നടത്തുന്നത്. മിഷന്‍ ചൈതന്യം യുവജനങ്ങളില്‍ വളര്‍ത്തേണ്ടതുണ്ട്.

കൂടാതെ, യുവജനങ്ങള്‍ ഇടപെടുന്ന എല്ലാ കര്‍മ്മരംഗങ്ങളും വാസ്തവത്തില്‍ ഓരോ മിഷന്‍ കേന്ദ്രങ്ങള്‍ തന്നെയാണെന്ന സങ്കല്‍പവും കെസിവൈഎം ഈ വര്‍ഷം മുന്നോട്ടു വയ്ക്കുന്നു. ഉദാഹരണത്തിനു സോഷ്യല്‍ മീഡിയ എന്നത് ഒരു മിഷന്‍ ഇടമായി കാണാം. പഠിക്കുന്ന കോളേജും ജോലി ചെയ്യുന്ന കമ്പനിയും സൗഹൃദവലയങ്ങളും എല്ലാം ഓരോ മിഷന്‍ കേന്ദ്രങ്ങളാണ്. അതതു മിഷനുകളില്‍ എന്തു ചെയ്യാനാകുമോ, അതു ചെയ്യുക. ഇതിനായും ശില്പശാലകള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

സമൂഹമാധ്യമങ്ങള്‍
യുവജനങ്ങള്‍ സമൂഹത്തിലാണു മുമ്പ് ഇടപെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലാണ് ഇടപെടുന്നതെന്നു ഫാ. സ്റ്റീഫന്‍ ചൂണ്ടിക്കാട്ടി. സമൂഹത്തിനു പകരം സമൂഹമാധ്യമങ്ങളില്‍ ഇടപെടുന്നത് മോശം കാര്യമാണെന്നല്ല. സമൂഹമാധ്യമങ്ങളില്‍ യുവജനങ്ങള്‍ നടത്തുന്ന ഇടപെടല്‍ ശക്തമായ ഇടപെടല്‍ തന്നെയാണ്. പ്രളയകാലത്തുള്‍പ്പെടെ നാമതു കണ്ടതാണ്. അപ്രകാരം സമൂഹമാധ്യമ ഇടപെടല്‍ സൃഷ്ടിപരമാക്കുക എന്നതാണ് കെസിവൈഎമ്മിന്‍റെ ലക്ഷ്യം.

സഭയ്ക്കെതിരെ ഒരു വാര്‍ത്ത വരുമ്പോള്‍ അതിനെതിരെ പ്രതിഷേധിക്കുക എന്നതാണു സമൂഹ മാധ്യമ ഇടപെടല്‍ എന്നു പറയുമ്പോള്‍ സാധാരണയായി മനസ്സിലാക്കുക. എന്നാല്‍ നിഷേധാത്മകമായിട്ടല്ല കെസിവൈഎം സമൂഹമാധ്യമ ഇടപെടലിനെ വിഭാവനം ചെയ്യുന്നത്. സര്‍ഗാത്മകമായി ഇടപെടുക. സഭാംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഒറ്റപ്പെട്ട വീഴ്ചകള്‍ സമൂഹമാധ്യമങ്ങളില്‍ പര്‍വതീകരിക്കപ്പെടുന്നുണ്ടെങ്കില്‍ അതിനുള്ള മറുപടി ഇത് ഒറ്റപ്പെട്ട വീഴ്ചയാണെന്നു വിലപിക്കുകയല്ല. മറിച്ച് മറുവശത്തു സഭ ചെയ്യുന്ന അനേകായിരം നന്മകളെ എടുത്തു കാണിക്കുക.

ഏഴായിരം സന്യാസിനികള്‍ ഉള്ള ഒരു സന്യാസസമൂഹത്തില്‍ നിന്ന് എഴുപതു പേര്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണെങ്കില്‍ തന്നെ അവര്‍ക്കു തങ്ങളുടെ സന്യാസസമൂഹത്തെക്കുറിച്ചു പൊതുസമൂഹത്തെ അറിയിക്കാന്‍ കഴിയുമെന്ന് ഫാ. സ്റ്റീഫന്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ സമൂഹം ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ച് ഈ എഴുപതു പേര്‍ ഓരോ കുറിപ്പുകളെഴുതിയാല്‍ മതി, സമൂഹമാധ്യമങ്ങളില്‍ അതു പ്രചരിക്കപ്പെടും. നല്ലതു ചെയ്യുക, അതു പറയുക എന്നതാണ് പൊതുജനസമ്പര്‍ക്കം എന്നാലര്‍ത്ഥം. അതു നാം ചെയ്യുന്നില്ല. പകരം ഇക്കാലത്തും സന്യസ്തര്‍ക്കു മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റും വിലക്കാന്‍ കഴിയുമോ എന്ന ആലോചനയിലാണു പലരും. വിലക്കുകയല്ല, സമൂഹ മാധ്യമ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണു ചെയ്യേണ്ടത്. സോഷ്യല്‍ മീഡിയാ പ്രവര്‍ത്തനങ്ങള്‍ക്കു പ്രത്യേക ഫണ്ട് ലഭ്യമാക്കാന്‍ പോലും ചില വിഭാഗങ്ങള്‍ തയ്യാറാകുന്ന സാഹചര്യം പോലുമുണ്ട്. അത്രയും പ്രാധാന്യം അതിനു പലരും കല്‍പിക്കുന്നുണ്ടെന്ന് ഫാ. സ്റ്റീഫന്‍ ചൂണ്ടിക്കാട്ടി.

കെസിവൈഎം ന് ഒപ്പം സഭയിലെ മറ്റ് യുവജനസംഘടനകളെ കൂടി സഹകരിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് കെസിബിസി യൂത്ത് കമ്മീഷന്‍ വിഭാവനം ചെയ്യുന്നത്. ക്യാംപസുകളില്‍ പ്രവര്‍ത്തിക്കുന്ന ഐക്കഫ് മുന്നോട്ടു വച്ചിരിക്കുന്ന കളറിംഗ് ദ സിറ്റി എന്ന ആശയം യൂത്ത് കമ്മീഷന്‍ ഏറ്റെടുത്ത് പിന്തുണയ്ക്കുന്നുണ്ട്. ഈ സംരംഭത്തില്‍ മറ്റെല്ലാവരുടേയും സഹകരണവും കമ്മീഷന്‍ തേടുന്നു. ജൂണ്‍ 5 ന് ആരംഭിച്ച് ഒക്ടോബര്‍ 2 ന് അവസാനിക്കുന്ന ഒരു പരിപാടിയാണിത്. എറണാകുളം നഗരമാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. നഗരത്തില്‍ വെറുതെ കിടക്കുന്ന മതിലുകളിലെല്ലാം ആളുകള്‍ക്ക് പ്രയോജനകരവും മനോഹരവുമായ രീതിയില്‍ എന്തെങ്കിലും എഴുതുകയോ വരയ്ക്കുകയോ ചെയ്യുക എന്നതാണു ലക്ഷ്യം. കേരളത്തിനു പുറത്തു സഞ്ചരിച്ചിട്ടുള്ളവര്‍ക്കറിയാം, ഒരിടത്തും മതിലുകള്‍ വെറുതെ കിടക്കാറില്ല. അതിനെ മാതൃകയാക്കുകയാണ്. അതിന്‍റെ പ്രാഥമിക ചര്‍ച്ചകള്‍ സഭയുടെയും മറ്റും സ്ഥാപനങ്ങളുമായി ആരംഭിച്ചു കഴിഞ്ഞു. ക്രമത്തില്‍ ഇതു മറ്റു നഗരങ്ങളിലേയ്ക്കു കൂടി വ്യാപിപ്പിക്കാന്‍ കഴിയുമെന്നാണു കരുതുന്നത്. കെസിവൈഎം നും യുവജനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മറ്റു കത്തോലിക്കാ സംഘടനകള്‍ക്കും കേരളത്തിലെങ്ങും വേരുകളുള്ളതുകൊണ്ട് ഇതു സാദ്ധ്യമാകുമെന്നു ഫാ. സ്റ്റീഫന്‍ പ്രത്യാശിക്കുന്നു.

കേരളസഭയുടെ എല്ലാ യുവജനമുന്നേറ്റങ്ങളേയും യൂത്ത് കമ്മീഷന്‍ ഭാവാത്മകമായാണു കാണുന്നതെന്നു ഫാ. സ്റ്റീഫന്‍ വിശദീകരിച്ചു. "ആദ്ധ്യാത്മികതയും സിദ്ധിവിശേഷങ്ങളും അനുസരിച്ച് പ്രസ്ഥാനങ്ങള്‍ വ്യത്യസ്തങ്ങളാകും. അതെല്ലാം സഭയുടെയും സമൂഹത്തിന്‍റെയും പൊതുനന്മയ്ക്ക് ഗുണകരമാണ്. ഉദാഹരണത്തിന് യൂക്കരിസ്ത്യ. ദിവ്യകാരുണ്യാരാധനയ്ക്കു വേണ്ടി രൂപംകൊണ്ടിരിക്കുന്ന ഒരു യുവജനസമൂഹമാണിത്. കേരളത്തില്‍ സ്ഥാപിതമായ ഈ സമൂഹത്തിനു യൂക്കരിസ്റ്റിക് യൂത്ത് കമ്മ്യൂണിറ്റി എന്ന അന്താരാഷ്ട്ര സമൂഹവുമായി അഫിലിയേഷനുണ്ട്. മാര്‍പാപ്പയുടെ പ്രതിമാസ പ്രാര്‍ത്ഥനാനിയോഗങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു സംഘടനയാണത്. കേരളത്തില്‍ ഇത് യൂത്ത് കമ്മീഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു."

"ദിവ്യകാരുണ്യത്തിനു മുമ്പില്‍ ശാന്തരായി ഇരിക്കാനും പ്രാര്‍ത്ഥിക്കാനും ധ്യാനിക്കാനും കഴിയുന്ന യുവജനങ്ങള്‍ ഉണ്ട്. അവര്‍ അതു ചെയ്യട്ടെ. ജീസസ് യൂത്തിന്‍റെ കാര്യം നമുക്കറിയാമല്ലോ. അതേസമയം പ്രവര്‍ത്തനങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്ന യുവജനങ്ങളും ഉണ്ടാകും. അവര്‍ക്ക് വേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും വേണം. സി എല്‍ സി പോലെയുള്ള സംഘടനകളേയും യൂത്ത് കമ്മീഷന്‍ പ്രോത്സാഹിപ്പിക്കുന്നു."

ധാരാളം കത്തോലിക്കാ യുവജനങ്ങള്‍ പഠനത്തിനായും ജോലിക്കായും പ്രവാസികളായി പോകുന്നു എന്നത് ഇക്കാലത്ത് കെസിവൈഎം നേരിടുന്ന ഒരു വെല്ലുവിളിയാണെന്നു ഫാ. സ്റ്റീഫന്‍ പറഞ്ഞു. കര്‍മ്മോത്സുകരായ യുവജനങ്ങളുടെ എണ്ണം കേരളസഭയില്‍ കുറയാന്‍ ഇതൊരു കാരണമാകുന്നുണ്ട്. പക്ഷേ, പ്രവാസത്തെ നിരുത്സാഹപ്പെടുത്താന്‍ നമുക്കു സാധിക്കില്ല. എന്നാല്‍, നാട്ടില്‍ തുടരാന്‍ ആഗ്രഹിക്കുന്നവരെ അതിനു സഹായിക്കാനുള്ള വിവിധ പദ്ധതികള്‍ ആലോചനയിലുണ്ട്. അതിന്‍റെ ഭാഗമായി ബിസിനസില്‍ താത്പര്യമുള്ള യുവജനങ്ങളുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്. സംരംഭകത്വം യുവജനങ്ങളില്‍ ശീലിപ്പിക്കുവാനും അതിനു സാദ്ധ്യമായ സഹായങ്ങളും പ്രോത്സാഹനവും നല്‍കാനുമാണ് ഉദ്ദേശിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള സഹായമെത്തിക്കുന്നതിനു കെസിബിസി നടത്തിയ ആലോചനകള്‍ക്കു നല്ല സ്വീകരണം കിട്ടിയിരുന്നു.

കെസിവൈഎം പ്രവര്‍ത്തനങ്ങളില്‍ പുതിയ ഒരു ഊര്‍ജം ദൃശ്യമാകുന്നുണ്ടെന്നു ഫാ. സ്റ്റീഫന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടത്തിയ സമാധാന സന്ദേശയാത്ര വലിയ വിജയമായിരുന്നു. ഈസ്റ്റര്‍ രാത്രിയില്‍ ശ്രീലങ്കയില്‍ കത്തോലിക്കാ സഹോദരങ്ങള്‍ മതതീവ്രവാദികള്‍ക്കു കുരുതി കൊടുക്കപ്പെട്ടപ്പോള്‍ അതിനെതിരെ വിദ്വേഷ ചിന്ത പടര്‍ത്താന്‍ ശ്രമിക്കാതെ കെസിവൈഎം കാസര്‍ഗോഡ് മുതല്‍ ഒരു സമാധാന സന്ദേശയാത്ര നടത്തി. 32 രൂപതകളേയും കോര്‍ത്തിണക്കി, യൂത്ത് ഫോര്‍ പീസ് എന്ന പ്രമേയവുമായാണ് പരിപാടി നടത്തിയത്. അന്താരാഷ്ട്രതലത്തില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് കേരളത്തിലെ യുവജനങ്ങള്‍ മനസ്സിലാക്കുന്നു എന്ന സന്ദേശം പൊതുസമൂഹത്തിനു നല്‍കാനും ഈ പരിപാടി കൊണ്ടു സാധിച്ചു.

ഒരു ദിവസം നാലു രൂപതകളിലെ നാലു ഇടങ്ങളില്‍ കെസിവൈഎം സംസ്ഥാന സമിതി എത്തിച്ചേര്‍ന്നു സമാധാനസംബന്ധമായ വിഷയങ്ങളെക്കുറിച്ച് അവിടത്തെ സമൂഹങ്ങളുമായി സംവദിക്കുന്നതായിരുന്നു സമാധാന സന്ദേശയാത്ര എന്ന പരിപാടി. പ്രധാനപ്പെട്ട നഗരകേന്ദ്രങ്ങളിലും മറ്റും ഒരു വൈകുന്നേരം സമാധാന ദീപം തെളിച്ചു. സമാധാന സദസ്സുകളും സംഘടിപ്പിച്ചു.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ കെസിവൈഎം സജീവമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായി ഒരു ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ടീം എല്ലാ രൂപതകളിലും കെസിവൈഎം ന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് ഫാ. സ്റ്റീഫന്‍ പറഞ്ഞു. കാരിത്താസുമായി സഹകരിച്ചുകൊണ്ടായിരിക്കുമിത്.
സ്റ്റാഫ് റിപ്പോര്‍ട്ടര്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org