കേൾക്കാൻ ചെവിക കൊടുക്കുക

കേൾക്കാൻ ചെവിക കൊടുക്കുക

ആരെന്തു പറഞ്ഞാലും കേള്‍ക്കാന്‍ ക്ഷമ കാണിക്കാത്ത ഒരു പ്രൊഫസ്സറുണ്ടായിരുന്നു. അദ്ദേഹം വൃദ്ധനായി. ഒരിക്കല്‍ ബറോഡയില്‍ നിന്ന് അഹമ്മദാബാദിനു പോകാന്‍ ഒരുങ്ങി അദ്ദേഹം സ്റ്റേഷനിലെത്തി. ട്രെയിന്‍ വന്നു; ചാടിക്കയറി ഒരു സീറ്റ് പിടിച്ചു. തന്‍റെ ബാഗ് ബെര്‍ത്തിനു മുകളില്‍ വച്ചു. പെട്ടെന്നാണ് എതിര്‍സീറ്റിലിരിക്കുന്ന സോഹനെ ശ്രദ്ധിക്കുന്നത്. സോഹന്‍ പ്രൊഫസ്സറുടെ ഒരു പഴയ സ്റ്റുഡന്‍റാണ്. ഒരു നല്ല അത്ലറ്റ് ആയിരുന്ന സോഹനെ പ്രൊഫസര്‍ വേഗം തിരിച്ചറിഞ്ഞു. അദ്ദേഹം അക്കാലത്തെ കോളജ് ജീവിതത്തെപ്പറ്റി വാചാലനായി ട്രെയിന്‍ മെല്ലെ നീങ്ങാന്‍ തുടങ്ങി. ഇതിനിടെ പ്രൊഫസര്‍ താന്‍ അഹമ്മദാബാദിനു പോവുകയാണെന്നു പറഞ്ഞു. സോഹന്‍ പെട്ടെന്ന് അദ്ദേഹത്തിന്‍റെ കാല്‍മുട്ടുകളില്‍ കൈവച്ച് എന്തോ പറയാന്‍ ഭാവിച്ചു. പ്രൊഫസ്സര്‍ അതൊന്നും ശ്രദ്ധിച്ചില്ല. താന്‍ പഠിപ്പിച്ചിട്ടുള്ള ചില പ്രസിദ്ധമായ വ്യക്തികളെക്കുറിച്ചു രസം പിടിച്ചു കഥകള്‍ പറയുകയാണ്. ഒരാള്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വച്ചു കണ്ടപ്പോള്‍ തന്‍റെ കാല്‍ക്കല്‍ വീണ് അനുഗ്രഹം വാങ്ങിയ കഥ പറഞ്ഞു. സോഹന്‍ വീണ്ടും വീണ്ടും എന്തോ പറയാന്‍ ഭാവിക്കുന്നുണ്ട്. പ്രൊഫസ്സര്‍ തുടര്‍ന്നു: ആ കാല്‍ക്കല്‍ വീണയാള്‍ ഇന്നൊരു എം.പി.യാണ്. അറിയാമോ? ഇതിനിടയില്‍ ട്രെയിന്‍ ഫുള്‍ സ്പീഡിലായി പ്ലാറ്റ്ഫോം വിട്ടുകഴിഞ്ഞിരുന്നു.

സോഹന്‍ അല്പം സ്വരം ഉയര്‍ത്തി വിളിച്ചു പറഞ്ഞു: പ്രൊഫസ്സര്‍ ട്രെയിന്‍ തെറ്റിയിരിക്കുന്നു. ഈ ട്രെയിന്‍ ബോംബെയ്ക്കാണ് പോകുന്നത്. അഹമ്മദാബാദിലേക്കല്ല. പ്രൊഫസ്സര്‍ വെപ്രാളപ്പെട്ട് എഴുന്നേല്ക്കുന്നു, ഇറങ്ങാനുള്ള ശ്രമമാണ്. പക്ഷേ, എവിടെ രക്ഷ, ട്രെയിന്‍ അതിവേഗം പായുകയായിരുന്നു.

മറ്റുള്ളവര്‍ പറയുന്നതു ശ്രദ്ധിക്കുന്ന സ്വഭാവമില്ലെങ്കില്‍ നാമും പലപ്പോഴും ചില സുപ്രധാനങ്ങളായ കാര്യങ്ങള്‍ അറിയാതെ പോകും. തെറ്റുകള്‍ തിരുത്താനാവാതെ പോകും. ചിലര്‍ വെറുതെ ശ്രവിക്കുക മാത്രം ചെയ്യുന്നവരാണ്. പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നേയുണ്ടാവില്ല. 'നീ പറയാന്‍ പോകുന്നതും അതിനപ്പുറവും എനിക്കറിയാം. നീയൊന്നു മിണ്ടാതിരിക്ക്' എന്നതായിരിക്കും മനസ്സിലെ ഭാവം. അത്തരം ശ്രോതാക്കള്‍ ചേമ്പിലയില്‍ വീണ മഴവെള്ളംപോലെ കേള്‍ക്കുന്ന കാര്യങ്ങള്‍ ഒഴുക്കിക്കളയും. കേട്ട കാര്യങ്ങള്‍ വീണ്ടും ചോദ്യമായി ചോദിക്കുന്നവരുമുണ്ട്. ഇതെല്ലാം അശ്രദ്ധമായ ശ്രവണത്തിന്‍റെ തെളിവാണ്. മറ്റുള്ളവര്‍ പറയുന്നതു ക്ഷമയോടെ കേള്‍ക്കാന്‍ തയ്യാറാവാതെ വരുക എന്നത് ഒരു വലിയ പരാജയമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org