സങ്കുചിതത്വത്തെ മറികടക്കേണ്ട കെ.സി.വൈ.എമ്മിന്റെ നാളെകൾ

സങ്കുചിതത്വത്തെ മറികടക്കേണ്ട കെ.സി.വൈ.എമ്മിന്റെ നാളെകൾ

കേരളത്തിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ ലൗകിക തലത്തില്‍ ധാരാളം സംഘടനകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ യുവജനങ്ങള്‍ക്കുവേണ്ടി കത്തോലിക്കാ സഭയില്‍ അവരുടെ പ്രായത്തിന്‍റെ പ്രത്യേകതകളനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഇടമില്ലാത്ത സമയത്താണ് എറണാകുളം അതിരൂപതയില്‍ യുവജനങ്ങള്‍ക്കായി ഒരു പ്രസ്ഥാനത്തെക്കുറിച്ച് ചിന്ത വന്നത്. അറുപത് വര്‍ഷം മുമ്പ് 1959 ഫെബ്രുവരി 13-ന് എറണാകുളം കാത്തലിക് യൂത്ത് അസ്സോസിയേഷന്‍ (ECYA)എന്ന പേരില്‍ കളമശ്ശേരിയില്‍ അന്നത്തെ ബോംബെ ആര്‍ച്ചുബിഷപ് വലേറിയന്‍ ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. 1978 മുതല്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവിന്‍റെ പ്രത്യേക താല്പര്യത്താല്‍ എറണാകുളം അതിരൂപതയിലെ മിക്ക ഇടവകകളിലും കാത്തലിക് യൂത്ത് ഫെഡറേഷന്‍ (CYF)എന്ന പേരില്‍ യുവജനങ്ങളെ സംഘടിപ്പിച്ചു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1987-ലാണ് അതിരൂപതയിലെ യുവജനപ്രസ്ഥാനത്തിന്‍റെ ജനറല്‍ കൗണ്‍സിലില്‍ വച്ച് കേരള കത്താലിക് യൂത്ത് മൂവ്മെന്‍റ് (KCYM)എന്ന പേരുമാറ്റം നടത്തിയത്. കെ.സി.വൈ.എം പല സാമൂഹിക സംസ്കാരിക പ്രശ്നങ്ങളിലും കേരളത്തിലുടനീളം ക്രൈസ്തവ ശൈലിയില്‍ അതേ സമയം യുവജനങ്ങളുടെ രീതിക്കിണങ്ങുന്ന രീതിയില്‍ ശക്തമായ ഇടപെടലുകള്‍ നടത്തി. സീറോ-മലബാര്‍ സഭയിലെയും, ലത്തീന്‍ സഭയിലെയും ഇടവകകളില്‍ 1990-കളില്‍ കെ.സി.വൈ.എംന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏറെ സജീവമായിരുന്നു. കേരളത്തിലെ പത്രമാധ്യമങ്ങളുടെ കെ.സി.വൈ.എം നും അവരുടെ നിലപാടുകള്‍ക്കും വേണ്ടത്ര പിന്തുണ നല്കുകയും ചെയ്തു.

1992-ല്‍ സീറോ മലബാര്‍ സഭ ഒരു സ്വതന്ത്ര സഭയായി മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയായി ഉയര്‍ത്തപ്പെട്ടു. ഏറ്റവും ഒടുവില്‍ 2014-ല്‍ സീറോ മലങ്കര സഭയും മേജര്‍ആര്‍ക്കി എപ്പിസ്കോപ്പല്‍ സ്വതന്ത്രസഭയായി ഉയര്‍ത്തപ്പെട്ടു. ഓരോ സഭകളും സ്വതന്ത്രസഭയായി ഉയര്‍ത്തപ്പെട്ടത് കാലത്തിന്‍റെ അനിവാര്യതയായിരിക്കാം. പക്ഷേ ഇതൊടൊപ്പം സഭാംഗങ്ങളും സഭാ സംവിധാനങ്ങളും ഒറ്റപ്പെട്ട വഴികള്‍ തേടാനും തുടങ്ങിയത് കേരളത്തിലെങ്കിലും കുറേ നെഗറ്റീവായ ഫലങ്ങളുണ്ടാക്കി. കേരള കത്തോലിക്കാ ബിഷപ് കൗണ്‍സിലിന്‍റെ പേരില്‍ പാലാരിവട്ടത്ത് പാസ്റ്ററല്‍ ഓറിയന്‍റേഷന്‍ സെന്‍റര്‍ തുടങ്ങിയത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ചൈതന്യത്തിലാണ്. കേരളത്തിലെ മൂന്നു സഭകള്‍ക്കും വേണ്ടിയുള്ള മതബോധന പുസ്തകങ്ങള്‍ പി.ഒ.സി ഇറക്കിയിരുന്ന കാലത്ത് കേരളത്തിലെ കത്തോലിക്കാ സഭാംഗങ്ങള്‍ക്കു കൈമാറ്റം ചെയ്തു കൊണ്ടിരുന്ന വിശ്വാസത്തിന്‍റെ സമഗ്രതയും ഐക്യബോധവും സാവധാനം നഷ്ടപ്പെട്ടു. ഓരോ സഭകളും അവരവരുടെ ദൈവശാസ്ത്രത്തിനും ലിറ്റര്‍ജിക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള മതബോധന പുസ്തകങ്ങള്‍ ഇറക്കാന്‍ തുടങ്ങിയതു മുതല്‍ കേരളത്തിലെ കത്തോലിക്കാ വിശ്വാസികളുടെ ഐക്യബോധത്തിനു തന്നെ വികലതകള്‍ സംഭവിച്ചുവെന്നു വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഈ ലേഖകന്‍. പിന്നീട് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സെമിനാരിയായിരുന്ന മംഗലപ്പുഴ സെമിനാരി റീത്ത് അടിസ്ഥാനത്തില്‍ തിരിക്കപ്പെട്ടപ്പോള്‍ ലിറ്റര്‍ജിയിലും മറ്റും വൈദികാര്‍ത്ഥികള്‍ക്കു ലഭിച്ചിരുന്ന ഏകതാബോധവും നഷ്ടപ്പെട്ടു.

ഈ വിഭജനങ്ങളെല്ലാം നടക്കുമ്പോഴും കെ.സി.വൈ.എം റീത്തുകള്‍ക്ക് അതീതമായി നില്‍ക്കുകയായിരുന്നു. മലങ്കര റീത്തില്‍ മലങ്കര കാത്തലിക്ക് യൂത്ത് മൂവ്മെന്‍റ് (MCYM) ഉണ്ടായിരുന്നെങ്കിലും അതും കെ.സിവൈ.എം പ്രസ്ഥാനത്തെ അത്ര ബാധിച്ചില്ല. എന്നാല്‍ 2011 സെപ്തംബര്‍ 9-ന് എറണാകുളം ആര്‍ച്ചുബിഷപ്പ് ഹൗസില്‍ വച്ച് നടത്തിയ വ്യത്യസ്ത സംഘടനാ പ്രതിനിധികളുടെ സമ്മേളനത്തില്‍ സീറോ മലബാര്‍ യൂത്ത് അപ്പോസ്തലേറ്റ് (SMYA) രൂപീകൃതമായി. അതിന്‍റെ ലക്ഷ്യം ഓരോ ഇടവകയിലെയും വ്യത്യസ്തമായ പ്രസ്ഥാനങ്ങളായ സി.എല്‍.സി, സി.എം.എല്‍, കെ.സി.വൈ.എം തുടങ്ങിയ പ്രസ്ഥാനങ്ങളുടെ ഏകീകരിക്കപ്പെട്ട ക്രൈസ്തവ ദൗത്യം എന്നതായിരുന്നു. പക്ഷേ, 2013 ല്‍ SMYAയെ സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റ് (SMYM) എന്നാക്കി. 2013 ആഗസ്റ്റ് 30-നാണ് മൗണ്ട് സെന്‍റ് തോമസില്‍ നടന്ന വ്യത്യസ്ത യുവജനപ്രസ്ഥാനങ്ങളുടെ യോഗത്തില്‍ വച്ച് സീറോ മലബാര്‍ സഭയുടെ ഔദ്യോഗികമായ യുവജനപ്രസ്ഥാനം സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റ് ആയിരിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടു. ഇതോടെ സീറോ മലബാര്‍ സഭയിലെ മിക്ക ഇടവകകളിലും കെ.സി.വൈ.എമ്മിന്‍റെ പ്രവര്‍ത്തനങ്ങള്‍ തളര്‍ന്നുപോയെന്നുപറഞ്ഞാല്‍ തെറ്റില്ല. മാത്രമല്ല, 1959 മുതല്‍ ഉരുത്തിരിഞ്ഞു വന്ന കെ.സി.വൈ.എം എന്ന "ഗുഡ്വില്‍" നമ്മുടെ യുവജനങ്ങള്‍ക്ക് നഷ്ടപ്പെടുന്നുവെന്നത് കെ.സി.വൈ.എം പ്രസ്ഥാനത്തിനു വേണ്ടി ഉയിരും മനസ്സും കൊടുത്തവര്‍ക്ക് ഒരു നഷ്ടബോധമായി മാറി. യുവജന സംഘടനകള്‍ എങ്കിലും കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ സമുദായ ബോധത്തിനതീതമായി പ്രവര്‍ത്തിക്കേണ്ടത് കാലത്തിന്‍റെ ആവശ്യകതയാണെന്ന സത്യം അധികാരികള്‍ കാണാതെ പോയതിന്‍റെ നഷ്ടം യുവജനങ്ങള്‍ക്ക് അത്ര നിസ്സാരമല്ല. ഒരു കാലത്ത് കേരളത്തിലെ സാമൂഹിക പ്രശ്നങ്ങളില്‍ കേരള കാത്തലിക് യൂത്ത് മൂവ്മെന്‍റിന്‍റെ ഇടപെടല്‍ വളരെ ശക്തവും ഫലപ്രദവുമായിരുന്നു. പക്ഷേ കേരളത്തിലെ കത്തോലിക്കാ സഭയിലെ മൂന്നു റീത്തുകള്‍ ആരാധന ക്രമത്തിലെന്നതുപോലെ മറ്റു മേഖലകളിലും സ്വത്വബോധത്തിന് മൂന്‍ഗണന കൊടുത്തപ്പോള്‍ ഓരോ വ്യക്തിസഭയും അവരവരുടെ യൂവജന പ്രസ്ഥാനങ്ങള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍ യുവജനങ്ങളുടെ ഐക്യത്തെയും കൂട്ടായ പ്രവര്‍ത്തനങ്ങളെയും വളരെയധികം നിഷേധാത്മകമായി ബാധിച്ചു. യുവജനങ്ങളുടെ ശക്തി വിഭജിക്കപ്പെട്ടപ്പോള്‍ സ്വഭാവികമായും പ്രായോഗിക തലത്തില്‍ അവരുടെ പങ്കാളിത്തം കുറയുകയും ചെയ്തു.

മറ്റെന്തിനേക്കാളും യുവജനപ്രസ്ഥാനങ്ങള്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ചൈതന്യമായിരുന്നു ഏറ്റേടുക്കേണ്ടിയിരുന്നത്. "സുവിശേഷം പ്രചരിപ്പിക്കുക, മനുഷ്യരെ വിശുദ്ധീകരിക്കുക, അവരില്‍ ക്രിസ്തീയ വീക്ഷണം സൃഷ്ടിക്കുക, അതു വഴി സുവിശേഷ ചൈതന്യം വിവിധ സമൂഹങ്ങളിലേയ്ക്കും സാഹചര്യങ്ങളിലേയ്ക്കും പ്രസരിപ്പിക്കുക. സഭയുടെ ഹൈരാര്‍ക്കിയോട് ചേര്‍ന്നു നിന്നുകൊണ്ട് സഭയുടെ ഇടയധര്‍മം നടത്തുക. സഭയുടെ കൂട്ടായ്മ ഏറ്റം ഉചിതമായി പ്രകടിതമാകുകയും പ്രേഷിതവൃത്തി ഏറ്റം ഫലപ്രദമാകുകയും ചെയ്യത്തക്ക വിധം അല്മായര്‍ ഒരേ ശരീരത്തിന്‍റെ അവയവങ്ങള്‍ പോലെ സംഘടിച്ചു പ്രവര്‍ത്തിക്കണം" (അല്മായ പ്രേഷിതത്വം 20).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org