കേരളം കണ്ടറിഞ്ഞു, ചെറുപ്പത്തിന്‍റെ കരുത്തും കരുതലും

കേരളം കണ്ടറിഞ്ഞു, ചെറുപ്പത്തിന്‍റെ കരുത്തും കരുതലും

എസ്. ജോസഫ്

മൊബൈലില്‍ തോണ്ടി ക്കൊണ്ടിരിക്കുന്ന ഫ്രീക്കന്മാരെ കാണുമ്പോള്‍ കാരണോന്മാര്‍ക്ക് പഴയ കലിപ്പില്ല. കാര്യമായതെന്തോ ചെയ്യുകയാവാം, ആ ചെറുപ്പക്കാര്‍ എന്നൊരു തോന്നലാണവര്‍ക്ക്. ചിലപ്പോള്‍ 'ജീവന്‍ രക്ഷിക്കണേ'യെന്ന ഒരു നിലവിളി കേള്‍ക്കുകയാവാം, രക്ഷിക്കാന്‍ പോകുന്നോര്‍ക്കു വഴികാട്ടുകയാകാം, വിശക്കുന്നവരാരൊക്കെയെന്നു ചോദിച്ചറിയുകയാകാം, ആഹാരവും വസ്ത്രവും മിച്ചമുള്ളതെവിടെയെന്നു തിരയുകയാകാം, മരുന്നും ചികിത്സയുമെത്തിക്കാന്‍ നിര്‍ദേശിക്കുകയാകാം.

ശരി, ഇതൊക്കെ മൊബൈലും ലാപ്ടോപും വച്ച് ചെയ്യുന്ന നേരമ്പോക്കല്ലേയെന്നാണോ സംശയം? മെയ്യനങ്ങാത്ത പണി, വിയര്‍പ്പിന്‍റെ അസുഖമുള്ളവരുടെ ലക്ഷണം? അല്ല. മൊബൈലിലേയും ലാപ്ടോപ്പിലേയും ഈ കണ്‍ട്രോള്‍ റൂമുകളില്‍ നിന്നുള്ള കല്‍പനകള്‍ സ്വീകരിച്ച് ദുരന്തമുഖങ്ങളിലും അഭയകേന്ദ്രങ്ങളിലും യുദ്ധഭടന്മാരെ പോലെ വിശ്രമമറിയാതെ പണിയെടുത്തവര്‍ ആരാണ്? അവരിലും ഏറെയും ഈ കണ്‍ട്രോള്‍ റൂം നടത്തിപ്പുകാരുടെ തരക്കാര്‍ തന്നെ.

കേരളീയയൗവനം അതിന്‍റെ കരുത്തും കരുതലും പ്രകടിപ്പിച്ച നാളുകള്‍ കൂടിയായിരുന്നു ഈ പ്രളയവേള. തങ്ങള്‍ക്കു വൈദഗ്ദ്ധ്യമുള്ള ഐടി/സോഷ്യല്‍ മീഡിയ എന്ന പുണ്യം കൊണ്ടു മാത്രം നൂറു കണക്കിനു മനുഷ്യരെ ജീവിതത്തിലേയ്ക്കു പിടിച്ചു നടത്തിയ ചെറുപ്പക്കാര്‍ നാട്ടിലുള്ളവര്‍ മാത്രമല്ല. ബാംഗ്ലൂരിലും ചെന്നൈയിലും ഹൈദരാബാദിലും മുംബൈയിലും ന്യൂഡല്‍ഹിയിലും മാത്രമല്ല, ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലും ആസ്ത്രേലിയായിലും ഇരുന്നുകൊണ്ട് കേരളത്തിലെ പ്രളയരക്ഷാപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ മലയാളിയുവത്വം പണിയെടുത്തു. ഭൂഗോളത്തിന്‍റെ എല്ലാ ഭാഗത്തും 24 മണിക്കൂറും ഉണര്‍ന്നിരുന്ന ചെറുപ്പക്കാരുണ്ട്. അവരുടെ ജാഗ്രതയും അദ്ധ്വാനവും ബുദ്ധിശേഷിയും ഇല്ലായിരുന്നെങ്കില്‍ പ്രളയനഷ്ടങ്ങള്‍ ഇപ്പോഴുള്ളതില്‍ ഒതുങ്ങുമായിരുന്നില്ല.

രാത്രിക്കു രാത്രി രൂപീകരിക്കപ്പെട്ട വാട്സാപ്, ഫേസ്ബുക്ക് കൂട്ടായ്മകള്‍ ലോകമെങ്ങുമുള്ള മലയാളികളെ ഒന്നിപ്പിച്ചു. പുതിയ വെബ്സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും രൂപീകരിക്കപ്പെട്ടു. അവയെല്ലാം സമര്‍ത്ഥമായി കൂട്ടിയിണക്കപ്പെട്ടു. അതെല്ലാം വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരുന്നവര്‍ക്ക് രക്ഷയുടെ കൈകള്‍ നീട്ടിക്കൊടുക്കുകയും ചെയ്തു.

ഏറ്റവുമവസാനം കണ്ട ഒരു ഓണ്‍ലൈന്‍ സംരംഭത്തെ കുറിച്ച് ഉദാഹരണമായി പറയാം. കൂടൊരുക്കാം എന്നാണതിന്‍റെ പേര്. തേപ്പുപെട്ടി, ഫാന്‍, പാത്രങ്ങള്‍, കസേര, മേശ, അലമാര, ബെഡ് എന്നിങ്ങനെ ഉപയോഗിക്കാതെ വീട്ടില്‍ കിടക്കുന്ന പല വീട്ടുപകരണങ്ങള്‍. ഇവ ആവശ്യക്കാരിലേക്കെത്തിക്കാനുള്ള ഒരു വെബ്സൈറ്റാണ് പ്രളയദുരിതാശ്വാസത്തിനായി രൂപീകരിക്കപ്പെട്ടിരിക്കുന്നത്. അവരുടെ തന്നെ പോസ്റ്റിലെ വാചകമുദ്ധരിച്ചാല്‍, "ഉപ്പെടുത്താല്‍ കപ്പ് ഫ്രീ" എന്ന മട്ടില്‍ വീട്ടില്‍ വന്നു കൂടിയിരിക്കുന്ന ഈ സാധനങ്ങള്‍, പ്രളയത്തില്‍ സകലതും നഷ്ടമായവരിലേയ്ക്ക് എത്തിക്കാനുള്ള സംവിധാനം.

ഇത്തരം സാമഗ്രികളുള്ളവരും അത് ആവശ്യക്കാര്‍ക്കു കൊടുക്കണം എന്നു മനസ്സുള്ളവരും ഉണ്ടായിരിക്കാം. പക്ഷേ അതിനു വേണ്ടി മെനക്കെടാന്‍ വയ്യ, അഥവാ അറിയില്ല. ആര്‍ക്കു കൊടുക്കണം, എങ്ങനെ കൊടുക്കണം, കൊടുത്താല്‍ ആരെങ്കിലും അടിച്ചു മാറ്റുമോ എന്നിങ്ങനെ സംശയങ്ങളുള്ളവരുമായിരിക്കാം പലരും. അതിനെല്ലാം ഇതു പരിഹാരമേകുന്നു. കൊടുക്കാന്‍ തയ്യാറാണെങ്കില്‍… koodorukkam.in എന്ന വെബ്സൈറ്റില്‍ പോയി വിവരം ചേര്‍ക്കുക. സന്നദ്ധപ്രവര്‍ത്തകര്‍ ആവശ്യക്കാരെ കണ്ടെത്തുന്നു. സാധനം വീട്ടില്‍ വന്ന് എടുക്കുന്നു, ആവശ്യക്കാര്‍ക്ക് കൊണ്ടു കൊടുക്കുന്നു. എല്ലാം സൗജന്യം. ഇപ്രകാരം കിട്ടുന്ന സാധനങ്ങളേത്, അവയോരോന്നും ആര്‍ക്കു കൊടുത്തു എന്നതെല്ലാം വെബ്സൈറ്റില്‍ ആവശ്യമായ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് അറിയിച്ചുകൊണ്ടിരിക്കും. ആക്രിക്കാര്‍ക്കു കൊടുക്കേണ്ട നിലയിലെത്തിയ സാധനങ്ങള്‍ ഒഴിവാക്കാനുള്ള വഴിയായി ഇതുപയോഗിക്കാന്‍ അനുവദിക്കില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്. കാരണം, സാധനമെടുക്കാന്‍ വരുന്ന സന്നദ്ധപ്രവര്‍ത്തകര്‍ അതു പരിശോധിക്കും.

ഇത് ഈയാവശ്യത്തിനായി രൂപീകരിക്കപ്പെട്ടിരിക്കുന്ന ഏക വെബ്സൈറ്റല്ല. ഇത്തരത്തില്‍ വേറെയുമുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി രൂപീകരിക്കപ്പെട്ട വെബ്സൈറ്റുകളും ഗ്രൂപ്പുകളും പ്രളയാനന്തരകാലത്ത് ഈ തലങ്ങളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.

പ്രളയകാലത്ത് ഇവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം സര്‍ക്കാരും സൈന്യവും അംഗീകരിച്ചു കഴിഞ്ഞതാണ്. സഹായാഭ്യര്‍ത്ഥനകള്‍ സ്വീകരിച്ച്, അതിന്‍റെ ആധികാരികത ഉറപ്പാക്കി, അവ ഏറ്റവുമടുത്ത രക്ഷാപ്രവര്‍ത്തനസംഘങ്ങളിലേയ്ക്ക് എത്തിക്കാനും രക്ഷിച്ചു എന്നുറപ്പാക്കി ആ വിവരം സഹായമഭ്യര്‍ത്ഥിച്ചവരെ അറിയിക്കാനുമെല്ലാം ഈ സംവിധാനങ്ങളാണ് ഉപയുക്തമായത്. വൈദ്യുതി മുടങ്ങിയും മൊബൈല്‍ ടവറുകള്‍ തകര്‍ന്നും ആശയവിനിമയസംവിധാനങ്ങള്‍ വ്യാപകമായി തകരാറിലായപ്പോള്‍ ലഭ്യമായ ദുര്‍ബലമായ സിഗ്നലുകളും മറ്റുമുപയോഗിച്ച് ലക്ഷ്യം കാണുന്നതില്‍ ചെറുപ്പക്കാരുടെ അര്‍പ്പണബോധവും സാങ്കേതികവൈദഗ്ദ്ധ്യവും വിജയം നേടി. സൈന്യവും സര്‍ക്കാരും വരെ ഈ സംഘങ്ങളുടെ സഹായം തേടിക്കൊണ്ടിരുന്നു.

ഈ സംവിധാനങ്ങളൊന്നും ആരെങ്കിലും ആസൂത്രണം ചെയ്തു നടപ്പാക്കിയതല്ല. സോഷ്യല്‍ മീഡിയായിലെ കൂട്ടുകെട്ടുകളില്‍ നിന്ന് സ്വയമേവ ഉരുത്തിരിഞ്ഞു വരികയായിരുന്നു. തങ്ങളുടെ സൗഹൃദശൃംഘലകളേയും സംവിധാനങ്ങളേയും ക്രിയാത്മകമായി ഉപയോഗിക്കാനാകുമെന്നു ചെറുപ്പക്കാര്‍ തെളിയിച്ചു.

ഇതിനേക്കാളുപരിയാണ് ദുരന്തമുഖങ്ങളില്‍ യുദ്ധഭടന്മാരെ പോലെ രാപ്പകല്‍ സേവനം ചെയ്ത യുവജനങ്ങളുടെ സംഭാവനകള്‍. മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളില്‍ രക്ഷാപ്രവര്‍ത്തകരായി വന്നവരില്‍ പതിനേഴു വയസ്സു മുതല്‍ പ്രായമുള്ളവരുണ്ടായിരുന്നു. രാത്രി ഇടവകവികാരിമാരുടേയും പോലീസിന്‍റേയുമൊക്കെ സഹായാഭ്യര്‍ത്ഥനയെത്തിയപ്പോള്‍ ഉറക്കത്തില്‍ നിന്നെണീറ്റ് ഉടുമുണ്ടോടെ ബോട്ടില്‍ കയറി പോരികയും മൂന്നോ നാലോ ദിവസത്തിനു ശേഷം മാത്രം മടങ്ങിപ്പോകുകയും ചെയ്ത ചെറുപ്പക്കാര്‍. കേരളത്തിന്‍റെ സൈന്യമെന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ച ഈ സംഘത്തിലും നല്ലൊരു പങ്കും യുവാക്കളായിരുന്നു.

ഓരോ നാടുകളിലും ആദ്യവട്ട രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവരിലും യുവാക്കള്‍ക്കായിരുന്നു സ്വാഭാവികമായും ഭൂരിപക്ഷം. പ്രളയബാധിതമല്ലാത്ത സ്ഥലങ്ങളില്‍ ദുരിതാശ്വാസക്യാമ്പുകള്‍ മണിക്കൂറുകള്‍കൊണ്ടു സംഘടിപ്പിക്കേണ്ടി വന്നപ്പോള്‍ പള്ളിവികാരിമാര്‍ക്കും പഞ്ചായത്തു പ്രസിഡന്‍റുമാര്‍ക്കും സ്കൂള്‍ അധികാരികള്‍ക്കുമെല്ലാം ഇടംവലം നിലകൊണ്ടു കാര്യങ്ങള്‍ നടത്തിയെടുത്തത് ഓരോ സ്ഥലങ്ങളിലേയും ചെറുപ്പക്കാരുടെ കൂട്ടങ്ങളായിരുന്നു.

ചരിത്രനിര്‍മ്മാണത്തിന്‍റെ കാലാള്‍പ്പടയില്‍ എന്നും നിറഞ്ഞു നിന്നിരുന്നത് അതതു കാലങ്ങളിലെ യൗവനങ്ങള്‍ തന്നെയായിരുന്നു. വലിയ യുദ്ധങ്ങളോ ദുരന്തങ്ങളോ കേരളമിന്നുവരെ നേരിട്ടിട്ടില്ല എന്നതിനാല്‍ സമകാലികമലയാളികള്‍ ഒരുപക്ഷേ ചെറുപ്പത്തെ അവഗണിക്കുകയോ അവമതിക്കുകയോ ചെയ്തിരിക്കാം. അതു തെറ്റാണെന്ന്, കേരളവും കര്‍മ്മനൈപുണ്യവും ഭാവനാശേഷിയും സഹജീവിസ്നേഹവുമുള്ള ചെറുപ്പത്താല്‍ സമൃദ്ധമാണെന്നു ബോദ്ധ്യപ്പെടുത്തുന്നതിനും കൂടിയാണ് ഈ പ്രളയം ഇവിടെ സംഭവിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org