കേരളത്തിനു വേണം ജനകീയ ഡോക്ടര്‍മാര്‍

കേരളത്തിനു വേണം ജനകീയ ഡോക്ടര്‍മാര്‍

ഡോ. ജോര്‍ജ് തയ്യില്‍

വികസിത രാജ്യങ്ങളോടു കിടപിടിക്കുന്ന നേട്ടങ്ങള്‍ ആരോഗ്യമേഖലയില്‍ കൈവരിക്കാന്‍, കഴിഞ്ഞ അമ്പതുവര്‍ഷംകൊണ്ടു നമ്മുടെ കൊച്ചു കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. ആരോഗ്യസംസ്കാരത്തിന്‍റെ പൊതുമാനദണ്ഡങ്ങളായ ശിശു-മാതൃ മരണനിരക്കുകള്‍, ആയുര്‍ദൈര്‍ഘ്യം ഇവ കണക്കിലെടുത്താല്‍ ഇന്ത്യന്‍ ശരാശരിയേക്കാള്‍ മുന്നിലാണെന്നു മാത്രമല്ല, വികസിതരാജ്യങ്ങളോടു തുല്യമായ സൂചികകളാണു കേരളം നേടിക്കഴിഞ്ഞിട്ടുള്ളത്. ഏറെ അഭിമാനിക്കാവുന്ന ആരോഗ്യപരിപാലന മാതൃകയാണു കേരളം നേടിയെടുത്തതെങ്കിലും ആരോഗ്യമേഖലയിലുണ്ടായ ചില സമീപകാല പരിവര്‍ത്തനങ്ങള്‍, ചികിത്സയുമായി ബന്ധപ്പെട്ട അനഭിലഷണീയമായ ഒട്ടനവധി പ്രവണതകള്‍ക്കു കളമൊരുക്കിയിരിക്കുകയാണ്. പരിശോധനാ-ചികിത്സാ രംഗത്തുള്ള അത്യാധുനിക സാങ്കേതികവിദ്യകളുടെ കടന്നുകയറ്റം, സ്വകാര്യ, പ്രത്യേകിച്ചു കോര്‍പ്പറേറ്റ് ആശുപത്രികളുടെ ശീഘ്രഗതിയിലുള്ള വളര്‍ച്ച സര്‍ക്കാര്‍ ആശുപത്രികളുടെ ശോച്യാവസ്ഥയും പിന്നീടുണ്ടായ ആന്തരിക സ്വകാര്യവത്കരണവും സമൂഹത്തില്‍ രൂഢമൂലമായിക്കൊണ്ടിരിക്കുന്നു. ധാര്‍മിക-നൈതിക മൂല്യച്യൂതി, ചികിത്സാതീരുമാനങ്ങളിലെ രോഗികളുടെയും ബന്ധക്കളുടെയും ഭാഗത്തുനിന്നുള്ള അമിതമായ കടന്നുകയറ്റം തുടങ്ങിയവ ആരോഗ്യമേഖലയില്‍ ഒട്ടേറെ അസ്വാരസ്യങ്ങള്‍ക്കു കാരണമായി.

എന്നാല്‍, രോഗിയുടെ ഹൃദയസ്പര്‍ശം തൊട്ടറിഞ്ഞ് അനുകമ്പയും ആര്‍ദ്രതയും സഹാനുഭൂതിയും നിറഞ്ഞ മനസ്സോടെ വൈദ്യവൃത്തി നടത്തുന്ന ഉത്തമനായ ഒരു ഡോക്ടര്‍ക്ക് ഇത്തരം സംഘര്‍ഷാവസ്ഥകളില്‍ ഒരു കാവലാളായി പ്രശ്നങ്ങളെ ക്രിയാത്മകമായി പരിഹരിക്കുവാന്‍ സാധിക്കും, ഇത്തരം ഡോക്ടര്‍മാരെ കണ്ടെത്തുക പക്ഷേ, ഇന്നത്ര എളുപ്പമല്ലാതായിട്ടുണ്ട്. മറ്റേതു തൊഴിലിനേക്കാളും ഉപരിയായ അര്‍പ്പണബോധവും അനുകമ്പയും വച്ചുപുലര്‍ത്തേണ്ട ഒന്നാണു ചികിത്സാരംഗം. ഇവിടെ മറ്റെല്ലാ അതിര്‍വരുമ്പുകളും കടന്നു ഡോക്ടറും രോ ഗിയും ഒന്നായിത്തീരുന്നു. രോഗിയുടെ തേങ്ങലുകളും നെടുവീര്‍പ്പുകളും ഉത്തമനായ ഒരു ഡോക്ടര്‍ സ്വന്തം ഹൃദയത്തിലേക്ക് ആവാഹിച്ചെടുക്കുന്നു. പിന്നെയവിടെ ദൈവസാന്നിദ്ധ്യവും രോഗശാന്തിയുമാണു സംഭവിക്കുക. പഴയ തലമുറയില്‍പ്പെട്ട ഡോക്ടര്‍മാര്‍, രോഗികളോടുള്ള പ്രതിബദ്ധതയിലും ചികിത്സയിലുള്ള ധാര്‍മികതയിലും അടിയുറച്ച വിശ്വാസം വച്ചുപുലര്‍ത്തിയിരുന്നു. എന്നാല്‍ സമീപകാലത്തായി വൈദ്യസേവനത്തിന്‍റെ ഈ മഹത്തായ ആദര്‍ശങ്ങള്‍ അവഗണിക്കുന്ന പല യുവഡോക്ടര്‍മാരെയും നാം കണ്ടുമുട്ടുന്നു.

ഡോക്ടര്‍-രോഗീബന്ധത്തിലുണ്ടായ ഈ അക്ഷരപ്പിശകിനുള്ള പല കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്, പബ്ലിക് സര്‍വീസ് കമ്മീഷന്‍ സര്‍ക്കാര്‍ സര്‍വീസിലേക്കു യുവഡോക്ടര്‍മാരെ തിരഞ്ഞെടുക്കുമ്പോള്‍ നടത്തിയ അഭിമുഖ പരീക്ഷയിലൂടെ വെളിച്ചത്തായി. പിഎസ്സിയുടെ വിലയിരുത്തല്‍ പ്രകാരം യുവഡോക്ടര്‍മാരില്‍ ഭൂരിഭാഗവും സാമൂഹികജീവിത യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാത്തവരാണ്. പലര്‍ക്കും പൊതുവിജ്ഞാനം കുറവാണ്. മെഡിക്കല്‍ എത്തിക്സിനെക്കുറിച്ചുള്ള അറിവ് തീരെയില്ല. ഒരു കാലത്തു വികസ്വരരാജ്യങ്ങളില്‍ ഏറ്റവും മികച്ച ഡോക്ടര്‍മാരെ സൃഷ്ടിച്ചിരുന്നത് ഇന്ത്യയായിരുന്നു. ലോകമെമ്പാടും ഇന്ത്യന്‍ ഡോക്ടര്‍മാരുടെ മികവും അറിവും ഗവേഷണചാതുര്യവും അംഗീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്നവര്‍ക്കെന്തു പറ്റി?

രോഗം വന്ന് അത്യാസന്ന നിലയിലാകുമ്പോഴാണ് മുഖംമൂടി നഷ്ടപ്പെട്ട് ഒരുവന്‍ പച്ചയായ മനുഷ്യനായിത്തീരുന്നത്. അത്യുന്നത പദവിയോ ഡിഗ്രിയോ ജാതി-മത-വര്‍ണ സ്ഥാനമാനങ്ങളോ തീവ്രപരിചരണ വിഭാഗത്തില്‍ വേദനയനുഭവിച്ചു കിടക്കുന്ന രോഗിക്കില്ല. അവിടെ അവന്‍ ഒരു രോഗി മാത്രം. രോഗിയുടെ ഈ ദാരുണാവസ്ഥയില്‍ ആധിപത്യം സ്ഥാപിച്ചു പൂര്‍ണാധികാരത്തോടെ വിഹരിക്കുന്ന വ്യക്തിയാണു ഡോക്ടര്‍. ഡോക്ടറുടെ നിര്‍ദ്ദേശങ്ങളെ സര്‍വാത്മനാ സ്വീകരിക്കുക മാത്രമാണു രോഗി ചെയ്യുന്നത്. ഇവിടെ കനിവും കരുണയും അനുകമ്പയുമുള്ള ഒരു ഡോക്ടറുടെ കരങ്ങളില്‍ രോഗി തികച്ചും ഭദ്രമാണ്. മെഡിക്കല്‍ കോളജില്‍ ആര്‍ജ്ജിച്ചെടുത്ത വിജ്ഞാനസമ്പത്തു മാത്രം പോരാ ഒരു ഭിഷഗ്വരന്, കരുണാര്‍ദ്രമായ സൗന്ദര്യാത്മകമായ വിദ്യാഭ്യാസംകൂടി വേണം. എങ്കിലേ വൈദ്യവൃത്തി നിര്‍വഹണം പൂര്‍ണമാകുകയുള്ളൂ.

എന്താണു സൗന്ദര്യാത്മക വിദ്യാഭ്യാസം? വൈദ്യശാസ്ത്രം പഠിക്കുവാനോ വേദനയനുഭവിക്കുന്ന രോഗികളെ പരിചരിക്കാനോ യാതൊരു അഭിരുചിയും താത്പര്യവുമില്ലാത്തവരെ മെഡിക്കല്‍ വിദ്യാഭ്യാസത്തിലേക്കു തള്ളിവിടുകയാണ്. ഇങ്ങനെ പഠിച്ചു പാസ്സായിവരുന്നവരാണ് ഇന്നത്തെ യുവഡോക്ടര്‍മാരില്‍ പലരും. ഇനി പ്രാരംഭത്തില്‍ താത്പര്യക്കുറവുണ്ടെങ്കിലും വിദ്യാഭ്യാസത്തിലൂടെ അഭിരുചികളെ മാറ്റിമറിച്ചെടുക്കാം; അതിനനുസൃതമായ സിലബസ്സ് വൈദ്യപഠനത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ അങ്ങനെ സംഭവിക്കൂ. മനുഷ്യശരീരത്തിന്‍റെ ഘടനയും ഘടനാവൈകല്യങ്ങളും പഠിക്കുന്നതോടൊപ്പം മനുഷ്യമനസ്സിന്‍റെ വിവിധ വ്യാപാരവ്യതിയാനങ്ങളെപ്പറ്റിയും സമഗ്രമായ അറിവു സമ്പാദിക്കണം. അതിനു സൈക്കോളജി പ ഠിച്ചതുകൊണ്ടു മാത്രമായില്ല. മാതൃഭാഷയറിയണം, നാടിനെയും നാട്ടുകാരെയും കുറിച്ച് അവബോധമുണ്ടാകണം. ശ്രേഷ്ഠമായ നമ്മുടെ മാതൃഭാഷ തെറ്റില്ലാതെ പറയുകയും എഴുതുകയും വായിക്കുകയും ചെയ്യുന്ന എത്ര ഡോക്ടര്‍മാരുണ്ടിവിടെ? നാടിന്‍റെ നാഡിമിടിപ്പ് അറിയണമെങ്കില്‍ ഭാഷ ഹൃദിസ്ഥമാകണം. മലയാള പത്രമാസികകളോ ഗ്രന്ഥങ്ങളോ വായിക്കാന്‍ താത്പര്യക്കുറവോ പുച്ഛമോ ഉള്ളവരല്ലേ ഇന്നത്തെ ഡോക്ടര്‍മാരില്‍ മിക്കവരും. മലയാളത്തില്‍ ഒരു പുസ്തകമോ പത്രമോ വായിക്കാന്‍ കഴിയാത്ത ഡോക്ടര്‍മാര്‍ എങ്ങനെ കേരളത്തിന്‍റെ സാമൂഹ്യപ്രശ്നങ്ങള്‍ മനസ്സിലാക്കും? രോഗിയുടെ ഭാഷ ഡോക്ടര്‍ അറിയുന്നില്ലെങ്കില്‍ ചികിത്സയും ഡോക്ടര്‍-രോഗീബന്ധവും ഉലയും.

സാങ്കേതികവിദ്യയുടെ പരമമായ 'ഉപകരണചികിത്സ' നടത്തിക്കഴിഞ്ഞാല്‍ പ്രസ്തുത ചികിത്സാവിധിയുടെ സങ്കീര്‍ണതകളെപ്പറ്റി രോഗിയുമായി ചര്‍ച്ച ചെയ്യുവാന്‍ താത്പര്യം പ്രകടിപ്പിക്കാതെ, സ്വയം സൃഷ്ടിക്കുന്ന പുകമറയ്ക്കുള്ളില്‍ ഒതുങ്ങിക്കൂടുന്ന എത്രയോ ഡോക്ടര്‍മാരെ നമുക്കു കാണാന്‍ കഴിയും! ഇവര്‍ക്കു രോഗി ഒരു ഉപഭോഗവസ്തു മാത്രമാണ്. ഈ സാഹചര്യങ്ങളിലാണു ഡോക്ടര്‍ക്കും ആശുപത്രിക്കുമെതിരായി അനിഷ്ടസംഭവങ്ങള്‍ പലതുമുണ്ടാകുന്നത്. നമ്മുടെ വൈദ്യ വിദ്യാഭ്യാസ സിലബസ്സില്‍ മാതൃഭാഷയ്ക്കും സാഹിത്യത്തിനും കലയ്ക്കും മെഡിക്കല്‍ എത്തിക്സിനും പൊതുവിജ്ഞാനത്തിനും പ്രാമുഖ്യം നല്കണം. മാതൃ രാജ്യത്തിന്‍റെ സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക സവിശേഷതകളെ സംബന്ധിച്ചുള്ള വിശദമായ പാഠ്യഭാഗങ്ങള്‍ സിലബസ്സില്‍ ഉള്‍പ്പെടുത്തണം. ഇത്തരം വൈദ്യ-മാനവികശാസ്ത്രകോഴ്സുകള്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‍റെ ഭാഗമായാല്‍ ആധുനിക സാങ്കേതിക ചികിത്സാവിദ്യകളുടെ പരുക്കന്‍ ലോകത്തുനിന്നുതാഴേയ്ക്ക് ഇറങ്ങിവന്ന് സഹജീവികളുടെ വികാരവിചാരങ്ങളില്‍ പൂര്‍ണ പങ്കാളികളാകാന്‍ ഡോക്ടര്‍മാര്‍ക്കു കഴിവു ലഭിക്കും.

ഇന്നു ജനമനസ്സുകളില്‍ വളര്‍ന്നു വരുന്ന ഏറ്റവും വലിയ ശാപം ചികിത്സയുടെ ഫലിസിദ്ധിയെ സംബന്ധിച്ചുള്ള അമിതമായ പ്രതീക്ഷയും വ്യാമോഹവും ചികിത്സാമരണങ്ങളെ അംഗീകരിക്കാന്‍ പറ്റാത്ത മനോഭാവവുമാണ്. ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ചു ഡോക്ടര്‍മാര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ ഏതു രോഗവും മാറ്റാമെന്നും മരണം പൂര്‍ണമായും ഒഴിവാക്കാനാകുമെന്നുമുള്ള തെറ്റായ ധാരണ ഇന്നു സമൂഹത്തില്‍ രൂഢമൂലമായിട്ടുണ്ട്. ഡോക്ടര്‍മാരുടെ മികവിനും നിയന്ത്രണത്തിനും ഉപരിയായി പല കാരണങ്ങളാല്‍ മരണം സംഭവിക്കാമെന്ന പ്രാഥമികമായ വൈദ്യപരിജ്ഞാനം പോലും ജനങ്ങള്‍ക്കില്ലാതെ പോകുന്നു. തദ്ഫലമായി ചികിത്സാപ്പിഴവുമൂലം മാത്രമേ രോഗിയുടെ മരണം സംഭവിക്കൂ എന്ന ധാരണയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരും ആശുപത്രികളും ആക്രമിക്കപ്പെടുന്ന സ്ഥിതിഗതികള്‍ ഉണ്ടാകുന്നു.

എന്നാല്‍, ഡോക്ടര്‍മാരും സമൂഹത്തിന്‍റെ ഭാഗമാണെന്നും കുറ്റങ്ങളും കുറവുകളും അവര്‍ക്കും സംഭവിക്കാമെന്നും മനസ്സിലാക്കണം. മറ്റേതു തൊഴിലിനേക്കാളും ഉപരിയായി സമയം ചെലവിട്ടു ഡോക്ടര്‍മാര്‍ രാപ്പകലില്ലാതെ സേവനം ചെയ്യുന്നു. നിങ്ങള്‍ തൊടാന്‍ അറയ്ക്കുന്ന വ്രണങ്ങള്‍ അവര്‍ ഭേദമാക്കുന്നു. ദൈവത്തിന്‍റെ രോഗശാന്തിപ്രക്രിയ ഇന്നു ലോകത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ നിയോഗിക്കപ്പെട്ടവരാണ് ഡോക്ടര്‍മാര്‍. അതുകൊണ്ട് അവരെ ആദരിക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org