കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്

യുവര്‍ കരിയര്‍

എം. ഷൈറജ്

ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്‍റെ (ഐഎഎസ്) പാത പിന്തുടര്‍ന്നു കേരളത്തിനു മാത്രമായി രൂപകല്പന ചെയ്ത ആഭ്യന്തരസര്‍വീസ് ആണു കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ്). ഐഎഎസിനു തൊട്ടുതാഴെ സെക്കന്‍റ് ഗസറ്റഡ് റാങ്ക് കേഡറിലായിരിക്കും കെഎസ്എസിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവരെ നിയമിക്കുന്നത്. ഇതുവരെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പ്രൊമേഷന്‍ വഴി എത്തിയിരുന്ന ഡെപ്യൂട്ടി സെക്രട്ടറി, ജോ. സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി തുടങ്ങിയ പോസ്റ്റുകളിലേക്കു കെഎഎസ് വഴി എത്തിച്ചേരാം. തുടക്കത്തില്‍ ജൂനിയര്‍ ടൈം സ്കെയില്‍ ഓഫീസറായായിരിക്കും നിയമനം. ഉദ്യോഗക്കയറ്റം ലഭിക്കുമ്പോള്‍ മറ്റു തസ്തികകളിലെത്തും. എട്ടുവര്‍ഷം സേവനം പൂര്‍ത്തിയാക്കിയാല്‍ സംസ്ഥാന ക്വോട്ടയില്‍ ഐഎഎസ് ലഭിക്കാനുള്ള യോഗ്യതയാവും. ഒഴിവുകളുടെ എണ്ണവും സീനിയോറിറ്റിയും മറ്റു മാനദണ്ഡങ്ങളുമനുസരിച്ച് ഐഎഎസ് നേടാനാവും. അതുകൊണ്ടുതന്നെ കേരള കേഡറില്‍ത്തന്നെ ഐഎഎസ് ലഭിക്കാനുള്ള കാഠിന്യം കുറഞ്ഞ വഴിയായി കെഎഎസിനെ കാണുന്നവരുണ്ട്.

കെഎഎസിലേക്കുള്ള വഴി
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്സി) നടത്തുന്ന ത്രിതല കെഎഎസ് പരീക്ഷയിലൂടെയാണു സര്‍വീസില്‍ പ്രവേശിക്കുവാന്‍ കഴിയുക. ആദ്യ കെഎഎസ് പരീക്ഷയ്ക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. 2019 ഡിസംബര്‍ 4 വരെ അപേക്ഷിക്കാം.

പരീക്ഷാഘടന
കെഎഎസ് തിരഞ്ഞെടുപ്പു മൂന്നു ഘട്ടങ്ങളിലായാണു നടക്കുന്നത് – പ്രാഥമിക പരീക്ഷ, മെയിന്‍ പരീക്ഷ, ഇന്‍റര്‍വ്യൂ. പ്രാഥമിക പരീക്ഷ ഒരു സ്ക്രീനിംഗ് ടെസ്റ്റാണ് ഇതില്‍ യോഗ്യത നേടുന്നവര്‍ക്കു മാത്രമേ മെയിന്‍ പരീക്ഷ എഴുതാനാവൂ. മെയിന്‍ പരീക്ഷയില്‍ മുന്നിലെത്തുന്നവരെ ഇന്‍റര്‍വ്യൂവിനു ക്ഷണിക്കും. മെയിന്‍ പരീക്ഷയുടെയും ഇന്‍റര്‍വ്യൂവിന്‍റെയും മൊത്തം മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. ഭിന്നശേഷിക്കാരുള്‍പ്പെടെ അര്‍ഹരായ എല്ലാ വിഭാഗങ്ങള്‍ക്കും നിയമനത്തില്‍ സംവരണമുണ്ടായിരിക്കും.

പ്രാഥമിക പരീക്ഷ ഒ.എം.ആര്‍. മാതൃകയിലാണ്. മൊത്തം 200 മാര്‍ക്കിനായുള്ള പ്രാഥമിക പരീക്ഷയ്ക്കു രണ്ടു ഭാഗങ്ങളുണ്ട്. രണ്ടാം ഭാഗത്തില്‍ 50 മാര്‍ക്കിനു ഭാഷാവിഭാഗം ചോദ്യങ്ങളുണ്ടാവും; മലയാളത്തിന് 30 മാര്‍ക്കും ഇംഗ്ലീഷിനു 20 മാര്‍ക്കും.

മുഖ്യപരീക്ഷ വിവരണാത്മകമാണ്. 100 മാര്‍ക്ക് വീതമുള്ള മൂന്നു ഭാഗം. അഭിമുഖ പരീക്ഷ 50 മാര്‍ക്കിനുള്ളതായിരിക്കും.

പരീക്ഷ മൂന്നു സ്ട്രീമുകളില്‍
കെഎഎസ് തിരഞ്ഞെടുപ്പു മൂന്നു കാറ്റഗറികളിലായാണു നടത്തുന്നത്. ഡയറക്ട് റിക്രൂട്ട്മെന്‍റ്, ഫുള്‍ മെമ്പര്‍ ഇന്‍ സര്‍വീസ്, ഒന്നാം ഗസറ്റഡ് പോസ്റ്റിലുള്ളവര്‍ക്കായുള്ള കാറ്റഗറി എന്നിവയാണവ.

യോഗ്യത
അംഗീകൃത സര്‍വകലാശാലാ ബിരുദമാണ് കെഎഎസിലേക്ക് അപേക്ഷിക്കുവാനുള്ള അടിസ്ഥാനയോഗ്യത. ഡയറക്ട് റിക്രൂട്ട്മെന്‍റ് വിഭാഗത്തിനു പ്രായപരിധി 32 വയസ്സാണ്. സംസ്ഥാനസര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയ സ്ഥിരാംഗങ്ങളായ ജീവനക്കാര്‍ക്കായുള്ള രണ്ടാമത്തെ കാറ്റഗറിയില്‍ പ്രായപരിധി 40 വയസ്സാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ ഒന്നാം ഗസറ്റഡ് തസ്തികയിലുള്ളവര്‍ക്കായുള്ള മൂന്നാമത്തെ സ്ട്രീമില്‍ പ്രായ പരിധി 40 വയസ്സാണ്. മൂന്നു കാറ്റഗറിയിലും സംരവരണവിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.

എന്തു പഠിക്കണം?
കൃത്യവും വിപുലവുമായ സിലബസ്സിന്‍റെ അടിസ്ഥാനത്തിലാണ് കെഎഎസ് പരീക്ഷ നടത്തുന്നത്. പ്രാഥമിക പരീക്ഷയുടെ സിലബസില്‍ ചരിത്രം, ഭരണഘടന, സാമൂഹ്യനീതി, ഭരണനിര്‍വഹണം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം, ആസൂത്രണം, കേരളത്തിന്‍റെ സാംസ്കാരിക പൈതൃകം, ശാസ്ത്രം, സാങ്കേതികവിദ്യ, മലയാളം, ഇംഗ്ലീഷ് റീസണിംഗ്, മെന്‍റല്‍ എബിലിറ്റി എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഓരോ വിഷയത്തിലും ഏതെല്ലാം ഭാഗങ്ങളാണു പഠിക്കേണ്ടതെന്നു സിലബസിലുണ്ട്.

തയ്യാറെടുപ്പ്
സാധാരണ ബിരുദതല പിഎസ്സി പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിനേക്കാള്‍ കുറച്ചുകൂടി ആഴത്തിലുള്ള തയ്യാറെടുപ്പ് കെഎഎസ് പരീക്ഷയ്ക്കു വേണം. സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു സമാനമായ തീവ്രപരിശീലനം നടത്തണമെന്നര്‍ത്ഥം.

സിലബസ് വിശദമായി വായിച്ചു മനസ്സിലാക്കുകയും പരീക്ഷാഘടന അറിയുകയും ചെയ്യുക എന്നതാണ് ആദ്യചുവടുവയ്പ്. തുടര്‍ന്നു സിലബസിലുള്ള വിഷയങ്ങള്‍ പഠിക്കുവാനുള്ള പുസ്തങ്ങളോ ഡിജിറ്റല്‍ റിസോഴ്സുകളോ കണ്ടെത്തണം. എല്ലാ വിഷയങ്ങള്‍ക്കും തുല്യപ്രാധാന്യം നല്കി ഒരു ടൈംടേബിള്‍ തയ്യാറാക്കി പരിശീലനം ആരംഭിക്കാം. നിത്യവും 6-8 മണിക്കൂറെങ്കിലും പഠിക്കണം. പഠനം മുന്നേറുന്ന മുറയ്ക്കു നിങ്ങള്‍ക്കു നന്നായറിയുന്ന വിഷയങ്ങള്‍ക്കു സമയം കുറയ്ക്കുകയും കാഠിന്യം തോന്നുന്ന വിഷയങ്ങള്‍ക്കായുള്ള സമയം ദീര്‍ഘിപ്പിക്കുകയും ചെയ്യാം.

പഠിക്കുന്ന ഭാഗങ്ങളുടെ കുറിപ്പുകള്‍ തയ്യാറാക്കണം. തുടര്‍പഠനത്തിനും അവസാനഘട്ട പരിശീലനത്തിനും പഠിച്ച പാഠം മനസ്സിലുറയ്ക്കുന്നതിന് ഇത് ഉപകാരപ്രദമാകും. റീസണിംഗ്, മെന്‍റല്‍ എബിലിറ്റി തുടങ്ങിയവ ദിവസവും പരിശീലിച്ചു വേഗത കൈവരിക്കണം. പൊതുവിജ്ഞാനവും സമകാലിക വിഷയങ്ങളും ആഴത്തില്‍ മനസ്സിലാക്കാനുതകുന്ന രീതിയില്‍ പത്രമാസികകള്‍ നിത്യേന വായിക്കണം. ഇവയുടെ കുറിപ്പുകളും തയ്യാറാക്കണം.

ചോദ്യപേപ്പറുകള്‍ ചെയ്തു പരിശീലിക്കുന്നത് ഏറെ ഗുണകരമായിരിക്കും. സിവില്‍ സര്‍വീസ് പരീക്ഷയ്ക്കും കെഎഎസിനു പൊതുവായുള്ള വിഷയങ്ങള്‍ക്കും യുപിഎസ്സി ചോദ്യപേപ്പറുകള്‍ ഉപയോഗിക്കാം. മറ്റു വിഷയങ്ങള്‍ക്കും സമാനമായ
പാറ്റേണിലായിരിക്കും ചോദ്യങ്ങള്‍ ഉണ്ടാവുക എന്നു വേണം അനുമാനിക്കാന്‍.

നിയമനവും പരിശീലനവും
സംസ്ഥാന സര്‍ക്കാരിന്‍റെ റവന്യൂ, സിവില്‍ സപ്ലൈസ്, കെമേഴ്സ്യല്‍ ടാക്സസ്, സഹകരണം, സാംസ്കാരികം, തൊഴില്‍, വിദ്യാഭ്യാസം, ഗ്രാമവികസനം, ഭൂനിയോഗം, ടൂറിസം, നഗരകാര്യം, പഞ്ചായത്ത്, രജിസ്ട്രേഷന്‍, ഫിനാന്‍സ് സെക്രട്ടറിയേറ്റ്, ട്രഷറി തുടങ്ങി മുപ്പതോളം വകുപ്പുകളിലേക്കാണ് കെഎഎസ് വഴി നിയമനം നടത്തുക. പ്രതിവര്‍ഷം നൂറിലേറെ ഒഴിവുകള്‍ ഉണ്ടാകുമെന്നാണു പ്രതീക്ഷ. റാങ്ക് പട്ടികയ്ക്ക് ഒരു വര്‍ഷമാണു കാലാവധി. തുടക്കശമ്പളം നാല്പതിനായിരം രൂപയിലേറെ വരും. 18 മാസം മുതല്‍ രണ്ടു വര്‍ഷം വരെ നീളുന്ന പരിശീലനത്തിനുശേഷമാകും നിയമനം നല്കുന്നത്.

ലക്ഷ്യം
സര്‍ക്കാര്‍ സര്‍വീസിലെ സുപ്രധാന സ്ഥാനങ്ങളില്‍ ഊര്‍ജ്ജസ്വലതയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു കേരള ഗവണ്‍മെന്‍റ് കെഎഎസിനു രൂപം നല്കിയിട്ടുള്ളത്. ഉയര്‍ന്ന തസ്തികയില്‍ മികച്ച ശമ്പളത്തോടെ സര്‍വീസ് തുടങ്ങാനുള്ള സുവര്‍ണാവസരമാണു യുവാക്കള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്.

വെബ്സൈറ്റ്:
www.keralapsc.gov.in

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org